ഭിന്നശേഷിയുള്ളവര്‍ സാന്ത്വനത്തിന്റെ വേദ പാഠങ്ങള്‍ – റദ്‌വാന്‍ ജമാല്‍ യൂസഫ് ഇലത്രാഷ്
ശരീര വൈകല്യത്തേക്കാള്‍ ധൈഷണിക വൈകല്യമാണ് ഖുര്‍ആന്‍ ഗുരുതരമായി കാണുന്നത്. നന്മ കണ്ടെത്താന്‍ സഹായകമായ ധൈഷണികതയാണ് ബസ്വീറത്ത്. ബസ്വിറത്തിലെ അന്ധതയിലേക്ക് വിരല്‍ ചൂണ്ടുന്ന ആയത്തുകള്‍ നിരവധിയുണ്ട്. കപട വിശ്വാസികളെക്കുറിച്ച് പറഞ്ഞത് അക്കൂട്ടത്തില്‍ വരുന്നു: ”ബധിരരും, ഊമകളും അന്ധന്‍മാരുമാകുന്നു അവര്‍. (അതിനാലവര്‍ സത്യത്തിലേക്ക്) തിരിച്ചു വരില്ല.” (അല്‍ബഖറ 18). അല്ലാഹു പറയുന്നു: ”ഇവര്‍ ഭൂമിയിലൂടെ സഞ്ചരിക്കുന്നില്ലേ? എങ്കില്‍ ചിന്തിച്ചു മനസ്സിലാക്കാനുതകുന്ന ഹൃദയങ്ങളോ കേട്ടറിയാനുതകുന്ന കാതുകളോ അവര്‍ക്കുണ്ടാകുമായിരുന്നു. തീര്‍ച്ചയായും കണ്ണുകളെയല്ല അന്ധത ബാധിക്കുന്നത്. പക്ഷെ, നെഞ്ചുകളിലുള്ള ഹൃദയങ്ങളെയാണ് അന്ധത ബാധിക്കുന്നത്.” (അല്‍ഹജ്ജ് 46). വിശ്വാസാധിഷ്ഠിത തിരിച്ചറിവ് നഷ്ടപ്പെട്ടവരും അതിന്റെ ആനന്ദം നിഷേധിക്കപ്പെട്ടവരുമാണ് കപടവിശ്വാസികള്‍. അബുസ്സുഊദ് വിശദീകരിക്കുന്നു: ”ബസ്വീറത് നഷ്ടപ്പെട്ടവന്‍, തന്റേടത്തിന്റെ വഴിയിലെത്തുന്നില്ല. അല്ലാഹു നല്‍കിയ ആദരണീയതയും ശ്രേഷ്ഠതയും തിരിച്ചറിയുന്നുമില്ല. അതിന് നന്ദി കാണിക്കാനും അതിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്താനും അവര്‍ക്ക് സാധിക്കുന്നില്ല. അവനില്‍ ശരിയായ അറിവുകള്‍ക്കും തിരിച്ചറിവുകള്‍ക്കുമായി അല്ലാഹു സന്നിവേശിപ്പിച്ച ബുദ്ധിയും കഴിവുകളും അവന്‍ ഉപയോഗപ്പെടുത്തുന്നുമില്ല.
സത്യത്തിലേക്കുള്ള ആഹ്വാനം ശ്രദ്ധിക്കാത്തവന്‍ വൈകല്യമുള്ളയാളാണെന്ന് ഈ ആയത്തുകള്‍ അറിയിക്കുന്നു. ”സത്യനിഷേധികളെ ഉപമിക്കാവുന്നത്, വിളിയും തെളിയുമല്ലാതെ മറ്റൊന്നും കേള്‍ക്കാത്ത ജന്തുവിനോട് ഒച്ചയിടുന്നവനോടാകുന്നു. അവര്‍ ബധിരരും ഊമകളും അന്ധരുമാകുന്നു. അതിനാല്‍ അവര്‍ (യാതൊന്നും) ചിന്തിച്ചു ഗ്രഹിക്കുകയില്ല” (അല്‍ബഖറ 171). ഉയിര്‍ത്തെഴുന്നേല്പ് നാള്‍ വരെയും അന്ധനായിത്തന്നെ അവന്‍ നിലകൊള്ളും. അല്ലാഹു പറയുന്നു: ”വല്ലവനും ഈ ലോകത്ത് അന്ധനായിരുന്നാല്‍. പരലോകത്തും അവന്‍ അന്ധനായിരിക്കും. ഏറ്റവും വഴിപിഴച്ചവനുമായിരിക്കും.” (അല്‍ഇസ്‌റാഅ് 72).
അല്ലാഹു പറയുന്നു: ”എന്റെ ഉദ്‌ബോധനത്തെയിട്ട് വല്ലവനും തിരിഞ്ഞുകളയുന്ന പക്ഷം, തീര്‍ച്ചയായും അവന്ന് ഒരു ഇടുങ്ങിയ ജീവിതമാണുണ്ടായിരിക്കുക. ഉയിര്‍ത്തെഴുന്നേല്പിന്റെ നാളില്‍ അവനെ നാം അന്ധനായ നിലയില്‍ എഴുന്നേല്പിച്ചുകൊണ്ടു വരുന്നതുമാണ്. അവന്‍ പറയും: എന്റെ രക്ഷിതാവേ, നീ എന്തിനാണെന്നെ അന്ധനായ നിലയില്‍ എഴുന്നേല്പിച്ചുകൊണ്ടുവന്നത്? ഞാന്‍ കാഴ്ചയുള്ളവനായിരുന്നല്ലോ!” (ത്വാഹാ 124, 125)
രണ്ടാമത്തേത് ശാരീരിക വൈകല്യമാണ്. മുടന്തന്‍, അന്ധന്‍, രോഗി എന്നിവരെക്കുറിച്ച് സംസാരിക്കുന്ന ആയത്തുകളില്‍ ഇതിനെക്കുറിച്ച നിര്‍ണിത പരാമര്‍ശം വ്യക്തമായുമുണ്ട്. വിശ്വാസ ധര്‍മങ്ങളില്‍ തന്റെ ഭാഗധേയം നിര്‍വഹിക്കാത്തവന്‍ എണ്ണപ്പെടുന്നത് വൈകല്യമുള്ളവനായിട്ടാണ്. തങ്ങളുടെ മതപരവും ദേശീയവുമായ കടമകള്‍ നിര്‍വഹിക്കുന്നതിന് ഭംഗം വരുത്തുന്ന എന്തെങ്കിലും വൈകല്യങ്ങളോ, തടസ്സങ്ങളോ, ശാരീരികമായി ഇല്ലാത്തവരും, അതിനാല്‍ തന്നെ അതില്‍ നിന്ന് മാറിനില്‍ക്കാന്‍ ന്യായമായ ഒരു പ്രതിബന്ധവുമില്ലാത്തവരുമായ വിശ്വാസികളെയും, തങ്ങളുടെ സ്വത്തുകളാലും സ്വത്വത്താലും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ത്യാഗപരിശ്രമം ചെയ്യുന്നവരായ വിശ്വാസികളെയും ഖുര്‍ആന്‍ താരതമ്യം നടത്തിയിട്ടുണ്ട്. ആദ്യം പറഞ്ഞവരെ ഖാഇദുകള്‍ എന്നും മുഖല്ലഫുകള്‍ എന്നുമാണ് വിശേഷിച്ചത്.
അല്ലാഹു പറയുന്നു: ”(യുദ്ധത്തിനു പോകാതെ) ഇരുന്നവര്‍, അല്ലാഹുവിന്റെ ദൂതന്റെ കല്പനക്കെതിരെയുള്ള അവരുടെ ആ ഇരുത്തത്തില്‍ സന്തോഷം പൂണ്ടു..” (അത്തൗബ 81). ഇവിടെ റശീദ് റിദാ വ്യക്തമാക്കിയതിങ്ങനെയാണ്: ”മുഖല്ലഫൂന്‍ എന്ന പദം ഖല്ലഫ എന്ന ക്രിയയുടെ കര്‍മനാമരൂപമത്രെ. മറ്റൊരാളെ തന്റെ പിറകിലാക്കി നിറുത്തുക എന്നതാണ് ആ ക്രിയയുടെ ആശയം. മുഖല്ലഫുകളായ അതായത് റസൂല്‍(സ) പിറകിലുപേക്ഷിച്ച – ഈ മുനാഫിഖുകള്‍ സന്തോഷം പൂണ്ടു എന്നാണിവിടെ ഉദ്ദേശ്യം. തബൂക്കിലേക്കുള്ള അവിടുത്തെ പുറപ്പാടിന്റെ സമയത്ത് അല്ലാഹുവിന്റെയും പ്രവാചകന്റെയും നിര്‍ദേശങ്ങള്‍ ലംഘിച്ച് അവര്‍ സ്വന്തം വീടുകളില്‍ തന്നെ ഇരുന്നപ്പോഴായിരുന്നു ഇത്.
ഈ വചനത്തില്‍ നിന്ന് മനസ്സിലാക്കാവുന്നത് ഇതാണ്: യഥാര്‍ഥത്തില്‍ വൈകല്യമുള്ളവര്‍, പ്രത്യേക ആവശ്യങ്ങളുള്ള ആളുകളല്ല, മറിച്ച് ഖിലാഫത്തിന്റെ കാര്യത്തിലും സര്‍വലോക രക്ഷിതാവിനായുള്ള ഇബാദത്തിന്റെ കാര്യത്തിലും തങ്ങളുടെ ഭാഗധേയം നിറവേറ്റാത്തവരാണ് അവര്‍. തങ്ങള്‍ ജീവിക്കുന്ന സമൂഹത്തോട്, വ്യക്തിപരമായും സാമൂഹികമായും സമരസപ്പെട്ടുപോകാത്തവരും, തങ്ങള്‍ നിര്‍ബന്ധമായി നിര്‍വഹിക്കേണ്ടതായിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാതെ മാറി നില്‍ക്കുന്നവരും വൈകല്യമുള്ളവരാണ്, എന്നു മാത്രമല്ല, ആ സമൂഹത്തിലെ വ്യക്തികള്‍ ഏതൊരന്തരീക്ഷത്തിലാണോ ജീവിച്ചുപോകുന്നത്, അതിനോടൊപ്പം മുന്നേറാനുള്ള ബൗദ്ധികമായ പാതയില്‍ പിറകിലായവരുമാണ് അവര്‍.
പ്രത്യേക പരിഗണന അര്‍ഹിക്കുന്നവരെ വികലാംഗര്‍ എന്ന് പേരിട്ടുവിളിക്കുന്നത് ശരിയോ?
ഇത് സംബന്ധിച്ച അന്വേഷണത്തിന് അതിന്റേതായ നിയമ സാധുതയുണ്ട്. എന്തെന്നാല്‍, ഈ വാക്ക് അര്‍ഥമാക്കുന്നത് ഈ വിഭാഗം, തങ്ങള്‍ക്ക് അനുയോജ്യമായ സാംസ്‌കാരിക ദൗത്യത്തിന്റെ നിര്‍വഹണത്തിന് കഴിവില്ലാത്തവരാണ് എന്നതത്രെ. വസ്തുതയാകട്ടെ പ്രത്യേകാവശ്യമുള്ള ഈയാളുകള്‍ തങ്ങളുടെ കഴിവിനൊത്ത വിധം, തങ്ങളുടെ കടമ നിര്‍വഹിച്ചിട്ടുണ്ടെന്നതാണ്. എന്നാല്‍ അവരില്‍ നിന്നും തേടുന്ന സാംസ്‌കാരിക ഭാഗധേയത്തിന്റെ നിര്‍വഹണ രംഗത്ത് മാനസികമായി പ്രതികൂല സ്വാധീനം ചെലുത്തിയേക്കാവുന്ന പല വിശേഷണങ്ങളുമാണ് ജനങ്ങള്‍ അവര്‍ക്ക് പതിച്ചുനല്‍കിയത്. അശക്തര്‍, ദുരിതബാധിതര്‍ എന്നിങ്ങനെ…
എത്രയെന്നു വച്ചാല്‍, ആധികാരിക വൈജ്ഞാനിക ഗ്രന്ഥങ്ങള്‍ പോലും ചില ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കാന്‍ തടസ്സമുള്ള വികലാംഗര്‍ എന്നാണ് അവരെ നിര്‍വചിക്കുന്നത്. അവരുടെ സാഹചര്യങ്ങളെ കൃ ത്യമായി മനസ്സിലാക്കിക്കൊണ്ടുള്ള ഒരു ചിത്രവും സമര്‍പ്പിക്കുന്നില്ല താനും. സമൂഹത്തോട് പൂര്‍ണമായി സമരസപ്പെടാന്‍ അവര്‍ അശക്തരാണ് എന്നര്‍ഥം. എന്നാല്‍ എന്റെ വീക്ഷണത്തില്‍, പ്രത്യേകാവശ്യമുള്ളയാളുകളെ വികലാംഗര്‍ എന്നു മുദ്ര കുത്തുന്നത് ശുഭപ്രതീക്ഷയുടെ ആശയതലത്തില്‍ തീര്‍ത്തും അനുചിതമാണ്.
മുന്‍ പറഞ്ഞതില്‍ നിന്ന് വ്യക്തമാകുന്നത്, പ്രത്യേകാവകശ്യങ്ങളുള്ളയാളുകളെ ബധിരര്‍, കുരുടന്‍, ബലഹീനന്‍ എന്നിങ്ങനെ മുദ്ര കുത്തുന്നത്, ഇത്തരം പരീക്ഷണ വിധേയരായ വരുടെ പ്രശ്‌ന പരിഹാര സാധ്യതയെ ഗുരുതരമായി ബാധിക്കുമെന്നാണ്. കുഞ്ഞുങ്ങള്‍ക്ക്, തങ്ങളുടെ സാംസ്‌കാരിക ഭാഗധേയം, തികച്ചും മെച്ചപ്പെട്ടതും വ്യതിരിക്തവുമായ നിലയില്‍ നിര്‍വഹിക്കുവാന്‍ പ്രേരകമാവും വിധം, നല്ല പേരുകള്‍ നല്കണമെന്നതാണ് ഇസ്‌ലാമിന്റെ നിര്‍ദേശം. നല്ലപേരും, നല്ല ഫഅ്‌ലും റസൂല്‍(സ) ഇഷ്ടപ്പെട്ടിരുന്നു. അബൂഹുറയ്‌റ(റ) പറഞ്ഞതായി, ഇമാം ഇബ്‌നുമാജ തന്റെ സുനനില്‍ പൂര്‍ണ പരമ്പരയോടെ ഇപ്രകാരം ഉദ്ധരിച്ചിട്ടുണ്ട്. നല്ല ഫഅ്ല്‍ നബി(സ)ക്ക് ഇഷ്ടമായിരുന്നു. പക്ഷി ലക്ഷണം നോക്കുന്ന സമ്പ്രദായം അവിടുന്നിന് അപ്രിയവുമായിരുന്നു.
ഫഅ്‌ലെന്നാല്‍, ഒരു മുസ്‌ലിമിന് കേട്ടാല്‍ ആശ്വാസവും സന്തോഷവും പകരുന്ന നല്ല വാക്ക് എന്നതത്രെ. നല്ല വാക്ക് കേള്‍ക്കുമ്പോള്‍ ആഹ്ലാദിക്കുകയും തന്റെ ആവശ്യവുമായി മുമ്പോട്ട് പോകുകയും ചെയ്യുന്നത് അറബികളുടെ പതിവായിരുന്നു. ഉദാഹരണത്തിന്, കളഞ്ഞുപോയ ഒരു സാധനം അന്വേഷിച്ചു നടക്കുമ്പോള്‍ അനുഗൃഹീതന്‍ (കണ്ടെത്തിയവന്‍), വിജയി തുടങ്ങിയ ശബ്ദം കേള്‍ക്കുകയും അതുവഴി അവന്‍ ആഹ്ലാദചിത്തനായിത്തീരുകയും ചെയ്യുന്നു. ശമനം ലഭിച്ചവന്‍, സുഖം പ്രാപിച്ചവന്‍ എന്നിങ്ങനെ രോഗി കേള്‍ക്കുമ്പോള്‍ അ യാള്‍ക്കും അത്തരം വാക്കുകള്‍ ആശ്വാസമേകുന്നു. മുഹമ്മദ് ഫുആദ് അബ്ദുല്‍ ബാഖീ(റ) ഇങ്ങനെ കുറിച്ചു: ”ഫഅ്ല്‍ എന്നത്, അന്തിമ വിശകലനത്തില്‍ തഫാഉല്‍ (ശുഭപ്രതീക്ഷ) എന്നതു തന്നെയാണ്. ദുരിതങ്ങളില്‍ പെട്ടവര്‍ക്കും രോഗികള്‍ക്കും ശുഭപ്രതീക്ഷ നല്‍കുന്ന സംസാരവും വാക്കുകളും അവരുടെ കദനഭാരം കുറയ്ക്കുകയും ആനന്ദകരമായ ഭാവിയിലേക്ക് വാതില്‍ തുറക്കുകയും ചെയ്യുന്നു.
പൗരാണിക നാഗരികതകളില്‍ അംഗവൈകല്യമുള്ളവരോട് നിഷേധാത്മക നിലപാടായിരുന്നു. ഖുര്‍ആനിന്റെ രീതിശാസ്ത്രം അടിസ്ഥാനപ്പെടുത്തിയുള്ള പഠനങ്ങള്‍ അവരെ ‘പ്രത്യേകാവശ്യങ്ങളുള്ളവര്‍’ എന്ന പദവിയില്‍ കാണുന്നു. ദൈവികതയുടെ ആധികാരികതയുള്ള ഖുര്‍ആന്‍, മനുഷ്യന്റെ കഴിവുകള്‍ വിലമതിക്കുകയും വൈകല്യങ്ങളെ അതിജീവിക്കുവാനുള്ള ഇച്ഛാശക്തി അവന് നല്കുകയും ചെയ്യുന്നു. ധര്‍മവിചാരമുള്ള മനസ്സും പുണ്യം നേടുനുതകുന്ന ധൈഷണികതയുമുണ്ടെങ്കില്‍ ബാഹ്യവൈകല്യങ്ങള്‍ ലക്ഷ്യത്തിലേക്കുള്ള വേറിട്ട പാതയായി കാണാന്‍ കഴിയും.
ഫറോവന്‍ നാഗരികത
അംഗവൈകല്യമുള്ള കുഞ്ഞുങ്ങളില്‍ നിന്ന് ഓടി രക്ഷപ്പെടുന്നവരായിരുന്നു അന്നത്തെ ആളുകള്‍. പ്രത്യേകാവശ്യങ്ങളുള്ളവരോടുള്ള പെരുമാറ്റത്തില്‍ റോമന്‍മാരേക്കാളും കഠിനന്മാരായിരുന്നു അവര്‍. എന്നാല്‍, കേള്‍വിയുടെയും കാഴ്ചയുടെയും പരിമിതികളില്‍ ചിലത് ചികിത്സിക്കാനുള്ള ആശുപത്രികള്‍ അവരുണ്ടാക്കിയിരുന്നു.
ഗ്രീക്ക് നാഗരികത
ബുദ്ധിപരമായി പിന്നാക്കം നില്ക്കുന്നവരെ ശൈശവ ദശയില്‍ തന്നെ പുഴയിലെറിഞ്ഞോ കൊടും തണുപ്പേല്പിച്ചോ കൊന്നുകളയുന്ന പതിവായിരുന്നു അവര്‍ക്കിടയില്‍ ഉണ്ടായിരുന്നത്. അംഗവൈകല്യം പൈശാചിക ബാധയാണെന്നും മരണംവരെ ആ രീതിയില്‍ തന്നെ അവരെ വിടണമെന്നും അവര്‍ വിശ്വസിച്ചിരുന്നു.
റോമന്‍ നാഗരികത
യുദ്ധത്തിലെ പോരാട്ട വീര്യമായിരുന്നു വ്യക്തിയുടെ മികവിന്റെ മാനദണ്ഡമായി അവര്‍ കണ്ടിരുന്നത്. അതില്ലാത്തവര്‍ക്ക് മാനുഷിക പരിഗണനപോലും ലഭിച്ചിരുന്നില്ല. സവിശേഷ ആവശ്യങ്ങള്‍ അര്‍ഹിക്കുന്നവരെ പൊണ്ണന്മാരും മൂഢന്മാരുമായിട്ടായിരുന്നു അവര്‍ കണ്ടത്. വികലാംഗര്‍ വിശന്നു മരിക്കട്ടെ എന്നായിരുന്നു അന്നത്തെ നിലപാട്.
കേള്‍വി വൈകല്യമുള്ളവരെ പഠിപ്പിക്കുക അസാധ്യമാണെന്നായിരുന്നു അരിസ്റ്റോട്ടിലിന്റെ കാഴ്ചപ്പാട്. ഏതൊരു വസ്തുവിന്റെയും മൂല്യം അതിന്റെ കാര്യ ക്ഷമതക്കനുസരിച്ച് വേണം കണക്കാക്കാന്‍ എന്ന അഭിപ്രായക്കാരനായിരുന്നു സോക്രട്ടീസ്. തന്റെ സങ്കല്പത്തിലുണ്ടായിരുന്ന ശ്രേഷ്ഠ നഗരത്തില്‍ നിന്ന് അംഗവൈകല്യമുള്ളവരെ പുറംതള്ളല്‍ അനിവാര്യമാണെന്ന് പ്ലാറ്റോ വിശ്വസിച്ചു, എന്തെന്നാല്‍ തങ്ങളില്‍ നിന്നുമുദ്ദേശിക്കുന്നത് നിറവേറ്റാന്‍ കഴിയാത്തവരാണവര്‍. അംഗവൈകല്യമുള്ളവര്‍ ഉണ്ടാകുന്നത് രാഷ്ട്രത്തിന് ദോഷമാണെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം, അവരെ നാടു കടത്തണമെന്ന് ആഹ്വാനം ചെയ്തു.
ഇംഗ്ലീഷുകാരുടെയും ഇവരോടുള്ള നയം നിഷേധാത്മകമായിരുന്നു. കാരുണ്യം, സഹാനുഭൂതി തുടങ്ങിയ മാനുഷിക മൂല്യങ്ങളാണ് ഇത്തരക്കാരെ ശാക്തീകരിക്കാന്‍ ഖുര്‍ആന്‍മുന്നോട്ട് വെക്കുന്നത്.
മനുഷ്യനെന്ന അസ്തിത്വവും ശ്രേഷ്ഠതയും അംഗീകരിച്ചു കൊണ്ടും, സാംസ്‌കാരിക ദൗത്യനിര്‍വഹണത്തില്‍ കാര്യക്ഷമമായ പങ്കാളിത്തം നല്‍കിക്കൊണ്ടുമാണ് ഖുര്‍ആന്‍ അവരോട് സംസാരിക്കുന്നത്. ഖുര്‍ആനിന്റെ സ്വതസിദ്ധമായ ഈ രീതി നിര്‍ദേശിക്കുന്ന ചില തത്വങ്ങള്‍ ശ്രദ്ധേയമാണ്.
ആദരവ്
മനുഷ്യനെ, അവന്റെ ആകാരത്തിലോ, നടത്തത്തിന്റെ ശൈലിയിലോ, തൊലിയുടെ രൂപത്തിലോ, ഒന്നും നിന്ദ്യനായി കാണാതെ ഏറെ വിലയും ആദരണീയതയും ഉള്ളവനായി അവനെ കാണുകയാണെന്നതാണതിന്റെ സാരം. എന്തെന്നാല്‍ മനുഷ്യനല്ലാതെ ജീവികളേതും തന്നെ വൃത്തിയാക്കലെങ്ങനെയെന്നോ, വസ്ത്രം ധരിക്കേണ്ടതെങ്ങനെയെന്നോ അറിയുന്നില്ല.
ശരീര രൂപ ഘടനയിലോ, പ്രവര്‍ത്തനത്തിലോ ഒരു തരത്തിലുള്ള അധമത്വവും അവരില്‍ കാണരുത്. അത്തരം എല്ലാ സങ്കുചിത ചിന്തകള്‍ക്കും അതീതമാണ് മനുഷ്യന് ദൈവദത്തമായി ലഭിച്ച ആദരവും ബഹുമതിയും. മറ്റു സൃഷ്ടികള്‍ക്ക് വസ്ത്രധാരണം, ശരീരശുദ്ധി തുടങ്ങിയ സങ്കല്പങ്ങളില്ല. പ്രകൃത്യാ ലഭിച്ചിരിക്കുന്ന കഴിവുകളില്‍ നിന്നാണ് അവയുടെ ജൈവപ്രവര്‍ത്തനങ്ങളും ജീവിത സുരക്ഷയും രൂപപ്പെടുന്നത്. പ്രത്യേകമായ സര്‍ഗശേഷികളോ സിദ്ധികളോ മനുഷ്യന് ലഭിച്ചപോലെ അവയ്ക്ക് ലഭിച്ചിട്ടില്ല.
(തുടരും)