23 Monday
December 2024
2024 December 23
1446 Joumada II 21

ഭയപ്പെടേണ്ടവനല്ല വിശ്വാസി – ജൗഹര്‍ കെ അരൂര്‍

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജാതി മത രാഷ്ട്രീയ ഭേദമെന്യേ രാജ്യത്തെ മതേതര വിശ്വാസികള്‍ കൈകോര്‍ത്തു പിടിച്ച് പ്രതിഷേധിക്കുന്ന കാഴ്ച്ചയില്‍ മനം കുളിര്‍ക്കുന്നുണ്ട്. രാജ്യത്തെ ചെറുതും വലുതുമായ നഗരങ്ങളെല്ലാം രാപകലില്ലാതെ സമരപോരാട്ടങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുകയാണ്, രാജ്യത്തെ ഏതാണ്ടെല്ലാ യൂണിവേഴ്‌സിറ്റികളിലെയും അവസ്ഥയും മറിച്ചല്ല. വിദ്യാര്‍ത്ഥികളും പുതു തലമുറയും വ്യത്യസ്തങ്ങളായ സമരമുറകളിലൂടെ ദിവസം തോറും ചരിത്രം രചിക്കുന്നുമുണ്ട്.
ഈ ശുഭകരമായ കാഴ്ച്ചകള്‍ക്കിടയിലും ചെറുതല്ലാത്ത ഒരു തരം ഭയവും നിരാശയും ഈ നിയമം നേരിട്ട് ബാധിച്ചേക്കാവുന്ന മുസ്ലിം സമൂഹത്തിനകത്തുണ്ട്. ഈ ഭയത്തിനു ശക്തി പകരുന്ന മെസേജുകളും വാര്‍ത്തകളും നല്‍കി മാധ്യമങ്ങളും സോഷ്യല്‍ മീഡിയകളും ഇതില്‍ അവരുടേതായ പങ്കും വഹിക്കുന്നുണ്ട്. തടങ്കല്‍ പാളയങ്ങളുടെ ചിത്രങ്ങളും അതിന്റെ വിശദീകരണങ്ങളും അതോടൊപ്പം ചേര്‍ത്തെഴുതുന്ന ഹിറ്റ്‌ലറുടെ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളിലെ അവസ്ഥകളുമെല്ലാം ഈ ഭീതി വര്‍ധിപ്പിക്കാനുതകുന്ന ഒന്നായി മാറുന്നുണ്ടോ എന്നത് പരിശോധന വിധേയമാക്കേണ്ടതുണ്ട്.
പുതിയ ബിസിനസ് തുടങ്ങാന്‍ ഇതൊന്നു തീരുമാനമാകട്ടെയെന്ന് പറയുന്ന കച്ചവടക്കാരും പുതിയ ജോലി അന്വേഷണം തത്കാലം നിര്‍ത്തി വെക്കാമെന്ന് പറയുന്ന ഉദ്യോഗാര്‍ഥികളുമെല്ലാം ഈ ഭയത്തിന്റെ പിടിയിലമര്‍ന്നവരാണ്. ഒരു പ്രതിസന്ധി മുന്നില് വന്നു നില്‍ക്കുമ്പോഴേക്കും ഭയപ്പെട്ട്, ഭക്ഷണം കഴിക്കാതെയും ഉറങ്ങാതെയും, ജോലി അന്വേഷിക്കതെയുമൊക്കെ നെടുവീര്‍പ്പിടേണ്ടവനാണോ ഒരു സത്യ വിശ്വാസി? അല്ലെങ്കില്‍ മറ്റു ചിലരെ പോലെ പൗരത്വം തെളിയിക്കാനുള്ള രേഖകള്‍ക്ക് വേണ്ടി നെട്ടോട്ടമോടി സ്വാര്‍ത്ഥതയുടെ ലോകത്ത് വിഹരിക്കേണ്ടവനോ? ഇത് രണ്ടും ഒരു വിശ്വാസിയില്‍ ഉണ്ടാവേണ്ട ഒന്നല്ല. ഈ രാജ്യത്ത് ജനിച്ച്, ഈ രാജ്യത്ത് വളര്‍ന്ന്, ഈ രാജ്യത്തിന്റെ സന്തോഷത്തിലും സങ്കടത്തിലും പങ്ക് ചേര്‍ന്ന് ഈ കാലമത്രയും ഇവിടുത്തെ പൗരനായി കഴിഞ്ഞ നമ്മോട് ഞങ്ങള്‍ക്ക് മുന്നില് നിങ്ങള്‍ നിങ്ങളുടെ പൗരത്വം തെളിയിക്കണമെന്ന് പറയുന്ന ഫാസിസ്റ്റ് ഭരണകൂടത്തിനു മുന്നില് ഭയചികിതരായി നില്‍ക്കേണ്ടവനല്ല വിശ്വാസി എന്ന് സമൂഹത്തെ ബോധ്യപ്പെടുത്താന്‍ കൂടെ ഈ നിയമത്തിനെതിരെയുള്ള പോരാട്ടങ്ങള്‍ക്കിടയിലും നമ്മുടെ മഹല്ല് സംവിധാനങ്ങളും സംഘടന സംവിധാനങ്ങളും സമയം കണ്ടെത്തേണ്ടതുണ്ട്.
തീകുണ്ഡാരത്തിലേക്കേറിയാന്‍ വേണ്ടി കൊണ്ടു വന്നപ്പോഴും എനിക്കെന്റെ റബ്ബ് മതി എന്ന് പ്രഖ്യാപിച്ച ഇബ്രാഹിം നബി (അ) യുടെ ചരിത്രം നാം വീണ്ടും വായിക്കണം. ക്രൂരനായ ഫറോവയുടെ അക്രമങ്ങള്‍ക്ക് മുന്നില് മുട്ട് മടക്കാതെ തന്റെ വിശ്വാസം ഉയര്‍ത്തിപിടിച്ച ആസിയ ബീവിയുടെ ചരിത്രം നാം വീണ്ടും പഠിക്കണം. നാടും വീടും സ്വന്തക്കരെയുമെല്ലാം ഉപേക്ഷിച്ചു മക്കയില്‍ നിന്ന് മദീനയിലേക്ക് പാലായനം ചെയ്ത അന്ത്യ പ്രവാചകന്‍ മുഹമ്മദ് നബി (സ്വ)യുടെ ചരിത്രവും നിലനില്‍പ്പിനു വേണ്ടിയുള്ള പോരാട്ടത്തില്‍ രക്തസാക്ഷിത്തം വഹിച്ച നൂറു കണക്കിന് സ്വഹാബാക്കളുടെ ചരിത്രവും ഈ അവസരത്തില്‍ നമ്മള്‍ പഠിക്കണം, സമൂഹത്തെ പഠിപ്പിക്കണം.
അങ്ങനെ ഈ ലോകം വെറും നശ്വരമായ ഒന്നാണ് എന്നും, ഇതില്‍ നമുക്കുണ്ടാകുന്ന പരീക്ഷണങ്ങളില്‍ അടിപതറാതെ മുന്നോട്ടു പോയാല്‍ മാത്രമേ അനശ്വരമായ പാരത്രിക ജീവിതം സുഖകരമായിത്തീരൂ എന്നും ഉള്‍കൊണ്ട് കൊണ്ടു മുന്നോട്ട് പോകാന്‍ നമുക്ക് കഴിയണം.
‘അല്ലാഹുവിന്റെ ഭൂമിക്ക് കരം പിരിക്കാന്‍ നീയാരെടാ…’ എന്ന് ഈ രാജ്യത്തെ കൊള്ളയടിക്കാന്‍ വന്ന ബ്രിട്ടീഷ് പട്ടാളത്തിന്റെ മുഖത്തു നോക്കി വിരല് ചൂണ്ടി ചോദിച്ച ഉമര്‍ ഖാളിയുടെയും ‘ഒന്നാമതും രണ്ടാമതും മൂന്നാമതും ഞാനൊരു മുസ്ലിമാണ്, ഒന്നാമതും രണ്ടാമതും മൂന്നാമതും ഞാന്‍ ഒരു ഇന്ത്യക്കാരനാണ്’ എന്ന് ബ്രിട്ടീഷ് കൊട്ടാരത്തില്‍ പോയി ഉറക്കെപറഞ്ഞ മുഹമ്മദലി ജൗഹറിന്റെയും ചരിത്ര പാഠങ്ങള്‍ കൂടെ നാം മനസിലാക്കണം
വിദേശികളോട് പോരാടാന്‍ സാമൂതിരിയാണ് നമ്മുടെ അമീര്‍ എന്ന് ജനങ്ങളെ ബോധവത്കരിച്ച തുഹ്ഫത്തുല്‍ മുജാഹിദീനിനെയും അതിന്റെ ഗ്രന്ഥ കര്‍ത്താവായ സൈനുദ്ദീന്‍ മഖ്ദൂമിനെയും നമ്മളറിയണം. സ്വാതന്ത്ര്യ സമരത്തിന് നേതൃത്വം നല്‍കിയ മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിനെയും അബുല്‍ കലാം ആസാദിനെയും തുടങ്ങി ഇന്ത്യന്‍ ചരിത്രത്തിലെ ധീര ദേശാഭിമാനികളുടെ ചരിത്രമെല്ലാം വായിച്ചും പഠിച്ചും സമൂഹത്തെ ബോധവത്കരിച്ചും ഏതൊരു പ്രതിസന്ധിയെയും തരണം ചെയ്യാനുള്ള ഊര്‍ജം നാം വിശ്വാസി സമൂഹത്തിനു നല്‍കണം.
ചരിത്രത്തില്‍ നിന്നും ഊര്‍ജമുള്‍കൊണ്ട് കൊണ്ട് വിശ്വാസത്തിന്റെ മൂര്‍ച്ച കൂട്ടി സമൂഹത്തില്‍ പടര്‍ന്നുകൊണ്ടിരിക്കുന്ന ഭീതിയും നിരാശയും ഇല്ലായ്മ ചെയ്യാനുള്ള ശ്രമങ്ങള്‍ മഹല്ല്, സംഘടനാ സംവിധാനങ്ങളില്‍ നിന്നുണ്ടാവുകയും, പൂര്‍വാധികം ശക്തിയോടെ ഈ രാജ്യത്തിന്റെ ഭരണഘടനയുടെ നിലനില്‍പ്പിനു വേണ്ടിയുള്ള പോരാട്ടത്തില്‍ മതേതര മനസുകള്‍ക്കൊപ്പം അണി നിരക്കാന്‍ വിശ്വാസികളെ സജ്ജമാക്കുകയും ചെയ്യണം

Back to Top