23 Wednesday
October 2024
2024 October 23
1446 Rabie Al-Âkher 19

ഭയപ്പെടുത്തി നിശബ്ദമാക്കുകയാണ് ആള്‍ക്കൂട്ട ഹിംസയുടെ മന:ശാസ്ത്രം – ആശിഷ് നന്ദി

ഡല്‍ഹി ഒരു കലാപത്തിന് സാക്ഷിയായി. എന്താണ് സാധാരണക്കാരെ കൊലപാതകികളാവാനും പിന്നീട് സാധാരണ നിലയിലേക്ക് മടങ്ങാനും പ്രേരിപ്പിക്കുന്നത്?
കലാപങ്ങളില്‍ രണ്ട് തരം ആളുകളാണ് പങ്കെടുക്കുന്നത്. ഒന്ന് പ്രാദേശികമായ ദുര്‍മാര്‍ഗികള്‍. അവര്‍ പലപ്പോഴും കലാപത്തിന് മുന്നിലുണ്ടാവും. മറ്റൊരു വിഭാഗം സാധാരണക്കാരാണ്. മാധ്യമങ്ങള്‍, തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ എന്നിവ വഴി ഇളക്കിവിടപ്പെടുന്ന ഇത്തരക്കാര്‍ നൈമിഷികമായി ഇത്തരത്തില്‍ ഉലച്ചിലിന് വിധേയമാകുന്നു. പ്രാദേശിക കൊള്ളക്കാരെ സംബന്ധിച്ച് കലാപം പണം സ്വായത്തമാക്കാനുള്ള എളുപ്പ വഴിയാണ്. എന്നാല്‍ കലാപത്തിലേക്ക് തള്ളി വിടപ്പെടുന്ന സാധാരണക്കാര്‍ താല്‍ക്കാലികമായെങ്കിലും പ്രാദേശിക നായകന്‍മാരായാണ് പിന്നീട് തിരിച്ചുവരുന്നത്. എന്നാല്‍ ദീര്‍ഘകാലത്തേക്ക് ഇവരുടെ സ്ഥിതി ഇതില്‍ നിന്നും വിഭിന്നമാണ്. കൊലപാതകികള്‍ക്ക് ഒരിക്കലും പിന്നീട് സാധാരണ ജീവിതത്തിലേക്ക് മടങ്ങാനാവില്ല.
ഗുജറാത്ത് കലാപത്തില്‍ പ്രതിയായ ബാബു ബജ്‌റംഗി ഒരു ഉദാഹരണമാണ്. ഇത്തരത്തില്‍ പ്രാദേശികമായി ഏറ്റവും പ്രശസ്തനായ ആളാണ് ബജ്‌റംഗി. പക്ഷേ ഇന്ന് അദ്ദേഹം സ്‌കിസോഫ്രീനിയ (മാനസിക വിഭ്രാന്തി) അനുഭവിക്കുന്ന ഒരു രോഗിയാണ്. വിഭജനം ലക്ഷ്യമിട്ട് കലാപം നടത്തിയവരുടെ കാര്യമെടുത്താല്‍ ഇവരില്‍ ഏഴു പേരെ അഭിമുഖം ചെയ്യാന്‍ ഞാനടക്കമുള്ളര്‍ക്ക് സാധിച്ചിട്ടുണ്ട്. എല്ലാവരും ഇതിന് ശേഷം മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നവരാണ്. ഒരാളും തന്നെ സന്തോഷവാനോ തങ്ങള്‍ ചെയ്ത കൃത്യത്തില്‍ അഭിമാനിക്കുന്നവരോ അല്ല.
ഗാന്ധി വധത്തില്‍ ശിക്ഷിക്കപ്പെട്ട് 18 വര്‍ഷം ജയിലില്‍ കിടന്ന മദന്‍ ലാല്‍ പഹ്‌വയെ ഞങ്ങള്‍ അഭിമുഖം ചെയ്തിട്ടുണ്ട്. അഭിമുഖത്തിന്റെ തുടക്കത്തില്‍ ഹിന്ദുസ്ഥാന്റെ ഏറ്റവും വലിയ ശത്രുവിനെ നിഷ്‌കാസനം ചെയ്തയാള്‍ എന്ന നിലക്ക് അദ്ദേഹം നായകനെ പോലെ ജീവിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. തന്റെ രാജ്യത്തിന് വേണ്ടിയാണ് ഇത് ചെയ്തതെന്നാണ് അദ്ദേഹത്തിന്റെ ഭാര്യ പറഞ്ഞത്. എന്നാല്‍ മൂന്ന് വര്‍ഷം നീണ്ടുനിന്ന അഭിമുഖത്തിന്റെ അവസാനം പഹ്‌വയുടെ സ്വരം പൂര്‍ണമായും മാറിയിരുന്നു. താന്‍ ഗാന്ധിയെ പോലെ ഒരു മനുഷ്യസ്‌നേഹിയാണെന്നാണ് ഗാന്ധി ഘാതകനായ അദ്ദേഹം ഒടുവില്‍ പറഞ്ഞത്.
ഒരിക്കല്‍ നിങ്ങള്‍ കൊലപാതകിയായാല്‍ പിന്നീട് ഒരിക്കലും കലാപത്തിന് മുമ്പുള്ള പൂര്‍വാവസ്ഥയിലേക്ക് നിങ്ങള്‍ക്ക് തിരിച്ചുപോകാന്‍ കഴിയില്ലെന്നതാണ് വസ്തുത. കാരണം നിങ്ങള്‍ ഒരു സാധാരണ മനുഷ്യനാണ്. ഒരിക്കലും കൊലപാതകിയാവാനോ അല്ലെങ്കില്‍ കൊലപാതകം സാമൂഹ്യവത്കരിക്കുകയോ ചെയ്യാന്‍ ആഗ്രഹിക്കുന്നില്ല. നിങ്ങളുടെ കുടുംബം നിങ്ങള്‍ ചെയ്ത കൃത്യങ്ങള്‍ തിരിച്ചറിയുന്നു. അതിലാണ് പിന്നീട് നിങ്ങള്‍ ജീവിക്കുന്നത്. ഇത് ദേശീയവാദിയുടെ പ്രവൃത്തിയാണെന്ന് ഒരു പക്ഷേ നിങ്ങള്‍ പറഞ്ഞേക്കാം. എന്നാല്‍ കലാപത്തിന്റെ ധൂളികള്‍ തങ്ങളില്‍ നിന്നും മാറ്റപ്പെട്ട ശേഷം പുരുഷന്‍മാരെയും സ്ത്രീകളെയും കുട്ടികളെയും കൊന്നതിനെ കുറിച്ച് വിവരിക്കുമ്പോള്‍ കൂട്ട കൊലപാതകങ്ങള്‍ നടത്തിയവര്‍ വരെ മോഹാലസ്യപ്പെട്ടു വീണേക്കാം.

എന്താണ് സാധാരണക്കാരെ കൊലപാതകികളാവാന്‍ പ്രേരിപ്പിക്കുന്നത്?
പലപ്പോഴും സാധാരണക്കാര്‍ ഇത്തരത്തിലേക്ക് മാറുന്നതിന് പിന്നില്‍ വ്യാജവാര്‍ത്തകളോ അല്ലെങ്കില്‍ എന്തെങ്കിലും പ്രത്യേക അജണ്ടകളോ കാരണമാവാറുണ്ട്. മറുവിഭാഗം കൊല്ലുന്നതിലുള്ള ദേഷ്യമോ തങ്ങള്‍ കൊന്നത് മതിവരാത്തതോ ഇവരെ ഇത്തരത്തിലുള്ള പ്രവൃത്തികളിലേക്ക് നയിച്ചേക്കാം.

മാധ്യമങ്ങള്‍ക്ക് ഇതില്‍ പങ്കുണ്ടോ?
തീര്‍ച്ചയായും. എങ്കിലും മാധ്യമങ്ങള്‍ കലാപത്തെ ഉത്തേജിപ്പിക്കാന്‍ എത്രത്തോളം താല്‍പര്യം പ്രകടിപ്പിച്ചു എന്നതും മറു വിഭാഗത്തെ മോശമാക്കാന്‍ എത്രത്തോളം രാഷ്ട്രീയപരമായ കാമ്പയ്ന്‍ നടത്തി എന്ന കാര്യത്തിലും വിവരിക്കാന്‍ ബുദ്ധിമുട്ടാണ്. തെരഞ്ഞെടുപ്പുകള്‍ കഴിഞ്ഞാല്‍ വിദ്വേഷം വഴിമാറുമെന്നാണ് പലരും കരുതുന്നത്. എന്നാല്‍ വിദ്വേഷം അവിടെ ബാക്കി നില്‍ക്കുന്നുവെന്നതാണ് സത്യം.

ആധുനിക സമൂഹത്തില്‍ കലാപം സാധാരണയായി സംഭവിക്കുന്നില്ല. എന്തുകൊണ്ട് നമ്മള്‍ ഇപ്പോഴും ആധുനികതക്ക് മുമ്പുള്ളവരാകുന്നു?
ആധുനിക സമൂഹത്തിലും കലാപം കാണപ്പെടുന്നുണ്ട്. അമേരിക്ക നിരവധി കലാപങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഫ്രാന്‍സും ഇതേ അവസ്ഥയിലാണ്. ഡല്‍ഹി കലാപം എല്ലാം കൊണ്ടും ആധുനിക കലാപമാണ്. എങ്കിലും ഒരു വ്യത്യാസമുണ്ട്. അമേരിക്കയില്‍ കലാപമുണ്ടാക്കുന്നതിന് കാരണക്കാരായത് കറുത്ത വംശജരാണ്. അവരെ രാജ്യം വളരെ മോശമായി കൈകാര്യം ചെയ്തതിന്റെ പ്രതികരണമായിരുന്നു ഇത്. എന്നാല്‍ ഇന്ത്യയില്‍ അത്തരത്തിലുള്ള ഒരു അവബോധം ഉണ്ടായിട്ടില്ല. മുസ്‌ലിംകള്‍ ദരിദ്രരാണ്. അവര്‍ വിവേചനത്തിന് എതിരാണ്. സ്വാതന്ത്ര്യത്തിന് മുമ്പ് മിക്ക മുസ്‌ലിംകളും കര്‍ഷകരായിരുന്നിട്ടും പോലും അന്ന് അനുഭവിച്ച അത്ര സ്വാതന്ത്ര്യം ഇപ്പോഴില്ല. ഇപ്പോള്‍ മുസ്‌ലിംകള്‍ കൈവേലക്കാരോ ഭൂമിയില്ലാത്ത തൊഴിലാളികളോ ആണ്.

സംസ്‌കാരങ്ങള്‍ ഇഴുകി ചേര്‍ന്ന ഡല്‍ഹി പോലുള്ള ഒരു വന്‍ നഗരം കലാപത്തിന് ഫലഭൂവിഷ്ടമായ മണ്ണായി മാറിയത് എങ്ങനെ?
ഒരു പരിധി വരെ ജനങ്ങളെ പരസ്പരം ശത്രുക്കളാക്കിയ രാഷ്ട്രീയ നേതാക്കളുടെ ശ്രമമാണിതിന് പിന്നില്‍. രാഷ്ട്രീയ നേതാക്കള്‍ക്ക് തീര്‍ച്ചയായും ഇതില്‍ ഒരു പങ്കുണ്ട്. എന്തെങ്കിലും കുറ്റകരമായ കൃത്യങ്ങള്‍ തങ്ങള്‍ ചെയ്തില്ലാ എങ്കില്‍ തങ്ങള്‍ക്ക് രാഷ്ട്രീയത്തില്‍ നിലനില്‍പില്ലെന്നാണ് ഇവര്‍ കരുതുന്നത്. പ്രത്യേകിച്ചും ശക്തമായ അടിത്തറയില്ലാത്ത വിഭാഗം കലാപം പോലുള്ള എന്തെങ്കിലും തങ്ങള്‍ക്ക് വളരാനുള്ള പ്രധാന വഴിയായി ഇവര്‍ കാണുന്നു.

കോസ്‌മോ പൊളിറ്റന്‍ നഗരമായ ഡല്‍ഹി രക്തരൂഷിതമായ കലാപ മേഖലയായതില്‍ ഒരു അത്ഭുതവും ഇല്ലേ?
ഒരിക്കലുമില്ല. ഇന്ത്യയുടെ റെക്കോര്‍ഡ്, ദക്ഷിണേന്ത്യയില്‍ തന്നെ പ്രത്യേകിച്ചും കലാപങ്ങള്‍ അധികവും സംഭവിക്കുന്നത് നഗരങ്ങളിലാണ്. കാരണം ഇവിടെ ജനങ്ങള്‍ പരസ്പരം തമ്മില്‍ തമ്മില്‍ അറിയാത്തത് ഇതിന് ഒരു വലിയ ഘടകമായി മാറുന്നു. ഒരിക്കല്‍ തങ്ങള്‍ക്ക് അഭിവൃദ്ധി വരാന്‍ തുടങ്ങിയാല്‍ ആളുകള്‍ പിന്നെ കൂടുതല്‍ ഏകാന്തത അനുഭവിക്കുന്നവരും, വ്യക്തികേന്ദ്രീകൃതരുമായി മാറുന്നു. ആധുനികവത്കരണത്തിന്റെ വേഗത വര്‍ധിക്കുന്നതോടെ നിങ്ങള്‍ കൂടുതല്‍ കൂടുതല്‍ വ്യക്തികേന്ദ്രീകൃതമാവുന്നു. ഇതോടെ സമൂഹം ദുര്‍ബലപ്പെടുന്നു. സമൂഹം ആധുനികവത്കരണത്തെ അംഗപരിമിതമാക്കുമെന്ന വിശ്വാസത്തില്‍ ആധുനിക രാജ്യങ്ങള്‍ തന്നെ സമൂഹത്തെ ദുര്‍ബലപ്പെടുത്തുന്നുണ്ട്.
ആധുനിക രാജ്യങ്ങള്‍ക്ക് വേണ്ടത് ഐക്യരൂപമാണ്. അതുകൊണ്ട് തന്നെ രാജ്യവും വ്യക്തികളുമല്ലാതെ ഒരു സമൂഹത്തേയും രാഷ്ട്രീയത്തില്‍ നിന്നും അന്യം നില്‍ക്കാന്‍ അവര്‍ അനുവദിക്കില്ല. വ്യക്തിപരമായ നിലപാട് രാജ്യ താല്‍പര്യങ്ങള്‍ക്കെതിരാണെന്ന് സ്ഥാപിക്കാനാണ് അവര്‍ ശ്രമിക്കുക. ഇത് സംഭവിപ്പിക്കുന്നതിനായി ഏതറ്റം വരെയും അവര്‍ പോകുകയും ചെയ്യും.

നിങ്ങള്‍ ഐക്യരൂപത്തെ കുറിച്ച് സംസാരിക്കുന്നു. ഇന്ത്യ സവര്‍ക്കറുടെ മാതൃകയിലുള്ള ദേശീയതയിലൂന്നിയ രാജ്യമാവുകയാണോ?
അതേ എന്ന് നിങ്ങള്‍ക്ക് പറയാം. പാശ്ചാത്യ രീതിയിലുള്ള ആധുനിക ദേശീയ രാഷ്ട്രം എന്ന സങ്കല്‍പം വലിയ രൂപത്തില്‍ സ്വാധീനിക്കപ്പെട്ടയാളാണ് സവര്‍ക്കര്‍. ഇപ്പോള്‍ ഇതേ സവര്‍ക്കറാണ് അനൗദ്യോഗിക രാഷ്ട്രപിതാവ്. ദേശീയതയിലൂന്നിയ രാജ്യത്തിന് രാഷ്ട്രപിതാവായ ഗാന്ധിജിക്ക് ഇപ്പോള്‍ രണ്ടാനച്ഛന്റെ സ്ഥാനത്താണ്.

 

ഡല്‍ഹി കലാപം ഒരു പക്ഷത്ത് മാത്രം ഒതുങ്ങുന്നതല്ല. ഈ സാഹചര്യത്തില്‍ ഇതൊരു ഹിന്ദു-മുസ്‌ലിം കലാപമായി നിങ്ങള്‍ കാണുന്നുണ്ടോ?
അതേ ഡല്‍ഹി കലാപത്തില്‍ ഇരു പക്ഷവും പങ്കെടുത്തിട്ടുണ്ട്. പൗരത്വ നിയമ ഭേദഗതിക്കെതിരെ ശാഹീന്‍ബാഗില്‍ സ്ത്രീകള്‍ നടത്തുന്ന പ്രക്ഷോഭമാണ് ഇതിന് കാരണമായതെന്ന് പറയുന്നത് പ്രഥമദൃഷ്ട്യാ ദുഖകരമാണ്. ശാഹീന്‍ബാഗില്‍ ഇന്ത്യന്‍ പതാകയും ഭരണഘടനയുമേന്തി മുസ്്‌ലിം സ്ത്രീകള്‍ സമാധാനത്തെ കുറിച്ചാണ് സംസാരിക്കുന്നത്. ഇത് ഇന്ത്യയെ സംബന്ധിച്ച് വലിയ സാംസ്‌കാരികമായ പുരോഗതിയാണ്. ശാഹീന്‍ബാഗ് എന്നത് മറ്റൊരു തരത്തിലുള്ള പ്രതിപക്ഷമാണെന്നും ഇതിനെ ഏത് വിധേനയും തകര്‍ക്കണമെന്ന സര്‍ക്കാറിന്റെ ആശയം തീര്‍ത്തും വിഡ്ഢിത്തമാണ്. മുസ്‌ലിംകള്‍ ഗുണ്ടകളെ പോലെ പെരുമാറണമെന്നും ഇത് വഴി ഹിന്ദു-മുസ്‌ലിം വിഭജനം സാധ്യമാക്കാമെന്നും ഇത് അന്തിമമായി ഹിന്ദു വോട്ട് ബാങ്കിനെ പോക്കറ്റിലാക്കാന്‍ സഹായിക്കുമെന്നാണ് അവര്‍ കണക്ക് കൂട്ടുന്നത്.

വര്‍ഗീയ കലാപങ്ങള്‍ക്ക് ശക്തിപകരാനുള്ള ഉത്തരവാദിത്തം സ്വത്വ രാഷ്ട്രീയത്തിനാണോ?
കുറച്ച് കൂടി ശക്തമായി പറഞ്ഞാല്‍ സ്വത്വ രാഷ്ട്രീയം നല്ലതോ ചീത്തയോ ആകാം. ഇത് ശാസ്ത്രത്തെ പോലെയാണ്. ശാസ്ത്രത്തിന് നല്ല പര്യവസാനവും ചീത്ത പര്യവസാനവുമുണ്ട്. സ്വത്വ രാഷ്ട്രീയത്തെ ക്രിയാത്മകമായാണ് ഇന്ത്യ ഉപയോഗപ്പെടുത്തുന്നതെന്നാണ് ഈ നിമിഷം വരെ എനിക്ക് തോന്നിയിട്ടുള്ളത്. ഹിന്ദുത്വ എന്നാല്‍ ഹിന്ദൂയിസമല്ലെന്ന് സവര്‍ക്കര്‍ തന്നെ പറഞ്ഞിട്ടുണ്ട്. എങ്കിലും ഇപ്പോള്‍ ഹിന്ദുയിസം എന്നത് ഭീതിയുടെ പദമാക്കി മാറ്റിയിരിക്കുന്നു. സവര്‍ക്കര്‍ എല്ലാ അര്‍ഥത്തിലും ഒരു നാസ്തികനായിരുന്നു. തനിക്ക് ഹിന്ദു രീതിയിലുള്ള സംസ്‌കരണം ഉണ്ടാവരുതെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. ഹിന്ദു മഹാസഭയിലെ വനിതകള്‍ സവര്‍ക്കറിന്റെ വീടിന് മുന്നില്‍ ധര്‍ണ ഇരുന്നിട്ടും അദ്ദേഹത്തിന്റെ ഭാര്യക്ക് അന്ത്യകര്‍മ്മങ്ങള്‍ നല്‍കാന്‍ അദ്ദേഹം തയാറായിരുന്നില്ല. തന്റെ മൃതദേഹം ഒരു യാന്ത്രികമായ വാഹനത്തില്‍ കൊണ്ടു പോകണമെന്നും ഒരിക്കലും മറ്റുള്ളവരുടെ ചുമലില്‍ ഏറ്റി കൊണ്ടു പോകരുതെന്നും അദ്ദേഹം ആഗ്രഹിച്ചിരുന്നു.

സ്വത്വരാഷ്ട്രീയം ഇവിടെ നിലനില്‍ക്കുമോ?
വ്യത്യസ്ത രീതിയിലുള്ള സ്വത്വങ്ങളുണ്ടെങ്കിലും, നിലനില്‍പ് ഏത് സ്വത്വത്തെ കുറിച്ചാണോ നിങ്ങള്‍ സംസാരിക്കുന്നത് അതിന് അനുസൃതമായിരിക്കും. നിങ്ങള്‍ ഒരു ശക്തനായ വിശ്വാസിയാണെങ്കില്‍ നിങ്ങളുടെ രാഷ്ട്രീയ, മത സ്വത്വങ്ങളെ വേര്‍തിരിക്കാനാവില്ല. വടക്കേ അമേരിക്കയിലും യൂറോപ്പിലും മതപരമായ കൂറ് ദുര്‍ബലപ്പെട്ടു കഴിഞ്ഞു. ആശയത്വമാണ് ഇവിടെ ജീവിതത്തിന് അര്‍ത്ഥം നല്‍കുന്നത്. പക്ഷേ മതങ്ങള്‍ ദുര്‍ബലമാവാത്ത ഇന്ത്യ, തെക്കു കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍, ലാറ്റിനമേരിക്ക തുടങ്ങിയ രാജ്യങ്ങളില്‍ രാഷ്ട്രീയ സ്വത്വവും മതപരമായ സ്വത്വവും ഒരുമിപ്പിച്ചാണ് മുന്നോട്ടു പോകുന്നത്.

എല്ലാ തരത്തിലുള്ള സ്വത്വങ്ങളെയും ഭേദിക്കാന്‍ താങ്കളെ പോലുള്ള ബുദ്ധിജീവികള്‍ പ്രവര്‍ത്തിക്കേണ്ടതല്ലേ?
മതപരമായ സ്വത്വം എന്നത് പരിഗണിക്കേണ്ടത് തന്നെയാണ്. അത് ഒരിക്കലും പുറമെ നിന്നും ഒരാള്‍ക്ക് ഉന്‍മൂലനം ചെയ്യാവുന്ന ഒന്നല്ല. ഇതിനെ അകത്തു നിന്നു മാത്രമേ ദുര്‍ബലപ്പെടുത്താനാവൂ. ഈ സാഹചര്യത്തില്‍ എങ്ങനെയാണ് മതപരമായ സ്വത്വം ആളുകള്‍ക്ക് ധൈര്യം പകര്‍ന്നു നല്‍കുന്നതെന്നാണ് ഞങ്ങള്‍ നോക്കുന്നത്. ബാബരി മസ്ജിദിന്റെ തകര്‍ച്ചക്കു ശേഷം അയോധ്യയില്‍ വര്‍ഗീയ കലാപമുണ്ടായപ്പോള്‍ പല ഹിന്ദുക്കളും മുസ്‌ലിംകളെ സംരക്ഷിച്ച കാര്യം എനിക്ക് അറിയാം. അതേ പോലെ അയോധ്യയിലെ രാംലല്ലയിലുള്ള പ്രതിഷ്ഠയില്‍ വെക്കാനുള്ള തുണി തുന്നിയത് മുസ്‌ലിംകളാണ്. അതേ പോലെ ഹിന്ദു ദൈവങ്ങള്‍ക്ക് അര്‍പ്പിക്കാനുള്ള പൂക്കള്‍ വളര്‍ത്തുന്നതും മുസ്‌ലിംകളാണ്.

മുസ്‌ലിം സ്വത്വരാഷ്ട്രീയത്തിന്റെ അഭാവത്തിലാണോ ഹിന്ദുത്വ പ്രവര്‍ത്തിക്കുന്നത്?
മുസ്‌ലിം ദേശീയത നിലനിന്നില്ലെങ്കില്‍ പോലും ഹിന്ദുക്കളില്‍ ഇത് പരോക്ഷമായി നിലനില്‍ക്കും. മുസ്‌ലിം വര്‍ഗീയത നിലനിന്നെങ്കില്‍ മാത്രമേ ഹിന്ദു ദേശീയവാദികള്‍ക്ക് നിലനില്‍പുള്ളൂ. സമാനമായ രീതിയില്‍ മുസ്‌ലിം വര്‍ഗീയവാദികള്‍ക്ക് നിലനില്‍ക്കണമെങ്കില്‍ ഹിന്ദു ദേശീയത ആവശ്യമാണ്. ഇക്കാര്യം തീര്‍ത്തും വ്യക്തമാണ്. ഇരു പക്ഷവും പരസ്പരം കൊണ്ടും കൊടുത്തും സഹായിക്കുന്നതാണ്. ഇരു പക്ഷവും വോട്ടര്‍മാരെ ധ്രുവീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുസ്‌ലിംവര്‍ഗീയത എന്നത് അതിന്റെ യഥാര്‍ത്ഥ രൂപത്തിന്റെ വെറുമൊരു നിഴലായി പോലും ഇന്നില്ല. സ്വാതന്ത്ര്യാനന്തരം അത് ദുര്‍ബലപ്പെട്ടു. മുസ്‌ലിംകള്‍ക്ക് ആവശ്യമായത് (പാകിസ്താന്‍) കിട്ടിയതോടെ അവര്‍ പ്രതിരോധത്തിലായിക്കഴിഞ്ഞു. മുസ്‌ലിം വര്‍ഗീയതയെ ഇന്ന് വളമിട്ടു വളര്‍ത്തുന്നത് ഹിന്ദുദേശീയവാദികളാണ്.

സി എ എക്കു ശേഷം മുസ്‌ലിം സ്വത്വ രാഷ്ട്രീയം ഉയര്‍ന്നു വരുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ?
അതേ. ഇത് സര്‍ക്കാറിന്റെ തെരഞ്ഞെടുപ്പ് തന്ത്രങ്ങളോടുള്ള പ്രതികരണമായിരിക്കും. പൗരത്വ ഭേദഗതി നിയമം, കലാപമില്ലാതെ തന്നെ ഹിന്ദുവോട്ടര്‍മാരെ തങ്ങളിലേക്ക് അടുപ്പിക്കുമെന്നാണ് സര്‍ക്കാര്‍ കണക്ക് കൂട്ടുന്നത്. ഡല്‍ഹി തെരഞ്ഞെടുപ്പില്‍ അവര്‍ക്ക് ഇത് ഫലവത്താക്കാനായില്ല. ഇനി ശ്രമം പശ്ചിമ ബംഗാളിനു വേണ്ടിയാണ്. സി.എ.എ യഥാര്‍ഥത്തില്‍ ബംഗാള്‍ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ളതാണ്.

ആള്‍ക്കൂട്ട ആക്രമണം വര്‍ധിക്കുന്നു. ആള്‍ക്കൂട്ട കൊലപാതക വീഡിയോകള്‍ ജനങ്ങള്‍ പോസ്റ്റു ചെയ്യുന്നു. നിയമങ്ങള്‍ ഭേദിക്കുന്നത് ഒരു തരത്തില്‍ ആഘോഷിക്കപ്പെടുകയാണോ?
ആള്‍ക്കൂട്ട കൊലപാതകമെന്നത് ഭയാനകരമാണ്. രാജ്യത്തെ വിമര്‍ശിക്കുന്നവരൊക്കെ രാജ്യദ്രോഹികളാണെന്ന് ഭരണകര്‍ത്താക്കള്‍ തന്നെ പുരപ്പുറത്ത് കേറി പറയുന്നു. ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ നടന്നിട്ടും ഇന്ത്യയുടെ ഇമേജിന് കാര്യമായ നാശമൊന്നും സംഭവിച്ചിട്ടില്ല. 1950-കള്‍ വരെ അമേരിക്കയായിരുന്നു ആള്‍ക്കൂട്ട കൊലപാതകങ്ങളുടെ തലസ്ഥാനം. പിന്നീട് അവര്‍ക്ക് ഇതിനെ നിയമം മൂലം നിയന്ത്രിക്കാനായി. ഇന്ത്യയില്‍ പക്ഷേ ഇത് തുടരുന്നു. ആള്‍ക്കൂട്ട കൊലക്ക് കാഴ്ചക്കാരായി പൊതു ജനം നില്‍ക്കുന്ന ലോകത്തിലെ ഏക രാജ്യം ഇന്ന് ഇന്ത്യയാണ്. നിയമം ഭേദിക്കുന്നതില്‍ സന്തോഷം പ്രകടിപ്പിക്കുകയാണിതെന്നത് ശരി തന്നെ. മൃഗീയതയാണ് സമൂഹത്തിന് ഇത് നല്‍കുന്ന സന്ദേശം. സ്വന്തം കുടുംബാംഗങ്ങളെയും കുടുംബത്തെയും തന്നെ കൂട്ടക്കൊലയിലൂടെ ഇല്ലാതാക്കുന്ന മൃഗീയ വാസന നമ്മളിപ്പോള്‍ അഭിമുഖീകരിക്കുകയാണല്ലോ.

എവിടേയാണ് സമൂഹത്തിന്റെ വീണ്ടെടുപ്പ് കിടക്കുന്നത്?
വികേന്ദ്രീകരണത്തിന്റെ കാര്യത്തില്‍ വളരെ സാവധാനത്തിലാണ് നമ്മുടെ വളര്‍ച്ചാ നിരക്കെങ്കിലും എല്ലാം മറക്കുന്ന നമ്മള്‍ ഇതേ കുറിച്ച് സംസാരിക്കുന്നില്ല. മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ചെയ്ത പോലെ കേന്ദ്രീകൃതമാക്കുകയാണെങ്കില്‍ (ഇന്ത്യയും വെസ്റ്റിന്‍ഡീസും തമ്മിലുള്ള ക്രിക്കറ്റ് മത്സരത്തില്‍ ഇന്ത്യ ജയിച്ചപ്പോള്‍ ഹിന്ദി കമന്റേറ്റര്‍ ഇന്ത്യയുടെ ജയം ഇന്ദിരാജിയുടെ വിജയം എന്നാണ് പറഞ്ഞത് എന്ന് ഞാന്‍ ഇപ്പോള്‍ ഓര്‍ക്കുന്നു)നേതാവിനായിരിക്കും എല്ലാ നല്ലതിന്റേയും ക്രെഡിറ്റ്. അതേ സമയം മോശമായതിന്റെ ക്രെഡിറ്റും നേതാവിന് തന്നെ ലഭിക്കും. ഇന്ദിരാഗാന്ധിക്ക് ലഭിച്ചപോലെ.

വികേന്ദ്രീകരണമാണോ പ്രധാനം?
അതേ. ഇങ്ങനെ സംഭവിച്ചാല്‍ ഉത്തരവാദിത്തം പങ്കുവെക്കപ്പെടും. ഹിന്ദുത്വയുടെ പേരില്‍ നിങ്ങള്‍ക്ക് ഇന്ത്യ മുഴുവന്‍ ജനങ്ങളെ ഇളക്കാനാവില്ല. നിങ്ങള്‍ക്ക് സാധാരണ തെരഞ്ഞെടുപ്പ് പോരാട്ടം നടത്താം. ബി ജെ പി നേതാക്കള്‍ ഹിന്ദുത്വയെ കുറിച്ച് സംസാരിക്കുന്നതിനേക്കാളും മൃദുവായാണ് ആര്‍ എസ് എസ് നേതാവ് മോഹന്‍ ഭാഗവത് സംസാരിക്കുന്നത്. സവര്‍ക്കറിന്റേയും എം.എസ് ഗോള്‍വാര്‍ക്കറിന്റേയും ചില രചനകള്‍ വാദപ്രതിവാദത്തിന് വിധേയമാക്കേണ്ടതുണ്ടെന്ന് പോലും ഭാഗവത് ഈയിടെ പറഞ്ഞിരുന്നു.
പക്ഷേ ഹിന്ദുത്വ ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബി.ജെ.പി രണ്ട് ലോക്‌സഭാ തെരഞ്ഞെടുപ്പുകള്‍ മികച്ച രീതിയില്‍ ജയിച്ചത് അങ്ങനെയാണ്. ഹിന്ദുക്കളുടെ മാത്രം വോട്ടു നേടിയല്ല അദ്ദേഹം ജയിച്ച് അധികാരത്തിലെത്തിയത്. ഹിന്ദുത്വയും അതിദേശീയതയും വലിയൊരളവ് വോട്ട് നേടിക്കൊടുത്തു. മറ്റൊരു രീതിയില്‍ സര്‍ക്കാറില്‍ നിന്നും പ്രതിഫലം ആഗ്രഹിച്ച കോര്‍പറേറ്റുകള്‍ അടക്കമുള്ള വിഭാഗം വലിയ തോതില്‍ പ്രചാരണങ്ങള്‍ക്ക് പണമൊഴുക്കി. മോദിക്ക് രണ്ടാമതൊരു അവസരം കൂടി നല്‍കണമെന്ന ജനങ്ങളുടെ ചിന്തയാണ് അദ്ദേഹത്തിന് വിജയമൊരുക്കിയതില്‍ ഒരു ഘടകമെന്നാണ് ഞാന്‍ കരുതുന്നത്.

അന്തിമമായി എന്താണ് വിജയിച്ചത്. ഹിന്ദുത്വയോ അതോ ഹിന്ദുയിസമോ?
സംശയം വേണ്ട ഹിന്ദൂയിസം തന്നെ. 3000 വര്‍ഷങ്ങള്‍ പിന്നിട്ടതാണത്. ഹിന്ദൂയിസം ഒരു മതമാണ്. അതേ സമയം ഹിന്ദുത്വ ഒരു ആശയത്വമാണ്. മതം എന്ന് പറയുന്നത് നിങ്ങളില്‍ ആന്തരികമായി നിലനില്‍ക്കുന്ന ഒന്നാണ്. രാഷ്ട്രവാദികള്‍ക്കോ, ഹിന്ദുത്വ വാദികള്‍ക്കോ വേണ്ടി ഇന്ത്യക്കാര്‍ അവരുടെ മതം ഉപേക്ഷിക്കുമെന്ന് താന്‍ കരുതുന്നില്ല. ദേശീയതയെ വെറുത്ത ഒരു രാഷ്ട്രകവിയും (രവീന്ദ്രനാഥ ടാഗോര്‍), സായുധമാക്കപ്പെട്ട ദേശീയത സാമ്രാജ്യത്വത്തില്‍ നിന്നും വിഭിന്നമല്ലെന്ന് പറഞ്ഞ ഒരു രാഷ്ട്ര പിതാവും (മഹാത്മാ ഗാന്ധി) നമുക്കുണ്ടെന്ന കാര്യം നമ്മള്‍ മറക്കരുത്.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x