മതനേതൃത്വങ്ങള്‍ സഹിഷ്ണുതയും പരസ്പര ബഹുമാനവും പുലര്‍ത്തണം -കെ എന്‍ എം മര്‍കസുദ്ദഅ്‌വ
കോഴിക്കോട്: മതസംഘടനകളും പണ്ഡിതന്മാരും ആദര്‍ശ പ്രബോധനങ്ങളിലും വിമര്‍ശനങ്ങളിലും സഹിഷ്ണതയും പരസ്പര ബഹുമാനവും കാത്തു സൂക്ഷിക്കണമെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന സെക്രട്ടറിയേറ്റ് ആഹ്വാനം ചെയ്തു. പരസ്പരമുള്ള ആശയ സംവാദങ്ങള്‍ ഗുണകാംക്ഷയോടെയും ആദരവോടെയുമായില്ലെങ്കില്‍ അത് ഗുണത്തേക്കാളേറെ ദോഷകരമായി ഭവിക്കും. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെയുള്ള പോരാട്ടം പ്രബോധിത സമൂഹത്തെ ശത്രുക്കളായി കണ്ടുകൊണ്ടാവരുത്. ആദര്‍ശ പ്രതിയോഗിയുടെ മാനസിക പരിവര്‍ത്തനമായിരിക്കണം പ്രബോധനത്തിന്റെ ലക്ഷ്യമായി വര്‍ത്തിക്കേണ്ടതെന്നും കെ എന്‍ എം മര്‍കസുദ്ദഅ്‌വ വ്യക്തമാക്കി.
തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് സുരക്ഷ ഉറപ്പാക്കാനുള്ള ബാധ്യത സര്‍ക്കാറിനുണ്ടെന്നും അതിനുള്ള നടപടി സര്‍ക്കാര്‍ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. വിനോദ മേഖലകള്‍ ഉല്ലാസത്തിന്റെ അതിരുകള്‍ വിട്ട് ആഭാസത്തിന്റെയും ലൈംഗിക വൈകൃതങ്ങളുടെയും കൂത്തരങ്ങായി മാറുന്നത് നിയന്ത്രിക്കപ്പെടണം. സ്ത്രീപുരുഷ ബന്ധങ്ങളിലെ ധാര്‍മികതയെ ചവിട്ടിമെതിക്കുന്ന കുത്തഴിഞ്ഞ ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ സമൂഹം ജാഗ്രവത്താവണമെന്നും യോഗം അഭ്യര്‍ഥിച്ചു.
സംസ്ഥാന വൈസ് പ്രസിഡന്റ് എഞ്ചി. അബ്ദുല്‍ജബ്ബാര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. എഞ്ചി. സൈതലവി, കെ എം കുഞ്ഞഹമ്മദ് മദനി, എന്‍ എം അബ്ദുല്‍ജലീല്‍, കെ പി സകരിയ്യ, എം അഹമ്മദ്കുട്ടി മദനി, ബി പി എ ഗഫൂര്‍, കെ എ സുബൈര്‍, ഹമീദലി ചാലിയം, കെ പി അബ്ദുറഹിമാന്‍ സുല്ലമി, എം കെ മൂസ ആമയൂര്‍, എം ടി മനാഫ്, അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍, ഡോ. ജാബിര്‍ അമാനി, ഫൈസല്‍ നന്മണ്ട, എം എം ബഷീര്‍ മദനി, ഡോ. കെ ടി അന്‍വര്‍ സാദത്ത്, കെ പി അബ്ദുറഹ്‌മാന്‍, ആദില്‍ നസീഫ് മങ്കട, അബ്ദുസ്സലാം പുത്തൂര്‍ പ്രസംഗിച്ചു.