8 Sunday
September 2024
2024 September 8
1446 Rabie Al-Awwal 4

ഭീകരതക്കെതിരെ ഖത്തറിന് വിട്ടുവീഴ്ചയില്ലാത്ത നിലപാടെന്ന്

ഭീകരപ്രവര്‍ത്തനങ്ങള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയാണ് ഖത്തറിന്റേതെന്ന് വിദേശകാര്യ സഹമന്ത്രി സുല്‍ത്താന്‍ ബിന്‍ സഅദ് അല്‍മുറൈഖി. ‘ഭീകര പ്രവര്‍ത്തനത്തിന് പണമില്ല’ എന്ന പേരില്‍ ആസ്‌ട്രേലിയയിലെ മെല്‍ബണില്‍ നടന്ന ദ്വിദിന മന്ത്രിതല സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭീകരവാദത്തിനെതിരെ എന്നും ശക്തമായ നിലപാടാണ് രാജ്യം സ്വീകരിച്ചുവരുന്നത്. നിരവധി നിയമങ്ങള്‍തന്നെ ഇത്തരത്തില്‍ കൊണ്ടുവന്നിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കുന്നതും ഭീകര പ്രവര്‍ത്തനത്തിന് പണം അയക്കുന്നതും തടയാന്‍ 2019 സെപ്റ്റംബറില്‍ ഖത്തര്‍ പുതിയ നിയമനിര്‍മാണം നടത്തിയിട്ടുണ്ട്. ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സിന്റെ(എഫ്.എ.ടി.എഫ്) 40 നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ഈ നിയമം നിര്‍മിച്ചത്. ടെററിസ്റ്റ് ഫിനാന്‍സിങ് ടാര്‍ജറ്റിങ് സെന്റെറിലെ(ടി.എഫ്ടി.സി) സജീവ പങ്കാളിയാകാനും തങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്.
ജി.സി.സി രാജ്യങ്ങളും അമേരിക്കയും ഉള്‍പ്പെട്ടതാണ് ഈ സമിതി. ഇത്തരം വിഷയങ്ങള്‍ ഖത്തര്‍ വളരെ ഗൗരവത്തോടെയാണ് നോക്കിക്കാണുന്നത്. എന്നാല്‍, പ്രതിസന്ധിയും പ്രശ്‌നങ്ങളും കാരണം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന രാജ്യങ്ങള്‍ തമ്മില്‍ ഏകോപനമില്ലാത്തത് ഉത്കണ്ഠ ഉളവാക്കുന്ന കാര്യമാണ്. ഇത്തരം വിഷയങ്ങള്‍ ഭീകര പ്രവര്‍ത്തകര്‍ക്കാണ് ഗുണകരമാകുന്നത്. ഭീകരവിരുദ്ധ പ്രവര്‍ത്തനം നടത്തുന്ന കൂട്ടുകെട്ടുകള്‍ കൂടുതല്‍ ശോഷിക്കുകയും ഇതിന്റെ നേട്ടം ഭീകരര്‍ കൈവരിക്കുകയുമാണെന്നും അല്‍മുറൈഖി പറഞ്ഞു. ഭീകര പ്രവര്‍ത്തനം തടയുന്നതിന് സൗഹൃദ രാജ്യങ്ങളുമായി ചേര്‍ന്ന് പൊതു നന്മ ലക്ഷ്യമാക്കി ഖത്തര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഭീകരപ്രവര്‍ത്തനം നേരിടാന്‍ അന്താരാഷ്ട്ര സഹകരണം ആവശ്യമാണ്. ഐ.എസിന് പണം നല്‍കുന്നത് തടയാനുള്ള അന്താരാഷ്ട്ര കൂട്ടുകെട്ടില്‍ ഖത്തര്‍ സജീവമായാണ് പങ്കെടുക്കുന്നത്.
ഈ കൂട്ടുകെട്ട് നിലനിര്‍ത്താനും അതിന്റെ പ്രവര്‍ത്തനം സുഗമമാക്കാനും തങ്ങള്‍ എല്ലാ പിന്തുണയും സംഭാവനകളും നല്‍കിയിട്ടുണ്ട്. ഭീകരത തടയുന്നതിന് യു.എന്‍ നടത്തുന്ന എല്ലാ പ്രവര്‍ത്തനങ്ങളെയും പിന്തുണക്കാനും ഖത്തറിന് കഴിഞ്ഞിട്ടുണ്ട്. ഭീകരര്‍ക്ക് പണം എത്തുന്നത് തടയാന്‍ ഐക്യരാഷ്ട്ര സഭ കൊണ്ടുവന്ന പ്രമേയങ്ങളും രക്ഷാസമിതിയില്‍ പാസായ പ്രമേയങ്ങളും ദേശീയതലത്തില്‍ വിജയകരമായി നടപ്പാക്കാനും ഖത്തറിന് സാധിച്ചു. ഭീകര പ്രവര്‍ത്തകര്‍ക്ക് പണം അയക്കുന്ന ശൃംഖലയെ കണ്ടുപിടിക്കുക, വിവരങ്ങള്‍ കൈമാറുക, ഭീകര പ്രവര്‍ത്തനത്തിനെതിരെ സംയുക്ത നടപടികള്‍ സ്വീകരിക്കുക, ഇത്തരം പ്രവര്‍ത്തനങ്ങളെ പൊതുജന മധ്യത്തില്‍ അറിയിക്കുക, വ്യക്തികള്‍ക്കെതിരെയും ഭീകരപ്രവര്‍ത്തനത്തിന് പണം നല്‍കുന്ന സ്ഥാപനങ്ങള്‍ക്കെതിരെയും ഉപരോധം ഏര്‍പ്പെടുക തുടങ്ങിയ ലക്ഷ്യങ്ങള്‍ക്കായാണ് ടി.എഫ്ടി.സി പ്രവര്‍ത്തിക്കുന്നത്.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x