20 Saturday
April 2024
2024 April 20
1445 Chawwâl 11

മംഗലപുരം ബോംബ് കേസ് പ്രതി മുസ്‌ലിമല്ല ആയതിനാല്‍ ഭീകരനല്ല! -ഷാജഹാന്‍ മാടമ്പാട്ട്

മംഗലാപുരം വിമാനത്താവളത്തില്‍ ബോംബ് വെച്ചതിനു പിടിയിലായ ആദിത്യ റാവുവിനെക്കുറിച്ച് പോലീസ് പറയുന്ന വിചിത്രമായ കഥ കേള്‍ക്കുക. ജോലി നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്നുണ്ടായ നിരാശയാണ് ബോംബ് നിര്‍മ്മാണത്തെക്കുറിച്ച് ഓണ്‍ലൈനില്‍ നോക്കി പഠിക്കാനും തുടര്‍ന്ന് പ്രാകൃതമായ ഒരെണ്ണം ഉണ്ടാക്കി വിമാനത്താവളത്തില്‍ നിക്ഷേപിക്കാനും റാവുവിനെ പ്രചോദിപ്പിച്ചത് എന്നാണ് പോലീസ് ഭാഷ്യം.

ആദിത്യ റാവു

രാജ്യത്ത് 45 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ തൊഴിലില്ലായ്മാനിരക്കു നിലനില്‍ക്കുന്ന സമയമാണിത്. രാജ്യത്തെ തൊഴില്‍രഹിതയുവത ആദിത്യ റാവുവിനെ ആദര്‍ശമാതൃകയാക്കിയാലുള്ള ഭീകരത ഒന്നു സങ്കല്‍പ്പിച്ചു നോക്കൂ. നരേന്ദ്രമോദി സര്‍ക്കാറാകട്ടെ തൊഴിലില്ലായ്മ പോലെയുള്ള ‘നിസ്സാര ‘ പ്രശ്‌നങ്ങളൊന്നും ചിന്തിച്ചു തലപുണ്ണാക്കാന്‍ നേരമില്ലാതെ, രാജ്യത്തെ തന്നെ കഷ്ണംകഷ്ണമായി കീറിമുറിക്കാനുള്ള (പ്രത്യേകിച്ചും സാകേത് ഗോഖലെയുടെ ആര്‍ ടി ഐ അപേക്ഷയ്ക്ക് ആഭ്യന്തര മന്ത്രാലയം മറുപടി കൊടുത്തതിനുശേഷം) നിയമനിര്‍മാണങ്ങളിലും പ്രവൃത്തികളിലും മുഴുവന്‍ സമയം വ്യാപൃതമായി ഇരിക്കുകയാണ് എന്നത് മറ്റൊരു തമാശ.

മംഗലാപുരം ബോംബ് കേസിലെ കുറ്റവാളി മുസ്‌ലിമല്ല എന്നത് ചെറിയൊരാശ്വാസം. മറിച്ചെങ്ങാനുമായിരുന്നെങ്കില്‍ നമ്മുടെ ‘ദേശീയ’ ചാനലുകളിലെ പ്രൈം ടൈം ഷോകള്‍ മുഴുവനും രാപകല്‍ വിഷലിപ്തമായ സ്വയംഭാഷണങ്ങളാല്‍ നിറഞ്ഞുവഴിഞ്ഞേനെ. രാജ്യത്ത് ഭീകരപ്രവര്‍ത്തനങ്ങള്‍ വര്‍ധിച്ചു വരുന്നതിനെപ്പറ്റി പ്രധാനമന്ത്രി ഉത്കണ്ഠാകുലനായി ട്വീറ്റ് ചെയ്‌തേനെ. ഇത്തരം കപട രാജ്യസ്‌നേഹവികാരവിക്ഷോഭങ്ങളും വ്യാജ ദേശീയവാദ ധാര്‍മിക രോഷപ്രകടനങ്ങളും ഒരു പ്രാവശ്യത്തേക്കെങ്കിലും ഒഴിവാക്കി തന്നതിന് ദൈവത്തോട് നന്ദി പറയട്ടെ.
ഗാന്ധിജി വധിക്കപ്പെട്ടപ്പോള്‍ മൗണ്ട്ബാറ്റണ്‍ പ്രഭു ഉച്ചത്തില്‍ വിളിച്ചുപറഞ്ഞത് ‘ഗാന്ധിയെ കൊന്നയാള്‍ ഒരു ഹിന്ദുവാണ്, മുസല്‍മാനല്ല!!’ എന്നായിരുന്നു. ഇപ്പോള്‍ നോക്കൂ, എവിടെയെങ്കിലും ഒരു നിസ്സാരമായ കുറ്റകൃത്യം നടന്നാല്‍ പോലും, നിരപരാധികളായ സാധാരണ മുസ്‌ലിംകള്‍ ബാധിക്കപ്പെടാതിരിക്കാന്‍ വേണ്ടി, വിവേകികളായ മനുഷ്യര്‍ക്ക് മൗണ്ട്ബാറ്റനെപ്പോലെ ഉറക്കെ വിളിച്ചുപറഞ്ഞുകൊണ്ടിരിക്കേണ്ടിവരുന്നു എന്നതാണ് ഇന്നത്തെ ഇന്ത്യയുടെ ശോചനീയാവസ്ഥ. ഒട്ടും ഇഷ്ടമുണ്ടായിട്ടല്ലെങ്കില്‍ പോലും, പ്രതി മുസ്‌ലിം അല്ല എന്നു പറഞ്ഞ കര്‍ണാടക പോലീസിനും അതിനവരെ നിര്‍ബന്ധിതരാക്കിയ സി സി ടി വിയ്ക്കും ഹൃദയം നിറഞ്ഞ നന്ദി.


അതവിടെ നില്‍ക്കട്ടെ. പക്ഷെ ആദിത്യറാവുവിന്റെ നിരാശ ഗുരുതരമായ ഒരു പ്രശ്‌നം തന്നെയാണ്. പണ്ട് പാശ്ചാത്യരാജ്യങ്ങളിലെ വര്‍ണവെറിയന്മാര്‍ ഭീകരമായ കൂട്ടക്കൊലകള്‍ നടത്തിയതുപോലെ, മംഗലാപുരം വിമാനത്താവളത്തില്‍ ബോംബ് ഉണ്ടാക്കി വെച്ച ആദിത്യ റാവു എന്ന കുറ്റവാളിയും നിരാശാരോഗവും മറ്റു മാനസിക പ്രശ്‌നങ്ങളും കൊണ്ട് ബുദ്ധിമുട്ടുന്ന ഒരു ഹതഭാഗ്യനാണ് എന്നു ശ്രദ്ധിക്കുക. മെജോറിട്ടേറിയന്‍ ഭീകരവാദികള്‍ എപ്പോഴും മാനസിക രോഗങ്ങളുടെ അടിമകളാകുന്നതിന്റെ കാരണത്തെപ്പറ്റി മാനസികരോഗ വിദഗ്ധര്‍ കാര്യമായി ഗവേഷണം നടത്തേണ്ടതാണ്. അതോ മാനസിക പ്രശ്‌നമുണ്ടെന്ന മുഖംമൂടി ഇടുവിച്ചാല്‍ ഭൂരിപക്ഷവിഭാഗത്തില്‍പ്പെട്ട ഭീകരവാദികള്‍ക്ക് മാന്യതയും സ്വീകാര്യതയും ലഭിക്കുമെന്ന് പോലീസ് കരുതുന്നുവോ? കുറച്ചു ദിവസം മുന്‍പ് കേരളാ പൊലീസിന്റെ പിക്കറ്റിലേക്ക് കല്ലെറിഞ്ഞ യുവാവിനെ പിടിച്ചപ്പോള്‍ അതൊരു ആര്‍ എസ് എസ് പ്രവര്‍ത്തകനായിരുന്നു. അടുത്തുള്ള ആര്‍ എസ് എസിന്റെ ഓഫീസിലേക്ക് കല്ലെറിയാനായിരുന്നു അദ്ദേഹത്തിന്റെ മഹത്തായ ലക്ഷ്യം. എങ്കില്‍ സി പി ഐ എമ്മുകാര്‍ ചെയ്ത വിധ്വംസക പ്രവൃത്തിയായി അതറിയപ്പെടും. അതുവഴി ഒരു തത്സമയ രാഷ്ട്രീയ സംഘര്‍ഷം ഉണ്ടാക്കാം എന്നതായിരുന്നു ലക്ഷ്യം. ആ രാജ്യസ്‌നേഹി അല്പം മദ്യപിച്ചു പോയതുകൊണ്ട് കണ്ണുകള്‍ക്കും കല്ലുകള്‍ക്കും ലക്ഷ്യംതെറ്റി, രാജ്യനന്മയെക്കരുതി ചെയ്യാന്‍ തുടങ്ങിയ ഉദ്യമം ദയനീയമായി പരാജയപ്പെട്ടു പോയി.
തീര്‍ച്ചയായും കണക്കിലെടുക്കേണ്ട ഒരു കാര്യമുണ്ട്. ഇന്ത്യയെപ്പോലല്ല; പടിഞ്ഞാറന്‍ നാടുകള്‍. ഒരിക്കലും ഭീകരപ്രവര്‍ത്തനത്തിനു പ്രതികളായവരെയൊന്നും പാര്‍ലമെന്റിലേക്ക് അയച്ചിട്ടില്ല. ആ രാജ്യങ്ങളിലെയൊന്നും ഒരു ഭീകരവാദിക്കും പാര്‍ലമെന്റില്‍ നിന്ന് കൊണ്ട് സ്വന്തം രാഷ്ട്രപിതാവിനെ വെടിവെച്ചു കൊല്ലുകയും അതിനു തൂക്കിലേറ്റപ്പെടുകയും ചെയ്ത ഒരു തീവ്രവാദിയെ രാജ്യസ്‌നേഹി എന്നു പ്രഖ്യാപിക്കാനുള്ള അവസരം കിട്ടിയിട്ടില്ല. ലോകത്ത്, ഇന്ത്യയല്ലാതെ വേറൊരു രാജ്യവും രാഷ്ട്രപിതാവിനെ വധിച്ച കേസില്‍ പ്രതിയായ (പിന്നീട് വെറുതെ വിടപ്പെട്ടെങ്കിലും പ്രതിയായിരുന്നു) ആളിന്റെ ചിത്രം രാഷ്ട്രപിതാവിന്റെ ചിത്രത്തിന് തൊട്ടടുത്ത് സ്ഥാപിച്ച് അദ്ദേഹത്തെ ആരാധിച്ചിട്ടില്ല. പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ രാഷ്ട്രപിതാവിന്റെ ചിത്രത്തിന് പുറം തിരിഞ്ഞു നിന്നുകൊണ്ടല്ലാതെ വി ഡി സവര്‍ക്കര്‍ക്ക് ആദരം അര്‍പ്പിക്കാന്‍ കഴിയില്ല എന്നതിലെ കറുത്ത ഫലിതം കേരളത്തിലെ ഇടതുപക്ഷത്തിന്റെ ഒരു ജനകീയ ബുദ്ധിജീവിയായ സുനില്‍ പി ഇളയിടം ഈയിടെ പറയുകയുണ്ടായി.

ഭൂരിപക്ഷം ഹിന്ദുക്കളും, ഭൂരിപക്ഷം മുസ്‌ലിംകളെയോ ക്രിസ്ത്യാനികളെയോ സിഖുകാരെയോ പോലെ തന്നെ ബോധവും വിവേകവുമുള്ളവരാണ്. സാവകാശമായും തുടര്‍ച്ചയായും കുത്തിവെയ്ക്കപ്പെടുന്ന വര്‍ഗീയ വിഷവും ലക്കുകെട്ട അക്രമത്തോടുള്ള ബഹുമാനവും അതിന്റെ ഭീകരമായ പ്രത്യാഘാതങ്ങള്‍ കാണിച്ച് തുടങ്ങിയിരിക്കുന്നു. തന്റെ വ്യക്തിപരമായ നിരാശയല്ലാതെ മറ്റെന്തെങ്കിലുമാണ് ആദിത്യ റാവുവിനെ പ്രേരിപ്പിച്ച ഘടകമെന്ന് പറയാന്‍ ഈ ലേഖകന്റെ കയ്യില്‍ തെളിവുകളൊന്നുമില്ല. പക്ഷേ, വലിയ തോതില്‍ മനുഷ്യജീവന് നഷ്ടപ്പെടുത്തുന്ന തരത്തില്‍ ഒരു വിമാനത്താവളത്തിന് ബോംബ് വയ്ക്കാന്‍ 30-കളുടെ മധ്യത്തിലുള്ള വിദ്യാസമ്പന്നനായ ഒരു മനുഷ്യനെ പ്രേരിപ്പിക്കാന്‍ അത് മാത്രമാണ് കാരണമെന്ന് വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ട്. കുറ്റവാളി ഒരു മുസ്‌ലിമായിരുന്നെങ്കില്‍ അയാളുടെ മൊത്തം വ്യക്തിജീവിതത്തിന്റെ ചരിത്രം മാത്രമല്ല, കുടുംബചരിത്രവും ആശയപരമായ ബന്ധങ്ങളുമെല്ലാം ഇതിനകം മാധ്യമങ്ങളില്‍ നിറഞ്ഞേനേ. നമ്മുടെ രാഷ്ട്രത്തെ കടുത്ത ഭ്രാന്തില്‍ നിന്ന് രക്ഷപ്പെടുത്തണമെങ്കില്‍ ഈ ഇരട്ടത്താപ്പ് തുറന്നു കാട്ടുക തന്നെ വേണം.
രാഷ്ട്രീയ ലക്ഷ്യത്തോടെ, പൊതുജനങ്ങളിലോ ഒരു കൂട്ടം വ്യക്തികളിലോ ചില പ്രത്യേക വ്യക്തികളിലോ ഭീതി സൃഷ്ടിക്കുക എന്ന ഉദ്ദേശ്യത്തോടെയുള്ള ക്രിമിനല്‍ പ്രവൃത്തികള്‍, അവയുടെ രാഷ്ട്രീയവും തത്വചിന്താപരവും ആശയപരവും വംശീയവും ദേശീയവും മതപരവുമായ കാരണങ്ങള്‍ എന്തു തന്നെയായാലും ഒരു തരത്തിലും ന്യായീകരണം അര്‍ഹിക്കുന്നില്ലെന്ന് ഐക്യരാഷ്ട്രസഭ വ്യക്തമാക്കിയിട്ടുണ്ട്. ആ തരത്തിലുള്ള നിരവധി ബോംബാക്രമണങ്ങള്‍ക്കും ഭീകരാക്രമണങ്ങള്‍ക്കും ഇന്ത്യ സാക്ഷ്യം വഹിച്ചിട്ടുണ്ട്. ചില പ്രത്യേക വിഭാഗങ്ങള്‍ നടത്തുന്നത് എന്നാരോപിക്കപ്പെടുന്ന ബോംബാക്രമണത്തെക്കുറിച്ചുള്ള ചെറിയ പരാമര്‍ശം പോലും നമ്മുടെ രക്തം തിളപ്പിക്കുമ്പോള്‍, രാഷ്ട്രമാതാവിന്റെ നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാന്‍ വേണ്ടിയുള്ള പ്രവൃത്തികളെന്ന നിലയില്‍ നിസ്സാരമായാണ് വലിയൊരു വിഭാഗം ആളുകള്‍ ആള്‍ക്കൂട്ട ഭീകരതയെ കാണാന്‍ പരിശീലിപ്പിക്കപ്പെട്ടിരിക്കുന്നത്.
ആദിത്യറാവു സാമുദായിക വിദ്വേഷവും വംശഹത്യ വാസനയുമുള്ള ആളാകാം. അല്ലെന്നും വരാം. ആള്‍ക്കൂട്ടങ്ങളെ കൊലപ്പെടുത്താന്‍ ആഗ്രഹമുള്ളയാളാകാം. പക്ഷേ, അയാളെ സൃഷ്ടിച്ച സാമൂഹ്യരാഷ്ട്രീയ സാഹചര്യങ്ങള്‍ക്ക് ഇന്ന് ഇന്ത്യ ഭരിക്കുന്നവരാണ് ഉത്തരവാദികള്‍. ഈ ലഘുവായ സത്യം തുറന്നുപറയുന്നതുപോലും ഒരു ധീരകൃത്യമായി കാണത്തക്കരീതിയില്‍ ഭീതിയുടെ അന്തരീക്ഷം നമ്മുടെ രാജ്യത്താകെ നിലനില്‍ക്കുന്നു. ഇന്ത്യന്‍ ഭരണഘടനയെ ഉയര്‍ത്തിപ്പിടിച്ചാല്‍ പോലും രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെടാം എന്ന വിചിത്രമായ സാധ്യതയെ രാജ്യത്തെ നിരവധി ആളുകള്‍ ഭയപ്പെടുന്നു.
വിവ.: രൂപ
കടപ്പാട്: ഔട്‌ലുക്‌`

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x