ഭൂമിയുടെ അവകാശവും മനുഷ്യന്റെ പൗരത്വവും – ശംസുദ്ദീന്‍ പാലക്കോട്
ഭൂമിയുടെ അവകാശത്തെ സംബന്ധിച്ചും അതില്‍ മനുഷ്യന്റെ പൗരത്വത്തെ സംബന്ധിച്ചും ചര്‍ച്ച നടന്നുകൊണ്ടിരിക്കുന്ന കാലമാണിത്. ഇവ്വിഷയകമായി വിശുദ്ധ ഖുര്‍ആന്‍ നല്‍കുന്ന തത്വങ്ങളും വസ്തുതകളും മുന്നില്‍ വെച്ച് ചിന്തിച്ചാല്‍ പൗരത്വം, അവകാശം, സ്വാതന്ത്ര്യം, അധികാരം തുടങ്ങിയ ആധുനിക കാലത്തെ ജീവല്‍ പ്രശ്‌നങ്ങളില്‍ സത്യശുദ്ധവും സുതാര്യവുമായ ഒരു നിലപാട് സ്വീകരിക്കല്‍ എല്ലാ സഹൃദയര്‍ക്കും സാധിക്കുന്നതാണ്.
ഭൂമി ഉള്‍പ്പെടെയുള്ള സകല പ്രപഞ്ചത്തിന്റെയും ഉടമയും അധികാരിയും പ്രപഞ്ചനാഥനായ അല്ലാഹുവാണ്. ഇക്കാര്യം അടിവരയിട്ട് ഓര്‍മിപ്പിക്കുന്ന നിരവധി സൂക്തങ്ങള്‍ ഖുര്‍ആനിലുണ്ട്. എന്നാല്‍ അല്ലാഹു പല കാലങ്ങളില്‍ മനുഷ്യര്‍ക്ക് ഭൂമിയുടെ ചില പരിമിത ദേശങ്ങളില്‍ ഭരണം ഉള്‍പ്പെടെയുള്ള അധികാരവും അവകാശവും നല്‍കിയിട്ടുണ്ട്. പക്ഷെ, ഇത് താല്‍ക്കാലികവും കേവലം അതിന്റെ കൈകാര്യകര്‍ത്താക്കള്‍ എന്ന നിലക്കും മാത്രമാണ്. അല്ലാഹു നല്‍കുന്ന ഈ അധികാരവും അവകാശവും അവനുദ്ദേശിക്കുമ്പോള്‍ ‘അധികാരിയായ’ മനുഷ്യനില്‍ നിന്ന് ഊരിയെടുക്കുകയും ചെയ്യുന്നു. തനിക്ക് എപ്പോള്‍ അധികാരം കിട്ടുമെന്നും കിട്ടിയ അധികാരം എത്രകാലം തുടര്‍ന്നുകൊണ്ട് പോകാനാവുമെന്നും എപ്പോഴാണ് അധികാരത്തില്‍ നിന്ന് താന്‍ നിഷ്‌കാസിതനാവുക എന്നും കൃത്യമായി പറയാന്‍ പലപ്പോഴും മനുഷ്യന് കഴിയാത്തത് അധികാരത്തിന്റെ കൊടുക്കല്‍ വാങ്ങല്‍ പ്രക്രിയ അല്ലാഹുവില്‍ നിക്ഷിപ്തമാണ് എന്നതിനാലാണ്.
എല്ലാ ഭരണകൂട സംവിധാനങ്ങളും അനുകൂലമായിട്ടും ആത്മവിശ്വാസത്തോടെ ഭരണം നടത്തിക്കൊണ്ടിരിക്കുന്നതിനിടയില്‍ അപ്രതീക്ഷിതമായി അധികാരം നഷ്ടപ്പെടുന്നതും നാം കാണാറുണ്ട്. വളരെ പ്രഭാവത്തോടെ ജീവിക്കുന്നവരില്‍ ചിലര്‍ പെട്ടെന്നൊരു സുപ്രഭാതത്തില്‍ അപമാനിതനും നിസ്സഹായനുമായിത്തീരുകയും അധപ്പതിച്ചിരുന്നവര്‍ പെട്ടെന്നൊരു ഘട്ടത്തില്‍ പ്രസിദ്ധിയാര്‍ജിക്കുന്നതും കാണാറുണ്ട്. മനുഷ്യന്റെ അധികാര ആരോഹണങ്ങളും അവരോഹണങ്ങളും യഥാര്‍ഥത്തില്‍ നിയന്ത്രിക്കുന്നത് അവന്റെ പാര്‍ട്ടിയോ സംഘങ്ങളോ അല്ല. അവയെല്ലാം കേവലം ചില നിമിത്തങ്ങള്‍ മാത്രമാണ്. യഥാര്‍ഥ അധികാരിയായ അല്ലാഹുവാണ് എല്ലാം നിയന്ത്രിക്കുന്നതെന്ന് സുതരാം വ്യക്തം.
”പ്രവാചകരേ, പറയുക: രാജാധിരാജനായ അല്ലാഹുവേ, നീ ഉദ്ദേശിക്കുന്നവര്‍ക്ക് നീ ആധിപത്യം നല്‍കുന്നു. നീ ഉദ്ദേശിക്കുന്നവരില്‍ നിന്ന് ആധിപത്യം നീ ഊരിയെടുക്കുകയും ചെയ്യുന്നു. നീ ഉദ്ദേശിക്കുന്നവരെ നീ പ്രഭാവത്തിലാക്കുന്നു. നീ ഉദ്ദേശിക്കുന്നവരെ നിന്ദ്യതയിലാക്കുകയും ചെയ്യുന്നു. നിന്റെ കൈയിലാണ് നന്മയുള്ളത്. തീര്‍ച്ചയായും നീ എല്ലാ കാര്യത്തിനും കഴിവുള്ളവനാകുന്നു. നീ രാത്രിയെ പകലില്‍ പ്രവേശിപ്പിക്കുന്നു. നീ പകലിനെ രാത്രിയിലും പ്രവേശിപ്പിക്കുന്നു. മൃതമായതില്‍ നിന്ന് ജീവനുള്ളതിനെയും ജീവനുള്ളതില്‍ നിന്ന് മൃതമായതിനെയും നീ പുറത്തുകൊണ്ടുവരുന്നു. നീ ഉദ്ദേശിക്കുന്നവര്‍ക്ക് നീ കണക്കില്ലാതെ നല്‍കുകയും ചെയ്യുന്നു.” (വി.ഖു 3:26,27)
അല്ലാഹുവിനുള്ള ആരാധനയില്‍ അല്ലാഹു അല്ലാത്ത ശക്തികളെ പങ്കുചേര്‍ക്കുന്ന ബഹുദൈവ വിശ്വാസികള്‍ വരെ പ്രപഞ്ച ഭരണത്തില്‍ അല്ലാഹുവിന്റെ ആധിപത്യവും ഏകത്വവും അംഗീകരിക്കാന്‍ നിര്‍ബന്ധിതരായിരുന്നു എന്ന എല്ലാ കാലത്തുമുള്ള അനുഭവ യാഥാര്‍ഥ്യവും ഭൂമിയുടെ അവകാശിയും അധികാരിയും അല്ലാഹു തന്നെയാണ് എന്ന കാര്യത്തില്‍ അടിവരയിടുന്നു. ഖുര്‍ആന്‍ അവതരണ കാലത്തെ ബഹുദൈവ വിശ്വാസികളുമായുള്ള ഒരു സംഭാഷണം വിശുദ്ധ ഖുര്‍ആന്‍ ഉദ്ധരിച്ചത് ഈ വസ്തുതയെ സാക്ഷീകരിക്കുകയും ചെയ്യുന്നു. അതിപ്രകാരമാണ്:
”(നബിയേ, ബഹുദൈവ വിശ്വാസികളോട്) ചോദിക്കുക: ഭൂമിയും അതിലുള്ളതും ആരുടേതാണ്? നിങ്ങള്‍ക്കറിയാമെങ്കില്‍ പറയൂ. അപ്പോള്‍ അവരുടെ മറുപടി ഇപ്രകാരം: അല്ലാഹുവിന്റേതാണ്. അവരോട് പറയുക: പ്രവാചകരേ; നിങ്ങള്‍ ആലോചിച്ചു മനസ്സിലാക്കുന്നില്ലേ?
”നീ (വീണ്ടും) ചോദിക്കുക: ഏഴ് ആകാശങ്ങളുടെയും മഹത്തായ സിംഹാസനത്തിന്റെയും രക്ഷിതാവ് ആരാണ്? അവര്‍ ഇപ്രകാരം പറയും: അല്ലാഹു. പറയുക: നിങ്ങള്‍ എന്താണ് (ആ അല്ലാഹുവിന്റെ കാര്യത്തില്‍) സൂക്ഷ്മത പാലിക്കാത്തത്?
”നീ (വീണ്ടും) ചോദിക്കുക: എല്ലാ വസ്തുക്കളുടെയും ആധിപത്യം ആരുടെ കൈയിലാണ്? അവന്‍ അഭയം നല്‍കുന്നു. അവനെതിരായി എവിടെ നിന്നും അഭയം ലഭിക്കുകയുമില്ല. അങ്ങനെയുള്ളവന്‍ ആരാണ്? നിങ്ങള്‍ക്കറിയാമെങ്കില്‍ പറയൂ. അവര്‍ ഇപ്രകാരം മറുപടി പറയും: എല്ലാം അല്ലാഹുവിനുള്ളതാണ്. അവരോട് ചോദിക്കുക: (ഈ വസ്തുതകളെല്ലാം നിങ്ങള്‍ക്ക് ബോധ്യപ്പെട്ടിട്ടും) പിന്നെയുമെന്താണ് നിങ്ങള്‍ മായാവലയത്തില്‍ അകപ്പെട്ടു പോകുന്നത്? (വി.ഖു 23:84-86).
അധികാരം അമാനത്താണ്
അധികാരവും അവകാശവും ജീവിതസൗഭാഗ്യവും നല്‍കുന്നവന്‍ അല്ലാഹുവാണ് എന്ന് ബഹുദൈവ വിശ്വാസികള്‍ പോലും സമ്മതിക്കേണ്ടിവരുന്നത് നാം കണ്ടു. എന്നാല്‍ ബോധ്യപ്പെട്ട ഈ സത്യം നാം ജീവിതത്തോട് ചേര്‍ത്തുവെക്കുന്നതില്‍ വിജയിക്കുന്നവന്‍ യഥാര്‍ഥ സത്യവിശ്വാസിയാണ്. ഇക്കാര്യം ലോകചരിത്രത്തിലെ ഭരണാധികാരികളുടെ ചരിത്രം പരിശോധിച്ചാലും ഖുര്‍ആന്‍ നല്‍കുന്ന ചില ഭരണാധികാരികളുടെ നിലപാടുകളും പ്രസ്താവനകളും പരിശോധിച്ചാലും സുതരാം ബോധ്യപ്പെടും. അഥവാ അധികാരത്തെ പടച്ചവന്‍ ഏല്പിച്ച ഒരു അമാനത്തായും അതിനാല്‍ തന്നെ നന്മ ചെയ്യാനുള്ള സുവര്‍ണാവസരവുമാണ് അവര്‍ ഗുണപരമായി ഉപയോഗപ്പെടുത്തുക. അവര്‍ക്കറിയാം, തങ്ങള്‍ക്ക് അധികാരം നല്‍കപ്പെട്ടത് അല്ലാഹു തങ്ങളെ ഇഷ്ടപ്പെട്ടു എന്നതിന്റെ തെളിവല്ലെന്ന്്? പിന്നെയോ? അല്ലാഹു അധികാരവും ഉന്നത പദവികളും നല്‍കി നമ്മളെ പരീക്ഷിക്കുകയാണെന്ന് അവര്‍ക്കറിയാം.
അതുകൊണ്ടുതന്നെ അധികാരപ്പുറത്തിരുന്ന് അവര്‍ അഹങ്കാരികളോ താന്തോന്നികളോ ആവുകയില്ല. അവര്‍ കൂടുതല്‍ വിനയാന്വിതരായി നന്മ ചെയ്യുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കും. വിശുദ്ധ ഖുര്‍ആന്‍ ഒരു പ്രദേശത്തിന്റെ വിപുലമായ അധികാരം കൈവശം വെച്ചിരുന്ന സുലൈമാന്‍ നബിയുടെയും ഒരു വലിയ രാജ്യത്തിന്റെ ധനകാര്യവകുപ്പ് അധികാരം കൈവശം വെച്ചിരുന്ന യൂസുഫ് നബിയുടെയും നിലപാടുകളെ വളരെ പ്രാധാന്യപൂര്‍വം ഉദ്ധരിക്കുന്നത് കാണാം. സത്യവിശ്വാസികള്‍ അധികാരത്തെ അല്ലാഹുവിന്റെ പരീക്ഷണമായി കണ്ട് നന്മ ചെയ്യാനുള്ള ഒരവസരമായി ഉപയോഗപ്പെടുത്തുകയാണ് ചെയ്യുക എന്ന് രണ്ട് പ്രവാചകന്മാരുടെ സംഭവ വിവരണത്തിലൂടെ ഖുര്‍ആന്‍ പറഞ്ഞുതരുന്നത്.
സുലൈമാന്‍ നബി തന്റെ നിലപാടും ആദര്‍ശവും പ്രഖ്യാപിക്കുന്ന ഒരു വാചകം ഇപ്രകാരം: ”ഇതെല്ലാം നിന്റെ റബ്ബിന്റെ ഔദാര്യത്തില്‍ പെട്ടതാണ്. ഇതിലൂടെ അവന്‍ എന്നെ പരീക്ഷിക്കുകയാണ്. ഞാന്‍ നന്ദി ചെയ്യുന്നുണ്ടോ അതല്ല നന്ദികേടാണോ കാണിക്കുന്നത് എന്ന്? ഏതൊരാള്‍ അല്ലാഹുവിന് നന്ദി ചെയ്യുന്നുവോ അവന്‍ അവനോടു തന്നെയാണ് നന്ദി കാണിക്കുന്നത്. ഇനി ആരെങ്കിലും നന്ദികേടാണ് കാണിക്കുന്നതെങ്കില്‍ തീര്‍ച്ചയായും എന്റെ റബ്ബ് ധന്യനും കാരുണ്യവാനുമാണ്.” (വി.ഖു 27:40)
ജീവിതത്തിന്റെ കൈപ്പേറിയ അനുഭവങ്ങളിലൂടെ ദീര്‍ഘകാലം സഞ്ചരിച്ചതിനു ശേഷം ഈജിപ്തിന്റെ ധനകാര്യമന്ത്രി പദവിയിലേക്കുയര്‍ത്തപ്പെട്ട യൂസുഫ് നബി(അ) അധികാരം കിട്ടി കുറച്ചു നാളുകള്‍ കൊണ്ട് തന്റെ ഏറ്റവും നല്ല സാമ്പത്തിക വിദഗ്ധനായ ഭരണാധികാരി എന്ന പ്രതിച്ഛായയിലേക്ക് ഉയര്‍ത്തപ്പെട്ടു. അധികാരവും പ്രശസ്തിയും ഇത്രയധികം തനിക്കുണ്ടെന്നറിഞ്ഞിട്ടും അദ്ദേഹത്തില്‍ അഹങ്കാരം പൊട്ടിമുളയ്ക്കുകയല്ല ചെയ്തത്. വിനയാന്വിതനായി അല്ലാഹുവിനോട് പ്രാര്‍ഥിക്കുകയാണ് ചെയ്തത്: ”എന്റെ രക്ഷിതാവേ, നീ എനിക്ക് അധികാരം തന്നു. നീ എനിക്ക് സ്വപ്‌നവ്യാഖ്യാനം നല്‍കാനുള്ള കഴിവ് തന്നു. ആകാശഭൂമികളുടെ സ്രഷ്ടാവായ അല്ലാഹുവേ, നീയാണ് ഇഹത്തിലും പരത്തിലും എന്റെ രക്ഷാധികാരി. നീ എന്നെ മുസ്‌ലിമായി മരിപ്പിക്കുകയും സജ്ജനങ്ങളുടെ കൂട്ടത്തില്‍ ചേര്‍ക്കുകയും ചെയ്യേണമേ.” (വി.ഖു 12:101)
സത്യവിശ്വാസികള്‍ക്ക് നല്‍കപ്പെട്ട അധികാരത്തെയും കഴിവുകളെയും മികവുകളെയും സല്‍ക്കര്‍മങ്ങള്‍ വര്‍ധിപ്പിക്കാനും പ്രയോജനകരമായ ക്ഷേമ പ്രവര്‍ത്തനങ്ങളും വികസന പ്രവര്‍ത്തനങ്ങളും നിര്‍വഹിക്കാനും ഉപയോഗപ്പെടുത്തണമെന്ന് സുലൈമാന്‍, യൂസുഫ് പ്രവാചകരുടെ സംഭവത്തിലൂടെ ഖുര്‍ആന്‍ സൂചിപ്പിക്കുന്നു.
അധികാരവും അധര്‍മവും
എന്നാല്‍ സത്യനിഷേധികളും ദുഷ്ടഹൃദയരുമായവര്‍ അധികാരം ലഭിച്ചാല്‍ തങ്ങള്‍ക്കു കിട്ടിയ അധികാരത്തില്‍ വഞ്ചിതരാവുകയും അഹങ്കാരത്തോടെ അധര്‍മം പ്രവര്‍ത്തിക്കാന്‍ ധൃഷ്ടരാവുകയും ചെയ്യുന്നു. ലോക ചരിത്രത്തില്‍ ഗതകാലത്തും സമകാലത്തും ഇതിന് ഉദാഹരണങ്ങള്‍ കാണാം. അധികാരം ലഭിക്കുന്നതിനും നിലനിര്‍ത്തുന്നതിനും ഇത്തരക്കാര്‍ മാനവികതയുടെയും നന്മയുടെയും മുഖംമൂടിയണിയാന്‍ തയ്യാറാവുകയും അധികാരം ഭദ്രമായാല്‍ ഇവരുടെ തനിനിറം പുറത്തുവരികയും ചെയ്യും. തങ്ങളുടെ നിക്ഷിപ്ത താല്‍പര്യങ്ങള്‍ സഫലമാക്കാന്‍ മനുഷ്യത്വ വിരുദ്ധമായ എന്ത് അധമ മാര്‍ഗവും നശീകരണ പ്രവര്‍ത്തനവും ഇവര്‍ നടത്തും. ഇവരുടെ ഇരട്ട മുഖത്തെ കൃത്യമായും ഒരു താത്വാവിഷ്‌ക്കാരം പോലെ ഖുര്‍ആന്‍ അവതരണം ചെയ്യുന്നുണ്ട്.
”ചില ആളുകളുണ്ട്. ഐഹികജീവിത കാര്യത്തില്‍ അവരുടെ സംസാരം നിനക്ക് കൗതുകം തോന്നിക്കും. അവരുടെ ഹൃദയശുദ്ധിക്ക് അവര്‍ അല്ലാഹുവെ സാക്ഷി നിര്‍ത്തുകയും ചെയ്യും. വാസ്തവത്തില്‍ അവര്‍ (സത്യത്തിന്റെ) കഠിനവൈരികളത്രെ. അവര്‍ തിരിച്ചുപോയാല്‍ ഭൂമിയില്‍ കുഴപ്പമുണ്ടാക്കാനും വിള നശിപ്പിക്കാനും ജീവനൊടുക്കാനുമായിരിക്കും ശ്രമിക്കുക. നശീകരണം അല്ലാഹു ഇഷ്ടപ്പെടുന്നതല്ല.” (വി.ഖു 2:204,205)
സമകാലത്തും ഗതകാലത്തും ചില ഭൂപ്രദേശങ്ങളുടെ അധികാരം കൈയാളുന്ന ചില ഭരണാധികാരികളുടെ പ്രവര്‍ത്തനം നിരീക്ഷിച്ചാല്‍ വിശുദ്ധ ഖുര്‍ആന്‍ സൂചിപ്പിച്ച ഈ ഇരട്ടമുഖം അവര്‍ക്ക് കാണാന്‍ കഴിയും. ചരിത്രത്തിന്റെ അങ്ങേത്തലയ്ക്കല്‍ ഏതാണ്ട് രണ്ടായിരം വര്‍ഷങ്ങള്‍ക്കപ്പുറം ഈജിപ്ത് ഭരിച്ച ഫറോവ ചക്രവര്‍ത്തിമാരിലൊരാളായ റംസീസ് രണ്ടാമന്‍ എന്ന ഏകാധിപതിയുടെ കാര്യത്തിലും ചരിത്രത്തിന്റെ ഇങ്ങേയറ്റത്ത് 1930-കളിലും 40-കളിലും ജര്‍മനി ഭരിച്ച ഏകാധിപതി ഹിറ്റ്‌ലറിന്റെ കാര്യത്തിലും ഖുര്‍ആന്‍ സൂചിപ്പിച്ച ഭരണാധികാരത്തെ അധര്‍മ വിളയാട്ടത്തിനു ദുരുപയോഗം ചെയ്ത ഭരണാധികാരികള്‍ക്ക് ഉദാഹരണമാണ്. ഇവര്‍ രണ്ടു പേരും ചെയ്ത കാര്യങ്ങളില്‍ കുറെ സമാനതകള്‍ കാണാം.
ഫിര്‍ഔന്‍ (റംസീസ് രണ്ടാമന്‍) ഈജിപ്തിലെ ജനതയെ പൗരത്വത്തിന്റെ പേര് പറഞ്ഞ് രണ്ടായി വിഭജിച്ചു. കോപ്റ്റിക്കുകള്‍ രാജ്യത്തെ യഥാര്‍ഥ പൗരന്മാര്‍, ബനൂഇസ്‌റാഈല്യര്‍ രാജ്യത്ത് പ്രത്യേക അവകാശങ്ങളൊന്നുമില്ലാത്ത രണ്ടാംതരം പൗരന്മാര്‍! ജര്‍മനിയില്‍ ഹിറ്റ്‌ലര്‍ ചെയ്തതും ഇതു തന്നെ. 1935-ല്‍ പൗരത്വ രജിസ്റ്റര്‍ എന്ന പുതിയ നിയമം കൊണ്ടുവന്നു ജൂതന്മാരെയും കത്തോലിക്കാ ക്രിസ്ത്യാനികളെയും കമ്യൂണിസ്റ്റുകളെയും വംശീയതയുടെ പേരില്‍ ഹിറ്റ്‌ലര്‍ അവരുടെ പൗരത്വം ചോദ്യം ചെയ്തു അക്രമങ്ങള്‍ക്കു തുടക്കം കുറിച്ചു.
ഈജിപ്തില്‍ ഫിര്‍ഔന്‍ ബനൂഇസ്‌റാഈല്യരിലെ ഗര്‍ഭിണികളുടെ ലിസ്റ്റെടുക്കാന്‍ ഉത്തരവിറക്കി. അവരുടെ പ്രസവ ദിവസം നിരീക്ഷിക്കാന്‍ ഏര്‍പ്പാടാക്കി. പ്രസവിക്കപ്പെടുന്ന ആണ്‍കുഞ്ഞുങ്ങളെയെല്ലാം കൊന്നൊടുക്കി! ഇങ്ങനെ ഇസ്‌റാഈല്‍ വംശഹത്യ ലക്ഷ്യംവെച്ച് അവരില്‍ ജനിക്കുന്ന നിരവധി പിഞ്ചു പൈതങ്ങളെ ആ നരാധമര്‍ കൊന്നൊടുക്കി. ജര്‍മനിയില്‍ ഹിറ്റ്‌ലര്‍ ചെയ്തത്് വീടുകളിലും ഓഫീസുകളിലും കയറിയിറങ്ങി ജൂതന്മാരെയെല്ലാം പിടിച്ചുകൊണ്ടുപോയി ശ്വാസം മുട്ടിച്ച് കൊന്നു. ഇപ്രകാരം 60 ലക്ഷം ജൂതന്മാരെ ആ നരാധമര്‍ നിഷ്‌കരുണം പറയുന്നത്!
ഈ രണ്ട് അധര്‍മകാരികളില്‍ നിന്നും ദൈവം അപ്രതീക്ഷിതവും അത്ഭുതകരവുമായ നിലയില്‍ അധികാരം ഊരിയെടുത്തു. ദയനീയമായ പതനവും നീചമായ അന്ത്യവും നല്‍കി ലോകത്തിന് ഗുണപാഠമായി മാറി. ഫിര്‍ഔന്‍ ചെങ്കടലില്‍ മുങ്ങിച്ചത്തു. ഹിറ്റ്‌ലര്‍ 1945-ല്‍ ആത്മഹത്യ ചെയ്തു.
ഫിര്‍ഔന്റെ ജഡം ലോകത്തിന് ഒരു ദൃഷ്ടാന്തമായി ‘അവനാണിവന്‍’ എന്ന നിലയില്‍ ടൂറിസ്റ്റുകള്‍ക്കും ഗവേഷകര്‍ക്കും കാണാന്‍ പാകത്തില്‍ ഈജിപ്തിലെ നാഷണല്‍ മ്യൂസിയത്തില്‍ പ്രദര്‍ശന വസ്തുവായി കിടക്കുന്നു! ഹിറ്റ്‌ലര്‍ ജര്‍മനി കണ്ട ഏറ്റവും നീചനും നരാധമനുമായ ഭരണാധികാരി എന്ന നിലയില്‍ പുതുതലമുറ പഠിക്കുന്നു.