8 Sunday
September 2024
2024 September 8
1446 Rabie Al-Awwal 4

ഭൗമ പ്രതിഭാസങ്ങള്‍ ഖുര്‍ആനിന്റെ നോട്ടത്തിൽ – പി കെ മൊയ്തീന്‍ സുല്ലമി

ഭൂമി എന്ന മലയാള പദത്തിന് അറബി ഭാഷയില്‍ അര്‍ദ്വ് എന്നാണ് പ്രയോഗിക്കുന്നത്. അറബിഭാഷാ നിഘണ്ടുവില്‍ ഭൂമിക്ക് കൊടുത്ത അര്‍ഥം അല്‍കുര്‍റതുല്‍ മുബയ്യിറ (ചലിക്കുന്ന പന്ത്) എന്നാണ്. ഭൂമി ചലിക്കുന്ന ഗോളമാണ് എന്നതിന് ഇതില്‍ സൂചനയുണ്ട്. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ”പര്‍വതങ്ങളെ നീ കാണുമ്പോള്‍ അവ ഉറച്ചു നില്‍ക്കുന്നതാണെന്ന് നീ ധരിച്ചുപോകും. എന്നാല്‍ അവ മേഘങ്ങള്‍ ചലിക്കുന്നതുപോലെ ചലിക്കുന്നതാണ്” (നംല് 88). ഭൂമി ചലിക്കാതെ പര്‍വതങ്ങള്‍ക്ക് ചലിക്കാന്‍ സാധ്യമല്ലല്ലോ? ഭൂമിയടക്കമുള്ള സകല ഗോളങ്ങളും അല്ലാഹുവിന്റെ ആധിപത്യത്തിലും നിയന്ത്രണത്തിലുമാണ് നിലകൊള്ളുന്നത്. അല്ലാഹു പറയുന്നു: ”ആകാശങ്ങളുടെയും ഭൂമിയുടെയും അനന്തരാവകാശം അല്ലാഹുവിന്നാകുന്നു.” (ആലുംഇറാന്‍ 180)
മനുഷ്യരടക്കമുള്ള സര്‍വ ജീവജാലങ്ങളെയും സൃഷ്ടിക്കുന്നതിന് മുമ്പു തന്നെ അല്ലാഹു ഭൂമിയില്‍ അവര്‍ക്ക് ജീവിക്കാനുള്ള സകല സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. അല്ലാഹു പറയുന്നു: ”നിങ്ങള്‍ക്കുവേണ്ടി ഭൂമിയെ മെത്തയും ആകാശത്തെ മേല്‍പുരയുമാക്കിത്തരികയും ആകാശത്തു നിന്ന് വെള്ളം ചൊരിഞ്ഞു തന്നിട്ട് അതു മുഖേന നിങ്ങള്‍ക്ക് ഭക്ഷിക്കാനുള്ള കായ്കനികള്‍ ഉല്പാദിപ്പിച്ചു തരികയും ചെയ്തവനാണവന്‍.” (അല്‍ബഖറ 22)
അല്ലാഹു മനുഷ്യരടക്കമുള്ള ജീവജാലങ്ങള്‍ക്ക് നല്‍കിയത് രണ്ടുതരം അനുഗ്രഹങ്ങളാണ്. ഒന്ന്, ഭൗതികമായ അനുഗ്രഹങ്ങള്‍. രണ്ട്, ആത്മീയമായ അനുഗ്രഹം അഥവാ ഹിദായത്ത് (നേര്‍മാര്‍ഗം). ഈ അനുഗ്രഹം മനുഷ്യര്‍ക്കും ജിന്നുകള്‍ക്കും മാത്രമേ ലഭിച്ചിട്ടുള്ളൂ. അല്ലാഹു മനുഷ്യര്‍ക്ക് നല്‍കിയ അനുഗ്രഹങ്ങളുടെ പേരില്‍ അവനു നന്ദി കാണിച്ചു ജീവിക്കാന്‍ കല്‍പിക്കുന്നതായി ഖുര്‍ആനില്‍ നിരന്തരം കാണാവുന്നതാണ്. പക്ഷെ ജീവജാലങ്ങളില്‍ വെച്ച് അല്ലാഹുവോട് ഏറ്റവുമധികം നന്ദികേടു കാണിക്കുന്നത് അവന്റെ അനുഗ്രഹങ്ങള്‍ ഏറ്റവുമധികം ആസ്വദിക്കുന്ന മനുഷ്യനാണെന്ന് പറയാതിരിക്കാന്‍ വയ്യ. അല്ലാഹു പറയുന്നു: ”തീര്‍ച്ചയായും മനുഷ്യന്‍ തന്റെ രക്ഷിതാവിനോട് നന്ദി കെട്ടവനാകുന്നു.” (ആദിയാത്ത് 6,7)
മനുഷ്യര്‍ അല്ലാഹുവിന് നന്ദി കാണിക്കുന്നില്ലായെന്നു മാത്രമല്ല, അവന്‍ പ്രകൃതിയെയും പരിസ്ഥിതിയെയും നശിപ്പിച്ചുകൊണ്ടിരിക്കുകയാണ് ചെയ്യുന്നത്. ഈ നശിപ്പിക്കല്‍ വ്യത്യസ്ത രൂപത്തിലാണെന്നു മാത്രം. കാടുകളും ആവാസ വ്യവസ്ഥകളും നശിപ്പിക്കുക, പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വലിച്ചെറിഞ്ഞ് ഭൂമിയെ കൃഷിക്ക് ഉപയുക്തമല്ലാതാക്കുക, ശുദ്ധജലാശയങ്ങളില്‍ മാലിന്യങ്ങള്‍ തള്ളുക, അനാവശ്യമായ കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ പണിത് പ്രകൃതിയിലെ താപം വര്‍ധിപ്പിക്കുക, ഭൂമിയുടെ ബാലന്‍സ് നിലനിര്‍ത്തുന്ന മലകളെ ഇടിച്ച് നിരപ്പാക്കുക തുടങ്ങി നിരവധി നാശങ്ങളാണ് മനുഷ്യകരങ്ങളാല്‍ നടന്നുകൊണ്ടിരിക്കുന്നത്. ഇതിന്റെ ഫലം നാം തന്നെ അനുഭവിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു.
അല്ലാഹു പറയുന്നു: ”നന്മയായി നിനക്ക് ഏതൊന്ന് വന്നുകിട്ടിയാലും അത് അല്ലാഹുവിങ്കല്‍ നിന്നുള്ളതാണ്. നിന്നെ ബാധിക്കുന്ന ഏതൊരു ദോഷവും നിന്റെ പക്കല്‍ നിന്നു തന്നെ ഉണ്ടാകുന്നതാണ്” (നിസാഅ് 79). ”മനുഷ്യരുടെ കരങ്ങള്‍ പ്രവര്‍ത്തിച്ചതു നിമിത്തം കരയിലും കടലിലും കുഴപ്പം വെളിപ്പെട്ടിരിക്കുന്നു” (റൂം 41).
അല്ലാഹു മനുഷ്യര്‍ക്ക് നല്‍കിയ രണ്ടാമത്തെ അനുഗ്രഹമാണ് ഹിദായത്ത്. ബുദ്ധി നല്‍കി ആദരിക്കപ്പെട്ട മനുഷ്യര്‍ക്കാണ് അല്ലാഹു ഹിദായത്ത് നല്‍കിയത്. അത് പ്രവാചകന്മാരിലൂടെയാണ് മനുഷ്യര്‍ക്ക് കൈമാറിയത്. എല്ലാ സമൂഹത്തിലേക്കും അല്ലാഹു പ്രവാചകന്മാരെ നിയോഗിച്ചിട്ടുണ്ട്. അല്ലാഹു പറയുന്നു: ”ഒരു താക്കീതുകാരന്‍ കഴിഞ്ഞുപോകാത്ത ഒരു സമുദായവുമില്ല” (ഫാത്വിര്‍ 24). പക്ഷെ, പ്രവാചകന്മാരെ അംഗീകരിക്കുകയും അനുസരിക്കുകയും ചെയ്തിരുന്നവര്‍ വളരെ വിരളമായിരുന്നു. ബഹുഭൂരിപക്ഷവും പ്രവാചകന്മാരെ അംഗീകരിച്ചില്ലായെന്നു മാത്രമല്ല, അവരെ ദ്രോഹിക്കുകയും പരിഹസിക്കുകയും എറിഞ്ഞോടിക്കുകയുമാണ് ചെയ്തത്. അല്ലാഹുവിന്റെ അമാനുഷിക ദൃഷ്ടാന്തങ്ങളെപ്പോലും അവര്‍ നശിപ്പിച്ചു. അതിനാല്‍ പല സമുദായങ്ങളെയും അല്ലാഹു കഠിനശിക്ഷ മുഖേന പിഴുതെറിയുകയുണ്ടായി. അതേയവസരത്തില്‍ അക്കാലങ്ങളിലെ ന്യൂനപക്ഷമായ സത്യവിശ്വാസികളെ അല്ലാഹു രക്ഷപ്പെടുത്തുകയും ചെയ്തു.
അല്ലാഹു പറയുന്നു: ”നാട്ടുകാര്‍ സല്‍കര്‍മങ്ങള്‍ ചെയ്യുന്നവരായിരിക്കെ നിന്റെ രക്ഷിതാവ് അന്യായമായി രാജ്യങ്ങള്‍ നശിപ്പിക്കുന്നതല്ല (ഹൂദ് 117). എല്ലാ ധിക്കാരികളെയും അല്ലാഹു ശിക്ഷിച്ചത് ഒരേ നിലയിലല്ല. അല്ലാഹു പറയുന്നു: ”അങ്ങനെ എല്ലാവരെയും അവരവരുടെ കുറ്റത്തിന് നാം പിടികൂടി. അവരില്‍ ചിലരുടെ നേരെ നാം ചരല്‍ക്കാറ്റ് അയക്കുകയുണ്ടായി. അവരില്‍ ചിലരെ ഘോരശബ്ദം പിടികൂടി. അവരില്‍ ചിലരെ നാം ഭൂമിയില്‍ ആഴ്ത്തിക്കളഞ്ഞു. അവരില്‍ ചിലരെ നാം മുക്കിക്കൊന്നു. അല്ലാഹു അവരോട് അക്രമം ചെയ്യുകയായിരുന്നില്ല. അവര്‍ അവരോടു തന്നെ അക്രമം ചെയ്യുകയായിരുന്നു.” (അന്‍കബൂത്ത് 40)
ധിക്കാരികളില്‍ ചിലര്‍ പ്രവാചകന്മാരോട് ശിക്ഷ ചോദിച്ചുവാങ്ങുകയുണ്ടായി. അതില്‍ പെട്ടതാണ് നൂഹ് നബി(അ)യുടെ ജനത. അവര്‍ നൂഹിനോട്(അ) ഇപ്രകാരം പറയുകയുണ്ടായി: ”അവര്‍ പറഞ്ഞു: നൂഹേ, നീ ഞങ്ങളോട് തര്‍ക്കിച്ചു. വളരെയധികം തര്‍ക്കിച്ചു. നീ സത്യവാന്മാരുടെ കൂട്ടത്തിലാണെങ്കില്‍ നീ ഞങ്ങള്‍ക്ക് താക്കീത് നല്‍കിക്കൊണ്ടിരിക്കുന്ന (ശിക്ഷ) ഞങ്ങള്‍ക്ക് നീ ഇങ്ങു കൊണ്ടുവരൂ” (ഹൂദ് 32). അനന്തരം നൂഹ്(അ) അല്ലാഹുവോട് പ്രാര്‍ഥിക്കുകയും അല്ലാഹു കപ്പലുണ്ടാക്കാന്‍ കല്പിക്കുകയും ചെയ്ത ചരിത്രം ദീര്‍ഘമാണ്. അല്ലാഹു പറയുന്നു: ”നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ചു തള്ളിയ ജനങ്ങളില്‍ നിന്ന് അദ്ദേഹത്തിന് സംരക്ഷണം നല്‍കുകയും ചെയ്തു. തീര്‍ച്ചയായും അവര്‍ ദുഷിച്ച ഒരു ജനവിഭാഗമായിരുന്നു. അതിനാല്‍ അവരെ മുഴുവന്‍ നാം മുക്കിക്കൊന്നുകളഞ്ഞു” (അന്‍ബിയാ 77).
ശിക്ഷ ചോദിച്ചുവാങ്ങിയ മറ്റൊരു വിഭാഗമായിരുന്നു ഹൂദ് നബി(അ)യുടെ ജനതയായ ആദ് സമുദായം. അവര്‍ പറഞ്ഞു: ”എന്നാല്‍ നീ സത്യവാന്മാരുടെ കൂട്ടത്തിലാണെങ്കില്‍ നീ താക്കീതു നല്‍കുന്ന (ശിക്ഷ) ഞങ്ങള്‍ക്ക് നീ കൊണ്ടു വന്നു തരൂ. അദ്ദേഹം പറഞ്ഞു: ശിക്ഷയെക്കുറിച്ചുള്ള അറിവ് അല്ലാഹുവിങ്കല്‍ മാത്രമാകുന്നു. ഞാന്‍ ഏതൊന്നുമായി നിയോഗിക്കപ്പെട്ടിരിക്കുന്നുവോ അത് ഞാന്‍ നിങ്ങള്‍ക്ക് എത്തിച്ചുതരുന്നു” (അഹ്ഖാഫ് 22,23). അങ്ങനെ അല്ലാഹു അവരെയും വേരോടെ പിഴുതെറിഞ്ഞു. അല്ലാഹു പറയുന്നു: ”എന്നാല്‍ ആദ് സമുദായം ആഞ്ഞുവീശുന്ന അത്യുഗ്രമായ ഒരു കാറ്റുകൊണ്ട് നശിപ്പിക്കപ്പെട്ടു. തുടര്‍ച്ചയായ ഏഴു രാവും എട്ടു പകലും ആ കാറ്റിനെ അവന്‍ അവരുടെ നേരെ തിരിച്ചുവിട്ടു. അപ്പോള്‍ കടപുഴകി വീണ ഈന്തപ്പനത്തടികള്‍ പോലെ ആ കാറ്റില്‍ ജനങ്ങള്‍ വീണു കിടക്കുന്നതായി നിനക്ക് കാണാം” (ഹാഖ്ഖ 6,7).
സ്വാലിഹ് നബി(അ)യുടെ ജനതയായ സമൂദ് വര്‍ഗത്തെ അല്ലാഹു നശിപ്പിച്ചത് അവര്‍ ആവശ്യപ്പെട്ടതു പ്രകാരം മുഅ്ജിസത്തായി അല്ലാഹു ഇറക്കിയ ഒട്ടകത്തെ അവര്‍ കൊന്നുകളഞ്ഞതു കൊണ്ടായിരുന്നു. അല്ലാഹു പറയുന്നു: ”എന്നാല്‍ സമൂദ് സമുദായം അത്യതന്തം ഭീകരമായ ഒരു ശിക്ഷ കൊണ്ട് നശിപ്പിക്കപ്പെട്ടു”(ഹാഖ്ഖ 5). വിശുദ്ധ ഖുര്‍ആനില്‍ അവരെ ശിക്ഷിക്കാനുള്ള കാരണം അല്ലാഹു വിശദമാക്കുന്നു: ”അപ്പോള്‍ അവര്‍ അദ്ദേഹത്തെ നിഷേധിച്ചു തള്ളുകയും ഒട്ടകത്തെ അരുംകൊല നടത്തുകയും ചെയ്തു. അപ്പോള്‍ അവരുടെ പാപം നിമിത്തം അവരുടെ രക്ഷിതാവ് അവര്‍ക്ക് സമൂല നാശം വരുത്തുകയും എല്ലാവര്‍ക്കും അത് സമമാക്കുകയും ചെയ്തു” (ശംസ് 14).
മൂസാനബി(അ)യെയും സമൂഹത്തെയും അല്ലാഹു ചെങ്കടലിലൂടെ രക്ഷപ്പെടുത്തുകയും ഫറോവയെയും കൂട്ടരെയും അതില്‍ മുക്കിക്കൊല്ലുകയും ചെയ്തു. ഖുര്‍ആന്‍ പറയുന്നു: ”എത്രയെത്ര കൃഷികളും മാന്യമായ വാസസ്ഥലങ്ങളും. അവര്‍ ആഹ്ലാദത്തോടെ ആസ്വദിച്ചിരുന്ന എത്രയെത്ര സൗഭാഗ്യങ്ങള്‍. അങ്ങനെയാണത് സംഭവിച്ചത്. അതെല്ലാം മറ്റൊരു ജനതക്ക് നാം അനന്തരം നല്‍കുകയും ചെയ്തു. അപ്പോള്‍ അവരുടെ മേല്‍ ആകാശവും ഭൂമിയും കരഞ്ഞില്ല. അവര്‍ക്ക് ഇടം കൊടുക്കുകയുമുണ്ടായില്ല” (ദുഖാന്‍ 25:29).
ഭൂകമ്പം കൊണ്ട് നശിപ്പിക്കപ്പെട്ട സമുദായങ്ങളുമുണ്ട്. അല്ലാഹു പറയുന്നു: ”അപ്പോള്‍ അവരെ ഭൂകമ്പം പിടികൂടി. അങ്ങനെ നേരം പുലര്‍ന്നപ്പോള്‍ അവര്‍ അവരുടെ വാസസ്ഥലത്ത് കമിഴ്ന്നു വീണുകിടക്കുകയായിരുന്നു” (അഅ്‌റാഫ് 91). ശുഐബ് നബി(അ)യുടെ ജനതയെയാണ് അല്ലാഹു ഇപ്രകാരം ശിക്ഷിച്ചത്.
എന്നാല്‍ മുന്‍ഗാമികളില്‍ വീടോടെ ഭൂമിയില്‍ ആഴ്ത്തപ്പെട്ടത് ഖാറൂന്‍ മാത്രമായിരുന്നു. അത്രക്കും ധിക്കാരിയായിരുന്നു അദ്ദേഹം. അല്ലാഹു പറയുന്നു: ”അങ്ങനെ അവനെയും അവന്റെ ദൈവത്തെയും നാം ഭൂമിയില്‍ ആഴ്ത്തിക്കളഞ്ഞു. അപ്പോള്‍ അല്ലാഹുവിന് പുറമെ തന്നെ സഹായിക്കുന്ന ഒരു കക്ഷിയും അവന്നുണ്ടായില്ല” (ഖസ്വസ് 81)
ആധുനിക കാലം ശിര്‍ക്ക് കുഫ്‌റുകളുടെയും ദുരാചാരങ്ങളുടെയും കൂത്തരങ്ങായി മാറിയിരിക്കുകയാണ്. പ്രകൃതി ദുരന്തങ്ങളുടെ രൂപത്തില്‍ നമുക്കും ചെറിയ ചെറിയ മുന്നറിയിപ്പുകള്‍ വന്നുകൊണ്ടിരിക്കുന്നുണ്ട്. അല്ലാഹു പറയുന്നു: ”ഒരു പരീക്ഷണമാകുന്ന (ശിക്ഷയെ) നിങ്ങള്‍ സൂക്ഷിച്ചുകൊള്ളുക. അത് ബാധിക്കുന്നത് നിങ്ങളില്‍ നിന്നുള്ള അക്രമികള്‍ക്ക് പ്രത്യേകമായിട്ടാവുകയില്ല” (അന്‍ഫാല്‍ 25). ”ഏറ്റവും വലിയ ശിക്ഷ കൂടാതെ (പരലോകശിക്ഷ) ചില ചെറിയ തരം ശിക്ഷകളും നാം അവരെ ആസ്വദിപ്പിക്കുന്നതാണ്. അവര്‍ (തെറ്റുകളില്‍) നിന്ന് മടങ്ങിയേക്കാം” (സജദ 2).
അല്ലാഹു ചോദിക്കുന്നു: ”അങ്ങനെ അവര്‍ക്ക് നമ്മുടെ ശിക്ഷ വന്നെത്തിയപ്പോള്‍ അവരെന്താണ് താഴ്മയുള്ളവരാകാതിരുന്നത്? എന്നാല്‍ അവരുടെ മനസ്സുകള്‍ കടുത്തുപോകുകയാണുണ്ടായത്” (അന്‍ആം 43). ഇതില്‍ നിന്നും പാഠം ഉള്‍ക്കൊള്ളാന്‍ നാം തയ്യാറാകേണ്ടതുണ്ട്്. അല്ലാഹു പറയുന്നു: ”നബിയെ പറയുക: നിങ്ങള്‍ ഭൂമിയിലൂടെ സഞ്ചരിക്കുക. എന്നിട്ട് സത്യനിഷേധികളുടെ പര്യവസാനം എങ്ങനെയായിരുന്നുവെന്ന് (ചിന്തിച്ച്) നോക്കുവിന്‍” (അന്‍ആം 11)

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x