മതപഠന സംവിധാനങ്ങള്‍ കാലത്തോട് സംവദിക്കുന്നതാകണം
ഡോ. ജാബിര്‍ അമാനി
വിജ്ഞാനത്തില്‍ മതപരം, ഭൗതികം എന്നീ വേര്‍തിരിവുകള്‍ ഇല്ല എന്നതാണല്ലോ വസ്തുത. അതോടൊപ്പം തന്നെ വ്യവസ്ഥാപിതമായ മതപഠന സംരംഭങ്ങള്‍ ഉണ്ടാവേണ്ടത് അനിവാര്യവുമാണ്. ഒരു മതേതര രാജ്യത്ത് ഭൗതിക വിജ്ഞാനീയങ്ങള്‍ കരസ്ഥമാക്കുന്നതിന് സര്‍ക്കാറിന് ഫലപ്രദവും സമകാലികവുമായ ക്രമീകരണങ്ങള്‍ ഔദ്യോഗികമായി സംഘടിപ്പിക്കാനാവുമെന്ന് മാത്രമല്ല അത് ഭരണഘടനാപരമായി സര്‍ക്കാറുകള്‍ പൗരന്മാര്‍ക്ക് നല്‍കേണ്ട ബാധ്യത കൂടിയാണ്. എന്നാല്‍ ഒരു മതത്തെ കുറിച്ചു മാത്രം പഠനം നടത്താവുന്ന വിദ്യാഭ്യാസ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുവാന്‍ സാധ്യമല്ലല്ലോ. വേണ്ടത്ര കാര്യബോധവും ശേഷിയും പക്വമായിട്ടില്ലാത്ത ചെറുപ്രായത്തിലാണ് മുസ്ലിംകള്‍ക്കിടയില്‍ വ്യാപകമായ മതപഠനം നല്‍കുന്നത്. മത വിശ്വാസ- അനുഷ്ഠാന കാര്യങ്ങള്‍, ഖുര്‍ആന്‍ പഠനമുള്‍പ്പെടെ പഠിക്കുകയും പരിശീലിക്കുകയും ചെയ്യേണ്ട കാലയളവ് അതുതന്നെയാണ്. എന്നാല്‍ തുടര്‍ മതപഠന സംവിധാനങ്ങള്‍ ഫലപ്രദമായി രൂപപ്പെടുത്തുന്നതിലും ഉപയോഗപ്പെടുത്തുന്നതിലും നാം എത്രത്തോളം ഔല്‍സുക്യവും ജാഗ്രതയും കാണിക്കുന്നുണ്ട്?
മതപഠന കലാലയങ്ങളില്‍ – അവയില്‍ ഭൗതിക വിജ്ഞാനങ്ങളുടെ കൂടി പഠന സൗകര്യമുള്ളവയും ഉണ്ട് – എത്രത്തോളം വിദ്യാര്‍ഥികള്‍ താല്‍പര്യപൂര്‍വം പഠനം നടത്തുന്നുണ്ട്? രക്ഷിതാക്കളുടേയോ മറ്റോ നിര്‍ബന്ധത്തിന്റെ പേരിലാണ് പലരും ഇത്തരം കലാലയങ്ങളില്‍ തുടരുന്നത്. തങ്ങള്‍ നേടുന്ന വിദ്യാഭ്യാസം ഒരു നല്ല ‘സ്റ്റാറ്റസും’ കരിയര്‍ ബന്ധിതവുമല്ല എന്നതാണ് വിദ്യാര്‍ഥികളുടെ പക്ഷം. ഈ വാദമാണ് മിക്ക സ്ഥാപനങ്ങളില്‍ നിന്നും വിദ്യാര്‍ഥികളുടെ ഏറ്റക്കുറച്ചിലുകള്‍ക്ക് കാരണമായി വിലയിരുത്തപ്പെട്ടിട്ടുള്ളത്.
പാഠ്യപദ്ധതിയുടെ ഉള്ളടക്കം ‘ന്യൂജെന്‍ കോഴ്‌സ്’ എന്ന പരിഗണനയില്‍ പുനഃക്രമീകരിക്കപ്പെട്ടിട്ടില്ല എന്നു മാത്രമല്ല പാരമ്പര്യ രൂപങ്ങളും സംവിധാനങ്ങളും വലിയ വ്യത്യാസങ്ങളില്ലാതെ തുടരുകയും ചെയ്യുന്നുണ്ട്. ഇസ്ലാം മത വിദ്യാഭ്യാസ പ്രക്രിയയില്‍ അറബി ഭാഷാപഠനം അനിവാര്യമാണ്. അറബി ഭാഷാ പഠന കോഴ്‌സുകളെയും പാഠ്യപദ്ധതിയേയും ‘ന്യൂജെന്‍’വല്‍ക്കരിക്കുവാനും അവയില്‍ മതപഠനത്തിന് ‘സ്‌പെയ്‌സ്’ നല്‍കുവാനും ശ്രദ്ധിക്കാവുന്നതാണ്. ദീര്‍ഘകാലത്തേക്ക് ഒരു കോഴ്സും തുടര്‍ന്നു പോവുന്നതില്‍ വര്‍ത്തമാനകാല വിദ്യാര്‍ഥിക്ക് താല്‍പര്യമില്ല. ക്ഷണനേരം കൊണ്ട് തന്നെ സര്‍ട്ടിഫിക്കറ്റുകളും ജോലിയും ഉയര്‍ന്ന ശമ്പളവും ലഭ്യമാവണം. പഠന പ്രക്രിയയില്‍ അനിവാര്യമായും ഉണ്ടാവേണ്ട ക്ഷമയും അവധാനതയുമൊന്നും പുതുതലമുറയില്‍ നിന്ന് പ്രതീക്ഷിക്കാനാവില്ല. ഈ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞായിരിക്കണം പാഠ്യപദ്ധതികളുടെ ക്രമീകരണം.
അറബി – ഇംഗ്ലീഷ് ഭാഷാ പരിശീലനവും നൈപുണി വികസനവും ഐ സി ടി മേഖലയില്‍ അനിവാര്യമായ ശ്രദ്ധയും മാനേജ്‌മെന്റ്, ലീഡര്‍ഷിപ്പ്, വ്യക്തിത്വ വികസനമേഖലയില്‍ ആവശ്യാനുസരണമുള്ള ഊന്നലുകളും തൊഴില്‍ പരിശീലനങ്ങളും സമന്വയിപ്പിച്ചുള്ള മതപഠന സംരംഭങ്ങള്‍ക്കായിരിക്കും പുതിയ കാലത്ത് വിദ്യാര്‍ഥികള്‍ക്കിടയില്‍ സ്വീകാര്യത ലഭ്യമാവുക എന്ന് കരുതുന്നു. അഭ്യസ്തവിദ്യരായ യുവജനങ്ങളെ പ്രത്യേകം ലക്ഷ്യംവെച്ചുള്ള മതപഠനത്തിന് ആവശ്യമായ ഷോര്‍ട്‌ടേം കോഴ്സുകള്‍ മറ്റൊരു മാര്‍ഗമാണ്.
വിദേശ, അറബ് യൂണിവേഴ്സിറ്റികളില്‍ ഇത്തരം ധാരാളം പാഠ്യ പദ്ധതികള്‍ കാണാം. പ്രഭാത, സായാഹ്ന, അവധിദിന ബാച്ചുകളിലായി ലേണേഴ്‌സ് ഫ്രണ്ട്‌ലി ആയ പഠന ക്രമമാണ് ഉണ്ടാവേണ്ടത്. ഭാഷാ പഠനത്തിന് കൂടി ഇത്തരം കോഴ്സുകളില്‍ ക്രമീകരണമുണ്ടായാല്‍ പഠിതാക്കള്‍ക്ക് വിദേശ തൊഴില്‍ സാധ്യത കൂടി ലഭ്യമാക്കാനാവും.
വിവാഹിതരായ (അവിവാഹിതകളായ അല്‍പം പേരും) യു ജി, പി ജി യോഗ്യതകളുള്ള ധാരാളം സ്ത്രീകളും യുവതികളും കുടുംബനാഥകള്‍ മാത്രമായി വീടകങ്ങളിലുണ്ട്. ന്യൂക്ലിയര്‍ കുടുംബ സംവിധാനമാണ് പൊതുവില്‍ കാണപ്പെടുന്നത് എന്നതിനാല്‍ പകല്‍ സമയങ്ങളില്‍ വലിയൊരു ഭാഗം വീട്ടുജോലികള്‍ക്കു ശേഷം ഒഴിഞ്ഞിരിക്കുകയാണെന്ന് വ്യവസ്ഥാപിത പഠനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പാരന്റിങ്, ഗൈഡന്‍സ് ആന്റ് കൗണ്‍സിലിംഗ്, ചെറിയ തൊഴില്‍ സംരംഭകത്വ പരിശീലനങ്ങള്‍, സ്പോക്കണ്‍ അറബി/ ഇംഗ്ലീഷ് നേതൃപരിശീലനം തുടങ്ങിയ മേഖലകളെ കൂടി സംയോജിപ്പിച്ച മതവിദ്യാഭ്യാസ മതപഠന പാഠ്യ പദ്ധതികള്‍ – ഓണ്‍ലൈന്‍ സംവിധാനമുള്‍പ്പടെ – ഒരു പരിഹാരമാണ്. കൃത്യമായ പരിശീലനം ഉറപ്പുവരുത്തിയ ഫാക്വല്‍റ്റികള്‍ നിരന്തര മൂല്യനിര്‍ണയം ചെയ്ത് മുന്നോട്ടു പോയാല്‍ വിപ്ലവകരമായ മാറ്റം വരുത്താന്‍ സാധിക്കും. കാരണം ഒരു തലമുറയെ എല്ലാ അര്‍ഥത്തിലും മോള്‍ഡ് ചെയ്യുന്ന ആദ്യത്തെ പാഠശാല മാതാവിന്റെ ശിക്ഷണ – സ്നേഹശുശ്രൂഷകളാണല്ലോ.
മതവിജ്ഞാനീയങ്ങളില്‍ ഉയര്‍ന്ന ഗവേഷണ തല്‍പരരായ വിദ്യാര്‍ഥികളെ ദത്തെടുക്കുകയും ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍, വ്യവസ്ഥാപിതവും ശാസ്ത്രീയവുമായി നല്‍കുകയും ചെയ്ത് ദേശീയ- അന്തര്‍ദേശീയ സര്‍വകലാശാലകളില്‍ അഡ്മിഷന്‍ നേടിയെടുക്കാന്‍ ബോധപൂര്‍വമായ പദ്ധതികള്‍ ആവിഷ്‌കരിക്കേണ്ടതുണ്ട്. ഭൗതിക, മാനവിക, ശാസ്ത്രീയ വിജ്ഞാനങ്ങളെയും വ്യവഹാരങ്ങളെയും മൂല്യാധിഷ്ഠിതമായി വിളക്കിയെടുത്ത് ബദല്‍ മാര്‍ഗരേഖകള്‍ കണ്ടെത്തുന്ന ഒട്ടേറെ ഗവേഷണങ്ങള്‍ സമകാലത്ത് പുറത്തു വന്നിട്ടുണ്ട്.
ഐഡിയല്‍ ബാങ്കിങ് സിസ്റ്റം, ആരോഗ്യ ശാസ്ത്രവും നൈതികതയും ഭൗതിക ശാസ്ത്ര പഠനങ്ങളും, പരിസ്ഥിതി, സസ്‌റ്റൈനബിള്‍ ഡവലപ്മെന്റ് തുടങ്ങിയ രംഗങ്ങളിലെ ഗവേഷണങ്ങള്‍ ഉദാഹരണങ്ങളാണ്. ഭൗതികജ്ഞാന മേഖലകളേയും നൈതിക പഠനങ്ങളെയും സമന്വയിപ്പിച്ച റിസര്‍ച്ചുകള്‍ക്കു നവലോകക്രമത്തിന് ഫലപ്രദമായ സംഭാവനകള്‍ അര്‍പ്പിക്കുവാന്‍ സാധിക്കും. അതോടൊപ്പം തന്നെ മതവിജ്ഞാനീയങ്ങളില്‍ ഉന്നത ഗവേഷണങ്ങളെ പ്രത്യേകം പ്രോത്സാഹിപ്പിക്കുവാനും സമകാല ചോദ്യങ്ങള്‍ക്ക് ഗവേഷണ നിലവാരത്തില്‍ തന്നെ പരിഹാരം കണ്ടെത്താനുള്ള കവാടങ്ങള്‍ തുറക്കുവാനും ഉതകുന്നതാണ്.
വിദ്യാഭ്യാസം ലക്ഷ്യംവെച്ച് കുടുംബ ഘടനയില്‍ കാതലായ തിരുത്തലുകള്‍ ഉണ്ടാവേണ്ടതുണ്ട്. മാനവ വിഷയങ്ങളോടുള്ള വിമുഖത പൊതുവില്‍ കൂടുതലാണ്. ‘കരിയറിസം’ വഴി രൂപപ്പെട്ട ഒരു പ്രതിസന്ധി കൂടിയാണിത്. പ്രോഫിറ്റ് ഓറിയന്റഡായ വിദ്യാഭ്യാസ- പഠന സംരംഭങ്ങളിലേക്കും പ്രഫഷണല്‍ മേഖലകളിലേക്കും കൂടുതല്‍ താല്‍പര്യം കാണിക്കുകയും തദനുസൃതമായി കുടുംബത്തിന്റെ ട്യൂണിങ് ക്രമീകരിക്കുകയും ചെയ്യുന്ന പതിവു രീതിയാണ് ഭൂരിപക്ഷവും. അതുകൊണ്ടു തന്നെ ഉന്നത ബിരുദധാരികള്‍ വരെ തൊഴില്‍രഹിതരാവുന്ന നിത്യകാഴ്ചകള്‍ നമുക്ക് മുന്‍പിലുണ്ട്. എല്ലാ വിജ്ഞാന മേഖലകളിലും ഒരു സമുദായം (ഉമ്മത്ത്) എന്ന നിലയില്‍ പ്രാതിനിധ്യം ആവശ്യമാണ്. എന്നാല്‍ ഒരു കുടുംബത്തില്‍ നിന്ന് ഒരാളെയെങ്കിലും നേര്‍ക്കുനേരെ മതപഠന മേഖലയില്‍ വളര്‍ത്തിയെടുക്കാനുള്ള താല്‍പര്യം ഉണ്ടാവണം. കേവലമൊരു ‘മൗലവി’ പട്ടം നേടുന്നതിനെയല്ല താല്‍പര്യപ്പെട്ടത്. മറിച്ച് സമഗ്രമായി, സാധ്യമാവുന്നത്ര വിവിധ വിജ്ഞാന മേഖലകളില്‍ പരിശീലനവും വ്യുല്‍പത്തിയും നേടുകയും മതവിജ്ഞാനീയങ്ങളില്‍ അവഗാഹം ഉറപ്പുവരുത്തുകയും ചെയ്യുന്ന ഒരു ‘പ്രതിഭ’ ഒരു വീട്ടില്‍ എന്ന തത്വം ഉള്‍കൊണ്ട് നടപ്പിലാക്കണം. അത് ആണ്‍കുട്ടികള്‍ കൂടിയാണെങ്കില്‍ ഉത്തമവുമായിരിക്കും. ലിംഗവിവേചനമല്ല പ്രായോഗികതയാണ് താല്‍പര്യപ്പെട്ടത്. ആവശ്യമാകുന്ന അനുപാതത്തില്‍ വിദ്യാര്‍ഥിനികളായ മക്കളുടേയും സാന്നിധ്യവും ഉറപ്പാക്കണം.
അന്ത്യനാളിന്റെ അടയാളങ്ങളില്‍ ഒന്ന്, പണ്ഡിതന്മാരുടെ നഷ്ടമാണ്. കേവലം അറബി വാക്കുകളുടെ അര്‍ഥം മൊഴിയാനും കര്‍മമേഖലയില്‍ ശര്‍ത്വും ഫര്‍ദും പറഞ്ഞ് പഠിപ്പിക്കാനും കഴിയുന്നവരുടെ നഷ്ടമല്ല, മറിച്ച് മതവിജ്ഞാനീയങ്ങളില്‍ എല്ലാ അര്‍ഥത്തിലും അവലംബിക്കാവുന്നവരുടെ വേര്‍പാടാണ്. പണ്ഡിതരുടെ വേര്‍പാട് മതവിജ്ഞാന വിനിമയങ്ങളുടെ വേരറുത്ത് മാറ്റലാണ്. അതിനാല്‍ മുസ്ലിം മുഖ്യധാരാ പ്രസ്ഥാനങ്ങളും മഹല്ലുകളും കുടുംബങ്ങളും ഈ നഷ്ടം തലമുറകളുടെ മതവിജ്ഞാനത്തിലും പ്രതിഫലനങ്ങള്‍ ഉണ്ടാക്കുമെന്ന് തിരിച്ചറിയണം. ഗൗരവമായ പരിഹാര പദ്ധതികള്‍ ആവിഷ്‌കരിക്കാനാന്‍ സാധ്യമാവുകയും ചെയ്യണം. സംഘാടകരുടെ കൂട്ടത്തെ ശാസ്ത്രീയമായി ക്രമപ്പെടുത്തുന്നതോടൊപ്പം അവര്‍ക്ക് തുടര്‍ മതവിദ്യാഭ്യാസം കൂടി കൈമാറാവുന്ന വ്യവസ്ഥാപിതമായ പഠന സംരംഭങ്ങളും മൂല്യനിര്‍ണയവും ആലോചിച്ച് നടപ്പിലാക്കണം.
പ്രബോധന പ്രോഗ്രാമുകള്‍ മുടക്കം കൂടാതെ സംഘടിപ്പിച്ച് ഫലപ്രാപ്തിയെക്കുറിച്ച് മൂല്യനിര്‍ണയവും വിചാരവും ഇല്ലാതെ അഭംഗുരം തുടരുന്നത് കീഴ്വഴക്കങ്ങളുടെ തുടര്‍ച്ച മാത്രമായിരിക്കും. ഉള്‍ക്കാഴ്ചയും ദിശാബോധവും ചോര്‍ന്നു പോവാതെ, പണ്ഡിതരുടെ വേര്‍പാടുകള്‍ക്ക് പകരം വെക്കാന്‍ പ്രതിഭകളെ സുസജ്ജരാക്കുന്ന പദ്ധതികളിലേക്ക് ബോധപൂര്‍വം ശ്രദ്ധയൂന്നാന്‍ സമയം അതിക്രമിച്ചിട്ടുണ്ട്. നിലവില്‍ തുടരുന്ന സംവിധാനങ്ങള്‍ ഫലപ്രദമാണെന്ന സെല്‍ഫ് ജസ്റ്റിഫിക്കേഷന്‍- സ്വയം ന്യായീകരണ തല്‍പരത അല്ല വേണ്ടത്, പുതിയ കാലം നമ്മില്‍ നിന്ന് തേടുന്ന മൂല്യം ചോരാത്ത മതപഠന സംവിധാനങ്ങളാണ്. യൂറോപ്യന്‍ നവോത്ഥാനത്തിന് അടിത്തറ പാകിയ അറബ് സമൂഹത്തിന്റെ സമഗ്രമായ വിജ്ഞാന വിസ്ഫോടനസംരംഭങ്ങളാണ്.