22 Sunday
December 2024
2024 December 22
1446 Joumada II 20

ബുഖാരിയും മുസ്‌ലിമും പാപസുരക്ഷിതരല്ല-പി കെ മൊയ്തീന്‍ സുല്ലമി


മഅ്‌സ്വൂം എന്ന പദത്തിന്റെ സാങ്കേതികമായ അര്‍ഥം പാപസുരക്ഷിതന്‍ എന്നാണ്. നബി(സ)യുടെ സമൂഹത്തില്‍ ഏറ്റവും ഉന്നതര്‍ സ്വഹാബത്താണ്. സ്വര്‍ഗം കൊണ്ട് സന്തോഷവാര്‍ത്ത അറിയിക്കപ്പെട്ടവര്‍ അവരുടെ കൂട്ടത്തിലാണ്. അവര്‍ പോലും പാപസുരക്ഷിതരല്ലായെന്നതാണ് വസ്തുത. അവരില്‍ ചിലര്‍ക്കു പറ്റിയ അബദ്ധങ്ങള്‍ ഹദീസുകളില്‍ കാണാം. ഉഹുദ്, ഹുനൈന്‍ യുദ്ധങ്ങളില്‍ നിന്ന് പിന്തിരിഞ്ഞോടിയതും ആഇശ(റ)യെ സംബന്ധിച്ചുള്ള അപവാദ പ്രചാരണത്തില്‍ പങ്കെടുത്തതും, മാഇസ്(റ)വും ഗ്വാമിദയത്ത് ഗോത്രത്തില്‍ പെട്ട സ്ത്രീയും വ്യഭിചാരിക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ടതും ഇതില്‍ പെട്ടതാണ്. ശിര്‍ക്ക് പതിയിരിക്കുന്ന സാഹചര്യങ്ങളെപ്പോലും ചിലര്‍ കരുതലോടെ കണ്ടിരുന്നില്ല എന്നാണല്ലോ ദാതുഅന്‍വാത്വ് സംഭവം സൂചിപ്പിക്കുന്നത്.അതുകൊണ്ട് തന്നെയാണ് സലഫുകളായ പണ്ഡിതന്മാര്‍ സ്വഹാബികള്‍ മഅ്‌സ്വൂമുകളല്ലായെന്ന് രേഖപ്പെടുത്തിയതും. ഇമാം ഗസ്സാലി(റ) രേഖപ്പെടുത്തുകയുണ്ടായി. ”സ്വഹാബികള്‍ പാപസുരക്ഷിതരല്ല. അവര്‍ക്ക് തെറ്റു സംഭവിക്കാം” (ഇഹ്്‌യാ ഉലുമിദ്ദീന്‍ 2:116). ഫത്ഹുല്‍ബാരിയില്‍ (6:51) അസ്ഖലാനിയും(റ), ജമിഉല്‍ ആദാബില്‍ (1:414) ഇബ്‌നുല്‍ഖയ്യിമും(റ) അല്ലാഹുവിന്റെ ഔലിയാക്കളും മഅ്‌സ്വൂമുകളല്ലായെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നിട്ടും അവരെക്കുറിച്ച് വിശുദ്ധ ഖുര്‍ആന്‍ ”അല്ലാഹു അവരെക്കുറിച്ചും അവര്‍ അല്ലാഹുവെ സംബന്ധിച്ചും തൃപ്തിപ്പെട്ടിരിക്കുന്നു” (മാഇദ 116) എന്ന് പറയാന്‍ കാരണം ആദ്യകാലത്ത് അവരുടെ അചഞ്ചലമായ ഈമാനും ത്യാഗവും പരിഗണിച്ചുകൊണ്ടുതന്നെയാണ്. അങ്ങനെ നോക്കുമ്പോള്‍ ഇമാം ബുഖാരിയും മുസ്‌ലിമും മറ്റു സ്വിഹാഹുസ്സിത്തയിലെ ഹദീസുകള്‍ റിപ്പോര്‍ട്ടു ചെയ്ത മുഹദ്ദിസുകളും ശ്രേഷ്ടതയില്‍ സ്വഹാബത്തിനേക്കാള്‍ എത്രയോ പിന്നിലാണ്. എന്നാല്‍ ചില അല്പബുദ്ധികള്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത് ഖുര്‍ആനിനേക്കാളും സ്ഥാനം സ്വഹീഹുല്‍ ബുഖാരിക്കാണ് എന്നതാണ്. യഥാര്‍ഥ തരത്തില്‍ പ്രമാണങ്ങളില്‍ ബുഖാരിക്ക് മൂന്നാം സ്ഥാനമാണ് ഉള്ളത്. ഒന്ന്: ഖുര്‍ആന്‍, രണ്ട്: ബുഖാരിയും മുസ്്‌ലിമും സംയുക്തമായി റിപ്പോര്‍ട്ടു ചെയ്തിട്ടുള്ള ഹദീസുകള്‍. മൂന്ന്: സ്വഹീഹുല്‍ ബുഖാരി, നാല്: സ്വഹീഹ് മുസ്‌ലിം ഇങ്ങനെയാണ് പ്രമാണങ്ങളുടെ ക്രമം. ഇതില്‍ തന്നെ ഇമാം മുസ്‌ലിമിനെ ബുഖാരിയേക്കാള്‍ മുന്തിച്ച പണ്ഡിതന്മാരും ഉണ്ട് എന്നതാണ് വസ്തുത. ലോകത്ത് ഖുര്‍ആനും സുന്നത്തും പ്രമാണമാക്കി ജീവിക്കാന്‍ ആഹ്വാനം ചെയ്ത ബഹുഭൂരിപക്ഷം സലഫുസ്സ്വാലിഹുകളായ പണ്ഡിതന്മാരും ബുഖാരിയും മുസ്‌ലിമും അടക്കമുള്ള സ്വിഹാഹുസ്സിത്തയിലെ പതിനായിരക്കണക്കില്‍ ഹദീസുകളെ വിമര്‍ശന വിധേയമാക്കിയിട്ടുണ്ട്. ഇബ്‌നുല്‍ ഖയ്യീം, ഇമാം റാസി, ഇബ്‌നുല്‍ ജൗസി, ഇമാം നവവി, ഇബ്‌നു ഹജറുല്‍ അസ്ഖലാനി, ഇമാം ഗസ്സാലി, ഇബ്‌നു തൈമിയ്യ(റ) എന്നിവര്‍ അവരില്‍ ചിലര്‍ മാത്രമാണ്. ദീനിന്റെ അടിസ്ഥാനം മനസ്സിലാക്കാത്തവരുടെ വാദം ഉസ്വൂലുല്‍ ഹദീസിന്റെ ആവശ്യം തന്നെയില്ല എന്നതാണ്. ഇനി അങ്ങനെ ഉണ്ടെങ്കില്‍ തന്നെ അത് ബുഖാരിക്കും മുസ്‌ലിമിനും ബാധകമല്ലായെന്നുമാണ്. ഇവരുടെ ഇത്തരം വാദങ്ങള്‍ ശരിയല്ലായെന്ന് ഇബ്‌നു ഹജറുല്‍ അസ്ഖലാനിയുടെ നുഖ്ബതുല്‍ ഫിക്ര്‍ 113ാം പേജും, ജലാലുദ്ദീനുസ്സുയൂഥിയുടെ തദീരിബുര്‍റാവി 1:327-ാം പേജും ഇമാം സഖാവിയുടെ ഫത്ഹുല്‍ മുഗീസ് 1:227ാം പേജും പരിശോധിച്ചാല്‍ മനസ്സിലാക്കാന്‍ സാധിക്കും. ഒരു ഹദീസ് സ്വഹീഹായി അംഗീകരിക്കണമെങ്കില്‍ അതിന്റെ സനദും (പരമ്പര) മത്‌നും (വിഷയം – മാറ്റര്‍) ശരിയായിരിക്കണം എന്നത് ഉസ്വൂലുല്‍ ഹദീസിന്റെ പണ്ഡിതന്മാര്‍ വെച്ച നിബന്ധനയാണ്. എന്നാല്‍ ഒരു ഹദീസിന്റെ മത്‌ന് (മാറ്റര്‍) എന്തായിരുന്നാലും ശരി, അതിന്റെ പരമ്പര മാത്രം ശരിയായാല്‍ മതി എന്നാണ് ഈ അടുത്ത കാലത്ത് ചിലരുടെ വാദം. ഉദാഹരണത്തിന്: ഇസ്‌ലാം കാര്യം അഞ്ചാണ്. സ്വഹീഹായ പരമ്പരയോടെ ഇസ്‌ലാം കാര്യം ആറാണ് എന്ന വിധം ഒരു ഹദീസുണ്ടെങ്കില്‍ പരമ്പര ശരിയായതിനാല്‍ പ്രസ്തുത ഹദീസും ശരിയാണ്. സ്വീകരിക്കാം എന്നാണ് ഇക്കൂട്ടരുടെ വാദപ്രകാരം നാം മനസ്സിലാക്കുന്നത്. അഥവാ ഇക്കൂട്ടരുടെ പിടിവാശിയോ ജഹാലത്തോ ആണ് നേരു പറയുന്നവരെ ഹദീസുനിഷേധികളും അഖലാനികളുമാക്കിത്തീര്‍ക്കുന്നത്. ഒരു ഹദീസ് സ്വഹീഹായി അംഗീകരിക്കേണമെങ്കില്‍ അതിന്റെ സനദും (പരമ്പര) മത്‌നും (മാറ്റര്‍) ശരിയായിരിക്കല്‍ നിര്‍ബന്ധമാണെന്ന് ഹദീസു നിദാനശാസ്ത്ര പണ്ഡിതന്മാരെല്ലാം രേഖപ്പെടുത്തി വെച്ചിട്ടുണ്ട്. ഇമാം ശാത്വബിയുടെ അല്‍ഇഅ്തിസ്വാം 1:290ാം പേജും ഇബ്‌നുകസീറിന്റെ അല്‍ബാഇസ് 42-ാം പേജും ജലാലുദ്ദീനുസ്സുയൂഥിയുടെ അല്‍ഹാവീലില്‍ ഫതാവാ 2:124ാം പേജും പരിശോധിച്ചാല്‍ അക്കാര്യം ബോധ്യപ്പെടും. സ്വഹീഹുല്‍ ബുഖാരിയിലെ 3655-ാം നമ്പര്‍ ഹദീസിനെ വിശദീകരിച്ചുകൊണ്ട് ഇബ്‌നു അബ്ദുല്‍ബര്‍റ്(റ) രേഖപ്പെടുത്തിയതു ശ്രദ്ധിക്കുക: ”ഇബ്‌നു ഉമര്‍(റ) ഉദ്ധരിച്ച ഹദീസിന്റെ പരമ്പര ശരിയാണെങ്കിലും പ്രസ്തുത ഹദീസിന്റെ (ആശയം) തെറ്റാണ്” (ഫത്ഹുല്‍ബാരി 8:577). ഈ വിഷയത്തില്‍ ഇമാം സഖാവി രേഖപ്പെടുത്തിയത് ഇപ്രകാരമാണ്: ”ഒരു ഹദീസിന്റെ സനദിലോ മത്‌നിലോ ആശയക്കുഴപ്പം ഉണ്ടാക്കുന്ന പക്ഷം നിര്‍ബന്ധമായും പ്രസ്തുത ഹദീസ് ദുര്‍ബലമാകുന്നതാണ്” (ഫത്ഹുല്‍ മുഗീസ് 1:225) നുബതുല്‍ ഫിക്‌റിന്റെ ശറഹ് (വ്യാഖ്യാനം) 123-ാം പേജ് നോക്കുക. ആശയക്കുഴപ്പമുണ്ടാക്കുന്ന ഹദീസുകള്‍ സ്വീകാര്യയോഗ്യമല്ല. അത് ചിലപ്പോള്‍ സനദില്‍ മത്രമല്ല, മത്‌നിലും വരും. ഇമാം നവവി(റ) വിന്റെ ഗുരുനാഥനായ അബൂശാമയുടെ വാക്കുകള്‍ ശ്രദ്ധിക്കുക: ”ആശയക്കുഴപ്പം ചിലപ്പോള്‍ ഹദീസിന്റെ മത്‌നില്‍ (പരമ്പര) മാത്രം സംഭവിക്കാം. ചിലപ്പോള്‍ സനദില്‍ (മാറ്റര്‍) മാത്രവും സംഭവിക്കാം. ചിലപ്പോള്‍ രണ്ടിലും കൂടി ഒപ്പം സംഭവിക്കാം. അത്തരം ഹദീസുകള്‍ സ്വീകാര്യമല്ലെന്ന് ജലാലുദ്ദീനുസ്സൂയുഥി ‘തദ്‌രീബുര്‍റാവി’ എന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട് ”(ഹാമിഷ് – അല്‍ബാഇസ്, പേജ് 68). ഒരു ഹദീസില്‍ ഒരു ആശയക്കുഴപ്പം മാത്രം ഉണ്ടായാല്‍ പ്രസ്തുത ഹദീസ് തെളിവിന് കൊള്ളുന്നതല്ലായെന്നതാണ് ഉസ്വൂലുല്‍ ഹദീസ് പഠിപ്പിക്കുന്നത്. ആതേയവസരത്തില്‍ ‘നബി(സ)ക്ക് കൂടോത്രം ബാധിച്ചു’ എന്ന് പറയപ്പെടുന്ന ഹദീസുകള്‍ക്ക് നാലോളം ആശയക്കുഴപ്പങ്ങള്‍ ഉണ്ട്. എന്നിട്ടും ചിലര്‍ തലയേ പോയിട്ടുള്ളൂ ഇപ്പോഴും ശരീരം അനങ്ങുന്നുണ്ട് എന്ന് പറഞ്ഞ് പാമരന്മാരെ വഞ്ചിക്കുകയാണ്. തല പോയാല്‍ ശരീരത്തിന് നിലനില്പില്ല എന്നറിയുന്ന മാന്യന്മാരെന്നഭിമാനിക്കുന്ന ചിലരും തങ്ങളുടെ സ്ഥാനമാനങ്ങള്‍ നിലനിര്‍ത്താന്‍ വേണ്ടി മാത്രം ഇത്തരം അബദ്ധങ്ങള്‍ക്ക് കൂട്ടുനില്‍ക്കുകയും ചെയ്യുന്നു. അതുപോലെ തന്നെ ‘മുദല്ലിസുകള്‍’ (വിശ്വസ്തനായ വ്യക്തി പറയാത്ത കാര്യങ്ങള്‍ അയാളുടെ പേരില്‍ പറഞ്ഞു പ്രചരിപ്പിക്കുന്നവര്‍) റിപ്പോര്‍ട്ടു ചെയ്യുന്ന ഹദീസുകളും സ്വീകാര്യയോഗ്യമല്ല. ഇത്തരം മുദല്ലിസുകളില്‍ പെട്ട ഒരു വ്യക്തിയാണ് ഹിശാമുബ്‌നു ഉര്‍വ എന്ന വ്യക്തി. അദ്ദേഹം മുദല്ലിസാണെന്നു പറഞ്ഞത് ‘യഅ്ഖൂബുബ്‌നുശൈബ’ എന്ന പണ്ഡിതനാണ്. ഇബ്‌നുഹജര്‍(റ) ഫത്ഹുല്‍ ബാരിയുടെ മുഖവുര 702-ാം പേജില്‍ അക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്. ഹിശാമുബ്‌നു ഉര്‍വ മുദല്ലസാണെന്നു പറഞ്ഞതിന് ചിലരുടെ മറുപടി: തദ്്‌ലീസ് പലരൂപത്തിലുണ്ട് എന്നതാണ്. ഇന്നവര്‍ കട്ടെടുത്തിരിക്കുന്നു എന്ന് കൃത്യമായി ബോധ്യത്തോടെ ഒരാള്‍ പറഞ്ഞാല്‍ അതിനുള്ള മറുപടി. കളവ് പല വിധത്തിലുണ്ട് എന്ന് പറയുന്നതുപോലെ അതോടെ കട്ടെടുത്തവന്റെ കളവ് ഇല്ലാതായിത്തീരും എന്നാണ് ചില വിഡ്ഢികള്‍ മനസ്സിലാക്കിവെച്ചിട്ടുള്ളത്. ഇത്തരം മുദല്ലസാക്കപ്പെട്ട ഹദീസുകള്‍ ആരു റിപ്പോര്‍ട്ടു ചെയ്താലും അത് സ്വീകാര്യയോഗ്യമല്ലായെന്നാണ് ഇമാം നവവി(റ) പണ്ഡിതന്മാരില്‍ നിന്നും ഉദ്ധരിക്കുന്നത്. അത് ശ്രദ്ധിക്കുക: ”വല്ലവനില്‍ നിന്നും തദ്‌ലീസ് അറിയപ്പെടുന്ന പക്ഷം അത്തരക്കാര്‍ ഹദീസിന്‍െ വിഷയത്തില്‍ സ്വീകാര്യയോഗ്യനല്ല. ഒരിക്കലും ഒരു വിഷയത്തിലും സ്വീകാര്യയോഗ്യവുമല്ല”(ശറഹു മുസ്‌ലിം 1:58) സ്വഹീഹുല്‍ ബുഖാരിയിലെ പല ഹദീസുകളും ഇവര്‍ അന്ധമായ അനുകരണത്തിന് വിധേയമാക്കപ്പെടുന്ന മര്‍ഹും നാസറുദ്ദീന്‍ അല്‍ബാനി(റ) ദുര്‍ബലപ്പെടുത്തിയിട്ടുണ്ട്. ബുഖാരിയിലെ 2855-ാം നമ്പര്‍ ഹദീസും 6478-ാം നമ്പര്‍ ഹദീസും അക്കൂട്ടത്തില്‍ ഉള്‍പ്പെടുന്നു. അല്‍ബാനി(റ)യുടെ ‘ദ്വഈഫുല്‍ജാമിഅ്’ 4484-ാം നമ്പര്‍ ഹദീസ് നോക്കുക. അതുപോലെ അല്‍ബാനി(റ) സ്വഹീഹും ദ്വഈഫും വേര്‍തിരിച്ചു ഒരു രിയാളുസ്സ്വാലിഹീല്‍ ഇമാം നവവി(റ) ബുഖാരിയും മുസ്‌ലിമും സംയുക്തമായി റിപ്പോര്‍ട്ടു ചെയ്ത ഹദീസിനെ അദ്ദേഹം വിമര്‍ശിച്ചിട്ടുണ്ട്. പ്രസ്തുത ഹദീസ് ഇപ്രകാരമാണ്. ”നബി(സ) പ്രസ്താവിച്ചതായി അബൂഹുറയ്‌റ(റ) പറഞ്ഞു: ഇശാ നമസ്‌കാരത്തിന് മുമ്പുള്ള ഉറക്കിനെയും അതിനു ശേഷമുള്ള സംസാരത്തെയും നബി(സ) വെറുത്തിരുന്നു”(ബുഖാരി, മുസ്‌ലിം: ഹദീസ് നമ്പര്‍ 1775). ഈ ഹദീസിനെ വിമര്‍ശിച്ചുകൊണ്ട് മര്‍ഹൂം അല്‍ബാനി(റ) പ്രസ്താവിച്ചത് ശ്രദ്ധിക്കുക: ”എന്നാല്‍ വിരുന്നുകാരോടും വിജ്ഞാനം ആവശ്യമുള്ളവരോടും മറ്റും പരസ്പരം ചര്‍ച്ച നടത്തല്‍ വെറുക്കപ്പെട്ടതല്ലായെന്നു മാത്രമല്ല, അതു പുണ്യകര്‍മം കൂടിയാണ്” (രിയാദ്വുസ്സ്വാലിഹീന്‍, പേജ് 592). ഈ ഹദീസിന് അദ്ദേഹം മുകളില്‍ കൊടുത്ത ഹെഡ്ഡിംഗ് ഇപ്രകാരമാണ്: ”സ്വിഹ്്ഹത്തിന്റെ (സാധുത) നിബന്ധനയൊക്കാത്ത ഹദീസുകള്‍” (രിയാദ്വുസ്സ്വാലിഹീന്‍, പേജ് 687) അക്കൂട്ടത്തില്‍ തന്നെ ബുഖാരിയും മുസ്‌ലിമും സംയുക്തമായി ഉദ്ധരിച്ച മറ്റൊരു ഹദീസ് ശ്രദ്ധിക്കുക: ”രാത്രി നാല് നമസ്‌കാരം ഈരണ്ടീരണ്ടാണ്. സുബ്ഹി നമസ്‌കാരത്തെക്കുറിച്ച് (പാഴാകും) എന്ന് നീ ഭയപ്പെടുന്ന പക്ഷം ഒരു റക്അത്തുകൊണ്ട് ഒറ്റയാക്കേണ്ടതാണ് ”(ബുഖാരി, മുസ്‌ലിം, രിയാദ്വുസ്സ്വാലിഹീന്‍, ഹദീസ് നമ്പര്‍ 1176). ഇങ്ങനെ നോക്കിയാല്‍ മര്‍ഹൂം അല്‍ബാനി(റ)യും ഹദീസു നിഷേധിയും അഖലാനിയുമായിത്തീരും. മര്‍കസുദ്ദഅ്‌വ വിഭാഗം മുജാഹിദുകള്‍ക്ക് ഹദീസുകളെ  സംബന്ധിച്ച് മുന്‍ഗാമികള്‍ രേഖപ്പെടുത്തിയ അഭിപ്രായങ്ങളല്ലാതെ ഇല്ലതെ സ്വന്തമായി ഒരഭിപ്രായവും ഇല്ലായെന്നാണ് വസ്തുത. ഖുര്‍ആനും സുന്നത്തും അനുസരിച്ച് ജീവിക്കാന്‍ ശ്രമം നടത്തുകയും അതിനുവേണ്ടി ആഹ്വാനം നടത്തുകയും ചെയ്ത സലഫുസ്സ്വാലിഹുകളായ പണ്ഡിതന്മാര്‍ ഹദീസുകളെക്കുറിച്ച് രേഖപ്പെടുത്തിയ അഭിപ്രായങ്ങള്‍ അവര്‍ക്കുശേഷം വരുന്നവര്‍ എടുത്തുദ്ധരിച്ചാല്‍ അതെങ്ങനെ ഹദീസു നിഷേധമാകും? എങ്ങനെ അത്തരക്കാര്‍ അഖലാനികളായിത്തീരും? എത്ര ചിന്തിച്ചിട്ടും മനസ്സിലാകാത്ത കാര്യമാണിത്. ചുരുക്കത്തില്‍ നാം മനസ്സിലാക്കേണ്ട ഒരു കാര്യം ബുഖാരിയും മുസ്‌ലിമും സ്വിഹാഹുസ്സിത്തയിലെ മറ്റു മുഹദ്ദിസുകളും മഅ്‌സ്വൂമുകളല്ല. തെറ്റും ശരിയും അവരില്‍ നിന്നെല്ലാം സംഭവിക്കാവുന്നതാണ്. സ്വിഹാഹുസ്സിത്ത എന്ന് പറയപ്പെടുന്ന ഹദീസുഗ്രന്ഥങ്ങളില്‍ പതിനായിരക്കണക്കില്‍ ദുര്‍ബല ഹദീസുകളുണ്ട്. അതില്‍ ഭൂരിപക്ഷം ഹദീസുകള്‍ സ്വഹീഹാണ് എന്ന നിലയില്‍ മാത്രമായിരിക്കണം അതിന്ന് ആ പേര് നല്‍കിയിട്ടുള്ളത്. സ്വിഹാഹുസ്സിത്ത എന്നതിന്റെ അര്‍ഥം ‘ആറ് സ്വഹീഹായ ഹദീസുകള്‍’ എന്നാണ.് അതില്‍ ഏറ്റവും കൂടുതല്‍ ദുര്‍ബല ഹദീസുകളാണുള്ളത് ഇബ്‌നുമാജ റിപ്പോര്‍ട്ടു ചെയ്ത ഹദീസുകളിലാണ.് അബൂദാവൂദ്, തിര്‍മിദി, നസാഈ, മുസ്‌ലിം, ബുഖാരി എന്നിവയില്‍ മേല്‍പോട്ടു പോകുന്തോറും ദുര്‍ബലമായ ഹദീസുകള്‍ കുറവായിരിക്കും എന്ന് മാത്രമേയുള്ളൂ. ഇത് മനസ്സിലാക്കാത്തവര്‍ ഇന്നുമുണ്ട്. ഹദീസു നിദാന ശാസ്ത്ര നിയമമനുസരിച്ച് സ്വഹീഹും ദുര്‍ബലതയും വേര്‍തിരിക്കുന്നവരെ മുഴുവന്‍ ഹദീസുനിഷേധികളായി കാണുന്നതും സങ്കുചിതമായ സംഘടനാ താല്‍ പര്യത്തില്‍ നിന്നുള്ളതാണ്.അബൂദാവൂദ്(റ) റിപ്പോര്‍ട്ടു ചെയ്ത ഹദീസുകളില്‍ പോലും നിരവധി ദുര്‍ബല ഹദീസുകള്‍ ഉണ്ട് എന്നതാണ് പണ്ഡാഭിപ്രായം. അല്‍ബാനി സ്വഹീഹാക്കിയ രിയാദ്വുസ്സ്വാലിഹീന്‍ എന്ന ഗ്രന്ഥത്തിന്റെ മുഖദ്ദിമയില്‍ (മുഖവുര) അദ്ദേഹം രേഖപ്പെടുത്തിയതു ശ്രദ്ധിക്കുക: ”എന്റെ ഗ്രന്ഥമായ ‘അബൂദാവൂദിലെ ദുര്‍ബല ഹദീസുകള്‍’ എന്ന ഗ്രന്ഥത്തില്‍ മുന്നൂറിലധികം ദുര്‍ബല ഹദീസുകളുണ്ട്. അബൂദാവൂദിലെ ആകെയുള്ള ദുര്‍ബല ഹദീസുകളുടെ എണ്ണം ആയിരത്തോളം വരുന്നതാണ്. എന്നാല്‍ അബൂദാവൂദ്(റ) താന്‍ ഉദ്ധരിച്ച ഒരു ഹദീസിന്റെയും ദുര്‍ബലത വ്യക്തമാക്കിയിട്ടില്ലായെന്നതും സുവ്യക്തമാണ്” (മുഖദ്ദിമത്തുരിയാദ്വിസ്സാലിഹീനി, പ ജേ് 12). അബൂദാവൂദിന്റെ സ്ഥിതി ഇപ്രകാരമാണെങ്കില്‍ നാം മുമ്പ് വിശദീകരിച്ചതുപോലെ ആപേക്ഷികമായി സ്വിഹാഹുസ്സിത്ത എന്ന് പറയപ്പെടുന്ന എല്ലാ ഹദീസു ഗ്രന്ഥങ്ങളിലും ദുര്‍ബതയുള്ള ഹദീസുകളുണ്ട്. സ്വിഹാഹുസ്സിത്തയിലെ ബുഖാരിയും മുസ്‌ലിമും അല്ലാത്ത നാല് മുഹദ്ദിസുകളും പ്രവാചകന്മാരെപ്പോലെ തെറ്റു കുറ്റങ്ങള്‍ വരാത്ത മഅ്‌സൂമുകളല്ല. കാരണം അവര്‍ ആരില്‍ നിന്നാണോ ഹദീസുകള്‍ കണ്ടും കേട്ടും ഉദ്ധരിക്കുന്നത് അയാള്‍ മോശക്കാരനായിരുന്നാലും ഒരു ഹദീസിന്റെ സാധുതക്ക് ഭംഗം നേരിടും എന്ന കാര്യത്തില്‍ സംശയമില്ല.

Back to Top