3 Tuesday
December 2024
2024 December 3
1446 Joumada II 1

ഭിന്നശേഷിയുള്ളവര്‍  സാന്ത്വനത്തിന്റെ വേദ പാഠങ്ങള്‍ – റദ്‌വാന്‍ ജമാല്‍ യൂസഫ് ഇലത്രാഷ്

അല്ലാഹു പറയുന്നു: തീര്‍ച്ചയായും ആദം സന്തതികളെ നാം ആദരിക്കുകയും, കടലിലും കരയിലും അവരെ വാഹനത്തില്‍ കയറ്റുകയും വിശിഷ്ടമായ വസ്തുക്കളില്‍ നിന്ന് നാമവര്‍ക്ക് ഉപജീവനം നല്‍കുകയും, നാം സൃഷ്ടിച്ചിട്ടുള്ളവരില്‍ മറ്റു പലരേക്കാളും അവര്‍ക്ക് നാം സവിശേഷമായ ശ്രേഷ്ഠത നല്‍കുകയും ചെയ്തിരിക്കുന്നു (അല്‍ ഇസ്‌റാഅ് 70).
അല്ലാഹു പറഞ്ഞിരിക്കുന്നത് സത്യവിശ്വാസം വരിച്ചവരെയും ഗവേഷകരെയും ആരോഗ്യമുള്ളവരെയും ജോലിയെടുക്കുന്നവരെയും നാം ആദരിച്ചിരിക്കുന്നു എന്നല്ല. മറിച്ച്, ഇത്തരം മാനദണ്ഡങ്ങളൊന്നുമില്ലാതെ, സകല മനുഷ്യര്‍ക്കും ബാധകമായ ബഹുമതിയാണത്. ധര്‍മിഷ്ഠരും അധര്‍മകാരികളും അതില്‍ പെടും. പൂര്‍ണ ആരോഗ്യവാന്മാരോ, പ്രത്യേകയാവശ്യങ്ങളുള്ളവരോ ആവാം. ഏവരെയും ഉള്‍ക്കൊള്ളുന്ന ആദരവാണത്. ദൈവിക ബഹുമതികളുടെ മറ്റൊരു ചിഹ്‌നമാണ് ഖിലാഫത്ത്. ”ഞാനിതാ ഭൂമിയില്‍ ഒരു ‘ഖലീഫ’യെ നിയോഗിക്കാന്‍ പോകുകയാണ്’ എന്ന് നിന്റെ നാഥന്‍ മലക്കുകളോട് പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധിക്കുക) അവര്‍ പറഞ്ഞു. അവിടെ കുഴപ്പമുണ്ടാക്കുകയും രക്തം ചിന്തുകയും ചെയ്യുന്നവരെയാണോ നീ നിയോഗിക്കുന്നത്? ഞങ്ങളാകട്ടെ, നന്റെ മഹത്വത്തെ പ്രകീര്‍ത്തിക്കുകയും, നിന്റെ പരിശുദ്ധിയെ വാഴ്ത്തുകയും ചെയ്യുന്നവരല്ലോ. അവന്‍ (അല്ലാഹു) പറഞ്ഞു: ‘നിങ്ങള്‍ക്കറിഞ്ഞു കൂടാത്തത് എനിക്കറിയാം’ (അല്‍ബഖറ 30).
അല്ലാഹു മനുഷ്യനെ സൃഷ്ടിക്കുകയും ബുദ്ധിശക്തി പ്രദാനം ചെയ്തുകൊണ്ട് വലിയൊരാദരവ് നല്‍കുകയും ചെയ്തു. എന്തെന്നാല്‍ അതുപയോഗിച്ച് അവന്ന് അല്ലാഹുവെ തിരിച്ചറിയാനും അവന്റെ വിധിവിലക്കുകള്‍ ഗ്രഹിക്കാനും കഴിയും. സംസാരിക്കാനും എഴുതാനുമുള്ള ശേഷിയും,  സുന്ദരമായ ആകാരവും മനുഷ്യന് ലഭിച്ച ബഹുമതിയുടെ ഭാഗമാണ്. മനുഷ്യന്‍ ആരാണെങ്കിലും ഭൂമിയില്‍ തന്റെ ദൗത്യം നിര്‍വഹിച്ചു, മറ്റുള്ളവര്‍ക്ക് സന്തോഷവും ആശ്വാസവും പകര്‍ന്നുനല്‍കി ജീവിക്കുകയെന്നതാണ് ദൈവം നല്‍കിയ ബഹുമതിയുടെ ഉത്തരവാദിത്തം. ഇമാം ഖുറൈശി(റ) വിവരിക്കുന്നു: ഒരു പ്രവര്‍ത്തനത്തിന് പ്രതിഫലമെന്നോണമോ, ഒരു പ്രത്യേക കാരണത്തെത്തുടര്‍ന്നുള്ള കാര്യമെന്ന നിലയിലോ, ഒന്നുമല്ല ഈ ആദരവുണ്ടാകുന്നത്.
മനുഷ്യന് ലഭിച്ച ദൈവിക ബഹുമതിയുടെ വിവിധ തലങ്ങള്‍ നമുക്ക് അന്വേഷിക്കാം. ഒന്ന്: അല്ലാഹുവിന്റെ ഇഷ്ടദാസന്മാരായി കഴിയുക. ചോദിക്കുന്നതിന് മുമ്പ് തന്നെ നമ്മുടെ ആവശ്യങ്ങള്‍ നിര്‍വഹിക്കപ്പെടുക, പ്രാര്‍ഥിക്കുന്നതിന് മുമ്പുതന്നെ പാപമോചനം ലഭിക്കുക തുടങ്ങിയവ മനുഷ്യന് അല്ലാഹു നല്‍കിയ ആദരവിന്റെ ഭാഗമാണ്. ജീവിത വിശുദ്ധി നേടിത്തരുന്ന ഇത്തരം സന്ദര്‍ഭങ്ങളില്‍ ദൈവത്തിന്റെ മുമ്പില്‍ മനസ്സ് തുറക്കാന്‍ കഴിയുന്നതും വലിയ അനുഗ്രഹമാണ്. എന്തെങ്കിലും ശാരീരിക വൈകല്യമുണ്ടെന്ന കാരണത്താല്‍ ഈ ബഹുമതി അല്ലാഹു ആര്‍ക്കും നിഷേധിക്കുന്നില്ല. ദൈവത്തിന്റെ വരദാനമായി ലഭിച്ച ഈ ബഹുമിതിയിലൂടെ അനശ്വര സൗഭാഗ്യം സ്വന്തമാക്കുക എന്നത് എല്ലാവരുടെയും ബാധ്യതയുമാണ്. ബാഹ്യതലത്തില്‍ മാത്രം ദൈവിക ഹുമതിയെ നിരീക്ഷിച്ചവരുമുണ്ട്. ‘മറ്റു ജീവികള്‍ വായ കൊണ്ട് ഭക്ഷണമെടുത്തുകഴിക്കുന്നു, മനുഷ്യനാകട്ടെ കൈവിരലുപയോഗിച്ച് ഭക്ഷണമെടുക്കുന്നു’വെന്നാണ് ഈ സന്ദര്‍ഭത്തെ ഇബ്‌നു അബ്ബാസ്(റ) വിശേഷിപ്പിച്ചത്. ദൈവിക ബഹുമതിയുടെ അടയാളം ആശയവിനിമയ ശേഷിയും ബുദ്ധിശക്തിയുമാണെന്ന് ഇമാം ഇസ്ഹാഖ് രേഖപ്പെടുത്തുന്നു. സൃഷ്ടികള്‍ക്കിടയില്‍ മനുഷ്യന് മാത്രമായി ലഭിച്ചിരിക്കുന്ന ബഹുമതിയാണ് ഇതിന്റെ അര്‍ഥ കല്പനയായി ഇബ്‌നു ആശൂര്‍ പറയുന്നത്.
രണ്ട്: വൈകല്യമുള്ളവരുടെ പ്രയാസങ്ങള്‍ പരിഹരിക്കപ്പെടണം. മതം നിശ്ചയിക്കുന്ന കര്‍മങ്ങളോ വിധി വിലക്കുകളോ ഭാരമായി കാണാതിരിക്കാനുള്ള മാനസികാവസ്ഥ ഇത്തരക്കാരില്‍ സൃഷ്ടിക്കേണ്ടതുണ്ട്. ദൈവഭക്തിയും സൂക്ഷ്മതാ ബോധവുമാണ് മനുഷ്യന്റെ ഉല്‍കൃഷ്ടത നിര്‍ണയിക്കുന്നത്. ശരീരത്തിന്റെ അംഗലാവണ്യമോ വൈകല്യമോ അതില്‍ പരിഗണിക്കപ്പെടുന്നില്ല.
അല്ലാഹു പറയുന്നു:  സ്വന്തത്തോട് അന്യായം ചെയ്തവരെ മരിപ്പിക്കുമ്പോള്‍ മലക്കുകള്‍ അവരോട് ചോദിക്കും. നിങ്ങളെന്തൊരു നിലപാടിലായിരുന്നു? അവര്‍ പറയും ഞങ്ങള്‍ നാട്ടില്‍ അടിച്ചൊതുക്കപ്പെട്ടവരായിരുന്നു. അവര്‍ (മലക്കുകള്‍) ചോദിക്കും: അല്ലാഹുവിന്റെ ഭൂമി വിശാലമായിരുന്നില്ലേ? നിങ്ങള്‍ക്ക് സ്വദേശം വിട്ട് അതില്‍ എവിടെയെങ്കിലും പോകാമായിരുന്നല്ലോ? അത്തരക്കാരുടെ വാസസ്ഥലം നരകമത്രെ. അതെത്ര ചീത്ത സങ്കേതം. എന്നാല്‍ യാതൊരു രക്ഷാതന്ത്രവും സാധിക്കാതെ ഒരു വഴിയും കാണാതെ അടിച്ചൊതുക്കപ്പെട്ടവരായി കഴിയുന്ന പുരുഷന്മാരും സ്ത്രീകളും കുട്ടികളും ഇതില്‍ നിന്നൊഴിവാകുന്നു. അത്തരക്കാര്‍ക്ക് അല്ലാഹു മാപ്പു നല്‍കിയേക്കാം. അല്ലാഹു അത്യധികം മാപ്പു നല്‍കുന്നവനും ഏറെ പൊറുക്കുന്നവനുമാകുന്നു (അന്നിസാഅ് 77,78,79). പ്രതിരോധിക്കാന്‍ കഴിയാതെ ബലഹീനരായി ജീവിക്കുന്നവരെ അടിച്ചമര്‍ത്തുന്ന, കയ്യൂക്കുള്ളവരുടെ ദുഷ്പ്രവണതയാണിവിടെ വിവരിക്കുന്നത്. ഈ ആയത്തിന്റെ പശ്ചാത്തലം മറ്റൊന്നാണെങ്കിലും അത് നല്‍കുന്ന പ്രമേയം പ്രസക്തമാണ്. ബലഹീനനെ അടിച്ചൊതുക്കരുത് എന്നതാണത്. പ്രത്യേകാവശ്യങ്ങളുള്ള ദുര്‍ബല വിഭാഗത്തിന്റെ സംരക്ഷണം മറ്റുള്ളവരുടെ ചുമതലയാണ്. അവരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനോടൊപ്പം, അവരുടെ കഴിവുകള്‍ കണ്ടെത്തി അതിലൂടെ അവരെ ശാക്തീകരിക്കാനും സമൂഹ നേതൃത്വം ശ്രദ്ധിക്കേണ്ടതുണ്ട്.
സയ്യിദ് ഖുത്വുബ്(റ) പറയുന്നു: ‘അടിസ്ഥാനപരമായി വേണ്ടത്, ഈ വിഭാഗത്തെ, എങ്ങനെയാണോ അവര്‍, അതേ നിലക്ക് നാം ഏറ്റെടുക്കുകയും, അവരുടെയടുക്കലുള്ള എണ്ണമറ്റ പ്രതിഭകള്‍ നാം കണ്ടെത്തുകയും ചെയ്യുകയെന്നതാണ്. പ്രതിസന്ധികളാണ് മനോബലമുണ്ടാക്കുക. ഇവരില്‍ പലര്‍ക്കും അസാധാരണമെന്നു തോന്നിപ്പിക്കുന്ന ഒട്ടേറെ കഴിവുകളും പ്രതിഭകളുമുണ്ടെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. പുതിയത് കണ്ടെത്തുക എന്നതാണ് ക്രിയാത്മകമായ ധൈഷണികത.
മൂന്ന്: ശാരീരിക വൈകല്യമുള്ളവരുടെ മനസ്സിനെ ശക്തമാക്കണം.
താഴെ പറയുന്ന പല ഘടകങ്ങള്‍ ഇതിനുണ്ട്.
(എ) പ്രത്യേകാവശ്യങ്ങളുള്ള ആളുകള്‍ക്ക് മതകീയതയും, ഈമാനികാന്തരീക്ഷവും അനുഭവവേദ്യമാക്കിക്കൊടുക്കുക, മതകീയ ജീവിതം, താന്‍ അനുഭവിക്കുന്ന വിപത്തുകളും വേദനകളും ലഘുവാണെന്ന ബോധ്യമുണ്ടാക്കുന്നു. നമസ്‌കാരം, പാപമോചനത്തിന് വേണ്ടിയുള്ളതടക്കമുള്ള പ്രാര്‍ഥനകള്‍, റസൂലിന്ന് അനുഗ്രഹം ലഭ്യമാവാന്‍ വേണ്ടിയുള്ള പ്രാര്‍ഥന തുടങ്ങിയവ മനസ്സിനെ ശാന്തമാക്കുകയും, തനിക്ക് നേരിട്ടതിനെ സംതൃപ്തിയോടെ സ്വീകരിക്കാന്‍ പ്രാപ്തനാക്കുകയും ചെയ്യുന്നു. ധൈര്യവും ശുഭപ്രതീക്ഷയുമുള്ള ഒരന്തരീക്ഷം അവന്ന് നല്‍കുകയും ചെയ്യുന്നു. അല്ലാഹുവിന്റെ വിധിയിലും നിര്‍ണയത്തിലും തൃപ്തിപ്പെടാനും അവന്‍ വലിയ പ്രതിഫലം തനിക്കായി കരുതി വച്ചിട്ടുണ്ടെന്നതെപ്പഴുമോര്‍ക്കാനും അത് അവനെ പഠിപ്പിക്കുന്നു. നിരാശപ്പെടുന്നതും, അല്ലാഹുവിന്റെ വിധി നിര്‍ണയങ്ങളെ വെറുക്കുന്നതും വിലക്കുകയും ചെയ്യുന്നു. ഖുര്‍ആന്‍ ആയത്തുകളും നബി വചനങ്ങളും അവന് മന:ശക്തി വര്‍ധിപ്പിക്കുന്നു.
(ബി) മാനസിക സുസ്ഥിതിക്കും സുസ്ഥിരതക്കും കാരണമാകുന്നതൊക്കെയും അംഗവൈകല്യമുള്ളവര്‍ക്ക് ലഭ്യമാക്കുകയെന്നതാണ് മറ്റൊന്ന്. അല്ലാഹുവിന്റെ വിധി നിര്‍ണയങ്ങളെ തൃപ്തിയോടെ സ്വീകരിച്ച്, ജീവിതത്തെ രചനാത്മകവും ക്രിയാത്മകവുമായ നിലയില്‍ മുന്നോട്ടു കൊണ്ടുപോകാനും തടസ്സങ്ങളേതും മഥിക്കാത്ത അവസ്ഥ കൈവരിക്കാനും ഇത് അവരെ സഹായിക്കും. മിസ്വ്അബുബ്‌നു സഅ്ദ്(റ) പറഞ്ഞതായി ഇമാം ബുഖാരി ഉദ്ധരിക്കുന്നു. മറ്റുള്ളവരേക്കാള്‍ തനിക്ക് മഹത്വമുണ്ടെന്ന് സഅദ്(റ) കരുതിയിരുന്നു. അപ്പോഴാണ് നബി(സ) ചോദിക്കുന്നത്: ”നിങ്ങളിലെ ബലഹീനരെക്കൊണ്ടു മാത്രമല്ലേ, നിങ്ങള്‍ക്ക് ദൈവീക സഹായവും ഉപജീവനമാര്‍ഗവും ലഭിച്ചുകൊണ്ടിരിക്കുന്നത്? തന്റെ ധീരത, സാമ്പത്തിക സ്വയം പര്യാപ്തത, യുദ്ധവിജയം തുടങ്ങിയ കാര്യങ്ങളാല്‍ ഇതരരേക്കാള്‍ കൂടുതലൊരു ശക്തിയും മഹത്വവും തനിക്കുണ്ടെന്ന് സ്വയം വിചാരിക്കുന്ന എല്ലാ ആളുകള്‍ക്കുമായി ശക്തമായ ഒരു സന്ദേശമാണ് നബി(സ) ഇതിലൂടെ നല്‍കുന്നത്. അതുകൊണ്ടു തന്നെയാണ് സഅ്ദി(റ)നെ മാത്രമല്ല, സമ്പന്നരും ആരോഗ്യവാന്മാരും ശക്തന്മാരുമായ മുഴുവനാളുകളെയും, അവരിപ്പോഴെത്തിപ്പെട്ട സ്ഥിതിയില്‍ അവരെത്തിയിട്ടുള്ളത് ബലഹീനരായ ആളുകളുടെ അനുഗ്രഹവും, ശുദ്ധമനസ്സോടെയുള്ള പ്രാര്‍ഥനയും മുഖേനയാണെന്ന് അവിടുന്ന് പഠിപ്പിക്കുന്നു. ഭൗതിക പ്രപഞ്ചത്തിന്റെ മോടികളില്‍ മനസ്സ് കൂടുതല്‍ ഉടക്കാത്തതുകൊണ്ടും അതിന്റെ വിശുദ്ധി കൊണ്ടുമാണ് അവരുടെ പ്രാര്‍ഥന കൂടുതല്‍ സ്വീകാര്യമാവുന്നത്.
(സി) അവരെ സംബന്ധിക്കുന്ന ഖുര്‍ആന്‍ വചനങ്ങള്‍ അവരെ കേള്‍പ്പിക്കുകയെന്നതാണ് അടുത്തത്. പ്രത്യേകാവശ്യങ്ങള്‍ക്കായി ജീവിക്കുന്നവരൊക്കെയും അതു കേള്‍ക്കേണ്ടത് അനിവാര്യമാണ്.
അല്ലാഹു പറയുന്നു: ഭൂമിയിലോ നിങ്ങളുടെ ദേഹങ്ങളില്‍ തന്നെയോ, യാതൊരു ആപത്തും ബാധിക്കുകയുണ്ടായിട്ടില്ല; അതിനെ നാം ഉണ്ടാക്കുന്നതിനു മുമ്പ് തന്നെ ഒരു രേഖയില്‍ ഉള്‍പ്പെട്ടു കഴിഞ്ഞതായിട്ടല്ലാതെ. തീര്‍ച്ചയായും അത് അല്ലാഹുവെ സംബന്ധിച്ചിടത്തോളം എളുപ്പമുള്ളതാകുന്നു (ഇങ്ങനെ നാം ചെയ്തത്, നിങ്ങള്‍ക്കു നഷ്ടപ്പെട്ടതിന്റെ പേരില്‍ നിങ്ങള്‍ ദു:ഖിക്കാതിരിക്കുവാനും, നിങ്ങള്‍ക്ക് അവന്‍ നല്‍കിയതിന്റെ പേരില്‍ നിങ്ങള്‍ ആഹ്ലാദിക്കാതിരിക്കുവാനും വേണ്ടിയാണ് അല്ലാഹു യാതൊരു അഹങ്കാരിയെയും ദുരഭിമാനിയെയും ഇഷ്ടപ്പെയുകയില്ല. (അല്‍ഹദീദ്, 22-23)
”കുറച്ചൊക്കെ ഭയം, പട്ടിണി, ധനനഷ്ടം, ജീവനഷ്ടം, വിഭവ നഷ്ടം എന്നിവ മുഖേന നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും (അത്തരം സന്ദര്‍ഭങ്ങളില്‍) ക്ഷമിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കുക. തങ്ങള്‍ക്ക് വല്ല ആപത്തും ബാധിച്ചാല്‍, അവര്‍ (ആ ക്ഷമാശീലര്‍) പറയുന്നത്: ഞങ്ങള്‍ അല്ലാഹുവിന്റെ അധീനത്തിലാണ്. അവങ്കലേക്കു തന്നെ മടങ്ങേണ്ടവനുമാണ്’ എന്നായിരിക്കും. അവര്‍ക്കത്രെ തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്ന് അനുഗ്രഹങ്ങളും കാരുണ്യവും ലഭിക്കുന്നത്. അവരത്രെ സന്മാര്‍ഗം പ്രാപിച്ചവര്‍ (അല്‍ബഖറ 155, 156, 157)
പ്രത്യേകാവശ്യങ്ങളുള്ളയാളുകള്‍ എന്തായാലും കേട്ടിരിക്കേണ്ടതായ തെരഞ്ഞെടുത്ത ചില നബിവചനങ്ങള്‍
അബൂഹുറയ്‌റ(റ) പറയുന്നു: അല്ലാഹുവിന്റെ ദൂതന്‍(സ) ഇപ്രകാരം പറഞ്ഞു: തന്റെ പ്രിയപ്പെട്ട രണ്ടു കണ്ണുകള്‍ നഷ്ടപ്പെട്ട ഒരാള്‍, ക്ഷമയവലംബിക്കുകയും, അല്ലാഹുവിന്റെ പ്രതിഫലം പ്രതീക്ഷിക്കുകയും ചെയ്യുന്നുവെങ്കില്‍, ആ വ്യക്തിക്ക് സ്വര്‍ഗത്തില്‍ കുറഞ്ഞ ഒരു പ്രതിഫലം കൊണ്ടും ഞാന്‍ തൃപ്തനാവില്ല”(തിര്‍മിദി)
അവിടുന്ന് പറഞ്ഞു: ഒരു സത്യവിശ്വാസിയുടെ കാര്യത്തില്‍ ഞാന്‍ ആശ്ചര്യപ്പെടുന്നു. എന്തെങ്കിലും തനിക്ക് ലഭിച്ചാല്‍ അയാള്‍ അല്ലാഹുവെ സ്തുതിക്കുകയും അവനോട് നന്ദി കാണിക്കുകയും ചെയ്യും. ഇനിയൊരു വിപത്ത് ബാധിച്ചിട്ടുണ്ടെങ്കില്‍, അവനല്ലാഹുവിന്റെ പ്രതിഫലം കാംക്ഷിക്കുകയും ക്ഷമയവലംബിക്കുകയും ചെയ്യും. ഒരു വിശ്വാസിക്ക് തന്റെ കാര്യങ്ങള്‍ക്കൊക്കെയും  – തന്റെ വായിലേക്കായുയര്‍ത്തുന്ന ഒരു പിടി ഭക്ഷണത്തിനു പോലും – പ്രതിഫലം ലഭിക്കും. (അഹ്മദ്)
ആഇശ(റ) പറയുന്നു: റസൂല്‍(സ) ഇപ്രകാരം പറഞ്ഞു: മുസ്‌ലിമായൊരാള്‍ക്ക് ബാധിക്കുന്ന ഏതൊരു വിപത്തിനും പകരമായി, ആ വ്യക്തിക്ക് (പാപങ്ങള്‍) മായ്ച്ചു കൊടുക്കാതിരിക്കില്ല. അവന് തറയ്ക്കുന്ന ഒരു മുള്ളിനു പോലും ‘മഅ്മറി(റ)ന്റെ റിപ്പോര്‍ട്ടില്‍ ഇങ്ങനെയാണ്: അല്ലാഹുവിന്റെ റസൂല്‍(സ) പറഞ്ഞു: സത്യവിശ്വാസിയായൊരാളെ ബാധിക്കുന്ന ഏതൊരു രോഗവും വേദനയും, ആ വ്യക്തിയുടെ പാപങ്ങള്‍ മായ്ച്ചുകളയാന്‍ നിമിത്തമാവാതിരിക്കില്ല. അയാള്‍ക്ക് തറയ്ക്കുന്ന ഒരു മുള്ളായാലും ഒരു ദുരിതമായാലും”(മുസ്‌ലിം)
അവിടുന്നു പറഞ്ഞു: നിങ്ങളിലൊരുവന് ഒരു വിപത്ത് ബാധിച്ചാല്‍ അവന്‍ ഇങ്ങനെ പറയണം: ‘നാം തീര്‍ച്ചയായും അല്ലാഹുവിനുള്ളവരാണ്. തീര്‍ച്ചയായും അവന്റെയടുക്കലേക്ക് തിരിച്ചു ചെല്ലേണ്ടതുമാണ്.’ അല്ലാഹുവേ, എന്റെ ഈ വിപത്തിന്, നിന്റെയടുക്കല്‍ ഞാന്‍ പ്രതിഫലം പ്രതീക്ഷിക്കയാണ്. അതിനാല്‍ എനിക്കിതില്‍ നീ പ്രതിഫലമേകുകയും ഇതിനേക്കാള്‍ ഉത്തമമായത് പകരമെനിക്കു നല്‍കുകയും വേണമേ.’ (അബൂദാവൂദ്)
നബി(സ) പറഞ്ഞു: നിങ്ങളിലൊരാള്‍ക്ക് ഒരു വിപത്ത് ബാധിച്ചാല്‍ തന്റെ വിപത്തിന്റെ കൂടെ അവന്‍ എന്നെ ഓര്‍ക്കണം. എന്തെന്നാല്‍ ഏറ്റവും വലിയ വിപത്തുകളില്‍ പെട്ട ഒന്നാണ് അത് (ഞാന്‍ അനുഭവിച്ചത്).
അബുല്‍ അതാഹിയ പാടി:
ക്ഷമിക്കൂ, എല്ലാ വിപത്തിലും സമാധാനമടയൂ.
അനശ്വരനല്ല മര്‍ത്യനെന്ന കാര്യം മനസ്സിലാക്കൂ.
ദു:ഖ ഹേതുകമായൊരു വിപത്ത് നീ ഓര്‍ക്കുമ്പോള്‍
നിന്റെ വിപത്തിനോടൊപ്പം മുഹമ്മദ് നബിയെ ഓര്‍ക്കൂ.
Back to Top