ബി ഡി എസ് മൂവ്‌മെന്റ് വീണ്ടും
ബി ഡി എസ് മൂവ്‌മെന്റുകളുടെ വാര്‍ത്തകള്‍ ഇതിന് മുമ്പും ഈ കോളത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടായിരുന്നു. ഇസ്‌റായേലിനെയും അവരുടെ അധിനിവേശ രാഷ്ട്രീയ നിലപാടുകളെ അംഗീകരിക്കുന്ന സംഘടനകളെയും വ്യക്തികളെയും സ്ഥാപനങ്ങളെയും സാധ്യമാകുന്നത്ര ബഹിഷ്‌കരിക്കുക, അവരുടെ സംരംഭങ്ങളില്‍ പങ്കാളികളാകാതിരിക്കുക, അവരുടെ വാണിജ്യ താല്പര്യങ്ങളില്‍ നിന്ന് സാധ്യമാകുന്നത്ര അകന്ന് നില്ക്കുക തുടങ്ങിയവയാണ് ബി ഡി എസ് മൂവ്‌മെന്റ് മുന്നോട്ടുവെക്കുന്ന മുഖ്യമായ ചില പ്രവര്‍ത്തനങ്ങള്‍. ബോയ്‌കോട്ട്, ഡിവസ്റ്റ്‌മെന്റ്, സാങ്ഷന്‍സ് എന്നാണ് ബി ഡി എസിന്റെ മുഴുവന്‍ പേര്. ബി ഡി എസ് ആക്റ്റിവിസ്റ്റുകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് സൗത്ത് ആഫ്രിക്കയില്‍ വെച്ച് നടന്ന ഒരു അക്കാദമിക് പരിപാടിയില്‍ നിന്ന് ഇസ്‌റായേല്‍ പ്രൊഫസര്‍മാരെ ഒഴിവാക്കിയതാണ് ഇപ്പോഴത്തെ വാര്‍ത്ത. അനേകം ജൂതമത വിശ്വാസികളും ബി ഡി എസ് മൂവ്‌മെന്റിന്റെ ഭാഗമായുണ്ട്. ലോകത്തെ വിവിധ രാജ്യങ്ങളിലായി ബി ഡി എസ് മൂവ്‌മെന്റ് വ്യാപിച്ച് കിടക്കുന്നുണ്ട്. ഈയടുത്ത് ഗസ്സയിലും വെസ്റ്റ് ബാങ്കിലും ഇസ്‌റായേല്‍ നടത്തിയ ആക്രമണങ്ങളില്‍ അനേകം പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇത്തരം കിരാതമായ നടപടികള്‍ തുടരുന്ന ഇസ്‌റായേലിന് പിന്തുണ നല്‍കുന്നവരെ സാധ്യമാകുന്നത്ര ശക്തമായി പ്രതിരോധിക്കാനാണ് സംഘടനയുടെ തീരുമാനം.