23 Monday
December 2024
2024 December 23
1446 Joumada II 21

ബഷീര്‍ വള്ളിക്കുന്ന്

രാജ്യം എന്തൊക്കെ പ്രതിസന്ധികളിലൂടെയാണ് കടന്ന് പോകുന്നത്?..വലിയ സാമ്പത്തികത്തകര്‍ച്ചയിലേക്ക് കൂപ്പ് കുത്തിയിരിക്കുന്നു രാജ്യം.. റിസര്‍വ് ബാങ്കിന്റെ കരുതല്‍ ധനം പോലും അടിച്ചു മാറ്റുന്ന സ്ഥിതിയാണ് വന്നിരിക്കുന്നത്.
കാശ്മീരില്‍ ഒരു സംസ്ഥാനത്തെ ജനങ്ങളെ ഒന്നടങ്കം ബന്ദികളാക്കി വച്ചിരിക്കുന്നു. സഹോദരന്‍ മരിച്ച വിവരം അടുത്ത പ്രവിശ്യയില്‍ കഴിയുന്ന അയാളുടെ സഹോദരി അറിയുന്നത് മൂന്ന് ദിവസങ്ങള്‍ക്ക് ശേഷമാണെന്ന വാര്‍ത്തയാണ് ഇന്ന് വായിച്ചത്.. അത്രമാത്രം വാര്‍ത്താ വിനിമയ ബന്ധങ്ങളും യാത്രാ സൗകര്യങ്ങളും വരെ അടച്ചു പൂട്ടിയിരിക്കുന്നു.
സ്വതന്ത്ര ഇന്ത്യയുടെ ജനകീയ ശാക്തീകരണ ചരിത്രത്തിലെ നിര്‍ണായക നിയമനിര്‍മാണമായ വിവരാവകാശബില്ലിനെ തകര്‍ത്തിരിക്കുന്നു. ഭരണഘടനാ വകുപ്പുകള്‍ ചര്‍ച്ചയും സമവായവുമില്ലാതെ പൊളിച്ചെഴുതുന്നു.
കോടതി വിധിയോ കുറ്റപത്രമോ വരുന്നതിന് മുമ്പ് ചിദംബരത്തെ അയാളുടെ വീട്ടില്‍ അതിക്രമിച്ചു കയറി തടവിലാക്കിയിരിക്കുന്നു. അയാള്‍ ഇനി പുറത്ത് വരുമോ എന്ന് പോലും സംശയമാണ്..
രാജ്യം പ്രതിഷേധാഗ്‌നിയാല്‍ ജ്വലിക്കേണ്ട സമയമാണിത്.. അതിനു നേതൃത്വം കൊടുക്കേണ്ട പാര്‍ട്ടിയാണ് കോണ്‍ഗ്രസ്സ്.. ബഹുജന സമരങ്ങള്‍ പോകട്ടെ, നേരാം വണ്ണം ഒരു പ്രസ്താനവയോ ഒരു പത്രസമ്മേളനമോ പോലും നടത്തുന്നില്ല. പാര്‍ലമെന്റിലും പാര്‍ലമെന്റിന് പുറത്തും നാല് വാക്ക് പറയുകയും എഴുതുകയും ചെയ്യുന്ന തരൂരിന്റെ ഭാഗത്ത് നിന്ന് എന്തെങ്കിലും ഒരു വാക്കോ വരിയോ കിട്ടിയാല്‍ അതിനെ ഇഴകീറി അലക്കി വഷളാക്കുന്ന പണിയിലാണ് പാര്‍ട്ടി നേതൃത്വം..
Back to Top