22 Sunday
December 2024
2024 December 22
1446 Joumada II 20

ഭിന്നതകളും ശൈഥില്യവും ഇസ്‌ലാമിക സമൂഹത്തിന്റെ ജാഗ്രത – ഡോ. ആദില്‍ മുത്വയ്യറാത്ത്

മതത്തില്‍ വിശ്വാസികള്‍ അനുവര്‍ത്തിക്കേണ്ട ചെറുതും വലുതുമായ എല്ലാ കാര്യങ്ങളും പ്രവാചകന്‍ വിശദമാക്കിയിട്ടുണ്ട്. ‘ഇന്ന് ഞാന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ മതം പൂര്‍ത്തിയാക്കി തന്നിരിക്കുന്നു. എന്റെ അനുഗ്രഹം നിങ്ങള്‍ക്ക് ഞാന്‍ നിറവേറ്റിത്തരികയും ചെയ്തിരിക്കുന്നു. മതമായി ഇസ്‌ലാമിനെ ഞാന്‍ നിങ്ങള്‍ക്ക് തൃപ്തിപ്പെട്ട് തന്നിരിരിക്കുന്നു’ (അല്‍മാഇദ 3). അതുപോലെ, മുസ്‌ലിംകള്‍ക്കിടയില്‍ സംഭവിക്കാന്‍ പോകുന്ന പ്രതിസന്ധിയും ഛിദ്രതയും പ്രവാചകന്‍ വിശ്വാസികളെ മുന്‍കൂട്ടി ധരിപ്പിക്കുന്നുണ്ട്. അതില്‍ നിന്ന് രക്ഷപ്രാപിക്കാനുളള ഏക മാര്‍ഗം പ്രവാചകനും അനുചരന്മാരും സഞ്ചരിച്ച വഴിയിലൂടെ മുന്നോട്ട് ഗമിക്കുക എന്നത് തന്നെയാണ്. പ്രവാചകന്‍ മുഹമ്മദ് നബി(സ)ക്ക് ശേഷം സ്വഹാബത്തുകള്‍ ഇസ്‌ലാമിക മൂല്യങ്ങള്‍ വ്യാപിപ്പിക്കുകയും, ലോകത്തിന് സന്മാര്‍ഗത്തിന്റെ വിളക്ക് കൈമാറുകയും ചെയ്തു.
പ്രവാചക കാലഘട്ടത്തിന് ശേഷം സ്വഹാബികളും അവരെ തുടര്‍ന്ന് താബിഉകളും ഇസ്‌ലാമിക മൂല്യങ്ങള്‍ ഉള്‍ക്കൊണ്ട് സാന്മാര്‍ഗിക ജീവിതം നയിച്ചു. ഇവരുടെ ശ്രേഷ്ഠമായ മൂന്ന് നൂറ്റാണ്ടുകള്‍ക്ക് ശേഷമാണ് ഇസ്‌ലാമിക സമൂഹത്തില്‍ വ്യത്യസ്ത വിഭാഗങ്ങളും സംഘങ്ങളും രൂപപ്പെടുന്നത്. ഇവര്‍ അതില്‍ സന്തോഷിക്കുന്നവരുമായിരുന്നു. തുടര്‍ന്ന്, ഇസ്‌ലാമിക സമൂഹത്തില്‍ ബിദ്അത്തുകളും വഴികേടുകളും വ്യാപിക്കുകയും, പ്രവാചകനും അനുചരന്മാരും കാണിച്ച് തന്ന സന്മാര്‍ഗ പാതയില്‍ നിന്നവര്‍ അകന്നുപോവുകയും ചെയ്തു. അങ്ങനെ പ്രവാചകന്‍ മുന്നറിയിപ്പ് നല്‍കിയത് ഇസ്‌ലാമിക സമൂഹത്തില്‍ സംഭവിക്കുകയും ചെയ്തു. അബൂഹുറയ്‌റ(റ)വില്‍ നിന്ന് നിവേദനം ചെയ്യപ്പെടുന്നു: പ്രവാചകന്‍ മുഹമ്മദ് നബി(സ) പറഞ്ഞു: എഴുപത്തിയൊന്നോ എഴുപത്തിരണ്ടോ വിഭാഗങ്ങളായി ജൂതന്മാര്‍ ശിഥിലമായിരിക്കുന്നു. എഴുപത്തിയൊന്നോ എഴുപത്തിരണ്ടോ വിഭാഗങ്ങളായി ക്രിസ്ത്യാനികളും ശിഥിലമായിരിക്കുന്നു. എന്റെ സമുദായം എഴുപത്തിമൂന്ന് വിഭാഗങ്ങളായി ഭിന്നിച്ച് പോകുന്നതാണ്. അവരില്‍ ഒരു വിഭാഗമല്ലാത്തതെല്ലാം നരകത്തിലുമാണ്. പ്രവാചകരേ, ആരാണ് അവര്‍ എന്ന് സ്വഹാബികള്‍ ചോദിക്കുകയുണ്ടായി. പ്രവാചകന്‍ പറഞ്ഞു: ‘അല്‍ജമാഅത്ത്’ അഥവാ ഞാനും എന്റെ അനുചരന്മാരും.
ജൂതന്മാരെക്കാളും ക്രിസ്ത്യാനികളെക്കാളും കൂടുതതല്‍ സംഘങ്ങളായി ഭിന്നിച്ച് പോകുന്നത് മുസ്‌ലിംകളാണെന്ന് പ്രവാചകന്‍ ഇതിലൂടെ വിശ്വാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയാണ്. പ്രവാചകനും ശിഷ്യന്മാരും കാണിച്ചുതന്ന വഴിയിലേക്ക് മടങ്ങികൊണ്ടല്ലാതെ മുസ്‌ലിം സമുദായത്തിന് ഒരിക്കലും യോജിച്ച് പോകുവാന്‍ കഴിയുകയില്ല. ഓരോ വിഭാഗവും തങ്ങളാണ് സത്യത്തിന്റെ പാതയിലെന്നും, മറ്റുളളവര്‍ വ്യതിചലിച്ച കൂട്ടരെന്നുമാണ് വാദിക്കുന്നത്. ഇസ്‌ലാമിക സമൂഹത്തിനിടയില്‍ എങ്ങനെ യോജിപ്പ് സാധ്യമാകും എന്നതിനെ കുറിച്ച് ഇമാം മാലിക്(റ) പറയുന്നു: ‘അവസാന കാലത്തെ സമുദായം നന്നാവുകയുല്ല, മുന്‍കഴിഞ്ഞ സമുദായം എന്ത് കൊണ്ടാണ് നന്നായത് അതുകൊണ്ടല്ലാതെ’.

 

ഓരോ വിഭാഗവും അവരുടേതായ വീക്ഷണങ്ങള്‍ക്കനുസരിച്ച് നിലകൊളളുന്നത്. എന്നാല്‍, അവരുടെ വീക്ഷണങ്ങള്‍ക്കെതിരായി ആരെങ്കിലും വിയോജിപ്പുകള്‍ രേഖപ്പെടുത്തിമ്പോള്‍ അവരെ നിശബ്ദരാക്കുകയും അവര്‍ക്കെതിരെ തിരിഞ്ഞ് അക്രമണങ്ങള്‍ അഴിച്ച് വിടുകയും ചെയ്യുന്നു. ഇത്തരത്തിലുളള അവരുടെ ചെയ്തികള്‍ വീക്ഷിക്കുമ്പോള്‍, പുതിയ ദീനിലാണോ അവര്‍ വിശ്വസിക്കുന്നത് എന്നും പുതിയ പ്രവാചകനാണോ അവരെ നയിക്കുന്നത് എന്നും തോന്നി പോകുന്നതാണ്. ‘നിങ്ങള്‍ ബഹുദൈവാരാധകരുടെ കൂട്ടത്തിലായിപോകരുത്. അതായത്, നിങ്ങളുടെ മതത്തെ ഛിന്നഭിന്നമാക്കുകയും പലകക്ഷികളായി തിരിയുകയും ചെയ്തവരുടെ കൂട്ടത്തില്‍’ (അര്‍റൂം: 3132). എല്ലാ രാഷ്ട്രങ്ങളിലും മുസ്‌ലിംകള്‍ വിഘടിച്ച് ഭിന്നചേരികളായി പരസ്പരം പോരടിക്കുകയാണ്. അതുകൊണ്ട് തന്നെ ഇസ്‌ലാം ലോക തലത്തില്‍ വലിയ പ്രതിസന്ധി നേരിടുകയുമാണ്. ഈയൊരു കാഴ്ച വല്ലാതെ വേദനപ്പിക്കുന്നതാണ്. രാഷ്ട്രങ്ങളില്‍ ദുര്‍ബല വിഭാഗമായി ജീവിക്കേണ്ടിവരുന്ന ഹതഭാഗ്യര്‍!
മുസ്‌ലിം സമുദായം ചവച്ചുതുപ്പിയ ചണ്ടികളെപോലെ ആയിത്തീരുമെന്ന് പ്രവാചന്‍ അനുചരന്മാകര്‍ക്ക് പറഞ്ഞുകൊടുക്കുമ്പോള്‍ അനുചരന്മാര്‍ ചോദിക്കുന്നുണ്ട്; പ്രവാചകരെ അന്ന് നമ്മള്‍ അംഗസംഖ്യയില്‍ കുറവായിരിക്കില്ലെയെന്ന്. അന്ന് നിങ്ങള്‍ ഒരുപാട് പേര്‍ ഉണ്ടായിരിക്കുമെന്നും, അവര്‍ വെളളത്തില്‍ ഒലിച്ച് പോകുന്ന ചണ്ടികളെ പോലെയായിരിക്കുമെന്നും, ശത്രുക്കള്‍ക്കള്‍ക്ക് ഭയമില്ലാതിരിക്കുകയും മുസ്‌ലിംകളെ ‘വഹ്‌ന് പിടികൂടുമെന്നും പ്രവാചകന്‍ മറുപടി നല്‍കി. എന്താണ് ‘വഹ്‌ന്’ എന്ന് അവര്‍ പ്രവാചകനോട് ചോദിച്ചു. പ്രവാചകന്‍ പറഞ്ഞു: ദുനിയാവിനോടുളള അതിയായ അഭിനിവേശവും മരണത്തോടുളള അതിയായ വെറുപ്പുമാണത്. മുസ്‌ലിംകള്‍ലോക തലത്തില്‍ അഭിമുഖീകരിക്കുന്ന പ്രതിസന്ധിക്കും ദുര്‍ബലതക്കും കാരണം ഇഹലോക പ്രമത്തതയല്ലാതെ മറ്റൊന്നുമല്ല. ഇബ്‌നു ഉമര്‍(റ)വില്‍ നിന്ന് നിവേദനം: പ്രവാചകന്‍ പറയുന്നു: പ്രത്യക്ഷത്തില്‍ പലിശയല്ലെന്ന തോന്നലുണ്ടാക്കി(പലിശ വ്യത്യസ്ത രീതികളിലൂടെ വസൂലാക്കുക) കച്ചവടം നടത്തുകയും, കൃഷി ചെയ്യ്ത് അതില്‍ മാത്രം സംതൃപ്തി കണ്ടെത്തുകയും, ജിഹാദില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്താല്‍ അല്ലാഹു നിങ്ങള്‍ക്ക് നിന്ദ്യത പ്രദാനം ചെയ്യുന്നതാണ്. നിങ്ങള്‍ ദീനിലേക്ക് തിരിച്ച് വരുന്നതുവരെ നിങ്ങളെ ആ നിന്ദ്യത പിടികൂടുന്നതായിരിക്കും.
ഒരുപാട് ഒച്ചവെച്ചതുകൊണ്ടോ, കരഞ്ഞ് ആര്‍ത്ത് വിളിച്ചതുകൊണ്ടോ, മറ്റുളളവരെ ചീത്തപറഞ്ഞതുകൊണ്ടോ ഒന്നും കാര്യമില്ല. നിലവില്‍ മുസ്‌ലിംകള്‍ അഭിമുഖീരിച്ചുകൊണ്ടിരിക്കുന്ന പ്രശ്‌നത്തിന്റെ കാതല്‍ മനസ്സിലാക്കാന്‍ കഴിയണം. മൂന്ന് കാര്യങ്ങളാണ് വിശ്വാസിക്ക് ഇത്തരത്തിലുളള സങ്കട കയത്തില്‍ നിന്ന് രക്ഷനേടിതരുന്നത്.
ഒന്ന്: അല്ലാഹുവിന്റ ഏകത്വത്തെ അംഗീകരിക്കുകയും ശിര്‍ക്കില്‍ നിന്ന് വിട്ട് നില്‍ക്കുകയും ചെയ്യുക. അല്ലാഹു പറയുന്നു: ‘നിങ്ങളില്‍ നിന്ന് വിശ്വസിക്കുകയും സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരോട് അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു. അവരുടെ മുമ്പുളളവര്‍ക്ക് പ്രാതിനിധ്യം നല്‍കിയത് പോലെതന്നെ തീര്‍ച്ചയായും ഭൂമിയില്‍ അവന്‍ അവര്‍ക്ക് പ്രാതിനിധ്യം നല്‍കുകയും, അവര്‍ക്ക് അവന്‍ തൃപ്തിപ്പെട്ട് കൊടുത്ത അവരുടെ മതത്തിന്റെ കാര്യത്തില്‍ അവര്‍ക്ക് അവന്‍ സ്വാധീനം നല്‍കുകയും, അവരുടെ ഭയപ്പാടിന് ശേഷം അവന്‍ അവര്‍ക്ക് നിര്‍ഭയത്വം നല്‍കുന്നതാണെന്ന്’ (അന്നൂര്‍: 55).
രണ്ട്: അല്ലാഹുവിന്റെ നിയമങ്ങള്‍ ജീവിതത്തിന്റെ സമഗ്ര മേഖലയിലും നടപ്പിലാക്കുക. കുടുംബങ്ങള്‍ക്കിടയിലും മക്കള്‍ക്കിടയിലും ഇസ്‌ലാമിക ചിട്ടയുളള ജീവിതം നയിച്ച് സമൂഹത്തിന് മാതൃകയാവുക.
മൂന്ന്: ദീനിലേക്ക് പൂര്‍ണമായി പ്രവേശിക്കുക. കഴിയുന്നത്രയും ദീനീ കാര്യങ്ങള്‍ മുറുകെ പിടിച്ച് കൊണ്ട് ജീവിതം നയിക്കുക. ‘സത്യവിശ്വാസികളെ, നിങ്ങള്‍ പരിപൂര്‍ണമായി കീഴ്‌വണക്കത്തില്‍ പ്രവേശിക്കുക. പിശാചിന്റെ കാലടികളെ നിങ്ങള്‍ പിന്തുടരാതിരിക്കുകയും ചെയ്യുക. തീര്‍ച്ചയായും അവന്‍ നിങ്ങളുടെ പ്രത്യക്ഷ ശത്രുവാകുന്നു’ (അല്‍ബഖറ: 208). അല്ലാഹുവിന്റെ കല്‍പനകളെ പൂര്‍മായി പിന്തുടര്‍ന്നും നിരോധിച്ചതിനെ ഒഴിവാക്കിയും സത്യമാര്‍ന്ന പാതയിലൂടെ മുന്നോട്ടുപോയി ഉത്തമ ജീവിതം കാഴ്ചവെക്കുക.
അവലംബം: alforqan.net

Back to Top