19 Friday
April 2024
2024 April 19
1445 Chawwâl 10

മക്കയിലെ പൊടിക്കാറ്റ് – മുഖ്താര്‍ ഉദരംപൊയില്‍

പെണ്‍കുട്ടികളുടെ താനവി മദ്‌റസയില്‍ ചിത്രം വരച്ചുകൊണ്ടിരിക്കുമ്പോഴാണ് മുദീര്‍ ഉസാമ വരുന്നത്. നീ ഹജ്ജിന് പോകുന്നില്ലേ എന്നായിരുന്നു ഉസാമയുടെ ചോദ്യം. പെട്ടെന്നുള്ള ചോദ്യത്തില്‍ ഞാന്‍ അന്തം വിട്ടുപോയി.
ഇനി എങ്ങനെ പോകാനാണ്. സമയം കഴിഞ്ഞില്ലേ…
അബുസ്സഅദ് ചോദിക്കാന്‍ വിട്ടതാ.. വാ നമുക്ക് ഓഫീസിലേക്ക് പോകാമെന്ന് പറഞ്ഞ് അയാള്‍ കാറില്‍ കയറി. പെയ്ന്റ് ബക്കറ്റുകളും ബ്രഷും മറ്റു സാധനകുണ്ടാമണ്ടികളും എടുത്ത് ഒരു കോണിക്കൂടില്‍ വെച്ച് ഞാനും ഉസാമയുടെ പിന്നാലെ പോയി.
കഴിഞ്ഞ തവണ ഹജ്ജിന് പോകാനൊരുങ്ങിയ കഥ മുമ്പ് പറഞ്ഞിട്ടുള്ളതാണ്. ഓര്‍മയില്ലേ, എല്ലാ ഇന്ത്യക്കാരും ഹജ്ജിന് പോകുന്നെന്ന് പറഞ്ഞ് ഒരുങ്ങി കാത്തിരുന്നത്. അവസാനം കൂടെയുള്ള ഡ്രൈവര്‍മാരെല്ലാം ഹജ്ജിന് പോയതും ഞാനൊറ്റക്ക് റൂമിലിരുന്നതും. അന്ന് ഖഫീല്‍ പറഞ്ഞിരുന്നതാ, അടുത്ത വര്‍ഷം ഹജ്ജിനുള്ള സംവിധാനമുണ്ടാക്കാമെന്ന്. പിറ്റേ വര്‍ഷം പോവാമെന്ന് ഞാനും മനസ്സില്‍ നിയ്യത്തിട്ടതായിരുന്നു. പക്ഷേ, കാര്യങ്ങളൊന്നും പിടിച്ചിടത്ത് കിട്ടിയില്ല. മലയാളി സംഘങ്ങളില്‍ അന്വേഷിച്ചപ്പോള്‍ നാലായിരത്തഞ്ചൂറ് റിയാലൊക്കെ ചെലവ് വരും. മാസം ആയിരത്തിരുന്നൂറ് റിയാലായിരുന്നു ശമ്പളം. നാലഞ്ചുമാസത്തെ ശമ്പളം എടുത്തുവെക്കാനുള്ള അവസ്ഥയിലുമായിരുന്നില്ല. അതു കൊണ്ടാണ് ആ പൂതിയങ്ങനെ അവുങ്ങിപ്പോയത്.
ഇതിപ്പൊ, എങ്ങനെ പുറപ്പെടും. ഖഫീലിന്റെ മനസ്സിലെന്താവും. ഒന്നുമറിയില്ല.
കേറിച്ചെന്നപ്പോള്‍ തന്നെ ഖഫീല്‍ അബുസ്സഅദ് ചോദിച്ചു; മുഖ്താര്‍ അന്‍ത മാഫീ റൂഹ് മക്ക?
പോവണമെന്നുണ്ടായുരുന്നു, പക്ഷേ, ആഗ്രഹിച്ചപോലെ ഒന്നും നടന്നില്ലെന്ന് ഞാനും പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഞാന്‍ പറഞ്ഞതല്ലായിരുന്നോ, എന്നിട്ടെന്തേ ഇതുവരെ പറയാതിരുന്നത്. ഞാനുമത് മറന്നുപോയി എന്ന് അബുസ്സഅദ് പറഞ്ഞു.
അവിടെ, അടുത്തൊരു മക്തബ് ഉണ്ട്. അവിടത്തെ മുദീറിനോട് അബുസ്സഅദ് സംസാരിച്ചിട്ടുണ്ട്. ഒന്ന് പോയി കാണൂ എന്ന് അദ്ദേഹം പറഞ്ഞു. ഞാനും ഉസാമയും അവിടെ പോയി.
1200 റിയാല്‍ അടക്കണം. രണ്ടുദിവസത്തിനുള്ളില്‍ പുറപ്പെടണം. ഓഫീസില്‍ നിന്ന് ശമ്പളം മുന്‍കൂട്ടി വാങ്ങി പണമടച്ചു. പിന്നെ എല്ലാം സടപുടാന്നായിരുന്നു.
മക്തബിന് കീഴില്‍ അഞ്ചാറ് ബസുകളുണ്ട്. മലയാളികള്‍ക്കും തമിഴ്നാട്ടുകാര്‍ക്കും ബംഗാളികള്‍ക്കും വേറെവേറെ ബസ്സുകള്‍. ഞാന്‍ സഊദികളുടെ വാഹനത്തിലായിരുന്നു. മലയാളുകളുടെയോ തമിഴന്‍മാരുടെയോ വാഹനത്തില്‍ കയറിക്കോട്ടെ എന്ന് ചോദിച്ചതാണ്. അത് സമ്മതിച്ചില്ല, പിന്നെയാണ് അതിന്റെ ഗുട്ടന്‍സ് മനസ്സിലായത്. വഴിയില്‍ പലയിടത്തും ചെക്കിങുണ്ടാവും. യാതൊരു രേഖയുമില്ലാതെയാണ് എന്റെ യാത്ര. എന്നെപ്പോലെ നാലഞ്ച് പേര്‍ വേറെയുമുണ്ട്. പിടിക്കപ്പെട്ടാല്‍ പണി പാളും. ചെക്ക് പോസ്റ്റുകളിലെത്തുമ്പോള്‍ ഞങ്ങള്‍ വണ്ടിയില്‍ നിന്നിറങ്ങി നടക്കും. പൊലീസ്, വാഹനത്തില്‍ കയറി പരിശോധന നടത്തും. നടന്നു പോകുന്നവരെ പരിശോധിക്കില്ല. ചെക്ക് പോസ്റ്റ് കടന്നാല്‍ വണ്ടി നിര്‍ത്തി അതില്‍ കയറും. സാഹസിക യാത്ര തന്നെ. എന്തായാലും സംഗതി എനിക്ക് വലിയ രസമായി തോന്നി.

മക്കയിലേക്ക് മൂന്നാമത്തെ യാത്രയാണ്. രണ്ടു തവണ ഉംറക്ക് പോയിട്ടുള്ളതാണ്.
ആദ്യ ഉംറ ഒരിക്കലും മറക്കാത്ത അനുഭവമാണ്. അസീസിയയിലെ ഇസ്‌ലാഹി സെന്റര്‍ സംഘത്തോടൊപ്പമായിരുന്നു ആ യാത്ര. ആണും പെണ്ണുമായി കുറേ പേരുണ്ട്. എല്ലാവരും മലയാളികള്‍. ഇസ്‌ലാഹി സെന്ററുമായി ബന്ധപ്പെടുന്നവരും കുടുംബങ്ങളും. രണ്ടു ബസ്സുകളിലായിരുന്നു യാത്ര. വെകുന്നേരമാണ് പുറപ്പെട്ടത്. ഇരുട്ടുമൂടി റോഡ് നീണ്ടു കിടക്കുകയാണ്. കുറേയങ്ങ് പോയപ്പോള്‍ വിജനമായ ഒരിടത്ത് വെച്ച് ഒരു ബസ്സിന്റെ പിന്‍ഭാഗത്ത് നിന്ന് തീ ഉയരുന്നത് കണ്ടു. ബേക്കിലുണ്ടായിരുന്ന ബസ്സിലുള്ളവര്‍ തീ കണ്ടതുകൊണ്ട് രക്ഷപ്പെട്ടു. വണ്ടി നിര്‍ത്തി ആളെയിറക്കി. തീ അണച്ചു. ആ ബസ്സില്‍ ഇനി യാത്ര തുടരാനാവില്ല. മറ്റൊരു ബസ്സിന് വിളിച്ചു. ബസ്സ് വരാന്‍ വൈകും. സ്ത്രീകളെയും കുട്ടികളെയും അവരോടൊപ്പമുള്ളവരെയും ഒരു ബസ്സില്‍ കയറ്റി യാത്രയാക്കി. ബാക്കിയുള്ളവരെല്ലാം അവിടെ നിന്നു. രാത്രിയാണ്. നീണ്ടുകിടക്കുന്ന റോഡിന് ഇരുവശവും പരന്നുകിടക്കുകയാണ് മരുഭൂമി. റോഡരികില്‍ കാര്‍പ്പറ്റ് വിരിച്ചു. ഭക്ഷണം കൊണ്ടുവന്നിരുന്നതിനാല്‍ കയിച്ചിലായി. ഭക്ഷണവും നിസ്‌ക്കാരവും കഴിച്ച് കാര്‍പ്പറ്റില്‍ തിക്കിത്തിരക്കി ഞങ്ങള്‍ കിടന്നു. വല്ലാത്തൊരു കിടത്തം. വല്ലപ്പോഴും റോഡിലൂടെ വണ്ടികള്‍ ചീറിപ്പായുന്ന ഒച്ചയും വെളിച്ചവും. നിലാവുണ്ടായിരുന്നു. കഴുകി മോറിയ പോലെ കിടക്കുന്ന ആകാശത്ത് നക്ഷത്രത്തിളക്കം തിരഞ്ഞങ്ങനെ കിടന്നു. കാറ്റും തണുപ്പും. നേരംവെളുത്ത് എട്ട്പത്ത് മണിയായെന്ന് തോന്നുന്നു, ബസ്സ് വരാന്‍.
ചെക്ക്‌പോസ്റ്റുകളില്‍ ഇറങ്ങിയോടുന്ന നേരത്ത് ആ കിടത്തമാണ് ഓര്‍മ വന്നത്. അതിനിടക്ക് മീഖാത്തിലിറങ്ങി കുളിച്ച് ഇഹ്‌റാമില്‍ പ്രവേശിച്ചിരുന്നു.
കൂടെയുള്ളവരെല്ലാം അറബികളായതുകൊണ്ടുതന്നെ യാത്ര ഒരു രസവുമില്ലായിരുന്നു. അവര്‍ പരസ്പരം പലതും മിണ്ടിയും പറഞ്ഞുമിരിക്കുന്നുണ്ടേലും ഞാന്‍ അതിനിടയില്‍ ഒറ്റപ്പെട്ട പോലെ തോന്നി. ഞാനൊറ്റക്ക് ഒരു ബസ്സില്‍ ഹജ്ജിന് പോവുകയാണെന്നുതന്നെ എനിക്ക് തോന്നി.
ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക്….
നേരത്തെ കണ്ട മക്കയല്ല, മസ്ജിദുല്‍ ഹറമല്ല, കഅ്ബയല്ല. എല്ലാം ആദ്യം കാണുന്നപോലെ. ജനത്തിരക്കിനിടയില്‍ ഹറമിലേക്കൊഴുകുകയായിരുന്നു. കഅ്ബയെ തൊട്ടപ്പോള്‍ ഇബ്രാഹീമിന്റെയും ഇസ്മാഈലിന്റെയും കയ്യിലെ മണ്‍നനവ്. ഖില്ലയുടെ മറയില്ലാതെ കഅ്ബ. ത്വവാഫ് ഒരു പുഴപോലെ. ഹജറുല്‍ അസ്‌വദ് മുത്താന്‍ തിരക്കുകൂട്ടുന്നവര്‍ ഇടയില്‍ ചുഴി തീര്‍ക്കുന്നു.
ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക്….
എന്ത് മനോഹരമായ താളം.
പൊടിക്കാറ്റു പറക്കുന്ന മരുഭൂമിയിലേക്ക് ഇബ്രാഹീം നബിയും ഹാജറയും നടന്നു വരുന്നു. തിരിച്ചുനടക്കുന്ന ഇബ്രാഹീമിനെ പ്രതീക്ഷയോടെ യാത്രയാക്കുന്ന ഹാജറയെ കാണുന്നു. കുഞ്ഞുഇസ്മാഈലിന്റെ കരച്ചില്‍ കേള്‍ക്കുന്നു…
ത്വവാഫ് സഅ്‌യിലേക്ക് വളരുന്നു. ഹാജറ സ്വഫാ മര്‍വക്കിടയിലൂടെ ഓടുന്നു. ആ ഓട്ടത്തോടൊപ്പം ഞാനും ഓടുന്നു. ആളുകള്‍ ഓടുന്നു. ഇസ്മാഈലിന്റെ കരച്ചിലിലേക്ക് സംസം തണുപ്പുമായി മലക്കിറങ്ങുന്നു. ജിബ്‌രീലിന്റെ ചിറക് മണ്ണില്‍ തട്ടി നീരുറവ പൊട്ടുന്നു.
സംസം…
പൊടിമണ്ണുപരന്ന പഴയ മക്കയിലാണ് ഞാന്‍ നടക്കുന്നതെന്ന് തോന്നി.
ഉംറ നിര്‍വഹിച്ച് മിനയിലെ ടെന്റിലെത്തിയപ്പോള്‍ ഞാന്‍ മലയാളികളുടെ കൂട്ടത്തിലായി. നാട്ടുകാരനായ നജ്മുദ്ദീനും സംഘത്തിലുണ്ടായിരുന്നു. മലയാളികള്‍, തമിഴന്‍മാര്‍, ഹിന്ദിക്കാര്‍, അറബികള്‍.. അങ്ങനെ ഓരോ ഭാഷക്കാര്‍ക്കും പ്രത്യേകം സൗകര്യങ്ങളുണ്ടായിരുന്നു. മലയാളികള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത് നജ്മുദ്ദീന്റെ കൂടെ വന്ന ഒരു മൗലവിയാണ്. അയാള്‍ നല്ലൊരു അമീറായിരുന്നു. ചോദ്യം ചോദിക്കലും പഠനവും പ്രാര്‍ഥനയും ആത്മീയാന്വേഷണങ്ങളുമായി മിനായിലെ ഇരിപ്പ് അര്‍ഥവത്തായി. വായിക്കാന്‍ ചില പുസ്തകങ്ങള്‍ തരും. അതില്‍ നിന്ന് ചോദ്യം ചോദിച്ച് ചെറിയ സമ്മാനങ്ങളും പ്രോത്സാഹങ്ങളുമുണ്ടാവും. എനിക്കേറ്റവും ഇഷ്ടപ്പെട്ട ഒരു കാര്യം, ഉത്തരം പറയുന്നവര്‍ക്ക് വേണ്ടി അദ്ദേഹം നടത്തുന്ന പ്രാര്‍ഥനയാണ്.
മാഷാഅല്ലാഹ്.. ഇദ്ദേഹത്തിന് അറിവ് വര്‍ധിപ്പിച്ച് കൊടുക്കണേ, എന്നൊക്കെയാവും പ്രാര്‍ഥന.

അതൊരു നല്ല സമ്മാനമായി എനിക്ക് തോന്നി.അറഫ ഒരു ബഹറാണ്. ആദമും ഹവ്വയും ഭൂമിയില്‍ വെച്ച് കണ്ടുമുട്ടിയ സ്ഥലമെന്ന് വിശ്വസിക്കുന്നയിടത്ത് സ്ഥാപിച്ച സ്തൂപം പൊട്ടുപോലെ കാണാം. പ്രാര്‍ഥനകളില്‍ നനയുന്ന കണ്ണും മനസ്സും. ഖിബ്‌ലക്ക് നേരെ ഒഴുകുന്ന ഒരു തണുത്തകാറ്റ്.
ലാഇലാഹ ഇല്ലല്ലാഹു വഹ്ദഹു ലാ ശരീക്ക ലഹു…
മനുഷ്യര്‍ ദൈവത്തിലേക്ക് കൈകളുയര്‍ത്തുന്നു.
അതെ, അറഫയാണ് ഹജ്ജ്.
സൂര്യാസ്തമയത്തിന് ശേഷം മുസ്ദലിഫയിലേക്ക്. മുമ്പ്, ഉംറക്ക് പോയപ്പോള്‍ മരുഭൂമിയില്‍ കിടന്നപോലെ ഒരു കിടത്തം. കയ്യും കാലും നീട്ടാനിടമില്ല. അപ്പുറവുമിപ്പുറവും അദബോടെ മനുഷ്യര്‍ കിടക്കുന്നു. ഒരു മനുഷ്യന് കിടക്കാന്‍ എത്രകുറച്ച് സ്ഥലം മതിയെന്ന് തോന്നി. ഇടക്ക്, ഖബറിലാണ് കിടക്കുന്നതെന്ന തോന്നലുണ്ടായി.
സൂര്യോദയത്തിന് മുന്നേ ആളുകളിളകി. മിനയിലേക്ക് നടന്നു. ജംറയിലേക്ക്… കല്ലേറ്..
മനസ്സും ശരീരവും കനം കുറയുന്നു. ഇളംകാറ്റില്‍ പാറി നടക്കുന്ന പോലെ ഒരനുഭവം.
അപ്പോള്‍ മിന താഴ്‌വരയില്‍ നിന്ന് ഒരാട്ടിന്‍കുട്ടിയുടെ നിലവിളി കേട്ടപോലെ തോന്നി. ഇസ്മാഈലിന്റെ കൈ പിടിച്ച് ഇബ്രാഹിം നബി ഇറങ്ങിവരുന്നുണ്ടെന്ന് തോന്നി.
ഹജ്ജ് കഴിഞ്ഞ് തിരിച്ചുപോരുമ്പോള്‍ ഞാന്‍ സഊദികളുടെ വാഹനത്തിലായിരുന്നു. വഴിയില്‍ പരിശോധനകളൊന്നുമുണ്ടായിരുന്നില്ല. പക്ഷേ, ‘നിയമവിരുദ്ധ’മായിരുന്നോ എന്റെ ഹജ്ജ് യാത്ര എന്ന് മനസ്സില്‍ ഒരു അസ്വസ്ഥത ബാക്കികിടപ്പുണ്ടായിരുന്നു. പടച്ചോന്‍ കാക്കട്ടെ

 

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x