ഭരണകൂട കണക്കുകൂട്ടലുകള്‍ തെറ്റിച്ച വിദ്യാര്‍ഥി സമരം – ജിഹാദ് പി പി
കശ്മീര്‍, അയോധ്യ വിഷയങ്ങളില്‍ കണക്കുകൂട്ടലുകള്‍ക്കനുസരിച്ച് മുന്നോട്ടുപോകാന്‍ സാധിച്ചു എന്ന ചിന്തയാണ് സി എ എയുമായി മുന്നോട്ടുനീങ്ങാന്‍ മോദി സര്‍ക്കാറിനെ പ്രേരിപ്പിച്ചത്. അതുകൊണ്ടു തന്നെ ഇത്തരം മുസ്‌ലിം വിരുദ്ധ, ന്യൂനപക്ഷ വിരുദ്ധ ചുവടുവെപ്പുകള്‍ എങ്ങിനെ മുന്നോട്ട് നയിക്കണം എന്നതില്‍ ഷാ മോദി കൂട്ട്‌കെട്ടു നയിക്കുന്ന സംഘ്പരിവാര്‍ ഭരണകൂടത്തിന് കൂടുതല്‍ അന്വേഷണങ്ങള്‍ ആവശ്യമില്ല.
ഇത്തരം കമ്യൂണല്‍ സ്വഭാവങ്ങളുള്ള വിഷയങ്ങളെ ആളിക്കത്തിക്കാനും വഴിതിരിച്ചു വിടാനും ഇവര്‍ക്കുള്ള കഴിവ് പറയേണ്ടതില്ല. രാജ്യത്തിന്റെ ഭരണഘടന അതിന്റെ 14 ാംവകുപ്പ് പ്രകാരം ഇന്ത്യ അതിന്റെ ഭൂപ്രദേശത്ത് അനുശാസിക്കുന്ന ജാതി,മത, ലിംഗ സമത്വം ചോദ്യം ചെയ്യപ്പെടുന്ന സിറ്റിസണ്‍ഷിപ്പ് അമെന്റ്‌മെന്റ് ആക്ടിന്റെ കാര്യത്തിലും അതൊക്കെയും വിജയിച്ച ആദ്യ ദിവസങ്ങളായിരുന്നു ഡിസംബര്‍ ഒന്‍പത് മുതല്‍ പതിനാലുവരെയുള്ള അഞ്ചുദിനങ്ങള്‍.
പ്രശ്‌നത്തെ കേവലമൊരു മുസ്‌ലിം പ്രശ്‌നമാക്കി തളയ്ക്കാം എന്ന വ്യാമോഹത്തിലായിരുന്നു സംഘപരിവാര്‍ കേന്ദ്രങ്ങള്‍. അവിടെ ഫാസിസ്റ്റ് കണക്കുകൂട്ടലുകളെ പാടെ തെറ്റിച്ചുകൊണ്ടാണ് ജാതി മത കക്ഷി രാഷ്ട്രീയഭേദെമന്യേ മാനവികതയുടെ മൂല്യമുയര്‍ത്തിപ്പിടിച്ചുകൊണ്ട് ഒരു കയ്യില്‍ ത്രിവര്‍ണ പതാകയും മറുകയ്യില്‍ ഇന്ത്യന്‍ കോണ്‍സ്റ്റിട്യൂഷനുമേന്തി ജാമിഅയിലെ വിദ്യാര്‍ഥികളോട് ഐക്യദാര്‍ഢ്യപ്പെട്ട് രാജ്യത്തിന്റെ വിവിധ തെരുവുകളില്‍ ഇന്ത്യന്‍ യുവത രോഷം കൊണ്ടത്.
വിദ്യാര്‍ഥികളുടെ ദേശക്കൂറും മതേതരത്വ മനോഭാവവും ഭരണഘടനയെക്കുറിച്ചുള്ള അറിവും സംവാദങ്ങളും സാധാരണക്കാരും സാമൂഹിക രാഷ്ട്രീയ മേഖലകളിലെ വിവിധ കൂട്ടായ്മകളും ഏറ്റെടുത്തു എന്നതിന്റെ തെളിവാണ് ജാമിഅയിലെ അബുല്‍കലാം ആസാദ് കവാടത്തിനുമുന്നില്‍നിന്നുയര്‍ന്ന ആസാദി വിളികള്‍ രാജ്യത്തിന്റെ മുക്കും മൂലയും പ്രതിധ്വനികളായി ഏറ്റുവിളിച്ചത്.
ഡിസംബര്‍ പതിമൂന്നിന് ഉച്ചക്ക് നടന്ന പാര്‍ലമെന്റ് സമരത്തില്‍ ഡല്‍ഹി പോലീസ് തീര്‍ത്ത ബാരിക്കേഡിനു മുകളില്‍ ഹിജാബ് ധരിച്ച് മുദ്രാവാക്യം വിളിച്ച ലദീദ ഫര്‍സാനയുടെയും ആയിഷ റന്നയുടെയും ചിത്രങ്ങളും അടുത്ത ദിവസംനടന്ന പോലീസ് അതിക്രമത്തില്‍ തങ്ങളുടെ സുഹൃത്ത് ഷഹീന്‍ അബ്ദുല്ലക്ക് നേരെ ലാത്തിവീശിയ പോലീസ് ഉദ്യോഗസ്ഥനോട് ‘ഗോ എവേ’ പറഞ്ഞു വിരല്‍ ചൂണ്ടി ഓടിച്ച ആയിഷ റന്നയുടെ വീഡിയോകളും അവരുടെ വസ്ത്രവും പേരും നോക്കി വര്‍ഗീയ മുഖം നല്‍കാനും ഇസ്‌ലാമിസ്റ്റ് സമരമായി വ്യാഖ്യാനിക്കാനും നമ്മുടെ മുഖ്യധാരകളും പൊതുബോധവും ആദ്യഘട്ടത്തില്‍ അനല്പമായി നടത്തിയ ശ്രമങ്ങളെ അപലപിക്കാതെ വയ്യ.
രാജ്യത്ത് മുസ്‌ലിംകള്‍ അവരുടെ നിലനില്‍പിന് വേണ്ടി ജനാധിപത്യപരമായ മുദ്രാവാക്യങ്ങളുമായി മുന്നോട്ട് വരുമ്പോള്‍ അവയെമുഴുവന്‍ ഇസ്‌ലാമിസ്റ്റ് പരിവേഷം നല്‍കി അധിക്ഷേപിക്കുന്ന പൊതുബോധം തന്നെയാണ് നമ്മുടെ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക ഇടങ്ങളില്‍ മുസ്‌ലിം ഭീതി പരത്തുന്നതില്‍ മുഖ്യപങ്ക് വഹിക്കുന്നത്. വസ്ത്രധാരണത്തിലെ സാമ്യത ഉയര്‍ത്തിക്കാട്ടി വിരല്‍ചൂണ്ടിയ ആഭ്യന്തര മന്ത്രിയുടെ അതേ സംഘ്പരിവാര്‍ മനോഭാവമാണ് നിഷ്‌ക്കുകളായ സൊ കാള്‍ഡ് നിഷ്പക്ഷ വാദികളിലും അവര്‍ തീര്‍ക്കുന്ന പൊതുബോധങ്ങളിലും അലയടിക്കുന്നത്.
സി എ എയെ ഒരു മുസ്‌ലിം പൗരത്വ പ്രശ്‌നമായിക്കണ്ട് പ്രതികരിക്കുന്ന സാധാരണ മുസ്‌ലിം, തങ്ങളുടെ അസ്തിത്വത്തെ ചോദ്യംചെയ്യുന്നത്തിനെതിരെ ശബ്ദമുയര്‍ത്തുന്ന സ്വത്വവാദി മുസ്‌ലിം, പാര്‍ലിമെന്റ് പാസാക്കിയെടുത്ത ഭരണ ഭേദഗതിയിലൂടെ തങ്ങളുടെ തുല്യതാവകാശം നഷ്ടപ്പെടുമെന്നും ഇതുമൂലം രാഷ്ട്രീയമായ അസ്ഥിരത തങ്ങള്‍ക്കുണ്ടാകുമെന്നും തിരിച്ചറിഞ്ഞ് പൊരുതാനുറച്ച രാഷ്ട്രീയ ബോധമുള്ള മുസ്‌ലിം, നിയമത്തിലെ മനുഷ്യാവകാശ പ്രശ്‌നങ്ങളെ ചൂണ്ടിക്കാട്ടി മാനവിക മൂല്യങ്ങളും ആശയങ്ങളും നിഷേധിക്കുന്ന നിയമത്തിനെതിരെ പൊരുതാനിറങ്ങിയ മനുഷ്യാവകാശ പ്രവര്‍ത്തകര്‍, ലിംഗ, ജാതി, മത വൈജാത്യങ്ങള്‍ക്കപ്പുറത്തെ നീതിയുടെ വീണ്ടെടുപ്പിന് പോരാടാനിറങ്ങിയ ലിബറലുകള്‍, സംഘ്പരിവാറിനെതിരായുള്ള രാഷ്ട്രീയ ഭൂമികയായികണ്ട് വന്ന രാഷ്ട്രീയ എതിരാളികള്‍, രാജ്യത്തിന്റെ മതേതര മൂല്യങ്ങള്‍ തകര്‍ക്കപ്പെടുമ്പോള്‍ തെരുവിലിറങ്ങിയ മതേതര സംരക്ഷകര്‍, ഭരണഘടനയുടെ നിലനില്പിനിറങ്ങിയ കോ ണ്‍സ്റ്റിട്യൂഷനിസ്റ്റുകള്‍, ഫാസിസ്റ്റ് ശക്തികളുടെ അടുത്ത ലക്ഷ്യം തങ്ങളായേക്കാം എന്നത് മുന്‍കൂട്ടിക്കണ്ട് സമരത്തിലണിനിരന്ന മറ്റു ന്യൂനപക്ഷ മത ജാതിയില്‍ പെട്ടവര്‍, അങ്ങിനെ വിവിധ ആശങ്കകളിലും നിലപാടുകളിലും ആശയങ്ങളിലും ഉള്ളവരാണ് ആസ്സാമിന് പുറത്ത് രാജ്യമൊട്ടുക്കും ജാമിഅയിലും ഡെല്‍ഹിയിലുമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പിന്നിലായ് ഒരേ മാര്‍ഗത്തില്‍ ഒരേ ലക്ഷ്യത്തില്‍ അണിനിരന്നത്. ആസ്സാം ജനത ഇതില്‍ വിഭിന്നമായി അവരുടെ സംസ്‌കാരവും പൈതൃകവും സംരക്ഷിക്കാന്‍ നിയമം പാടെ ഉപേക്ഷിക്കണമെന്ന് പറഞ്ഞപ്പോള്‍ രാജ്യം ശരിക്കും വിഭജിക്കപ്പെടുകയാണുണ്ടായത്. സമരാനുകൂലികളുടെ ഇന്ത്യയും സംഘ്പരിവാര്‍ ഇന്ത്യയും..
ഒരുഭാഗത്ത് നിയമം സിന്ദാബാദ് വിളിക്കപ്പെടുമ്പോള്‍ രാജ്യത്തിന്റെ വലിയൊരു ഭാഗം തന്നെ അതിന് മുര്‍ദാബാദ് വിളിക്കുന്ന കാഴ്ച്ച.
കാബ് നിയമമായി വരുന്നു, കാമ്പസ് പ്രക്ഷുബ്ധവും
അമിത് ഷാ സിറ്റിസണ്‍ അമന്റ്‌മെന്റ് ബില്‍ പാര്‍ലമെന്റില്‍ വെക്കും മുമ്പു തന്നെ ജാമിഅയിലെ മലയാളി വിദ്യാര്‍ഥികള്‍ പ്രതിഷേധ പരിപാടികള്‍ ആസൂത്രണം ചെയ്തിരുന്നു. ബാഫഖി സ്റ്റഡി സര്‍ക്കിള്‍, ജാമിഅ മലയാളി ഹല്‍ഖ പോലുള്ള സംഘങ്ങള്‍ കൂട്ടായി ഡിസംബര്‍ 12 ന് രാത്രി വിദ്യാര്‍ഥി പ്രക്ഷോഭം തീരുമാനിക്കുകയും ജാമിഅ വുമണ്‍സ് ഹോസ്റ്റലില്‍ നിന്നും വിദ്യാര്‍ഥിനികള്‍ പ്രധാന കവാടത്തിലേക്ക് മുദ്രാവാക്യങ്ങളുമായി വന്നതോടെ സമരം തെരുവിലേക്ക് പടരുകയായിരുന്നു. കൊടും തണുപ്പിലും ആ സമരം തീക്ഷ്ണമായത് വിദ്യാര്‍ഥികളിലെ അഗ്‌നി കാരണമായിരുന്നു.
ഡിസംബര്‍ 13 വെള്ളിയാഴ്ച. ജാമിഅ സമരം ലോകശ്രദ്ധ നേടിത്തുടങ്ങുന്നത് ഈ ദിവസം മുതലാണ്. ജുമുഅക്ക് മുമ്പ് തന്നെ വിവിധ വിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ ഒരുമിച്ചു ചേര്‍ന്ന ജാമിഅ സമര സമിതി യോഗം ചേരുകയും പോലീസിന്റെ ഭാഗത്തുനിന്നുണ്ടായേക്കാവുന്ന പ്രകോപനങ്ങളെ സമാധാനപരമായി നേരിടുന്നതിനും അക്രമങ്ങള്‍ക്ക് വഴിവെക്കാതെ പ്രതിഷേധിക്കാനും തീരുമാനമെടുക്കുകയും ചെയ്തു.
ജുമുഅക്ക് ശേഷം ജാമിഅ അധ്യാപക കൂട്ടായ്മയുടെ കീഴില്‍ ഗാലിബിന്റെ പ്രതിമക്ക് ചാരെ അബുല്‍ കലാം ആസാദ് ഗേറ്റിനോട് ചേര്‍ന്ന് സംഘടിപ്പിച്ച പരസ്യ പ്രതിഷേധ സംഗമം വിദ്യാര്‍ഥികളില്‍ ആവേശമുണ്ടാക്കി. പത്തുവര്‍ഷം മുമ്പ് നടന്ന ബട്‌ല ഹൗസ് എന്‍കൗണ്ടറിനെതിരെ സംഘടിപ്പിച്ച പ്രതിഷേധത്തിന് ശേഷം ആദ്യമായി ജാമിഅ അധ്യാപക കൂട്ടായ്മ ഒരു രാഷ്ട്രീയ വിഷയത്തില്‍ പൊതുവേദിയില്‍ പ്രതിഷേധം സംഘടിപ്പിക്കുന്നു എന്ന പ്രത്യേകതയുള്ളതായിരുന്നു സി എ എ ക്കെതിരെയുള്ള അധ്യാപകരുടെ പ്രതിഷേധ സംഗമം. അതിനാല്‍ തന്നെ മൂന്ന് മണിക്ക് പാര്‍ലിമെന്റ് മാര്‍ച്ച് തീരുമാനിച്ചിരുന്ന വിദ്യാര്‍ഥികള്‍ കുറച്ച് നേരത്തെ തന്നെ ഗാലിബ് പ്രതിമക്ക് മുമ്പില്‍ ഒരുമിച്ചുകൂടി. അധ്യാപക സംഗമം അവസാനിച്ചതോടെ അതേ വേദി തന്നെ തങ്ങളുടെ സമരത്തിന്റെ തുടക്കംകുറിക്കാന്‍ ഉപയോഗിക്കുകയും കൃത്യസമയത്തു തന്നെ ആയിരക്കണക്കിന് വിദ്യാര്‍ഥി വിദ്യാര്‍ഥിനികള്‍ അണിനിരന്ന കൂറ്റന്‍ റാലി ദല്‍ഹി പോലീസ് തയ്യാറാക്കിവച്ച ബാരിക്കേഡുകള്‍ ലക്ഷ്യമാക്കി മുന്നോട്ട് നീങ്ങുകയായിരുന്നു. അടുത്ത നിമിഷങ്ങളില്‍ തന്നെ ബാരിക്കേഡുകള്‍ക്കപ്പുറത്ത് പോലീസും ഇപ്പുറം വിദ്യാര്‍ഥികളും ഉന്തും തള്ളും തുടങ്ങി. അതിനിടെ ചില വിദ്യാര്‍ത്ഥി വിദ്യാര്‍ഥികള്‍ ബാരിക്കേഡുകള്‍ക്കു മുകളില്‍ കയറി മുദ്രാവാക്യം വിളികളാരംഭിച്ചു. അതേസമയം പിഞ്ചുകുഞ്ഞിനേയുമായി മുന്നൂറ് മീറ്റര്‍ അപ്പുറത്തുള്ള ഹോളിഫാമിലി ആശുപത്രി ലക്ഷ്യമാക്കി വന്ന മാതാവിനെ സമരാനുകൂലികള്‍ ബാരിക്കേഡിനടുത്തേക്ക് എത്തിച്ചെങ്കിലും പോലീസ് ആ മാതാവിനെയും കുഞ്ഞിനേയും അപ്പുറത്തേക്ക് പോകാന്‍ അനുവദിക്കാതെ തടഞ്ഞുവച്ചു. ഇതോടെ വിദ്യാര്‍ഥിനികളടങ്ങിയ സമരക്കാര്‍ പോലീസിനെതിരെ തിരിയുകയും പോലീസ് ആ മാതാവിനെ ബാരിക്കേഡിനപ്പുറത്തേക്ക് കടത്തിവിടുകയും ചെയ്തു.
എന്നാല്‍ പോലീസിന്റെ ദേഷ്യവും രോഷവും തങ്ങളോട് ശക്തമായി പ്രതികരിച്ച വിദ്യാര്‍ഥിനിക്ക് നേരെയായി. ആ വിദ്യാര്‍ഥിനിക്ക് നേരെ വന്ന പോലീസ് ഉദ്യോഗസ്ഥനെതിരെ വിദ്യാര്‍ഥികള്‍ തിരിഞ്ഞതോടെ സമരത്തിന്റെ മുമ്പില്‍ ഇടത്തെ മൂലയില്‍ ബാരിക്കേഡിനകത്തെ പോലീസും വിദ്യാര്‍ഥികളും നേരിട്ട് ഉന്തും തള്ളുമായി. ജനാധിപത്യപരമായി നടത്തിയ സമരത്തെയും സമരാനുകൂലികളായ വിദ്യാര്‍ത്ഥികളെയും അക്രമികളെന്ന രീതിയില്‍ കണ്ട് പെരുമാറാന്‍ തുടങ്ങി. സമരത്തിനെ മുമ്പില്‍ നടുഭാഗത്തായി നിരവധി വിദ്യാര്‍ഥികള്‍ ബാരിക്കേടിലേക്ക് കയറിത്തുടങ്ങിയിരുന്നു. മുമ്പില്‍ ഇടത്തെ വശത്ത് ഡിവൈഡറിന് അപ്പുറം പൊതുവെ വിദ്യാര്‍ഥികള്‍ പ്രവേശിച്ചിരുന്നില്ല. അവിടെ ഒരൊറ്റ ലൈന്‍ ബാരിക്കേഡുമായി പത്തോളം പോലീസുകാര്‍ മാത്രമേ അണിനിരന്നിട്ടുണ്ടായിരുന്നുള്ളു. ഇത്രയും വലിയ വിദ്യാര്‍ഥി റാലി ബാരിക്കേഡുകള്‍ ലക്ഷ്യമാക്കി വരുമ്പോള്‍ പോലീസ് സന്നാഹം സായുധ സജ്ജമായി നിന്ന ഇടതുവശം അഞ്ചുലൈന്‍ ബാരിക്കേഡുകളാല്‍ ശക്തമായ കയറുകള്‍ ഉപയോഗിച്ച് കെട്ടിവെക്കുകയും മറ്റൊരുഭാഗം ദുര്‍ബലപ്പെടുത്തി വിദ്യാര്‍ഥികള്‍ക്ക് വഴിയൊരുക്കുകയും ചെയ്ത പോലീസ് നടപടി കൃത്യമായ ഗൂഡാലോചനയിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നുണ്ട്. വലത് വശത്തുള്ള ഡിവൈഡറും കടന്നു ഒറ്റലൈനുള്ള ബാരിക്കേഡുകള്‍ നിഷ്പ്രയാസം വിദ്യാര്‍ഥികള്‍ നീക്കിമാറ്റുമ്പോള്‍ നൂറുക്കണക്കിനുവരുന്ന പോലീസ് ഫോഴ്‌സ് ഇടതുവശത്തുശ്രദ്ധയൂന്നി നില്‍ക്കുകയായിരുന്നു. ഈ ലേഖകനടക്കമുള്ള നിരവധി വിദ്യാര്‍ഥികള്‍ ബാരിക്കേഡിനപ്പുറം കടന്നതോടെ സമീപത്തു കാഴ്ചക്കാരായി നോക്കിനിന്നിരുന്ന പത്തോളം പോലീസുകാരുടെ ഭാവം മാറി.അവര്‍ ബാരിക്കേഡിനടുത്തുള്ള മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും നേരെ ലാത്തിവീശി. വിദ്യാര്‍ഥികള്‍ ചിതറിയോടി. മെന്‍സ് ഹോസ്റ്റലിലേക്കുള്ള നാലാം നമ്പര്‍ ഗേറ്റിനുള്ളിലേക്കോടിയ വിദ്യാര്‍ത്ഥികളെ പിന്തുടര്‍ന്ന പോലീസ് ഗേറ്റിനുള്ളിലേക്ക് പ്രവേശിച്ചച്ച് അക്രമം തുടങ്ങി. ഇത് മണിക്കൂറുകള്‍ തുടര്‍ന്നു. കൂടുതല്‍ പോലീസ് ഫോഴ്‌സ് വന്നു. ജലപീരങ്കിയും ഗ്രനേഡുകളും തയ്യാറായി. ബാരിക്കേഡുകള്‍ക്കിടയില്‍ പോലീസ് ഒരു സായുധ റിപ്പബ്ലിക്ക് തന്നെ തീര്‍ത്തു. എഞ്ചിനീയറിങ് വിഭാഗത്തിന്റെയും സോഷ്യല്‍ വര്‍ക്ക് വിഭാഗത്തിന്റെയും സമീപങ്ങളിലേക്ക് മാറി നിന്നു. വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് പോലീസ് ഗ്രനേഡുകള്‍ എറിഞ്ഞു. സമരത്തിന്റെ ഭാഗമല്ലാത്ത, പുറത്തെ സംഭവങ്ങളറിയാതെ സെമസ്റ്റര്‍ പരീക്ഷ എഴുതിക്കൊണ്ടിരുന്ന വിദ്യാര്‍ഥികളില്‍ പലരും അന്ധാളിച്ചുപോയി. പോലീസിന്റെ കുറെയധികം വാഹനങ്ങള്‍ ജാമിഅ ലക്ഷ്യമാക്കി വന്നുകൊണ്ടിരുന്നു. ബാരിക്കേഡിനപ്പുറത്തെ വിദ്യാര്‍ഥികള്‍ മുദ്രാവാക്യം വിളികള്‍ തുടര്‍ന്നപ്പോള്‍ പോലീസും ഹെല്‍മെറ്റ് ധരിച്ച് ലാത്തി കൈവശം വച്ച സിവില്‍ വസ്ത്രധാരികളായ നെയിംബോര്‍ഡില്ലാത്ത അക്രമികളും വിദ്യാര്‍ഥികളെ അടിച്ചോടിച്ചു. സമരാനുകൂലികളായ ഭൂരിഭാഗം വിദ്യാര്‍ഥികളും പോലീസിന്റെ ലാത്തിക്കിരയായി, മലയാളികളായ എന്‍ എസ് അബ്ദുല്‍ ഹമീദും ലദീദ ഫര്‍സാനയുമടക്കം നിരവധിപേര്‍ ഹോസ്പിറ്റലുകളിലായി. പോലീസിന്റെ ഭാഗത്തു നിന്നും ഒന്ന് രണ്ട് പേര്‍ക്ക് പ്രത്യാക്രമണങ്ങളില്‍ പരുക്കേറ്റു. ജനാധിപത്യ മര്യാദകള്‍ പാലിക്കാതെ ഡല്‍ഹി പോലീസിന്റെ നരനായാട്ട് മണിക്കൂറുകള്‍ തുടര്‍ന്നു. ഡിസംബറിലെ കൊടും തണുപ്പും അവഗണിച്ച് വിദ്യാര്‍ഥിള്‍ ആസാദിവിളികള്‍ ഉരുവിട്ടു. രാത്രി വൈകിയും തുടര്‍ന്ന സമരത്തിലേക്ക് പ്രദേശവാസികള്‍കൂടി വന്നു തുടങ്ങി. അവിടെ വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യപ്പെട്ട് വന്നവര്‍ പിന്നീട് സിറ്റിസണ്‍ഷിപ്പ് അമന്റ്‌മെന്റ് ആക്റ്റിനെതിരെ ഒരുമിച്ചു ചേര്‍ന്നവരുടെ മുഖമായ് മാറിയ മുദ്രാവാക്യം വിളിച്ചു തുടങ്ങി. ഇന്ത്യയൊട്ടാകെ ഏറ്റുവിളിച്ച മുദ്രാവാക്യം, ‘ജാമിഅ കി ലഡ്കിയോംനെ രാസ്ത ദിഖായി ഹെ, ജാമിഅ കി ലഡ്കിയോം കോ ഇങ്കുലാബ് സിന്ദാബാദ്. ജാമിഅയിലെ വിദ്യാര്‍ഥിനികള്‍ കാണിച്ച വഴികളിലൂടെയാണ് ഇന്ത്യ പിന്നെ സഞ്ചരിച്ചത്.
പീസ് മാര്‍ച്ചും പോലീസ് അതിക്രമവും
പതിമൂന്നിന് വിദ്യാര്‍ഥികള്‍ നടത്തിയ പാര്‍ലിമെന്റ് മാര്‍ച്ചിലേക്ക് പോലീസ് ആക്രമണങ്ങള്‍ അഴിച്ചുവിട്ടു എന്നാരോപിച്ച് പതിനാലിന് ബട്ട്‌ല ഹൗസിലേയും സാക്കിര്‍ നഗറിലെയും ഗഫാര്‍ മന്‍സിലിലെയും ജനങ്ങള്‍ പീസ് മാര്‍ച്ച് പ്രഖ്യാപിച്ചു. ഒരുകാരണവശാലും വിദ്യാര്‍ഥികള്‍ അനിഷ്ട സംഭവങ്ങള്‍ക്ക് വഴിവെക്കരുതെന്നും കാമ്പസിന് പുറത്തിറങ്ങരുതെന്നും സമരനേതാക്കളായ വിദ്യാര്‍ഥികള്‍ തങ്ങള്‍ക്ക് കീഴിലുള്ളവര്‍ക്ക് നിര്‍ദേശം നല്‍കി. എന്നാല്‍ യൂണിവേഴ്‌സിറ്റി ലോക് ഡൗണ്‍ ചെയ്യുക എന്ന പ്രഖ്യാപനത്തോടെ വിവിധ സംഘടനകള്‍ പരീക്ഷാ ഹാളുകളുകള്‍ ഉപരോധിക്കാനും പരീക്ഷകള്‍ നടത്തുന്നത് തടയാനും തീരുമാനിച്ചു, കാമ്പസിന് പുറത്തേക്ക് ഒരു പ്രതിഷേധവും നടത്തേണ്ടതില്ലെന്നും തീരുമാനിച്ചു. എങ്കിലും ചില വിദ്യാര്‍ഥികള്‍ സമാധാനപരമായി തുടങ്ങിയ പീസ് മാര്‍ച്ചിന്റെ ഭാഗമായിരുന്നു. ആയിരങ്ങള്‍ അണിനിരന്ന പീസ്മാര്‍ച് ജാമിഅയും കടന്ന് ജൂലൈനയും കമ്യുണിറ്റി സെന്റര്‍ വരേക്കുമെത്തി. അതിനിടെ ജാമിഅയുടെ സമീപ പ്രദേശമായ ന്യൂ ഫ്രെണ്ട്‌സ് കോളനിയിലും തൈമൂര്‍ നഗറിലും കമ്യുണിറ്റി സെന്ററിലും ഡല്‍ഹി ട്രാസ്‌പോര്‍ട് ബസുകള്‍ കത്തിക്കപ്പെട്ടു. ഇവ സമരക്കാരുടെമേല്‍ പോലീസ് ആക്ഷേപിച്ചെങ്കിലും സമരത്തിന് അക്രമ പരിവേഷം നല്‍കുന്നതിന് പോലീസ് സ്വയം ചെയ്തതാണെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. അതോടെ പോലീസിന്റെ ഇടപെടലില്‍ ജനങ്ങള്‍ രോക്ഷാകുലരായി. പോലീസ് അക്രമങ്ങള്‍ അഴിച്ചുവിട്ടു. സര്‍വകലാശാല അതോറിറ്റിയുടെ അനുവാദമില്ലാതെ ജാമിഅ ജുമാമസ്ജിദിലേക്കും സക്കിര്‍ഹുസൈന്‍ ലൈബ്രറിയിലേക്കും ഓടിക്കയറിയ പോലീസ് ലൈബ്രറിയില്‍ വായിച്ചുകൊണ്ടിരുന്ന വിദ്യാര്‍ഥികളെയും പള്ളിയില്‍ നമസ്‌കരിച്ചുകൊണ്ടിരുന്നവരെയും പൊതിരെ തല്ലി. കാമ്പസിലും പുറത്തുമുണ്ടായിരുന്ന വിദ്യാര്‍ഥികളെ തേടിപ്പിടിച്ചാക്രമിച്ചു. ലൈബ്രറികള്‍ക്ക് ലോക്കിട്ട് ഉള്ളിലേക്ക് ടിയര്‍ ഗ്യാസുകളെറിഞ്ഞു. ശ്വാസതടസ്സം നേരിട്ട വിദ്യാര്‍ഥികള്‍ പുറത്തിറങ്ങാനാവാതെ മരണഭയംപൂണ്ടു. പേടിച്ചോടിയവര്‍ കക്കൂസുകളില്‍ മണിക്കൂറുകളോളം ഒളിക്കേണ്ടിവന്നു.
ആഘോഷിക്കപ്പെടാതെപോയ നായകന്മാര്‍
കാശ്മീരി വിദ്യാര്‍ഥിയായ റുഹൂല്‍ ബന്‍ക സുഹൃത്ത് ഷഫീഖിനോട് പോലീസ് അക്രമം വിവരിച്ചതിങ്ങനെ. റിസേര്‍ച്ച് വിദ്യാര്‍ഥികള്‍ക്കായുള്ള റീഡിങ് ഹാളില്‍ പെട്ടെന്ന് വൈദ്യുതി വിഛേദിക്കപ്പെടുകയും ഇരുട്ടുപരക്കുകയും ചെയ്തു. പുറത്ത് അക്രമത്തിനിരയായ വിദ്യാര്‍ഥികളുടെ നിലവിളികള്‍ കേള്‍ക്കാമായിരുന്നു. അരുതാത്തത് സംഭവിക്കുന്നത് പോലെ തോന്നുമ്പോഴേക്കും തൊട്ടുമുന്നില്‍ ലാത്തി ശബ്ദിച്ചു തുടങ്ങിരിന്നു. അവര്‍ ഞങ്ങളുടെ ലൈബ്രറിയിലുമെത്തി. ഞങ്ങള്‍ക്ക് താഴെ ഇറങ്ങാനുള്ള ഇടനാഴിയിലെ ഓരോ പടവിലും ഓരോ പോലീസുകാരന്‍ കണക്കെ വിന്യസിക്കപ്പെട്ടിരുന്നു. മുന്നില്‍പോയവനെ ഓരോ പടവിലും ലാത്തിഎതിരേറ്റതുകണ്ട് ഭയപ്പെട്ട ഞാന്‍ ഇരുട്ടില്‍ നിന്നിരുന്ന ആ പോലീസുകാരനോട് അദ്ദേഹത്തിന്റെ ഭാഷയില്‍ വെറുതെ വിടാന്‍ അപേക്ഷിച്ചു. ഭഗവാനെ ഓര്‍ത്ത് എന്നെ വിടണം എന്നായിരുന്നു ഞാന്‍ പറഞ്ഞിരുന്നത്. രണ്ടുപേര്‍ എന്നെ അടിച്ചില്ല, ഞാന്‍ വെളിച്ചം മുഖത്തേക്കെത്തുന്ന താഴെ പടവിലേക്കെത്തിയതും അവര്‍ എന്റെ മുഖവും നിറവും കണ്ട് ഓടിയടുത്തു. നീ ഞങ്ങളെ കബളിപ്പിക്കാന്‍ നോക്കുന്നോ, നീ നിന്റെ ദൈവത്തെ വിളിച്ചു കരയെടാ എന്ന് പറഞ്ഞലറിവിളിച്ചു. ലാത്തികൊണ്ടടിക്കുന്നതിനിടെ നീ ഇനി ബാക്കിയുണ്ടാവില്ലെന്നും അന്ത്യവാചകങ്ങള്‍ ചൊല്ലാനും പറഞ്ഞു. ശരിക്കും മരണം മുന്നില്‍ കണ്ടു. മുഖം പൊട്ടി ചോരയൊലിച്ചു അര്‍ധബോധാവസ്ഥയിലായ എന്നെ അവര്‍ അടികിട്ടി അവശരായ ഒരുകൂട്ടം വിദ്യാര്‍ഥികള്‍ക്ക് മുകളിലേക്കെറിഞ്ഞു, ശരിക്കും ശവകൂനകള്‍ക്ക് മുകളിലേക്കെറിയപ്പെട്ട ശവം പോലെ സ്വയം അനുഭവപ്പെട്ടു. റുഹൂല്‍ ബന്‍ക കേവലമൊരു ഉദാഹരണം മാത്രമാണ്. ഉയര്‍ത്തിക്കാണിക്കപ്പെടാനോ വിമര്‍ശിക്കപ്പെടാനോ വസ്ത്രത്തിലോ, കൊടിയിലോ പ്ലക്കാര്‍ഡുകളിലോ നിറഭേദങ്ങള്‍ പ്രകടമാക്കാന്‍ കഴിയാതെ പോയ, സംഘടനകളുടെ പിന്‍ബലമില്ലാതെ പോയ, ഉയര്‍ത്തിപ്പിടിച്ച പ്ലക്കാര്‍ഡില്‍ പേരുവെക്കാന്‍ മറന്നുപോയ, നീതിക്കും മാനവികതക്കും വിലകല്പിച്ചുകൊണ്ടുള്ള പോരാട്ടത്തില്‍ തികച്ചും സാദാരണക്കാരനായിപ്പോയ, എന്നാല്‍ ലാത്തിപ്രഹരമേല്‍ക്കുകയും പോലീസിനാല്‍ ആക്രമിക്കപ്പെടുകയും ചെയ്ത അനേകം സമരഭടന്മാര്‍ക്കുള്ള ഉദാഹരണം.
മലക്കം മറഞ്ഞ അതോറിറ്റി
ജാമിഅ വൈസ് ചാന്‍സിലര്‍ നജ്മ അക്തറിന്റെ ഓഫിസിനു സമീപത്തായി പ്രതിഷേധക്കാര്‍ ഉയര്‍ത്തിക്കെട്ടിയ കറുത്ത ബാനറുണ്ട്. അതില്‍ ജാമിഅയില്‍ അക്രമം അഴിച്ചുവിട്ടവര്‍ ആരാണ് എന്ന ചോദ്യവും ‘നോബഡി’ എന്ന ഉത്തരവും കാണാം. പോലീസ് നരനായാട്ടിനെക്കുറിച്ചു രാജ്ദീപ് സര്‍ദേശായി ചോദിച്ചപ്പോള്‍ വിസി പറഞ്ഞത് നോബഡി എന്നായിരുന്നു. അക്രമികള്‍ യൂണിവേഴ്‌സിറ്റിയിലേക്ക് കയറിയതുമൂലം പൊലീസിന് വിദ്യാര്‍ഥികളെയും അക്രമികളെയും തിരിച്ചറിയാന്‍ സാധിച്ചില്ല എന്നും അതിനാലാണ് വിദ്യാര്‍ഥികള്‍ അക്രമിക്കപ്പെട്ടതെന്നും വിസി മാധ്യമങ്ങളോട് പറഞ്ഞപ്പോള്‍ പ്രോക്ടര്‍ അടക്കമുള്ള അതോറിറ്റികള്‍ തീര്‍ത്തും മൗനത്തിലായിരിന്നു. വിസിയുടെ പുതിയ നയനിലപാടും മക്കളെന്ന അഭിസംബോധനയും വരുന്നതിനും മുമ്പ്, സംഘ്പരിവാര്‍ കണക്കുകൂട്ടലുകള്‍ പൂര്‍ത്തീകരിക്കപ്പെടുമെന്നും സമരങ്ങള്‍ക്ക് ഇസ്‌ലാമിസ്റ്റ് തീവ്രമുഖം നല്കാനാകുമെന്നുമുള്ള മിഥ്യാധാരണയിലായിരുന്നു വി സി. ജാമിഅ സമരം രാജ്യത്തെ യുവജനങ്ങള്‍ ഏറ്റെടുത്ത പശ്ചാത്തലത്തിലാണ് അടുത്ത ദിവസങ്ങളില്‍ തന്നെ തങ്ങളുടെ നിലപാട് മാറ്റാന്‍ വിസിയും പ്രോക്ടറും നിര്‍ബന്ധിക്കപ്പെട്ടത്.
ജാമിഅയില്‍നിന്ന് പുറത്തേക്ക്.
വിദ്യാര്‍ഥികള്‍ക്കെതിരായ അക്രമത്തിന്റെ വാര്‍ത്ത പുറത്തോക്കൊഴുകിയതോടെ മറ്റു കാമ്പസുകളും പൊതുജനങ്ങളും സമരത്തെ ഏറ്റെടുക്കുകയായിരുന്നു. അലിഗഡ് സര്‍വകലാശാല, ജെ എന്‍ യു, ദല്‍ഹി സര്‍വകലാശാല, ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി തുടങ്ങി വിവിധയിടങ്ങളിലേക്ക് സമരം വ്യാപിച്ചു. അവിടെങ്ങളിലൊക്കെയും പോലീസിന്റെ അക്രമങ്ങളും അരങ്ങേറി. വിദ്യാര്‍ ഥികളോടുള്ള അക്രമങ്ങളില്‍ പ്രതിഷേധിച്ച് ഡല്‍ഹി പോലീസ് ആസ്ഥാനം വിദ്യാര്‍ഥികള്‍ ഉപരോധിക്കുകയും ജാമിഅയിലെ പോ ലീസ് നടപടികള്‍ പിന്‍വലിക്കും വരെ അത് തുടരുകയും ചെയ്തു.
ഹോസ്റ്റലുകളും കാമ്പസും നിശ്ചിതകാലത്തേക്ക് പൂട്ടിത്തുടങ്ങി, വിദ്യാര്‍ഥികള്‍ ഹോസ്റ്റല്‍ വിടണമെന്ന് അനൗദ്യോഗികമായി അറിയിപ്പുകളും വന്നു. സുരക്ഷ മുന്‍നിര്‍ത്തി ജാമിഅയിലെയും അലിഗഡിലെയും മലയാളി വിദ്യാര്‍ത്ഥികളെ സ്‌പെഷല്‍ ട്രെയിനില്‍ കേരളത്തിലേക്ക് അയക്കുന്നതിന് ഇ ടി മുഹമ്മദ് ബഷീര്‍ എം പി അടക്കമുള്ള ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ തയ്യാറെടുത്തു.
ജാമിഅയില്‍ നിന്നും അലിഗഢില്‍ നിന്നും വന്ന വിദ്യാര്‍ത്ഥികളെ കേരളത്തിന്റെ ലൈസന്‍ ഓഫിസര്‍ എ സമ്പത്തിന്റെ ശ്രമഫലമായി കേരള ഹൌസില്‍ താമസിപ്പിക്കാന്‍ തയ്യാറെടുത്തെങ്കിലും ആദ്യം കേരള ഹൗസധികൃതര്‍ ആണ്‍കുട്ടികള്‍ക്ക് താമസം നിഷേധിച്ചു. ഇതിനെത്തുടര്‍ന്ന് വിദ്യാര്‍ഥികള്‍ റിസെപ്‌റഷനില്‍ കിടന്ന് പ്രതിഷേധിക്കുമെന്നായപ്പോള്‍ അവസാനം കേരള ഹൌസിലും ട്രാവന്‍കൂര്‍ ഹൌസിലുമായി അവരെ താമസിപ്പിച്ചു.
പത്തൊന്‍പതിന് പോലീസ് അതിക്രമങ്ങള്‍ക്കെതിരെ ജാമിഅ വിദ്യാര്‍ഥികളും ഡല്‍ഹിയിലെ മറ്റു കലാലയങ്ങളിലെ വിദ്യാര്‍ഥികളും സ്വതന്ത്ര എന്‍ ജി ഓ കളുമായിചേര്‍ന്ന് റെഡ്‌ഫോര്‍ട്ടില്‍ നിന്ന് ശഹീദ് പാര്‍ക്കിലേക്കും ഇടത് സംഘടനകളുടെ ആഭിമുഖ്യത്തില്‍ മണ്ഡി ഹൗസില്‍ നിന്ന് ശഹീദ് പാര്‍ക്കിലേക്കും പ്രതിഷേധം തീരുമാനിക്കുന്നു. പോലീസ് ഇടപെട്ട് ഇവിടങ്ങളിലേക്കുള്ള മെട്രോസ്‌റ്റേനുകളടക്കം പതിനഞ്ചോളം സ്‌റ്റേഷനുകള്‍ അടച്ചിടുകയും സമര മേഖലകളില്‍ 144 പ്രഖ്യാപിക്കുകയും ചെയ്തു. ഇടതു നേതാക്കളായ സീതാറാം യെച്ചൂരി, ഡി രാജ, വൃന്ദ കാരാട്ട് തുടങ്ങിയവര്‍ അറസ്റ്റുചെയ്യപ്പെട്ടെങ്കിലും പോലീസിനെ അവഗണിച്ച് സമരാനുകൂലികള്‍ ജന്തര്‍മന്തറിലേക്ക് പ്രകടനമായി നീങ്ങി. പനിനീര്‍ പൂക്കള്‍ കയ്യിലേന്തിയ സമരാനുകൂലികള്‍ ഡല്‍ഹി പോലീസിനെ നോക്കി വിളിച്ച മുദ്രാവാക്യം ഇന്ത്യന്‍ യുവതയുടെ ജ്വലിക്കുന്ന പ്രതീകമായി’ ദില്ലി പോലീസ് ബാത്ത് കരോ, ആവോ ഹമാരാ സാത് ചലോ, ഹം യുവ ഹെ ബസ് ബാത് കരെങ്കെ നാ കി ഗുസ്സാ ലാത് കരെങ്കെ’. ഡല്‍ഹി പോലീസ് ഞങ്ങളോട് ഒന്ന് വന്നു സംസാരിക്കൂ, ഞങ്ങളുടെ കൂടെ ചേരൂ, ഈ യുവത സംവാദങ്ങളിലാണ് വിശ്വസിക്കുന്നത്, വെറുപ്പിലും അക്രമത്തിലുമല്ല ‘.
കേവലം വര്‍ഗീയ സമരങ്ങളായി അവഗണിക്കപ്പെടുമെന്നു കേന്ദ്ര സര്‍ക്കാര്‍ കണക്കുകൂട്ടിയിരുന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള സമരം ജാമിഅ വിദ്യാര്‍ഥികളിലൂടെ രാജ്യശ്രദ്ധ നേടുകയും ജനാധിപത്യ വിശ്വാസികള്‍ ഏറ്റെടുക്കകയും ചെയ്തു എന്നതിന്റെ തെളിവാണ് ഡല്‍ഹിയിലും മുംബൈയിലും അഹമ്മദാബാദിലും തുടങ്ങി രാജ്യത്തിന്റെ വിവിധ കോണുകളില്‍ മുഴങ്ങിക്കേട്ട ആസാദി വിളികള്‍.
ജാമിഅ നഗറിലെ മാതാപിതാക്കള്‍ തങ്ങളുടെ മക്കള്‍ക്ക് നല്‍കുന്ന സമരാവേശം നമ്മുടെ രക്ഷിതാക്കള്‍ക്ക് മാതൃകയാക്കാം. തങ്ങളുടെ അടുക്കളകള്‍ക്ക് അവധി
പ്രഖ്യാപിച്ച് ഷാഹീന്‍ബാഗിലെ റോഡുകളില്‍ രാപകല്‍ ഉപവാസമനുഷ്ഠിക്കുന്ന സ്ത്രീസമൂഹം നിലകൊള്ളുന്നത് രാജ്യത്തിന്റെ ഭരണ ഘടനയുടെ സംരക്ഷണത്തിനായാണ്. ഇന്ത്യയുടെ ത്രിവര്‍ണ പതാകയുമേന്തി അവര്‍ ഉരുവിടുന്നത് ആസാദി വിളികളാണ് തങ്ങള്‍ പിറന്നുവീണ, തങ്ങളുടെ മാതാപിതാക്കള്‍ സ്വാതന്ത്ര്യത്തിനായി പോരാടിയ ചരിത്രമുള്ള, വിഭജനഭാരം സ്വയം പേറേണ്ടി വന്നപ്പോഴും മതേതരത്വം നിലപാടായി സ്വീകരിച്ച് ഭരണഘടനക്കായ് നിലകൊണ്ടവര്‍ സ്വന്തം മണ്ണില്‍ തങ്ങള്‍ക്ക് നിഷേധിക്കപ്പെടുന്ന സ്വാതന്ത്രത്തോടുള്ള കലഹമാണത്. കൊടും തണുപ്പുള്ള ഈ ഡിസംബറിലെ രാത്രിയിലും ഉത്തരേന്ത്യയിലെ തെരുവുകളില്‍ ഇങ്കുലാബ് മുഴങ്ങുന്നുണ്ട്. അതെ ”ജാമിഅ കി ലഡ്കിയോംനെ രാസ്ത ദികായി ഹെ, ജാമിഅ കി ലഡ്കിയോം കോ ഇങ്കുലാബ് സിന്ദാബാദ്’