19 Friday
April 2024
2024 April 19
1445 Chawwâl 10

മതത്തെ പരിഹസിക്കല്‍ ഒരു വിപ്ലവ പ്രവര്‍ത്തനമല്ല – എം എന്‍ കാരശ്ശേരി

ഇന്നത്തെ യുക്തിവാദ പ്രസ്ഥാനത്തെ വളരെയധികം വിമര്‍ശിക്കുന്ന ഒരാളാണ് ഞാന്‍. പ്രത്യേകിച്ച് രവിചന്ദ്രന്‍ സി എന്ന പ്രഭാഷകനെ. അദ്ദേഹം പണ്ഡിതനാണ്, പ്രഭാഷകനാണ് എന്നൊക്കെ അംഗീകരിക്കുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ നിലപാടുകളെയും സമീപനരീതികളെയും ഞാന്‍ അംഗീകരിക്കുന്നില്ല.
ദൈവവിശ്വാസത്തെ സംബന്ധിച്ച് മനുഷ്യനെ മൂന്നായി തിരിക്കാം. ദൈവം ഉണ്ട് എന്ന് വിചാരിക്കുന്നവന്‍ – ആസ്തികന്‍, ദൈവം ഇല്ല എന്ന് വിചാരിക്കുന്നവന്‍ – നാസ്തികന്‍, ദൈവം ഉണ്ടോ ഇല്ലേ എന്ന് അറിയാത്തവന്‍, ആജ്ഞേയവാദി/ സന്ദേഹവാദി.
ഒരു പ്രഭാഷണത്തില്‍ agnost (ആജ്ഞേയവാദി) ആരാണെന്ന് രവിചന്ദ്രന്‍ വിശദീകരിക്കുന്നുണ്ട്. ഭീരുക്കളായ നാസ്തികരാണ് ആജ്ഞേയ വാദികളെന്നാണ് അദ്ദേഹം മറുപടി പറഞ്ഞത്. എങ്കില്‍ രണ്ടു ഭീരുക്കളെ എനിക്കറിയാം. ശ്രീബുദ്ധന്‍, ജവഹര്‍ലാല്‍ നെഹ്‌റു. രണ്ടുപേരും ദൈവമുണ്ടോ എന്ന് തങ്ങള്‍ക്ക് അറഞ്ഞുകൂടെന്ന് പറയുന്നുണ്ട്. നാസ്തികനും ആസ്തികനും ഇടയിലൊരു സ്ഥലമുണ്ടെന്ന് ആലോചിക്കാന്‍ പോലും കഴിയാത്തയാളാണ് ഈ രവിചന്ദ്രന്‍.
1888-ല്‍ ശ്രീനാരായണ ഗുരു അരുവിപ്പുറത്ത് പ്രതിഷ്ഠ നടത്തിയ സംഭവം പ്രസിദ്ധമാണല്ലോ. പ്രതിഷ്ഠ നടത്താന്‍ അവകാശമില്ലാത്ത അവര്‍ണ വിഭാഗത്തില്‍ പെട്ടയാളാണ് ഗുരു. ഇതിനെതിരെ വലിയ പ്രതിഷേധമുയര്‍ന്നു. അദ്ദേഹം പറഞ്ഞു, ഞാന്‍ പ്രതിഷ്ഠിച്ചത് ഈഴവ ശിവനെയാണെന്ന്. ഈ സംഭവത്തില്‍ നാരായണ ഗുരു പുരോഗമനപരമായ കാര്യമൊന്നും ചെയ്തിട്ടില്ലെന്നും ഇടത്തെ കാലിലെ മന്ത് വലത്തെ കാലിലേക്ക് മാറ്റുക മാത്രമാണ് ചെയ്തതെന്നുമാണ് രവിചന്ദ്രന്‍ പറയുന്നത്. സാമൂഹ്യ പരിഷ്‌കരണ പ്രസ്ഥാനങ്ങള്‍ക്കും നവോത്ഥാന സംരംഭങ്ങള്‍ക്കും ഇയാളുടെ കാഴ്ചപ്പാടില്‍ യാതൊരു മൂല്യവുമില്ല.
ശ്രീനാരായണ ഗുരുവിന്റെ ഏറ്റവും അടുത്ത ശിഷ്യന്റെ പേര് സഹോദരന്‍ അയ്യപ്പന്‍ എന്നാണ്. അദ്ദേഹം നിരീശ്വര വാദിയും നിര്‍മതവാദിയുമായിരുന്നു. കേരളത്തില്‍ യുക്തിവാദത്തിന് വിത്തിട്ടയാളാണ്. 1930-കളിൽ അദ്ദേഹം സഹോദര പ്രസ്ഥാനത്തിന് തുടക്കമിട്ടു. 1928-ല്‍ യുക്തിവാദി മാസിക വരുന്നുണ്ട്. അറിയപ്പെടുന്ന യുക്തിവാദിയായിരുന്നു കുറ്റിപ്പുഴ കൃഷ്ണപ്പിള്ള. അദ്ദേഹം നാരായണ ഗുരുവിന്റെ കൂടെയുണ്ടായിരുന്ന ആളാണ്. 1940-ല്‍ സഹോദരന്‍ അയ്യപ്പന്‍ എസ് എന്‍ ഡി പി സംഘത്തിന്റെ പ്രസിഡന്റായിരുന്നിട്ടുണ്ട്. എസ് എന്‍ ഡി പി, മുസ്‌ലിം ഐക്യസംഘം, അയ്യങ്കാളി പ്രസ്ഥാനം -ഇവയെയൊന്നും രവിചന്ദ്രന്‍ അംഗീകരിക്കുന്നില്ല. കാരണം അവര്‍ ദൈവത്തെ നിഷേധിച്ചില്ല, മതത്തെ തള്ളിക്കളഞ്ഞില്ല എന്നതു തന്നെ.
ഒരു അഭിമുഖത്തില്‍ കാരശ്ശേരി മാഷ് താങ്കളെ വിമര്‍ശിക്കുന്നുണ്ടല്ലോ എന്ന് അദ്ദേഹത്തോട് ചോദിക്കുന്നുണ്ട്. അതിന് അദ്ദേഹം പറയുന്ന മറുപടി ഏറെ രസകരമാണ്. അദ്ദേഹം പറയുന്നു: കാരശ്ശേരിയെ പോലുള്ളവരുടെ വിമര്‍ശനം ഇക്കാലത്ത് അതിജീവിക്കാന്‍ മതങ്ങളെ സഹായിക്കുകയാണ് ചെയ്യുന്നത്. അതായത്, മതത്തെയും ദൈവത്തെയും തള്ളിപ്പറഞ്ഞാല്‍ മാത്രമേ പുരോഗമനമാകൂ എന്നാണ് അദ്ദേഹം സമര്‍ഥിക്കുന്നത്. ദൈവം ഇല്ല എന്നു കരുതിയാല്‍ എല്ലാ നന്മയും വരും. ദൈവമുണ്ട് എന്ന് വിചാരിച്ചാല്‍ ഒരു നന്മയും ഉണ്ടാവില്ല എന്ന് പറയരുതല്ലോ.
ഇവിടത്തെ ഹിന്ദുത്വ രാഷ്ട്ര സങ്കല്‍പത്തിന് വിത്തിട്ട സവര്‍ക്കര്‍ നിരീശ്വരവാദിയായിരുന്നു. സവര്‍ക്കര്‍ ദൈവത്തില്‍ വിശ്വസിച്ചിരുന്നില്ല. മുഹമ്മദലി ജിന്നക്ക് ദൈവവിശ്വാസം ഉണ്ടായിരുന്നോ എന്നറയില്ല. അദ്ദേഹത്തിന് ഒരു മതവുമുണ്ടായിരുന്നില്ല. ദൈവത്തില്‍ വിശ്വാസമില്ലാത്ത സവര്‍ക്കറും മതത്തില്‍ വിശ്വാസമില്ലാത്ത ജിന്നയുമാണ് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വലിയ കുഴപ്പങ്ങളുണ്ടാക്കിയ രണ്ടുപേര്‍. ഗാന്ധി ദൈവത്തില്‍ വിശ്വസിച്ചു. അബ്ദുല്‍കലാം ആസാദ്, ഖാന്‍ അബ്ദുല്‍ഗാഫര്‍ ഖാന്‍, മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ്, ഇ മൊയ്തു മൗലവി എന്നിവരും ദൈവത്തിലും മതത്തിലും വിശ്വസിച്ചിരുന്നു. അവര്‍ മതേതരത്വത്തിലും ജനാധിപത്യത്തിലും ദേശീയയതയിലും വിശ്വസിച്ചു.
രവിചന്ദ്രന്‍ പറയുന്നത് മതവിമര്‍ശനം കൊണ്ട് ഒരു കാര്യവുമില്ല എന്നാണ്. അതുകൊണ്ടു തന്നെ ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീകള്‍ നടത്തുന്ന സമരത്തിന് പിന്തുണ നല്‍കേണ്ട ഉത്തരവാദിത്വം അദ്ദേഹത്തിനില്ല.
1917-ല്‍ സഹോദരന്‍ അയ്യപ്പന്‍ മിശ്രഭോജനവും മിശ്രവിവാഹവും കൊണ്ടുവന്നു. ജാതീയതയെയും മതവര്‍ഗീയതയെയും ഇല്ലാതാക്കാനുള്ള രണ്ട് മാര്‍ഗങ്ങളായിരുന്നു അവ. ഇത് നടപ്പാക്കുമ്പോള്‍ അദ്ദേഹം എസ് എന്‍ ഡി പിയുടെ ഒപ്പം നില്‍ക്കുന്നയാളാണ്. ചിന്തകനും എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായിരുന്ന അദ്ദേഹം വലിയൊരു യുക്തിവാദി കൂടിയായിരുന്നു. ഗാന്ധിയെ പോലും നിശിതമായി വിമര്‍ശിച്ചിരുന്നു. കുറ്റിപ്പുഴ കൃഷ്ണപ്പിള്ള കമ്യൂണിസ്റ്റും യുക്തിവാദിയുമായിരുന്നു. എന്നാല്‍ ഗാന്ധി മരണപ്പെട്ടുവെന്ന് കേട്ടപ്പോള്‍ പൊട്ടിക്കരഞ്ഞ വ്യക്തിയാണ് കുറ്റിപ്പുഴ. ഒരു പ്രസ്ഥാനത്തിന്റെ/ നിലപാടിന്റെ മൂല്യം എന്താണെന്ന് മനസ്സിലാക്കാന്‍ നമുക്ക് കഴിയണം. അന്ധമായ ദൈവനിഷേധവും മതവിരുദ്ധവും ആയാല്‍ മാത്രമേ ഇത് നേരെയാവൂ എന്ന് വിചാരിക്കരുത്.
ലോകത്തെ ഏറ്റവും വലിയ ബുദ്ധിമാനായിട്ട് ലോകം പറയുന്നത് ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനെയാണ്. അദ്ദേഹം ദൈവത്തില്‍ വിശ്വസിച്ചിരുന്നു. മറ്റൊരു ബുദ്ധിജീവിയായ ശാസ്ത്രജ്ഞനാണ് സ്റ്റീഫന്‍ ഹോക്കിങ്‌സ്. അദ്ദേഹം ദൈവത്തില്‍ വിശ്വസിച്ചിട്ടില്ല. ആളുകള്‍ക്ക് ബുദ്ധി ഉണ്ടോ ഇല്ലേ എന്നത് ദൈവത്തില്‍ വിശ്വസിക്കുന്നുണ്ടോ എന്ന് അടിസ്ഥാനമാക്കിയല്ല എന്ന് ഇതില്‍ നിന്ന് വ്യക്തമാകുന്നുണ്ട്.
പല യുക്തിവാദികളും വിചാരിക്കുന്നത് തങ്ങള്‍ക്കു മാത്രമേ ബുദ്ധിയുള്ളൂവെന്നാണ്. എല്ലാ കാര്യവും തങ്ങള്‍ക്കു മാത്രമേ തിരിയുകയുള്ളൂവെന്നും വിചാരിക്കുന്നു. ഇവരുടെ കാഴ്ചപ്പാടില്‍ ഗാന്ധിജിയെ ഒന്നിനും കൊള്ളില്ല. കാരണം ഗാന്ധിജി ദൈവത്തില്‍ വിശ്വസിച്ചു. ഗാന്ധിയും ശ്രീനാരായണ ഗുരുവും വിശ്വസിച്ച ദൈവമേതാണെന്ന് ഒരു ഉദാഹരണത്തിലൂടെ പറയാം.
സഹോദരന്‍ അയ്യപ്പന്‍ ശ്രീനാരായണ ഗുരുവിന്റെ കൂടെ നടക്കുന്ന കാലത്താണ് ‘ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന്. വേണം ധര്‍മം, വേണം ധര്‍മം യഥോചിതം’ എന്ന സന്ദേശമുയര്‍ത്തിയത്. അയ്യപ്പന്‍ മാഷ് ജാതി വേണ്ട, മതം വേണ്ട എന്ന് പ്രചരിപ്പിക്കുന്നുണ്ടെന്ന് ഗുരുവിന്റെയടുക്കല്‍ പരാതിയെത്തി. അപ്പോള്‍ ഗുരു പറഞ്ഞത്, നാം പറഞ്ഞതും അയ്യപ്പന്‍ പറഞ്ഞതും ഒന്നു തന്നെയാണെന്നാണ്. ദൈവമില്ല എന്ന് അദ്ദേഹം നാട്ടിലാകെ പ്രസംഗിച്ചു നടക്കുന്നുണ്ടെന്ന് പരാതിപ്പെട്ടപ്പോള്‍ ഗുരു പറഞ്ഞത് അദ്ദേഹത്തിന്റെ വാക്കിലേ ദൈവമില്ലാതുള്ളൂ, പ്രവര്‍ത്തിയില്‍ ദൈവമുണ്ട് എന്നാണ്. അതായത് ദൈവമെന്നത് നാം പറയുന്ന അര്‍ഥത്തിലല്ല ഗുരു പറഞ്ഞത്, ജനസേവനം എന്ന അര്‍ഥത്തിലായിരുന്നു. അതിന് ആളുകള്‍ക്ക് മമനസ്സിലാകുന്ന ഒരു വാക്ക് ഉപയോഗിച്ചുവെന്നേയുള്ളൂ. അമ്പലങ്ങള്‍ പ്രതിഷ്ഠിച്ച് ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ ഗുരു പറഞ്ഞു, ഇനി നമുക്ക് വിദ്യാലയങ്ങളാണ് വേണ്ടത്. അമ്പലങ്ങള്‍ വേണ്ട. ‘അമ്പലങ്ങള്‍ക്ക് തീകൊളുത്തുക’ എന്ന് വി ടി ഭട്ടതിരിപ്പാട് ലഘുലേഖയിറക്കിയിട്ടുണ്ട്. ഈ തരത്തിലുള്ള നവോത്ഥാനത്തെ തീരെ അംഗീകരിക്കാതെ, സാമൂഹ്യ പരിഷ്‌കരണ പ്രസ്ഥാനങ്ങളെ മുഴുവന്‍ തള്ളിക്കളഞ്ഞുകൊണ്ട് എന്ത് പ്രയോജനമാണ് നവീന യുക്തിവാദികള്‍ ഇവിടെ ഉണ്ടാക്കുന്നത്.
ഗാന്ധിയെ തെറി പറയാം. നാരായണ ഗുരുവിനെ തള്ളിപ്പറയാം. സഹോദരന്‍ അയ്യപ്പനെ വിമര്‍ശിക്കാം -ഇവരെല്ലാം വിമര്‍ശനത്തിന് അതീതരാണ് എന്ന് ഞാന്‍ കരുതുന്നില്ല. എന്നാല്‍ കേരളത്തിലെ ആളുകള്‍ക്ക് ജനാധിപത്യം, നവോത്ഥാനം, സമത്വം തുടങ്ങിയ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ സഹായിച്ചതിവരാണ്. അതായത് ജാതിസമൂഹത്തില്‍ നിന്നും മതസമൂഹത്തില്‍ നിന്നും പുറത്തുകടന്ന് ഒരു കേരളീയ പൗരസമൂഹം ഉണ്ടാക്കിയത് ഇവിടത്തെ സമുദായ പരിഷ്‌കരണ പ്രസ്ഥാനങ്ങളാണ്. നാരായണ ഗുരുവിന്റെ ഒരു വാക്യം: നമ്പൂതിരി, നായരാവാനും നായര്‍ ഈഴവനാവാനും ഈഴവന്‍ പുലയനാവാനും ശ്രമിക്കണം. അല്ലാതെ പുലയന്‍ ഈഴവനാവാനോ ഈഴവന്‍ നായരാവാനോ നായര്‍ നമ്പൂതിരിയാവാനോ ശ്രമിക്കരുത്.
ദൈവമില്ലാതായിട്ടേ എല്ലാ കാര്യവും തീരുമെന്നുണ്ടെങ്കില്‍ അത് അടുത്ത കാലത്തൊന്നും നടക്കാന്‍ പോകുന്ന കാര്യമാണെന്ന് തോന്നുന്നില്ല. ബുദ്ധന്‍ പറഞ്ഞു: ദൈവത്തിന്റെ നിഗൂഢതയെ പറ്റിയല്ല എന്റെ ആലോചന. ഞാന്‍ ചിന്തിക്കുന്നത് മനുഷ്യന്റെ ദുരിതങ്ങളെപ്പറ്റിയാണ്.
ദൈവമില്ല എന്ന് നിങ്ങള്‍ പറഞ്ഞോളൂ. ദൈവമുണ്ടോ ഇല്ലേ എന്ന് അറിയാത്ത ഒരാളാണ് ഞാന്‍. ഒരു മതത്തിന്റെയും അനുഷ്ഠാനങ്ങള്‍ ഞാന്‍ നടത്തുന്നില്ല. എന്റെ ജോലി അത് പറഞ്ഞുകൊണ്ടിരിക്കലല്ല. അത് പറഞ്ഞു പ്ര കോപനമുണ്ടാക്കലോ പരിഹസിക്കലോ അല്ല. എന്നാല്‍ അതൊരു അഭിപ്രായമായി പറയാമെന്നു മാത്രം.
പക്ഷേ, രവീന്ദ്രന്‍ ഇത് തിരിച്ചറിയുന്നില്ല. ഗാന്ധി എടുത്ത പണി എത്ര പ്രസക്തമാണ്. ഇന്ന് ഇന്ത്യന്‍ ദേശീയതയെക്കുറച്ച് വലിയ വലിയ ചോദ്യങ്ങളുയരുമ്പോള്‍ ഗാന്ധിയുടെ നിലപാടുകളുടെ പ്രസക്തി എന്താണെന്ന് രവിചന്ദ്രനും അനുയായികളും തിരിച്ചറിയണം.
ദൈവത്തെ വിമര്‍ശിക്കുന്ന ആളുകള്‍ ഗാന്ധിയുടെ കൂടെയുണ്ടായിരുന്നു. ദൈവത്തെ വിമര്‍ശിക്കാന്‍ പാടില്ല എന്ന് ഗാന്ധി ഒരിക്കലും വിചാരിച്ചിട്ടില്ല. നാരായണ ഗുരുവും വിചാരിച്ചിട്ടില്ല. യുക്തിവാദ പ്രസ്ഥാനത്തിന്റെ ആദ്യകാല നേതാക്കന്മാര്‍ക്ക് രാഷ്ട്രീയമെന്താണ്, മതമെന്താണ്, സമൂഹമെന്താണ്, അതിനെ വിമര്‍ശിക്കുന്നതെങ്ങനെയാണ്, അതിനെ പരിഷ്‌കരിക്കുന്നതെങ്ങനെയാണ് എന്നതിന് കൃത്യമായ കാഴ്ചപ്പാടുണ്ടായിരുന്നു. ആ കാഴ്ചപ്പാട് ഇന്നത്തെ യുക്തിവാദികളായ ചെറുപ്പക്കാര്‍ക്കില്ല. അവരുടെ നേതാവാണ് രവീന്ദ്രന്‍ എന്നാണ് എനിക്ക് അദ്ദേഹത്തെക്കുറിച്ചുള്ള വിമര്‍ശനം

5 1 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x