ബിദ്അത്തുകളിലേക്ക് നയിക്കുന്ന ഖിയാസുകള്‍ – പി കെ മൊയ്തീന്‍ സുല്ലമി കുഴിപ്പുറം
ഖിയാസ് ഇസ്‌ലാമിന്റെ നാലാം പ്രമാണമാണ്. അതിന്റെ ഭാഷാപരമായ അര്‍ഥം, താരതമ്യപ്പെടുത്തുക, മാതൃകയാക്കുക എന്നൊക്കെയാണ്. ഇസ്‌ലാമില്‍ സാങ്കേതികമായി ഖിയാസ് കൊണ്ടുദ്ദേശിക്കുന്നത് ഖുര്‍ആനിലും സുന്നത്തിലും വന്നിട്ടുള്ള സുവ്യക്തമായ വിധിയുടെ അടിസ്ഥാനത്തില്‍ അവയില്‍ വന്നിട്ടില്ലാത്ത വിഷയങ്ങളുടെ മതവിധി കണ്ടെത്തുക എന്നതാണ്. ഉദാഹരണത്തിന് ലഹരി വസ്തുക്കളെക്കുറിച്ച് നബി(സ) പറഞ്ഞു: ”ബുദ്ധിയെ മറച്ചു വെക്കുന്ന എല്ലാ വസ്തുക്കളും നിഷിദ്ധമാണ്” (മുസ്‌ലിം). ഈ ഹദീസിന്റെ അടിസ്ഥാനത്തില്‍ നബി(സ)യുടെ കാലത്തില്ലാത്തതും ലഹരിയുണ്ടാക്കുന്നതുമായ എല്ലാ വസ്തുക്കളും ലോകാവസാനം വരെ നിഷിദ്ധമായിത്തീരുന്നതാണ്.
അല്ലാഹു പറയുന്നു: ”അല്ലാഹു നിങ്ങള്‍ക്ക് നല്‍കിയതില്‍ നിന്ന് അനുവദനീയവും വിശിഷ്ടവുമായതും നിങ്ങള്‍ ഭക്ഷിച്ചുകൊള്ളുക” (മാഇദ 88). ഈ വചനത്തിന്റെ അടിസ്ഥാനത്തില്‍ ഖുര്‍ആന്‍ അവതരിക്കുന്ന കാലഘട്ടത്തില്‍ ഇല്ലാത്ത ഒരു വസ്തു അനുവദനീയവും നല്ലതുമാണെങ്കില്‍ ലോകാവസാനം വരെ അത്തരം വസ്തു ഭക്ഷിക്കല്‍ അനുവദനീയമാണ്.
എന്നാല്‍ വിശ്വാസപരമായ കാര്യങ്ങളിലും ആരാധനാ കര്‍മങ്ങളിലും ഖിയാസ് (താരതമ്യപ്പെടുത്തല്‍) പാടില്ല. മദ്ഹബിന്റെ ഇമാമുകള്‍ക്ക് ഈ വിഷയത്തില്‍ വീക്ഷണ വ്യത്യാസമുണ്ടാവാം. അതിന് ഒരിക്കലും അവര്‍ കുറ്റക്കാരുമല്ല. അവര്‍ക്ക് ചില ഹദീസുകള്‍ ലഭിച്ചിരുന്നില്ല എന്നതായിരുന്നു അതിന്റെ കാരണം. അത്തരം അബദ്ധങ്ങള്‍ അവര്‍ തന്നെ തിരുത്തിയിട്ടുമുണ്ട്. ശാഫിഈ(റ)യുടെ ഒരു പ്രസ്താവന ശ്രദ്ധിക്കുക: ”എന്റെ പ്രസ്താവന നബി(സ)യുടെ വചനത്തിന് വിരുദ്ധമാണെങ്കില്‍ നിങ്ങള്‍ നബിചര്യയനുസരിച്ച് പ്രവര്‍ത്തിക്കുകയും എന്റെ പ്രസ്താവന നിങ്ങള്‍ മതിലില്‍ എറിയുകയും വേണം” (ഹുജ്ജതുല്ലാഹില്‍ ബാലിഗ 1:515)
ശാഫിഈ(റ)യുടെ മദ്ഹബുകാരാണെന്ന് അവകാശപ്പെടുന്ന ഒരു പണ്ഡിതനും അദ്ദേഹത്തിന്റെ ഈ പ്രസ്താവന അംഗീകരിക്കുന്നില്ല. ഉദാഹരണത്തിന് ശാഫിഈ(റ) വുദ്വൂവിന്റെ മറ്റുള്ള അവയവങ്ങളോട് ഖിയാസാക്കി തലയും മൂന്നു തവണ തടവലാണ് സുന്നത്ത് എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഈ അഭിപ്രായം താഴെ വരുന്ന സ്വഹീഹായ ഹദീസിന് വിരുദ്ധമാണ്. ”നബി(സ) തലയുടെ മുന്‍ഭാഗത്തു നിന്ന് ആരംഭിച്ച് രണ്ടു കൈകളും പിരടി വരെ കൊണ്ടുപോയി പിന്നെ തടവല്‍ ആരംഭിച്ച സ്ഥലത്തേക്കു മടക്കിക്കൊണ്ടു വരികയും ചെയ്തു” (ബുഖാരി, മുസ്‌ലിം). മറ്റൊരു റിപ്പോര്‍ട്ടില്‍ ഇപ്രകാരം കാണാം: ”അങ്ങനെ നബി(സ) തടവി. തന്റെ കൈകള്‍ കൊണ്ട് ഒരു പ്രാവശ്യം മുന്നോട്ടും പിന്നോട്ടും ചലിപ്പിച്ചു” (ബുഖാരി).
വുദ്വൂവിന്റെ വിഷയത്തില്‍ ഇമാം ശാഫിഈ(റ)ക്ക് രണ്ട് വീക്ഷണങ്ങളാണുള്ളത്. ഒന്ന്: തല അല്പം തടവല്‍, രണ്ട്: തല മൂന്നു വട്ടം തടവല്‍. എന്നാല്‍ ഖേദകരമെന്നു പറയട്ടെ, ഇത്തരം അബദ്ധങ്ങള്‍ തിരുത്താന്‍ അദ്ദേഹം ആഹ്വാനം ചെയ്തിട്ടും അന്ധമായി അദ്ദേഹത്തില്‍ വിശ്വസിച്ചുകൊണ്ട് അനുയായികള്‍ മുന്നോട്ട് നീങ്ങുകയാണ്!
ജുമുഅക്ക് മുമ്പ് വെള്ളിയാഴ്ച രണ്ടു റക്അത്ത് തഹിയ്യത്ത് നമസ്‌കാരം മാത്രമേ നബി(സ) സുന്നത്താക്കിയിട്ടുള്ളൂ എന്നാണ് സ്വഹീഹായ ഹദീസ് നമ്മെ പഠിപ്പിക്കുന്നത്. നബി(സ) പ്രസ്താവിച്ചു: ”വെള്ളിയാഴ്ച ദിവസം നിങ്ങളില്‍ ആരെങ്കിലും പള്ളിയില്‍ വരുന്ന പക്ഷം അവന്‍ രണ്ടു റക്അത്ത് നമസ്‌കരിച്ചുകൊള്ളട്ടെ” (ബുഖാരി). നബി(സ) മിമ്പറില്‍ ഖുത്വുബ നിര്‍വഹിച്ചുകൊണ്ടിരിക്കെ തഹിയ്യത്ത് നമസ്‌കരിക്കാതെ ഇരുന്ന സ്വഹാബിയെ വിളിച്ചുകൊണ്ടാണ് നബി(സ) ഇപ്രകാരം പ്രസ്താവിച്ചത്.
എന്നാല്‍ സാധാരണ ദ്വുഹ്‌റ് നമസ്‌കാരത്തിന്റെ സുന്നത്തിനോട് ഖിയാസാക്കി ജുമുഅയുടെ മുമ്പ് രണ്ടു റക്്അത്ത് സുന്നത്തു കൂടി നമസ്‌കരിക്കുന്ന പതിവ് കുറേക്കാലമായി നടന്നുവരുന്നു. ഇപ്രകാരം നമസ്‌കരിക്കുന്നവരുട ഇമാമായ നവവി(റ)യുടെ ഗുരുനാഥന്‍ അബൂശാമ(റ)യുടെ പ്രസ്താവന ശ്രദ്ധിക്കുക: ”ഇശാഅ്, മഗ്‌രിബ് എന്നീ നമസ്‌കാരങ്ങള്‍ക്ക് മുമ്പ് സുന്നത്ത് നമസ്‌കരിക്കുന്നതു പോലെ ജുമുഅക്ക് മുമ്പ് സുന്നത്തു നമസ്‌കാരമില്ല” (കിതാബുല്‍ ബാഇസ്, പേജ് 285). വീണ്ടും അദ്ദേഹം രേഖപ്പെടുത്തി: ”ജുമുഅക്ക് മുമ്പ് സുന്നത്ത് നമസ്‌കരിക്കുന്നതിനെ സംബന്ധിച്ച് നബി(സ)യില്‍ നിന്നും യാതൊരു റിപ്പോര്‍ട്ടും വന്നിട്ടില്ല. നമസ്‌കാരം ചര്യയാക്കുന്ന വിഷയത്തില്‍ ഖിയാസ് അനുവദനീയമല്ല” (കിതാബുല്‍ ബാഇസ്, പേജ് 286).
പ്രസ്തുത സുന്നത്തു നമസ്‌കാരത്തെ സംബന്ധിച്ച് ഇബ്‌നുല്‍ ഖയ്യിം(റ) രേഖപ്പെടുത്തിയത് ഇപ്രകാരമാണ്: ജുമുഅക്ക് മുമ്പുള്ള സുന്നത്ത് നമസ്‌കാരം നബി(സ)യുടെ വാക്കുകൊണ്ടോ പ്രവൃത്തി കൊണ്ടോ സ്ഥിരപ്പെട്ടു വന്നിട്ടില്ല. അല്ലെങ്കില്‍ ഖുലഫാ ഉര്‍റാശിദുകളുടെ ചര്യകൊണ്ടും സ്ഥിരപ്പെട്ടു വന്നിട്ടില്ല. ഖിയാസുകൊണ്ട് ഇത്തരം സുന്നത്തുകള്‍ സ്ഥാപിക്കുകയെന്നത് അനുവദനീയവുമല്ല.” (സാദുല്‍ മആദ് 1:432).
മരണപ്പെട്ടവരുടെ മേല്‍ ഖുര്‍ആന്‍ പാരായണം നടത്തുന്ന സമ്പ്രദായം പോലും ഇത്തരം വഴിപിഴച്ച ഖിയാസില്‍ നിന്നും ഉണ്ടായതാണ് ഇമാം നവവി(റ)യുടെ പക്ഷം. പ്രസ്തുത അനാചാരം താഴെ വരുന്ന ഹദീസിന്റെ അടിസ്ഥാനത്തില്‍ നിര്‍മിച്ചുണ്ടാക്കിയതാണ്. അത് ശ്രദ്ധിക്കുക: ”ഇബ്‌നു അബ്ബാസ്(റ) പ്രസ്താവിച്ചു. നബി(സ) ഒരിക്കല്‍ രണ്ട് ഖബറുകളുടെ അരികിലൂടെ നടന്നുപോകാനിടയായി. അപ്പോള്‍ ഇപ്രകാരം പറയുകയുണ്ടായി. രണ്ട് ഖബ്‌റുകളിലെ വ്യക്തികളും ശിക്ഷിക്കപ്പെട്ടുകൊണ്ടിരിക്കു ന്നു. അവര്‍ ശിക്ഷിക്കപ്പെടുന്നത് മഹാപാപങ്ങള്‍ ചെയ്തതിന്റെ അടിസ്ഥാനത്തിലല്ല. അവരില്‍ ഒരാള്‍ ഏഷണിയുമായി നടക്കാറുണ്ടായിരുന്നു. മറ്റൊരാള്‍ മൂത്രമൊഴിക്കുമ്പോള്‍ മറ സ്വീകരിക്കാറുണ്ടായിരുന്നില്ല. അങ്ങനെ അവിടുന്ന് ഒരു പച്ച ഈത്തപ്പന മട്ടല്‍ കൊണ്ടുവരാന്‍ കല്പിക്കുകയും അത് രണ്ടു ഭാഗമാക്കി ഒരു പാളി ഒരു ഖബ്‌റിന്മേലും മറ്റൊന്ന് മറ്റേ ഖബ്‌റിന്മേലും കുഴിച്ചിടുകയുണ്ടായി. എന്നിട്ട് ഇപ്രകാരം പ്രസ്താവിച്ചു: ആ രണ്ട് ഈത്തപ്പന മടലുകള്‍ ഉണങ്ങാത്ത കാലത്തോളം അവര്‍ക്ക് ഖബ്‌റിലെ ശിക്ഷയില്‍ നിന്നും ഇളവ് ലഭിച്ചേക്കാം” (മുസ്‌ലിം)
മേല്‍ രേഖപ്പെടുത്തിയ ഹദീസിനെ വിശദീകരിച്ച് ഇമാം നവവി(റ) രേഖപ്പെടുത്തുന്നു: ”ഈ ഹദീസിന്റെ അടിസ്ഥാനത്തിലാണ് (ഖിയാസാക്കിക്കൊണ്ട്) പണ്ഡിതന്മാര്‍ ഖബ്‌റിന്നരികെ ഖുര്‍ആന്‍ പാരായണം സുന്നത്താക്കിയത്. ഒരു ഈത്തപ്പന മട്ടലിന്റെ തസ്ബീഹു കൊണ്ട് ശിക്ഷ ലഘൂകരിക്കപ്പെടുമെങ്കില്‍ ഖുര്‍ആന്‍ പാരായണം കൊണ്ട് അതിനേക്കാള്‍ ലഘൂകരണം ലഭിക്കേണ്ടതാണ് എന്നാണവരുടെ വാദം” (ശറഹു മുസ്‌ലിം 2:205)
മുകളില്‍ ഉദ്ധരിച്ച മുസ്‌ലിമിന്റെ ഹദീസിന്റെ അടിസ്ഥാനത്തിലാണ് മൊത്തം ആളുകള്‍ ഖബ്‌റുകളുടെ തലഭാഗത്തും കാല്‍ ഭാഗത്തും രണ്ട് പച്ചക്കമ്പുകള്‍ നടുന്നത്. അതും ഖിയാസിന്റെ അടിസ്ഥാനത്തില്‍ തന്നെയാണ്. മുഅ്ജിസത്തുള്ള പ്രവാചകന്‍ ചെടിയുടെ കമ്പ് നടുന്ന പക്ഷം ശിക്ഷകള്‍ ലഘൂകരിക്കപ്പെട്ടേക്കാം. മേല്‍ പ്രസ്താവനക്കു ശേഷം ഇമാം നവവി(റ) വീണ്ടും ഇപ്രകാരം രേഖപ്പെടുത്തുകയുണ്ടായി: ”എന്നാല്‍ മരണപ്പെട്ടുപോയവര്ക്കുവേണ്ടിയു ള്ള ഖുര്‍ആന്‍ പാരായണത്തിന്റെ പ്രതിഫലം അത് മയ്യിത്തിന് ലഭിക്കുന്നതല്ലയെന്നാണ് ഇമാം ശാഫിഈ(റ)വിന്റെ പ്രസിദ്ധമായ അഭിപ്രായം. പക്ഷേ അദ്ദേഹത്തിന്റെ ചില അനുയായികളുടെ പക്ഷം മയ്യിത്തിന് പ്രതിഫലം ലഭിക്കുമെന്നാണ് ഇപ്പറഞ്ഞ (ഖുര്‍ആന്‍ ഓതിയാല്‍ മയ്യിത്തിന് പ്രതിഫലം ലഭിക്കുന്ന) എല്ലാ അഭിപ്രായങ്ങളും ദുര്‍ബലങ്ങളാണ്” (ശറഹുമുസ്‌ലിം 1:138).
ഇത്തരം തെറ്റായ ഖിയാസുകള്‍ ഭാഷയുടെ അടിസ്ഥാനത്തിലും നടന്നുവരുന്നുണ്ട്. സാധാരണ അറബി ഭാഷയില്‍ ആണിനെയും പെണ്ണിനെയും പരാമര്‍ശിക്കുമ്പോള്‍ സ്ത്രീലിംഗവും പുല്ലിംഗവും ഉപയോഗിച്ചുവരുന്നതാണ്. അതിനോട് ഖിയാസാക്കിക്കൊണ്ട് പ്രാര്‍ഥനകളിലും ആണും പെണ്ണും വേര്‍തിരിക്കുന്നത് ബിദ്അത്താണ്. അതിനുദാഹരണമാണ് ജനാസ നമസ്‌കാരം. അതിന്റെ മൂന്നാമത്തെ തക്ബീറിന്നു ശേഷമുള്ളത് മയ്യിത്തിന് വേണ്ടിയുള്ള പ്രാര്‍ഥനയാണ്. നബി(സ) ആണായാലും പെണ്ണായാലും അല്ലാഹുമ്മ ഇഗ്ഫിര്‍ലഹു എന്ന നിലയില്‍ പുല്ലിംഗപദം പ്രയോഗിച്ചുകൊണ്ടാണ് പ്രാര്‍ഥിച്ചത് അഥവാ ‘മയ്യിത്ത്’ എന്ന പദം പുല്ലിംഗമാണ്. ആണാണെങ്കില്‍ അല്ലാഹുമ്മ ഇഗ്ഫിര്‍ലഹു എന്നും പെണ്ണാണെമെങ്കില്‍ അല്ലാഹുമ്മ ഇഗ്ഫിര്‍ ലഹാ എന്നും പ്രാര്‍ഥിച്ചുവരാറുണ്ട്. ഇത്തരം ഭാഷാപരമായ ഖിയാസിന് ദീനില്‍ യാതൊരു രേഖയും ഇല്ല. അതുപോലെ തന്നെയാണ് പ്രസംഗത്തിന്റെ ആമുഖമായ ഹംദിലും സ്വലാത്തിലും മറ്റും നടത്തിവരുന്ന ഖിയാസിയായ പ്രാര്‍ഥനകള്‍. ഓരോ വ്യക്തിയും ഹംദും സ്വലാത്തും ഫാഷനാക്കി പല വിധത്തിലും ഉച്ചരിക്കുന്ന അവസ്ഥ. ഇത് അധികവും കണ്ടുവരാറുള്ളത് അറിവു കുറഞ്ഞ ഉല്‍പതിഷ്ണുക്കളായ പ്രാസംഗികന്മാരില്‍ നിന്നാണ്. എന്നാല്‍ പ്രസംഗത്തിന്റെ ആമുഖമായി വരുന്ന ഹംദും സ്വലാത്തും കൃത്യമായി നബി(സ) യില്‍ നിന്നും റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുണ്ട്.
അതിന് തെളിവാണ് താഴെ വരുന്ന സംഭവം: ”ഒരു വ്യക്തി പ്രസംഗത്തിനിടയില്‍ ഇപ്രകാരം പറയുകയുണ്ടായി:
ഇപ്രകാരം പറഞ്ഞു: താങ്കള്‍ എത്ര നീച പ്രാസംഗികനാണ്, താങ്കള്‍ എന്ന വിധമാണ് പറയേണ്ടത് (മുസ്‌ലിം 870). ഇവിടെ സംഭവിച്ചത് അല്ലാഹുവിനെയും റസൂലിനെയും ധിക്കരിച്ചവര്‍ വഴിപിഴച്ചിരിക്കുന്നു എന്ന് വ്യക്തമാക്കുന്നതിന് പകരം ആളെ പറയാതെ അവരെ രണ്ടുപേരെയും ധിക്കരിച്ചവര്‍ വഴിപിഴച്ചിരിക്കുന്നു എന്ന് പറഞ്ഞതിനെയാണ് നബി(സ)തിരുത്തിയത്. എന്നാല്‍ ‘തസ്ബീത്’ പോലെ നബി(സ)യില്‍ നിന്നും സ്ഥിരപ്പെട്ടുവരാത്ത പ്രാര്‍ഥനകളില്‍ ഭാഷാപരമായി ആണും പെണ്ണും വേര്‍തിരിച്ചു പ്രാര്‍ഥിക്കുന്നതില്‍ കുറ്റമില്ല. കാരണം നബി(സ) തസ്ബീത് ചൊല്ലാനേ കല്പിച്ചിട്ടുള്ളൂ. അതിന്റെ പദങ്ങള്‍ പഠിപ്പിച്ചിട്ടില്ല.