21 Tuesday
October 2025
2025 October 21
1447 Rabie Al-Âkher 28

ബാലകൃഷ്ണന്‍ വള്ളിക്കുന്ന് മാപ്പിള സാഹിത്യത്തെ അടയാളപ്പെടുത്തിയ ഒരു നാട്ടുമ്പുറത്തുകാരന്‍

മലബാറിലെ മുസ്‌ലിം സാഹിത്യത്തെയും ഭാഷയെയും ആഴത്തില്‍ പഠിക്കാനും അടയാളപ്പെടുത്താനും ഒരു പുരുഷായുസ്സ് മുഴുവന്‍ നീക്കിവെച്ച പ്രതിഭയാണ് അന്തരിച്ച ബാലകൃഷ്ണന്‍ വള്ളിക്കുന്ന്. ഞങ്ങള്‍ വള്ളിക്കുന്നുകാരുടെ പ്രിയപ്പെട്ട ബാലകൃഷ്ണന്‍ മാഷ്.
ഞങ്ങളുടെ നാടിന്റെ പേര് പുറംലോകത്തെത്തിച്ചതില്‍ ഏറ്റവും പ്രധാനപ്പെട്ടയാള്‍. വള്ളിക്കുന്നാണ് നാട് എന്ന് പറയുമ്പോള്‍ ബാലകൃഷ്ണന്‍ മാഷുടെ നാടല്ലേ എന്ന് ചോദിക്കും പലരും. ചിലര്‍ അപ്പുക്കുട്ടന്‍ വള്ളിക്കുന്നിന്റെ നാടല്ലേ എന്നും ചോദിക്കാറുണ്ട്.
ബാലകൃഷ്ണന്‍ മാഷ്, വി ബി വള്ളിക്കുന്ന്, ബാലകൃഷ്ണന്‍ വള്ളിക്കുന്ന് തുടങ്ങി പല പേരുകളിലാണ് മാഷ് അറിയപ്പെട്ടത്.
മാപ്പിളപ്പാട്ടിനെക്കുറിച്ചും കേരളത്തിലെ മുസ്‌ലിം സാഹിത്യത്തെക്കുറിച്ചും അറബി മലയാളത്തെക്കുറിച്ചുമൊക്കെ ആഴത്തില്‍ പഠിച്ച് കേരളത്തിലെ അതിന്റെ ഒരു റഫറന്‍സ് എന്‍സൈക്ലോപീഡിയ ആയി മാഷ് മാറി. വിദേശ സര്‍വകലാശാലകളില്‍ പോലും മാഷിന്റെ പുസ്തകങ്ങള്‍ പഠന വിഷയമായി. ഒരിക്കല്‍ ഒരു വിദേശ ഗവേഷക കേരളത്തില്‍ വന്നപ്പോള്‍ മാഷിനെ അന്വേഷിച്ചു. ടെക്‌സാസ് സര്‍വകലാശാലയില്‍ നിന്ന് അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ വായിച്ചിട്ടുണ്ടത്രെ. മലബാറിലെ മുസ്‌ലിം സംസ്‌കാരത്തെക്കുറിച്ചും പാട്ടുകളെക്കുറിച്ചും സാഹിത്യത്തെക്കുറിച്ചുമൊക്കെ നിരന്തരം എഴുതുകയും പഠനം നടത്തുകയും ചെയ്തതിനാലാകണം ‘മാപ്പിള സാഹിത്യകാരന്‍’ എന്ന് മാഷ് അറിയപ്പെട്ടത്. ബാലകൃഷ്ണന്‍ മാപ്പിള എന്ന് വിളിച്ചവരും ഉണ്ട്.
മാഷെ നേരിട്ട് കണ്ടിട്ട് കുറെയായി. നാട്ടില്‍ ഞാന്‍ അധ്യാപകനായിരുന്ന കാലത്ത് നിരന്തരം കാണുമായിരുന്നു. പല പരിപാടികളിലും ഒന്നിച്ച് പങ്കെടുത്തിട്ടുണ്ട്. പ്രത്യേകിച്ച് സാക്ഷരതാ പ്രവര്‍ത്തനത്തിന്റെ കാലത്ത്. ഇന്‍സ്ട്രകറും റിസോഴ്‌സ് പേഴ്‌സനുമൊക്കെയായി ആ പ്രവര്‍ത്തനങ്ങളില്‍ ഞാനും വളരെ സജീവമായി ഉണ്ടായിരുന്നു അക്കാലത്ത്.
കേരളത്തിലെ ഗ്രന്ഥശാലാ സംഘത്തിന്റെ വളര്‍ച്ചയിലും വികാസത്തിലും മാഷുടെ പങ്കും വിയര്‍പ്പും ഏറെയുണ്ട്. അധ്യാപകന്‍, എഴുത്തുകാരന്‍, ഗവേഷകന്‍, പ്രഭാഷകന്‍ എന്നിങ്ങനെ പല മേഖലകളില്‍ നിറഞ്ഞു നിന്നപ്പോഴും ഒരു തനി നാട്ടിന്‍പുറത്തുകാരനായാണ് മാഷ് ജീവിച്ചത്. ചെരുപ്പ് ഇടാറില്ല, മുടി ചീകാറില്ല, ഷര്‍ട്ട് ഇട്ടാല്‍ മുകളിലെ ബട്ടണുകള്‍ അങ്ങനെ തുറന്ന് കിടക്കും. മുറുക്കിച്ചുവന്ന് ദ്രവിച്ച മുന്നിലെ പല്ലുകള്‍ പുറത്ത് കാട്ടി മാഷുടെ ഒരു പ്രത്യേക ചിരിയുണ്ട്. ഒരിക്കല്‍ പരിചയപ്പെട്ടാല്‍ പിന്നെ മാഷെ ആരും മറക്കില്ല.
ബാലകൃഷ്ണന്‍ മാഷിന് കേരളത്തിലെ മുഖ്യധാരാ സാഹിത്യവേദിയില്‍ നിന്ന് അര്‍ഹിക്കുന്ന അംഗീകാരം ലഭിച്ചുവോ എന്ന് ചോദിച്ചാല്‍ ഇല്ല എന്ന് തന്നെയാണ് ഉത്തരം. എന്നാല്‍ മലബാറിലെ മുസ്‌ലിം സംഘടനകളുടെ വേദികളില്‍, സുന്നി, മുജാഹിദ്, ജമാഅത്തെ ഇസ്‌ലാമി തുടങ്ങി യാതൊരു വകഭേദങ്ങളുമില്ലാതെ സ്ഥിരമായി ക്ഷണിക്കപ്പെടുകയും പ്രബന്ധങ്ങള്‍ അവതരിപ്പിക്കുകയും പ്രസംഗിക്കുകയും ചെയ്തു കൊണ്ട് ബാലകൃഷ്ണന്‍ മാഷ് നിറഞ്ഞുനിന്ന ഒരു കാലമുണ്ടായിരുന്നു. ആരോഗ്യകരമായ കാരണങ്ങളാല്‍ കിടപ്പിലാകും വരെ.
പൗരാണിക അറബി കച്ചവടക്കാരും സന്ദര്‍ശകരും വഴി അറബി ഭാഷയുടെ കടന്നുവരവും മതപരമായ അതിന്റെ പ്രാധാന്യവും അറബി മലയാളമെന്ന ഭാഷയുടെ ജനനവും തുടങ്ങി പാട്ടുകളിലൂടെയും കലാരൂപങ്ങളിലൂടെയും ഒരു മാപ്പിള സാഹിത്യം രൂപപ്പെട്ടു വരുകയും ചെയ്ത ചരിത്രത്തെ അക്കാദമിക രീതികളില്‍ നിന്നും മാറിനിന്നു കൊണ്ട് ഒരു സാധാരണക്കാരന്റെ മാനസിക കൗതുകങ്ങളിലൂടെ പഠിക്കാനും കണ്ടെത്താനും ശ്രമിച്ചു എന്നതാണ് ബാലകൃഷ്ണന്‍ വള്ളിക്കുന്നിന്റെ പ്രത്യേകത.
മാപ്പിളപ്പാട്ട് ഒരാമുഖ പഠനം, മാപ്പിള സംസ്‌കാരത്തിന്റെ കാണാപ്പുറങ്ങള്‍, മാപ്പിളസാഹിത്യവും നവോത്ഥാനവും, മാപ്പിളപ്പാട്ടുപാഠവും പഠനവും തുടങ്ങി നിരവധി കൃതികളിലൂടെ മലബാറിലെ മാപ്പിള ഭാഷയേയും സാഹിത്യത്തേയും കൃത്യമായി അടയാളപ്പെടുത്തിയ ശേഷമാണ് ബാലകൃഷ്ണന്‍ വള്ളിക്കുന്ന് കടന്നു പോയത്.

ബഷീര്‍ വള്ളിക്കുന്ന്‌

Back to Top