ബി ഡി എസിന് പിന്തുണയുമായി – റാഷിദ് തലൈബ്
അമേരിക്കന്‍ കോണ്‍ഗ്രസിലേക്ക് ഈയടുത്ത് തെരഞ്ഞെടുക്കപ്പെട്ട ഫലസ്തീന്‍ വംശജയാണ് റാഷിദ് തലൈബ്. കടുത്ത സ്ത്രീ വിരുദ്ധനെന്ന വിമര്‍ശനമുള്ള ഡൊണാള്‍ഡ് ട്രംപിന് കീഴില്‍ സെനറ്ററായി അടുത്ത മാസം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കാനിരിക്കെ രണ്ട് വിവാദ പ്രസ്താവനകളുമായി റാഷിദ് അല്‍ തലൈബ് വാര്‍ത്ത സൃഷ്ടിച്ചിരിക്കുകയാണ്. ഫലസ്തീന്‍ അവകാശങ്ങള്‍ക്കായി പൊരുതുന്ന ബി ഡീ എസ് മൂവ്‌മെന്റിന് തന്റെ പരസ്യ പിന്തുണയറിയിച്ചുകൊണ്ടുള്ള റാഷിദയുടെ അഭിപ്രായമാണ് ആദ്യത്തെ വാര്‍ത്ത. ബി ഡി എസ് മൂവ്‌മെന്റിനെതിരേ ശക്തമായ എതിര്‍പ്പുള്ളയാളാണ് ട്രംപ്. ഇസ്രായേലിനും ട്രംപിനും വിരോധമുള്ള ഒരു നിലപാടാണ് താന്‍ സ്വീകരിക്കുന്നതെന്ന് തനിക്കറിയാമെന്നും റാഷിദ പറഞ്ഞു. ഈയടുത്ത കാലത്ത് ഫലസ്തീന്‍ വിഷയത്തില്‍ നടന്നിട്ടുള്ള ശക്തമായ ഒരു മുന്നേറ്റമാണ് ബി ഡി എസ്. ബി ഡി എസിന്റെ പ്രവര്‍ത്തനങ്ങള്‍ മൂലം ഇസ്രായേലിനുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് പുറമേ സാംസ്‌കാരികമായ തലങ്ങളിലും അഭിപ്രായ രൂപീകരണങ്ങളിലും ബി ഡീ എസ് ശക്തമായ ഒരു സാന്നിധ്യമാകുന്നതായാണ് വിലയിരുത്തപ്പെടുന്നത്. രണ്ടാമതായി, തങ്ങളുടെ പ്രസിഡന്റ് ഒരു വംശീയവാദിയാണെന്ന അഭിപ്രായം തനിക്കുണ്ടെന്നും അവര്‍ പറഞ്ഞു. ഇന്റര്‍സെപ്റ്റ് ന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് റാഷിദ തന്റെ അഭിപ്രായങ്ങള്‍ വ്യക്തമാക്കിയത്. താന്‍ പറയുന്നതിന്റെ ഗൗരവ സ്വഭാവം താന്‍ മനസിലാക്കുന്നെന്നും വാസ്തവങ്ങളെ തിരസ്‌കരിക്കാന്‍ സാധിക്കില്ലെന്നും അവര്‍ പറഞ്ഞു. വംശീയമായ വേര്‍തിരിവ് ട്രംപ് തന്റെ എല്ലാ നിലപാടുകളിലും പുലര്‍ത്താറുണ്ടെന്നും റാഷിദ പറഞ്ഞു. ബി ഡി എസിനുള്ള തന്റെ പിന്തുണ വ്യക്തിപരമാണെന്നും അവര്‍ പറഞ്ഞു. റാഷിദയുടെ തെരഞ്ഞെടുപ്പ് വിജയം തന്നെ അമേരിക്കയില്‍ ഒരു ചരിത്രമായിരുന്നു.