25 Thursday
April 2024
2024 April 25
1445 Chawwâl 16

ബ്രെക്‌സിറ്റ്: തെരേസ മേയുടെ രാജിക്ക് മുറവിളി

ബ്രെക്‌സിറ്റ് ബ്രിട്ടനെ നയിക്കുന്നത് വലിയ രാഷ്ട്രീയപ്രതിസന്ധിയിലേക്ക്. ബ്രെക്‌സിറ്റ് നടപടികള്‍ കൈകാര്യം ചെയ്യുന്നതില്‍ പരാജയപ്പെട്ട പ്രധാനമന്ത്രി തെരേസ മേയുടെ രാജിക്കായി വന്‍സമ്മര്‍ദം. ഭരണകക്ഷിയായ ക ണ്‍സര്‍വേറ്റിവ് പാര്‍ട്ടി എം.പിമാരാണ് ബ്രെക്‌സിറ്റ് കുരുക്കഴിക്കാന്‍ മേയ് രാജിവെക്കുന്നതാണ് ഉചിതമെന്ന് അഭിപ്രായമുന്നയിച്ചത്. മേയ് രാജിവെച്ചാല്‍ ഉപപ്രധാനമന്ത്രി ഡേവിഡ് ലിഡിങ്ടന്റെ നേതൃത്വത്തില്‍ കാവല്‍ മന്ത്രിസഭ രൂപവത്കരിക്കാനാണ് എം.പിമാര്‍ ലക്ഷ്യമിടുന്നത്. ബ്രെക്‌സിറ്റ് കരാറില്‍ അടുത്താഴ്ച പാര്‍ലമന്റെില്‍ മൂന്നാംതവണ വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് മേയ്‌ക്കെതിരെ സ്വന്തം പാര്‍ട്ടിക്കുള്ളിലെ പടയൊരുക്കം. ഇതോടെ ബ്രെക്‌സിറ്റ് കരാറിന്റെ ഭാവിയെ ചൊല്ലിയും ആശങ്കയുയര്‍ന്നു. മൂന്നാംതവണ നടക്കുന്ന  വോട്ടെടുപ്പില്‍ കരാര്‍ പാസാക്കാമെന്ന പ്രതീക്ഷയിലായിരുന്നു മേയ്. ബ്രെക്‌സിറ്റ് വിഷയത്തില്‍ എതിരാളികളുടെ എണ്ണം അടിക്കടി വര്‍ധിക്കുന്ന സാഹചര്യത്തില്‍ വോട്ടെടുപ്പ് നീട്ടിവെക്കാനാണ് സാധ്യതയെന്നും വിലയിരുത്തലുകളുണ്ട്.
എന്നാല്‍, മേയ്‌യെ അട്ടിമറിക്കാന്‍ ഗൂഢാലോചന നടക്കുന്നുവെന്ന വാര്‍ത്തകള്‍ ബ്രിട്ടീഷ് പാര്‍ലമെന്റ് തള്ളി. താന്‍ നൂറുശതമാനവും പ്രധാനമന്ത്രിയെ പിന്തുണക്കുന്നതായി അറിയിച്ച ലിഡിങ്ടണ്‍ മറ്റുതരത്തിലുള്ള പ്രചാരണങ്ങള്‍ അവാസ്തവമാണെന്നും പറഞ്ഞു. എല്ലാ എം പിമാരും മേയ്ക്ക് അനുകൂലമായി ഒറ്റക്കെട്ടായി നിലനില്‍ക്കണമെന്നും പ്രധാനമന്ത്രിയെയോ സര്‍ക്കാറിനെയോ മാറ്റിയതു കൊണ്ട് മാത്രം പരിഹരിക്കാന്‍ കഴിയുന്ന പ്രശ്‌നമല്ലിതെന്ന് യു കെ ചാന്‍സലര്‍ ഫിലിപ് ഹാമന്ദ് വ്യക്തമാക്കി. അതേസമയം, ബ്രെക്‌സിറ്റ് സംബന്ധിച്ച് മറ്റൊരു ഹിതപരിശോധന പരിഗണനയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പുതിയ ഹിതപരിശോധന ആവശ്യപ്പെട്ട് കഴിഞ്ഞദിവ സം 10 ലക്ഷത്തോളം ആളുകള്‍ ലണ്ടനിലെ തെരുവിലിറങ്ങിയിരുന്നു.  ലണ്ടന്‍ മേയര്‍ സാദിഖ്ഖാന്‍, സ്‌കോട്ടിഷ് നേതാവ് നികോള സ്റ്റര്‍ജന്‍, ലേബര്‍ പാര്‍ട്ടി നേതാക്കളായ ടോം വാട്‌സന്‍, കണ്‍സര്‍വേറ്റിവ് ഉപപ്രധാനമന്ത്രി ലോര്‍ഡ് ഹെസല്‍റ്റെന്‍ എന്നിവരാണ് റാലിക്ക് നേതൃത്വം നല്‍കിയത്. വീണ്ടുമൊരു ഹിതപരിശോധന ആലോചനയില്‍ പോലുമില്ലെന്നാണ് നേരത്തേ മേയ് അറിയിച്ചിരുന്നത്.
ബ്രെക്‌സിറ്റ് പൂര്‍ത്തിയാക്കാന്‍ ഈ മാസം 29ന് അവസാനിക്കുന്ന കരാര്‍ പരിധിയില്‍ യൂറോപ്യന്‍ യൂനിയന്‍ ബ്രിട്ടന് ഇളവു നല്‍കിയിരുന്നു. ഇതുപ്രകാരം അടുത്താഴ്ച നടക്കുന്ന വോട്ടെടുപ്പില്‍ പുതിയ ബ്രെക്‌സിറ്റ് കരാറിന് പാര്‍ലമന്റെിന്റെ അംഗീകാരം ലഭിച്ചാല്‍ മേയ് 22നകവും അല്ലാത്തപ ക്ഷം ഏപ്രില്‍ 12നകവും യൂറോപ്യന്‍ യൂനിയന്‍ വിടണമെ ന്നാണ് നിര്‍ദേശം.
2016 ജൂണില്‍ നടന്ന ഹിതപരിശോധനയിലാണ് നേരിയ വോട്ടിന്റെ ഭൂരിപക്ഷത്തില്‍ യൂറോപ്യന്‍ യൂനിയനില്‍ നിന്ന് പുറത്തുപോകാനുള്ള തീരുമാനത്തെ(ബ്രെക്‌സിറ്റ്) ജനം അംഗീകരിച്ചത്. രാജ്യത്തെ വലിയൊരു ദുരന്തത്തിലേക്ക് തള്ളിവിട്ടതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഡേവിഡ് കാമറണ്‍ പ്രധാനമന്ത്രിസ്ഥാനം രാജിവെച്ചതോടെ തെരേസ മേയ് അധികാരത്തിലെത്തി. അധികാരമേറ്റെടുത്തതു മുതല്‍ നടപടികളുമായി മുന്നോട്ടു പോയെങ്കിലും മേയ്‌യെ സംബന്ധിച്ച് ബ്രെക്‌സിറ്റ് അഴിക്കും തോറും മുറുകുന്ന കുരുക്കായി മാറിയിരിക്കയാണ്.
0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x