ബന്ധങ്ങളില്‍ വിള്ളല്‍ വീഴുമ്പോള്‍ – മുഹമ്മദ്
പതിനാറുകാരിയെ അമ്മയും കാമുകനും ചേര്‍ന്ന് കൊന്നു കിണറ്റില്‍ തള്ളി എന്ന വാര്‍ത്ത കേരളത്തിന് ഞെട്ടലുണ്ടാക്കുന്നില്ല എന്നതാണ് സത്യം. അത്തരം വാര്‍ത്തകള്‍ നമ്മുടെ സമൂഹത്തില്‍ വാര്‍ത്ത പോലുമാകാത്ത അവസ്ഥ സംജാതമായിരിക്കുന്നു. ലോകത്തിലെ ഏറ്റവും പവിത്രമായ ബന്ധം എന്നതാണ് അമ്മയും മക്കളും തമ്മിലുള്ള ബന്ധം. പലപ്പോഴും മക്കള്‍ എന്ന വികാരത്തിലാണ് അമ്മമാര്‍ ജീവിക്കുക. അവരുടെ തന്നെ ജീവിതം മറന്നാണ് അവര്‍ മക്കളുടെ കാര്യത്തില്‍ ശ്രദ്ധിക്കാറ്. അതെ സമയം കേരളത്തില്‍ നിന്നും അടുത്തിടെ നാം കേട്ട് കൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ ആരെയും ഭയപ്പെടുത്തണം. എങ്ങിനെയെങ്കിലും ജീവിക്കുക എന്നത് ജീവിത ലക്ഷ്യമായാല്‍ പിന്നെ മനുഷ്യനും മൃഗവും തമ്മില്‍ വലിയ അന്തരം കാണില്ല.
തിന്മകളോട് രാജിയാകുന്ന മനസ്സ് സമൂഹത്തില്‍ പടരുന്നു എന്നത് തീര്‍ത്തും ദൗര്‍ഭാഗ്യകരമാണ്. തിന്മ ചെയ്യുന്നവരെ പോലെ തന്നെയാണ് തിന്മക്കെതിരെ മൗനം അവലംബിക്കുന്ന മനസ്സും. തിന്മ ചെയ്യുന്ന ആളുകളേക്കാള്‍ സമൂഹത്തില്‍ കൂടുതലാണ് തിന്മക്കെതിരെ പ്രതികരിക്കാത്ത മനസ്സുകള്‍. സമൂഹത്തിന്റെ ഈ നിസ്സംഗത മനുഷ്യരെ കൂടുതല്‍ തെറ്റുകളിലേക്ക് കൊണ്ടെത്തിക്കും. അതാണിപ്പോള്‍ നാം കണ്ടു കൊണ്ടിരിക്കുന്നതും.
അവിഹിത ബന്ധങ്ങളാണ് പലപ്പോഴും ഇത്തരം കേസുകളില്‍ വില്ലന്‍. അതിനു തടസ്സം വരുന്നവരെ (അത് മാതാപിതാക്കള്‍ ആയാലും മക്കളായാലും) ഇല്ലാതാക്കുക എന്നതാണ് ഇവര്‍ കണ്ടെത്തുന്ന മാര്‍ഗം. കുടുംബ ജീവിതത്തിലെ താളപ്പിഴകള്‍ പരിഹരിക്കാതെ പോയാല്‍ പലപ്പോഴും അത് കൊണ്ടെത്തിക്കുക ഇത്തരം ദുരന്തങ്ങളിലാകും. മനുഷ്യനെ ഏറ്റവും നല്ല ഘടനയില്‍ സൃഷ്ടിച്ചു എന്ന് പറഞ്ഞ ഖുര്‍ആന്‍ തന്നെ അവര്‍ നീചരില്‍ വളരെ താഴെയാണെന്നും പറയുന്നു. വിശുദ്ധി കൊണ്ട് മാലാഖമാരുടെ മുകളിലും അശുദ്ധി കൊണ്ട് പിശാചിനേക്കാള്‍ താഴെയും പോകാന്‍ കഴിയുന്നവന്‍ എന്നതാണ് മനുഷ്യന് നല്‍കാന്‍ കഴിയുന്ന നല്ല വിശദീകരണം. മനുഷ്യ മനസ്സുകളെ ശുദ്ധീകരിക്കാന്‍ പലപ്പോഴും മനുഷ്യന് സാധ്യമാകാതെ പോകുന്നു. മനസ്സിന്റെ കുടുസ്സത മറികടക്കാന്‍ കഴിയുന്നവര്‍ക്ക് മാത്രമേ വിജയം വരിക്കാന്‍ കഴിയൂ എന്നാണ് ഖുര്‍ആന്‍ പറഞ്ഞു വെക്കുന്നത്. പലപ്പോഴും മനസ്സിന്റെ കടിഞ്ഞാണ്‍ മനുഷ്യരില്‍ നിന്നും നഷ്ടമാകും. അതിനാല്‍ തന്നെ മനുഷ്യന്‍ തന്റെ മനസ്സിന്റെ അടിമയാണ്. ഭൂമിയില്‍ ഒന്നാമത്തെ കൊലപാതകം നടന്നപ്പോള്‍ അതിനെ കുറിച്ച് ഖുര്‍ആന്‍ പറഞ്ഞത് ‘ഒടുവില്‍ അവന്റെ മനസ്സ് സ്വസഹോദരനെ വധിക്കുന്നതിനു വഴങ്ങി. അവന്‍ അയാളെ വധിച്ചു. നഷ്ടപ്പെട്ടവരുടെ കൂട്ടത്തില്‍ ഒരുവനായിത്തീരുകയും ചെയ്തു.’ എന്നാണ്.
കുടുംബ ജീവിതം താളം തെറ്റിയാല്‍ ആ സമൂഹം തന്നെ നശിച്ചു എന്നാണ് പ്രമാണം. കുടുംബ ബന്ധങ്ങളില്‍ വിള്ളല്‍ ഉണ്ടാക്കുന്നത് പോലെ പിശാചിന് ഇഷ്ട്ടമായ മറ്റൊന്നില്ല. കുടുംബം തകര്‍ന്നാല്‍ അതിലൂടെ തകരുന്നത് മൊത്തം സമൂഹമാണ്. കുടുംബ ബന്ധങ്ങളില്‍ പവിത്രത നഷ്ടമാകാതിരിക്കുക എന്നതില്‍ സമൂഹം അതീവ ശ്രദ്ധ പുലര്‍ത്തണം. നൊന്തു പ്രസവിച്ച സ്വന്തം മകളെ സ്വകരം കൊണ്ട് തന്നെ കൊല്ലാന്‍ ഉയരുന്ന മനസ്സ് പിശാചിനേക്കാള്‍ അധമമാണ്. അതിനു വഴിമരുന്നിട്ടു കൊടുക്കുന്ന സാമൂഹിക ചുറ്റുപാടുകളില്‍ നിന്നും മുക്തി നേടുക എന്നതാണ് ആധുനിക കാലത്ത് വിശ്വാസം കൊണ്ടും സംസ്‌കാരം കൊണ്ടും ആദ്യം അര്‍ത്ഥമാക്കുന്നത്.