22 Sunday
December 2024
2024 December 22
1446 Joumada II 20

ഭയപ്പെടുത്തുന്നതാണ് താഴ്‌വരയില്‍ കണ്ട കാഴ്ചകള്‍ – ആനി രാജ

ഞാനുള്‍പ്പെടെ എന്‍ എഫ് ഐഡബ്ല്യു പ്രതിനിധികളായ മൂന്നു പേരും പ്രഗതിശീല്‍ മഹിളാ സംഘടനയുടെ ഒരു പ്രതിനിധിയും മുസ്‌ലീം വിമണ്‍സ് ഫോറത്തിന്റെ ഒരു പ്രതിനിധിയുമടങ്ങുന്ന അഞ്ചു പേരുടെ സംഘം സപ്തംബര്‍ 17 മുതല്‍ 21 വരെ ശ്രീനഗറിലും ജമ്മു കശ്മീരിലെ അഞ്ചു ജില്ലകളിലെ 17 ഗ്രാമങ്ങളിലും സഞ്ചരിച്ച് നൂറു കണക്കിന് സ്ത്രീപുരുഷന്മാരും കുട്ടികളുമായി ആശയവിനിമയം നടത്തി. ശ്രീനഗര്‍ കൂടാതെ ശുപിയാം, പുല്‍വാമ, ബാന്‍ഡിപോരാ ജില്ലകളിലാണ് ഞങ്ങള്‍ കൂടുതല്‍ സമയം ചെലവഴിച്ചത്. കശ്മീരില്‍ മിക്ക പ്രദേശങ്ങളിലും പ്രവര്‍ത്തിക്കുന്ന എന്‍ എഫ് ഐ ഡബ്ല്യുവിന്റെ ചെറുതെങ്കിലും സജീവമായ ഘടകങ്ങളുടെ മികച്ച സംഘാടനം കൊണ്ടുമാത്രമാണ് വളരെ പ്രയാസകരമായ സാഹചര്യങ്ങളില്‍ ഞങ്ങള്‍ക്ക് ഇത്രയുമധികം ആളുകളെ കാണാനും സംസാരിക്കാനും കഴിഞ്ഞത്

 


കശ്മീരില്‍ സാധാരണ ജീവിതം പൂര്‍ണമായും അസാധ്യമായ സാഹചര്യമാണ് നിലനില്‍ക്കുന്നത്. കടകളും ഹോട്ടലുകളുമെല്ലാം അടഞ്ഞുകിടക്കുന്നു. സ്‌കൂളുകളും കോളജുകളും തുറക്കുന്നില്ല. തെരുവുകള്‍ ശൂന്യമായിരിക്കുന്നു. പുറത്ത് എന്താണ് നടക്കുന്നതെന്ന് അറിയാന്‍ ജനങ്ങള്‍ക്ക് ഒരു മാര്‍ഗവുമില്ല. ടെലിവിഷനില്‍ ഔേദ്യാഗിക ചാനലുകള്‍ മാത്രമാണ് കാണാന്‍ കഴിയുക. ഇന്റര്‍നെറ്റ്, ടെലിഫോണ്‍ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നില്ല. ശ്രീനഗറില്‍ ഒരു എസ് ടി ഡി ബൂത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. സംസ്ഥാനത്തിന് പുറത്തുള്ള കുടുംബാംഗങ്ങളുമായി സംസാരിക്കാന്‍വേണ്ടി അവിടെ രണ്ടു കിലോമീറ്ററോളമാണ് ആളുകള്‍ ക്യൂ നില്‍ക്കുന്നത്. അവിടെ അല്‍പനേരം നില്‍ക്കുമ്പോള്‍ നമുക്ക് കാണാന്‍ കഴിയും, മക്കളെക്കുറിച്ചുള്ള വിവരമറിയാന്‍ വേണ്ടി അമ്മമാരും ഉറ്റവരെക്കുറിച്ചുള്ള വിവരമറിയാന്‍ ബന്ധുക്കളും കാണിക്കുന്ന വേവലാതി. ഭരണം പൂര്‍ണമായും സൈന്യം ഏറ്റെടുത്തിരിക്കുന്നു. ജമ്മു കശ്മീര്‍ പൊലീസിനെ നിരായുധമാക്കിയിരിക്കുകയാണ്. ജമ്മുകശ്മീരിന്റെ സംസ്ഥാന പദവി എടുത്തുകളഞ്ഞതിന്റെ തലേദിവസം ആഗസ്ത് 4-ന് തന്നെ പൊലീസുകാരുടെ കൈയില്‍ നിന്ന് തോക്കുകള്‍ തിരിച്ചുവാങ്ങി. എങ്ങോട്ടു നോക്കിയാലും സൈനികരാണ് കശ്മീരില്‍. സ്‌കൂളുകളും കോളജുകളും പഠന ഗവേഷണ കേന്ദ്രങ്ങളുമെല്ലാം സൈനിക ക്യാമ്പുകളായി മാറിയിരിക്കുന്നു. എന്തിലും സൈന്യം ഇടപെടുന്നു. രണ്ടോ മൂന്നോ പേര്‍ക്ക് സ്വകാര്യമായി സംസാരിക്കാന്‍ പോലും കഴിയാത്ത അവസ്ഥ. ബി ജെ പി ഒഴികെയുള്ള രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കൊന്നും ഒരു യോഗം നടത്താന്‍ പോലും അനുവാദമില്ല. ബി ജെ പിക്ക് എന്തും ചെയ്യാന്‍ അവസരമുണ്ട്.


ഗതാഗതവും ആശയവിനിമയവും സാധ്യമല്ലാത്തതുകൊണ്ട് എന്തുമാത്രം മരണങ്ങളാണ് സംഭവിക്കുന്നത്! ആശുപത്രിയിലെത്തിക്കാന്‍ കഴിയാത്തതുകൊണ്ട് നിരവധി രോഗികള്‍ മരണമടഞ്ഞു. ഗര്‍ഭിണികളെ ആശുപത്രിയിലെത്തിക്കാന്‍ കഴിയുന്നില്ല. സ്ത്രീകളും പെണ്‍കുട്ടികളും ബലാല്‍സംഗം ചെയ്യപ്പെടുന്നു. ഭര്‍ത്താക്കന്മാരെ സൈന്യം പിടിച്ചുകൊണ്ടു പോയതിനു ശേഷം അവര്‍ ജീവിച്ചിരിപ്പുണ്ടോ ഇല്ലയോ എന്നറിയാത്ത നൂറു കണക്കിന് അര്‍ധ വിധവകളെ ഞങ്ങള്‍ കണ്ടു. അമ്മമാരുടെ മുന്നില്‍വച്ച് മക്കള്‍ കൊല്ലപ്പെടുന്നു. പെല്ലറ്റുകളില്‍ നിന്ന് ഗുരുതരമായി പരിക്കേറ്റ ആയിരക്കണക്കിന് യുവതീയുവാക്കള്‍.
ഒരിക്കലും ഉണങ്ങാത്ത മുറിവാണ് കശ്മീരികളുടെ മനസ്സിലുണ്ടായിട്ടുള്ളത്. കശ്മീരിലെ ജനങ്ങള്‍ക്ക് ഇപ്പോള്‍ ആരെയും വിശ്വാസമില്ല. അഞ്ചു പേരടങ്ങുന്ന ഞങ്ങളുടെ സംഘത്തില്‍ തെക്കേ ഇന്ത്യയില്‍ നിന്നുള്ളത് ഞാന്‍ മാത്രമായിരുന്നു. കേരളത്തില്‍ നിന്നാണെന്ന് പറയുമ്പോള്‍, അവരുടെ പ്രതികരണത്തിലുണ്ടാകുന്ന മാറ്റം ഞാന്‍ ശ്രദ്ധിച്ചു. കശ്മീരികളുടെ വികാരം മനസ്സിലാക്കാന്‍ തെക്കേയിന്ത്യക്കാര്‍ക്ക് കഴിയുമെന്ന വിചാരം അവര്‍ക്കുണ്ട്. അതുപോലെ, ഞങ്ങള്‍ പോയ എല്ലാ സ്ഥലങ്ങളിലും ആളുകളുടെ മനസ്സിലുള്ള രണ്ടു പേരാണ് ഡി രാജയും സീതാറാം യെച്ചൂരിയും. രണ്ടു വര്‍ഷം മുമ്പും രാജായും യെച്ചൂരിയും കശ്മീരില്‍ ചെന്നതും പ്രശ്‌നങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിച്ചതുമൊക്കെ അവരുടെ മനസ്സിലുണ്ട്. ഇടതുപക്ഷത്തെ അവര്‍ക്ക് വിശ്വാസമാണ്. പക്ഷേ, ഇടതുപക്ഷ പാര്‍ട്ടികള്‍ക്ക് പാര്‍ലമെന്റില്‍ വളരെ ചെറിയ പ്രാതിനിധ്യം മാത്രമല്ലേയുള്ളൂ എന്നതില്‍ അവര്‍ക്ക് നിരാശയുണ്ട്. പാര്‍ലമെന്റിനെ ഉപയോഗിച്ചാണല്ലോ മോദി സര്‍ക്കാര്‍ ജനാധിപത്യത്തെ അട്ടിമറിക്കുന്നത്.
നവംബര്‍ മാസത്തില്‍ നടക്കേണ്ട 10, 12 ക്ലാസ്സുകളിലെ ബോര്‍ഡ് എക്‌സാമിന് അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ ആയിരക്കണക്കിന് കുട്ടികള്‍ക്ക് കഴിഞ്ഞിട്ടില്ല. പരീക്ഷകള്‍ നടക്കുമോ എന്ന് തന്നെയറിയില്ല. 8 മണിക്ക് ശേഷം വീടുകളില്‍ ലൈറ്റ് തെളിക്കാന്‍ പാടില്ല എന്നാണ് നിയമം. ബാന്‍ഡിപോരയില്‍ ഒരു പെണ്‍കുട്ടി സ്‌കൂള്‍ അടുത്തെങ്ങാനും തുറക്കുമെന്ന പ്രതീക്ഷയില്‍ പുസ്തകം വായിക്കാന്‍ വേണ്ടി രാത്രി 8 മണിക്ക് ശേഷവും ലൈറ്റ് അണയ്ക്കാതിരുന്നപ്പോള്‍ സൈനികര്‍ ആ വീട്ടിലേക്ക് ഇരച്ചുകയറി. കുട്ടിയുടെ പിതാവിനെയും സഹോദരനെയും പിടിച്ചുകൊണ്ടുപോയി. അവര്‍ ഇപ്പോള്‍ ജയിലിലാണ്. രാത്രി കൊച്ചു കുഞ്ഞിനെ ടോയ്‌ലെറ്റില്‍ കൊണ്ടുപോകാന്‍ വേണ്ടി മൊബൈലിന്റെ ടോര്‍ച്ച് തെളിക്കാന്‍ പോലും കഴിയാത്ത സാഹചര്യം. കൊച്ചുകുഞ്ഞുങ്ങള്‍ വരെ കടുത്ത ഭീതിയുടെ നിഴലിലാണ്. ഒരു വീട്ടില്‍ ഞങ്ങള്‍ സംസാരിച്ചുകൊണ്ടിരിക്കെ 4 വയസ്സുള്ള കുഞ്ഞ് ചുണ്ടത്ത് വിരലമര്‍ത്തി ശബ്ദമുണ്ടാക്കരുതെന്ന് ആംഗ്യം കാട്ടി. പട്ടികള്‍ കുരയ്ക്കുന്ന ശബ്ദം കേട്ടിട്ടാണ് കുട്ടി, നിശ്ശബ്ദരാകാന്‍ മറ്റുള്ളവരോട് ആംഗ്യം കാട്ടിയത്. സൈന്യത്തിന്റെ വരവ് അറിയിക്കുന്നതാണ് ആ പട്ടികുരയെന്ന് കുട്ടി മനസ്സിലാക്കിയിരിക്കുന്നു.
കശ്മീരിലെ ജനങ്ങളില്‍ വര്‍ഗീയമായ ചേരിതിരിവ് ഞങ്ങള്‍ കണ്ടില്ല. കശ്മീരി പണ്ഡിറ്റുകള്‍ എല്ലാം അവിടെ നിന്ന് ഓടിപ്പോയി എന്നതൊക്കെ വ്യാജപ്രചാരണങ്ങളാണ്. കശ്മീരി മുസ്‌ലിംകളോടൊപ്പം സ്‌നേഹത്തിലും സൗഹാര്‍ദത്തിലും അയല്‍ക്കാരായി കഴിയുന്ന നിരവധി കശ്മീരി പണ്ഡിറ്റുകളെ ഞങ്ങള്‍ കണ്ടു. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വന്ന് കശ്മീരില്‍ പണിയെടുത്തു ജീവിക്കുന്ന ബീഹാറികള്‍ ഉള്‍പ്പെടെയുള്ളവരെ സ്വന്തം സഹോദരങ്ങളായാണ് കശ്മീരികള്‍ കാണുന്നത്. ജാതി മത വ്യത്യാസങ്ങള്‍ക്കപ്പുറം, കശ്മീരികള്‍ ഒറ്റക്കെട്ടാണ് എന്നാണ് ഞങ്ങള്‍ക്ക് മനസ്സിലായത്. ഭരണകൂട ഭീകരതയ്ക്ക് എതിരാണവര്‍. മാനാഭിമാനങ്ങളോടെ ജീവിക്കാനുള്ള കശ്മീരി ജനതയുടെ അവകാശം സംരക്ഷിക്കപ്പെടണം എന്ന കാര്യത്തില്‍ എല്ലാവരും യോജിപ്പിലാണ്. ഇന്ത്യന്‍ ഭരണകൂടം കശ്മീരില്‍ ചെയ്യുന്നതിനോടുള്ള എതിര്‍പ്പ് എല്ലാവരിലുമുണ്ട്. ഫാറൂഖ് അബ്ദുല്ലയ്ക്ക് എതിരെ പി എസ് എ ചുമത്തിയതോടെ മുഴുവന്‍ ജനങ്ങളും ഇന്ത്യന്‍ ഭരണകൂടത്തിന് എതിരായി.
ജമ്മുകശ്മീരിന്റെ സംസ്ഥാന പദവി എടുത്തു കളയുകയും സൈന്യത്തെ ഉപയോഗിച്ച് കടുത്ത മര്‍ദനം അഴിച്ചുവിടുകയും ചെയ്യുമ്പോള്‍ ജനങ്ങള്‍ അക്രമാസക്തരാകുകയും തിരിച്ചടിക്കുകയും ചെയ്യുമെന്നായിരുന്നു ഭരണകൂടത്തിന്റെ പ്രതീക്ഷ. ജനങ്ങള്‍ അക്രമത്തിലേക്ക് തിരിയുന്നു എന്ന ന്യായീകരണത്തില്‍ വലിയ അക്രമം അഴിച്ചുവിടാമെന്നായിരുന്നു ഭരണകൂടം കണക്കുകൂട്ടിയത്. അങ്ങേയറ്റത്തെ ക്ഷമയോടെ കശ്മീരി ജനത പ്രകോപനങ്ങളെ നേരിടുകയാണ്. ‘ഇന്ത്യയും വേണ്ട, പാകിസ്താനും വേണ്ട, ഞങ്ങള്‍ക്ക് സ്വാതന്ത്ര്യം മതി’ എന്നതാണ് ഇപ്പോഴവരുടെ വികാരം. ഐക്യരാഷ്ട്രസഭയില്‍ പ്രശ്‌നം ചര്‍ച്ചയ്ക്കുവരുമെന്നതാണ് കശ്മീരി ജനതയുടെ ഏക പ്രതീക്ഷ. ആ പ്രതീക്ഷ നശിച്ചാല്‍ എങ്ങനെയാകും ജനങ്ങള്‍ പ്രതികരിക്കുക എന്ന് പറയാനാവില്ല.
കാശ്മീരില്‍ നിന്ന് സൈന്യത്തെയും അര്‍ധ സൈനിക വിഭാഗങ്ങളെയും അടിയന്തിരമായി പിന്‍വലിക്കുക, ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി ഇല്ലാതാക്കിയതിനു ശേഷം രജിസ്റ്റര്‍ ചെയ്തിട്ടുള്ള എല്ലാ കേസുകളും പിന്‍വലിക്കുക, എഫ ്‌ഐ ആറുകള്‍ റദ്ദു ചെയ്യുക, ജയിലില്‍ അടക്കപ്പെട്ട മുഴുവന്‍ ആളുകളെയും വിട്ടയയ്ക്കുക, സൈന്യവും സുരക്ഷാ വിഭാഗങ്ങളും നടത്തിയ അതിക്രമങ്ങളെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുക, ഗതാഗതവും ആശയവിനിമയ സംവിധാനങ്ങളും തടസ്സപ്പെട്ടതു മൂലം ചികിത്സ നല്‍കാന്‍ കഴിയാതെ മരിച്ചുപോയ എല്ലാവരുടെയും കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുക, ഇന്റര്‍നെറ്റ്, മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെ എല്ലാ ആശയ വിനിമയ സംവിധാനങ്ങളും പുനസ്ഥാപിക്കുക.
ജനവാസ മേഖലകളില്‍ നിന്ന് സൈനിക ഉദ്യോഗസ്ഥരെ ഒഴിവാക്കുക, സൈനികാതിക്രമങ്ങളെ കുറിച്ച് സമയബന്ധിതമായി അന്വേഷിച്ച് നടപടി സ്വീകരിക്കാന്‍ സമിതിയെ നിയോഗിക്കുക, ആര്‍ട്ടിക്കിള്‍ 370, 35 എ എന്നിവ പുനസ്ഥാപിക്കുക എന്നീ ആവശ്യങ്ങള്‍ ഞങ്ങള്‍ കേന്ദ്ര സര്‍ക്കാരിന് മുന്നില്‍ സമര്‍പ്പിക്കും. അതിനു വേണ്ടിയുള്ള പ്രക്ഷോഭങ്ങള്‍ക്ക് രൂപം നല്‍കാന്‍ രാജ്യത്തെ മുഴുവന്‍ ജനാധിപത്യ ശക്തികളുമായി ചര്‍ച്ച നടത്തും.
കശ്മീരില്‍ ഞങ്ങള്‍ കണ്ടതും കേട്ടതുമായ കാര്യങ്ങള്‍ സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കി ആഭ്യന്തരമന്ത്രി അമിത്ഷാ ഉള്‍പ്പെടെയുള്ളവര്‍ക്ക് നല്‍കും. കശ്മീരില്‍ എന്താണ് നടക്കുന്നതെന്ന് രാജ്യത്തെ എല്ലാ പ്രദേശങ്ങളിലും ചെന്ന് ജനങ്ങളോട് ഞങ്ങള്‍ പറയും. നമ്മുടെ സഹോദരങ്ങള്‍ ക്രൂരമായ അടിച്ചമര്‍ത്തലും മനുഷ്യാവകാശ ലംഘനങ്ങളും നേരിട്ട് നരകയാതന അനുഭവിക്കുമ്പോള്‍ നിശ്ശബ്ദരായിരിക്കാന്‍ നമുക്ക് അവകാശമില്ല. കശ്മീരി ജനതയോടൊപ്പം നില്‍ക്കുക എന്നതാണ് രാജ്യത്ത് ജനാധിപത്യം പുലരാന്‍ ആഗ്രഹിക്കുന്ന സമാധാനകാംക്ഷികളായ എല്ലാവരുടെയും കടമ. ഇന്ന് ജമ്മുകശ്മീരിനോട് ചെയ്യുന്നത് നാളെ ഏതു സംസ്ഥാനത്തോടും ചെയ്യാന്‍ ഈ ഭരണകൂടം മടിക്കില്ല എന്നോര്‍ക്കണം.

Back to Top