29 Friday
March 2024
2024 March 29
1445 Ramadân 19

ബദ്ര്‍ യുദ്ധം  ചരിത്രവും പാഠങ്ങളും – മുഹമ്മദ് അമീന്‍

മനുഷ്യവര്‍ഗത്തിന് വഴികാട്ടിയായിക്കൊണ്ട് ക്രിസ്താബ്ദം ഏഴാം ശതകത്തില്‍ മുഹമ്മദ്‌നബി(സ) നിയോഗിതനായി. ഏകദൈവവിശ്വാസത്തിന്റെ പ്രയോക്താവായിരുന്ന ഇബ്‌റാഹീം നബി(അ)യുടെ പ്രാര്‍ഥനയാല്‍ അനുഗൃഹീതമായ മക്കയിലാണ് മുഹമ്മദ് നബി(സ) വീണ്ടും തൗഹീദിന്റെ വെളിച്ചവുമായി രംഗത്തുവന്നത്. പക്ഷേ, അന്നത്തെ മക്ക ഇബ്‌റാഹീം നബി(അ) വിഭാവനം ചെയ്തിരുന്ന ദേശമായിരുന്നില്ല. അവിടത്തെ നിവാസികളായ ഖുറൈശികള്‍ ഇബ്‌റാഹീം നബി(അ)യുടെ പാരമ്പര്യത്തില്‍ ഊറ്റംകൊള്ളുന്നവരായിരുന്നു. എന്നാല്‍ അവര്‍ കഅ്ബാലയത്തിലും പരിസരത്തുമായി മുന്നൂറില്‍പരം വിഗ്രഹങ്ങളെ പ്രതിഷ്ഠിച്ചാരാധിച്ചിരുന്നു. ഇബ്‌റാഹീംനബി(അ) യെയും ഇസ്മാഈല്‍ നബി(അ)യെയും പോലും അവര്‍ പ്രതിഷ്ഠകളാക്കിയിരുന്നു.
വിശ്വാസ, ആരാധനാരംഗങ്ങളില്‍ മാത്രമായിരുന്നില്ല, അവര്‍ മാര്‍ഗഭ്രംശത്തിലകപ്പെട്ടത്. കൊലപാതകവും വ്യഭിചാരവും അന്ന് അറേബ്യയില്‍ സര്‍വസാധാരണമായിരുന്നു. മദ്യവും വേശ്യയും യുദ്ധങ്ങളുമില്ലെങ്കില്‍ ജീവിതത്തിന് അര്‍ഥമില്ല എന്ന് അന്നത്തെ കവികള്‍ പാടിയിരുന്നു. മറ്റൊരാളെ വധിച്ചശേഷം അദ്ദേഹത്തിന്റെ ഭാര്യയെയോ സഹോദരിയെയോ തട്ടിയെടുത്ത് തന്റെ ഭാര്യയാക്കുന്നത് അന്ന് അംഗീകരിക്കപ്പെട്ടിരുന്നു. പെണ്‍കുട്ടികളെ ജീവനോടെ കുഴിച്ചുമൂടുന്നവരും അറബികള്‍ക്കിടയിലുണ്ടായിരുന്നു. അന്നത്തെ അറേബ്യ മാത്രമല്ല, ക്രിസ്ത്യന്‍ റോമും പേര്‍ഷ്യയും ഇന്ത്യയുമെല്ലാം പലതരം വിശ്വാസവികലതകളുടെയും അധാര്‍മികതകളുടെയും അരാജകത്വങ്ങളുടെയും പതിപ്പുകളായിരുന്നു. എല്ലാ നിലയ്ക്കും അന്ധകാരാവൃതമായ ഒരു കാലത്തായിരുന്നു സന്മാര്‍ഗത്തിന്റെ വെള്ളിവെളിച്ചവുമായി നബി(സ) നിയോഗിതനായത്.
ഖുറൈശികള്‍ നബിക്കെതിരെ
അനേകം വിഗ്രഹങ്ങളെ ആരാധ്യരാക്കിയിരുന്ന ഖുറൈശികള്‍ക്ക് ഏകദൈവവിശ്വാസത്തിലേക്കുള്ള ക്ഷണം അരോചകമായി. ”ഒട്ടേറെ ദൈവങ്ങളെ ഇവന്‍ ഏകദൈവമാക്കിയോ എന്നവര്‍ ചോദിക്കുന്നു” (വി.ഖു. 38:5). ഗോത്രമഹിമയില്‍ അഹങ്കരിച്ചിരുന്ന ഖുറൈശികള്‍ക്ക് എല്ലാ മനുഷ്യരും സമന്മാരാണെന്ന സന്ദേശം ദഹിക്കുന്നതായിരുന്നില്ല. കൊലപാതകവും കൊള്ളയടിയും കവര്‍ച്ചയും ജീവിതചര്യയാക്കിയവര്‍ക്ക് അതിനെതിരെയുള്ള ശബ്ദം ഉള്‍ക്കൊള്ളാന്‍ സാധ്യമായിരുന്നില്ല. അതിനാല്‍ നബി(സ)യുടെ സന്ദേശത്തെ മുളയില്‍ തന്നെ നുള്ളിക്കളയാന്‍ അവര്‍ തീരുമാനിച്ചു. നബി(സ)യെയും അദ്ദേഹത്തില്‍ വിശ്വസിച്ചവരെയും ശാരീരികമായും മാനസികമായും സാമൂഹ്യമായും പീഡിപ്പിക്കാന്‍ അവര്‍ തീരുമാനിച്ചു. നബി(സ)യെ പരിഹസിച്ചുകൊണ്ട് ജോത്സ്യന്‍, കവി, ജാലവിദ്യക്കാരന്‍, ഭ്രാന്തന്‍ തുടങ്ങിയ പേരുകള്‍ വിളിച്ചു. ശാരീരികമായും അവര്‍ അദ്ദേഹത്തെ ഉപദ്രവിച്ചു. അദ്ദേഹം നടക്കുന്ന വഴികളില്‍ മ്ലേച്ഛവസ്തുക്കളും മുള്ളുകളും നിറച്ചു. അദ്ദേഹത്തിന്റെ മുഖത്തടിക്കുകയും നമസ്‌കാരവേളയില്‍ കഴുത്തില്‍ ഒട്ടകത്തിന്റെ കുടല്‍മാലകളെറിയുകയും ചെയ്തു. അവസാനം അദ്ദേഹത്തെ വധിക്കാന്‍ തന്നെ ഗൂഢാലോചന നടത്തി.
നബി(സ) മാത്രമായിരുന്നില്ല മര്‍ദനത്തിന് വിധേയമായത്. അദ്ദേഹത്തെ അംഗീകരിച്ച വിശ്വാസികളും ക്രൂരമര്‍ദനങ്ങള്‍ സഹിക്കേണ്ടിവന്നു. അവരില്‍ ചിലരെ ചുട്ടുപഴുത്ത മണലാരണ്യത്തിലിട്ട് മര്‍ദിച്ചുവെങ്കില്‍ മറ്റു ചിലരെ അഗ്നികൊണ്ട് ചൂടുവെക്കുകയുണ്ടായി. ക്രൂരമായ മര്‍ദനങ്ങള്‍ക്ക് വിധേയരായ യാസിറും(റ) പത്‌നി സുമയ്യ(റ)യും അതിനിടെ മരണപ്പെട്ടു. മര്‍ദനത്തിനും പീഡനത്തിനും പുറമെ സാമൂഹ്യബഹിഷ്‌കരണവും വിശ്വാസികള്‍ക്ക് അനുഭവിക്കേണ്ടിവന്നു.
എല്ലാ മര്‍ദനങ്ങളും പീഡനങ്ങളും സഹിച്ചുകൊണ്ട് നീണ്ട പതിമൂന്നു വര്‍ഷം പ്രവാചകന്‍(സ)  മക്കയില്‍  പ്രബോധനകര്‍ത്തവ്യം നിര്‍വഹിച്ചുകൊണ്ടിരുന്നു. നിഷ്‌കളങ്കരും സത്യാന്വേഷികളുമായ ധാരാളം പേര്‍ ഇസ്‌ലാമിലേക്ക് ആകൃഷ്ടരായി. കൊടിയ മര്‍ദനങ്ങള്‍ സഹിച്ചുകൊണ്ട് അവരും നബി(സ)യും മക്കയില്‍ പ്രബോധനം തുടര്‍ന്നു. മക്കയില്‍ ഇസ്‌ലാമിനെക്കുറിച്ചറിയാത്ത ഒരാളും പിന്നീട് അവശേഷിച്ചില്ല.
ഇസ്‌ലാം മദീനയിലേക്ക്
അതിനിടെ ഹജ്ജിന് സന്നിഹിതരായവരിലൂടെ ഇസ്‌ലാമിക സന്ദേശം യഥ്‌രിബിലും പ്രചരിക്കാന്‍ തുടങ്ങി. അവിടെ നിന്നെത്തിയ മുസ്‌ലിംകള്‍ നബി(സ)യുമായി സന്ധിക്കുകയും മിസ്അബിനെ(റ) പോലുള്ള പ്രബോധകരുമായി മദീനയിലേക്ക് തിരിക്കുകയും ചെയ്തു. താമസിയാതെ മദീനയിലെ പ്രമുഖ ഗോത്രങ്ങളായ ഔസും ഖസ്‌റജും ഇസ്‌ലാമിലാകൃഷ്ടമായി. അങ്ങനെ മക്കാനിവാസികള്‍ തിരസ്‌കരിച്ച അന്ത്യപ്രവാചകനെ സ്വീകരിക്കാന്‍ മദീന കാത്തിരുന്നു. പ്രവാചകത്വത്തിന്റെ പതിമൂന്നാം വര്‍ഷം പ്രബോധനസ്വാതന്ത്ര്യം അനുവദിക്കാത്ത, ജീവിതസ്വാതന്ത്ര്യം പോലും നിഷേധിച്ച നാട്ടില്‍ നിന്ന് നബി(സ)  പലായനംചെയ്തു. പലായനത്തിന്നായി കാലെടുത്തുവെക്കുമ്പോള്‍ അവിടുന്ന് നെടുവീര്‍പ്പോടെ മക്കയിലേക്കു കണ്ണുപായിച്ചുകൊണ്ട് പറഞ്ഞു: ”അല്ലയോ മക്ക, നീ എനിക്ക് ഏറ്റവും പ്രിയങ്കരമായ ഭൂപ്രദേശമാണ്. നിന്റെ ജനത എന്നെ പുറത്താക്കിയിരുന്നില്ലെങ്കില്‍ ഞാനൊരിക്കലും നിന്നെവിട്ടു പോകുമായിരുന്നില്ല.”
ഖുറൈശികളുടെ മര്‍ദനവും പീഡനവുമുണ്ടായിട്ടും അവരുമായി ഒരേറ്റുമുട്ടലിന്റെ പാത അന്നുവരെയും മുസ്‌ലിംകള്‍ സ്വീകരിച്ചിട്ടുണ്ടായിരുന്നില്ല. അതിന് അല്ലാഹു അവര്‍ക്ക് അനുവാദം നല്കിയിട്ടുമുണ്ടായിരുന്നില്ല. ഇസ്‌ലാമിക പ്രബോധനം പൂര്‍ണമായി നിര്‍വഹിക്കപ്പെടാത്തതും മുസ്‌ലിംകള്‍ ബലഹീനരായതും മുസ്‌ലിംകള്‍ക്ക് പ്രത്യേകമായ ഒരു ഭൂപ്രദേശത്ത് സ്വാധീനമുണ്ടാകാത്തതുമെല്ലാം ഇതിന് കാരണമായി മുസ്‌ലിം പണ്ഡിതര്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
എന്നാല്‍ മദീനയില്‍ പ്രവാചകനും അനുയായികളും എത്തിച്ചേര്‍ന്നതോടെ മുസ്‌ലിംകള്‍ക്ക് സ്വാധീനമുള്ള ഒരു സ്വതന്ത്രഭൂപ്രദേശവും സമൂഹവുമെല്ലാം അവിടെ ഉണ്ടായിത്തീര്‍ന്നു. മക്കയിലെ എല്ലാ വീടുകളിലും ഇസ്‌ലാമികസന്ദേശം നബി(സ)യും വിശ്വാസികളും ഹിജ്‌റക്ക് മുമ്പുതന്നെ എത്തിച്ചിരുന്നു. മദീനയിലെ ഇസ്‌ലാമിക സമൂഹത്തെ നശിപ്പിക്കാനുള്ള കരുനീക്കങ്ങള്‍ ഇതിനകം ഖുറൈശികള്‍ ആരംഭിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് തിരിച്ചങ്ങോട്ടും ആക്രമിക്കാന്‍ അല്ലാഹു അനുവാദം നല്കിയത്. ”യുദ്ധത്തിന് വിധേയരായിക്കൊണ്ടിരിക്കുന്നവര്‍ക്ക് അങ്ങോട്ടും തിരിച്ചടിക്കാന്‍ അനുവാദം നല്കപ്പെട്ടിരിക്കുന്നു. അവര്‍ മര്‍ദിക്കപ്പെട്ടു എന്നതിനാലാണത്. അവരെ സഹായിക്കാന്‍ നിശ്ചയമായും അല്ലാഹു ശക്തനാണ്. തങ്ങളുടെ രക്ഷിതാവ് അല്ലാഹുവാണെന്ന് പ്രഖ്യാപിച്ചുവെന്ന കാരണത്താല്‍ അവര്‍ തങ്ങളുടെ വാസസ്ഥലങ്ങളില്‍നിന്ന് പുറത്താക്കപ്പെട്ടു.” (വി.ഖു. 22:39,40)
മുസ്‌ലിംകള്‍ വിട്ടേച്ചുപോയ സ്വത്തുക്കള്‍ കയ്യേറിയ ഖുറൈശികള്‍ ഒരു വലിയ കച്ചവടസംഘവുമായി പുറപ്പെടുന്ന വിവരം മുസ്‌ലിംകള്‍ അറിഞ്ഞു. അബൂസുഫ്‌യാന്റെ നേതൃത്വത്തിലുള്ള കച്ചവടസംഘത്തെ പിടികൂടാന്‍ നബി(സ)യും മുസ്‌ലിംകളും തീരുമാനിച്ചു. വിവരം മണത്തറിഞ്ഞ അബൂസുഫ്‌യാന്‍ ഖുറൈശികളുടെ സഹായമര്‍ഥിച്ചുകൊണ്ട് മക്കയിലേക്ക് ദൂതനെ അയച്ചു. വിവരമറിഞ്ഞ ഖുറൈശികള്‍ ഒരു വലിയ സൈന്യത്തെ തന്നെ സര്‍വ സന്നാഹങ്ങളോടെ ഒരുക്കി. അവരുടെ എണ്ണം ആയിരത്തോളമുണ്ടായിരുന്നു. അക്കൂട്ടത്തില്‍ അശ്വാരൂഢരായ നൂറു പടയാളികളും ഉണ്ടായിരുന്നു. അവരുടെ എണ്ണത്തെക്കാള്‍ കൂടുതല്‍ ഒട്ടകങ്ങളും അവര്‍ക്കുണ്ടായിരുന്നു. ദിനേന ഒമ്പതോ പത്തോ ഒട്ടകങ്ങളെ അവര്‍ ഭക്ഷണത്തിനുവേണ്ടി അറുത്തിരുന്നു. സ്ത്രീകളും പുരുഷന്മാരുമടങ്ങുന്ന ഒരു നൃത്തസംഘവും അവര്‍ക്കൊപ്പമുണ്ടായിരുന്നു. വലിയ കോലാഹലങ്ങളോടെയും വാദ്യമേളങ്ങളോടെയും അവര്‍ ഗ്രാമങ്ങള്‍ മുറിച്ചുകടന്ന് മദീനയുടെ നേരെ പുറപ്പെട്ടു. ”തങ്ങളുടെ വീടുകളില്‍ നിന്ന് അഹന്തയോടു കൂടിയും ജനങ്ങളെ കാണിക്കാന്‍ വേണ്ടിയും പുറപ്പെട്ടവരെ പോലെ നിങ്ങളാവരുത്. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്നവര്‍ തടയുകയും ചെയ്യുന്നു. അവര്‍ പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ച് അല്ലാഹു സൂക്ഷ്മജ്ഞാനിയാണ്.” (വി.ഖു. 8:47)
ബദ്‌റിലേക്ക് നീങ്ങിയിരുന്ന ശത്രുസേനയുടെ അവസ്ഥയില്‍ നിന്ന് തികച്ചും ഭിന്നമായിരുന്നു മുസ്‌ലിംകളുടെ സ്ഥിതി. മുന്നൂറില്‍ പരം മാത്രമുണ്ടായിരുന്ന മുസ്‌ലിംകള്‍ക്ക് രണ്ട് കുതിരകളും എഴുപതിനടുത്ത് ഒട്ടകങ്ങളും മാത്രമേ വാഹനങ്ങളായുണ്ടായിരുന്നുള്ളൂ. രണ്ടോ മൂന്നോ പേര്‍ ഒരേ ഒട്ടകത്തിന്റെ പുറത്ത് മാറി മാറി കയറിയാണവര്‍ യാത്ര ചെയ്തിരുന്നത്. ഭക്ഷണത്തിനും വെള്ളത്തിനുമുള്ള സൗകര്യങ്ങളും ആയുധങ്ങളും അവരുടെ വശം പരിമിതമായിരുന്നു. അതിനാല്‍ അവര്‍ പൊതുവെ ഖുറൈശീസേനയുമായി ഏറ്റുമുട്ടുന്നതില്‍ വിമുഖരായിരുന്നു. അബൂസുഫ്‌യാന്റെ നേതൃത്വത്തിലുള്ള കച്ചവടസംഘത്തെ പിടികൂടാനാണ് അവര്‍ ആഗ്രഹിച്ചിരുന്നത്. കച്ചവടസംഘത്തെ വേഗത്തില്‍ കീഴ്‌പ്പെടുത്താമെന്നും അതിലൂടെ തങ്ങളുടെ നഷ്ടപ്പെട്ട സമ്പത്ത് തിരിച്ചുപിടിക്കാമെന്നും അവര്‍ കണക്കുകൂട്ടി. പക്ഷേ, അല്ലാഹുവിന്റെ തീരുമാനം മറ്റൊന്നായിരുന്നു. ”രണ്ടുസംഘങ്ങളില്‍ ഒന്ന് നിങ്ങള്‍ക്ക് അധീനമാകുമെന്ന് അല്ലാഹു നിങ്ങളോട് വാഗ്ദാനംചെയ്തിരുന്ന സന്ദര്‍ഭം ഓര്‍ക്കുക. ആയുധശക്തിയില്ലാത്ത (വ്യാപാരസംഘം)  നിങ്ങള്‍ക്ക് അധീനമാക്കണമെന്ന് നിങ്ങള്‍ ആഗ്രഹിച്ചിരുന്നു. തന്റെ വചനങ്ങളിലൂടെ സത്യം പുലര്‍ത്തിക്കാണിക്കാനും സത്യനിഷേധികളുടെ നാരായവേര് മുറിച്ചുകളയാനും അല്ലാഹുവും ഉദ്ദേശിച്ചു.” (വി.ഖു. 8:7)
ബദ്ര്‍ രണാങ്കണത്തില്‍
മക്കയില്‍ നിന്ന് സര്‍വ സന്നാഹത്തോടെ എത്തിച്ചേര്‍ന്ന ഖുറൈശികളോടാണ് തങ്ങള്‍ക്ക് ഏറ്റുമുട്ടേണ്ടതെന്ന് മുസ്‌ലിംകള്‍ക്ക് താമസിയാതെ ബോധ്യമായി. അല്ലാഹുവിന്റെ പ്രവാചകന്റെ കല്പനയനുസരിച്ചുകൊണ്ട് തങ്ങള്‍ പോരാടുമെന്ന് മുഹാജിറുകളും അന്‍സ്വാറുകളും നബി(സ)യോട് വാഗ്ദാനംചെയ്തു. അല്ലാഹുവിന്റെ സഹായത്തിന്നായി അവര്‍ തങ്ങളുടെ നാഥനോട് പ്രാര്‍ഥിച്ചു. ”നിങ്ങള്‍ നിങ്ങളുടെ നാഥനോട് സഹായമര്‍ഥിച്ചപ്പോള്‍ അവന്‍ നിങ്ങള്‍ക്ക് ഉത്തരംനല്കി.” (വി.ഖു. 8:9). യുദ്ധത്തിന്നായി അണികളെ സജ്ജമാക്കിയ ശേഷം നബി(സ) പ്രാര്‍ഥിച്ചു: ”രക്ഷിതാവേ, നീയെന്നോട് വാഗ്ദാനംചെയ്തത് നടപ്പില്‍ വരുത്തേണമേ. അല്ലാഹുവേ, ഈ സംഘത്തെ നീ ഇവിടെ നശിപ്പിച്ചാല്‍ മേലില്‍ നീ ഒരിക്കലും ആരാധിക്കപ്പെടുകയില്ല.” പ്രാര്‍ഥനാനിരതനായ പ്രവാചകന്റെ ചുമലുകളില്‍ നിന്ന് അദ്ദേഹത്തിന്റെ തൂവാല വീണുപോകുകയുണ്ടായി.
ഹിജ്‌റ രണ്ടാം വര്‍ഷം റമദാന്‍ 17-ന് ഇരുവിഭാഗവും തമ്മിലേറ്റുമുട്ടി. സത്യനിഷേധികളുടെ അഹങ്കാരവും അഹന്തയും തകര്‍ന്നുതരിപ്പണമായ സംഭവങ്ങള്‍ക്കാണ് അന്ന് ബദ്‌റിലെ മണല്‍ത്തരികള്‍ സാക്ഷ്യംവഹിച്ചത്. അവരുടെ  സര്‍വസൈന്യാധിപനായിരുന്ന അബൂജഹല്‍ (അംറുബ്‌നുഹിശാം), പ്രമുഖ നേതാക്കളായിരുന്ന ഉത്ബ, ശൈബ, വലീദ്, ഉമയ്യ തുടങ്ങിയവരുള്‍പ്പെടെ എഴുപത് പേര്‍ കൊല്ലപ്പെട്ടു. മുസ്‌ലിംകളില്‍ നിന്ന് ആറു മുഹാജിറുകളും എട്ട് അന്‍സ്വാറുകളും രക്തസാക്ഷികളായി. ഖുറൈശികളായ എഴുപത് പേര്‍ തടവുപുള്ളികളായി പിടിക്കപ്പെടുകയും ചെയ്തു.
ഭൗതികവീക്ഷണത്തില്‍ ഏറ്റവും ബലഹീനരും ആയുധരഹിതരുമായ വിഭാഗം ശക്തന്മാരെ പരാജയപ്പെടുത്തുകയാണിവിടെ ചെയ്തത്. അഹന്തയും അഹങ്കാരവും കൈമുതലാക്കി ഇറങ്ങിത്തിരിച്ചവരെ ദൈവവിശ്വാസത്തിന്റെ കരുത്തുമായിറങ്ങിയവര്‍ ദയനീയമായി പരാജയപ്പെടുത്തി. അല്ലാഹുവിന്റെ സഹായം കൊണ്ടുമാത്രമാണ് മുസ്‌ലിംകള്‍ക്ക് ഈ വിജയം നേടാന്‍ സാധ്യമായത്. ”നിങ്ങള്‍ ദുര്‍ബലരായിരുന്നപ്പോള്‍ ബദ്‌റില്‍ വെച്ച് അല്ലാഹു നിങ്ങളെ സഹായിച്ചു. അതിനാല്‍ അല്ലാഹുവിനെ സൂക്ഷിക്കുക. നിങ്ങള്‍ കൃതജ്ഞതയുള്ളവരായേക്കാം.” (വി.ഖു. 3:123)
അല്ലാഹുവിന്റെ സഹായം ലഭ്യമായതുകൊണ്ടാണ് മുസ്‌ലിംകള്‍ക്ക് ശത്രുക്കളെ പരാജയപ്പെടുത്താന്‍ സാധിച്ചതെന്ന് ഖുര്‍ആന്‍ ഇവിടെ പ്രസ്താവിക്കുന്നു. ഭൗതികശക്തിയില്‍ മികച്ചുനിന്നാല്‍ പോലും ദൈവികസഹായം കൂടാതെ വിജയിക്കാനാവില്ല. മക്കാ വിജയാനന്തരം നടന്ന ഹുനൈന്‍ യുദ്ധം ഇത് നമ്മെ പഠിപ്പിക്കുന്നു. ബദ്‌റില്‍ മുസ്‌ലിംകള്‍ ശത്രുക്കളെക്കാള്‍ എണ്ണത്തിലും സന്നാഹത്തിലും വളരെ പിന്നിലായിരുന്നല്ലോ. എന്നാല്‍ ഹുനൈനിലെ സ്ഥിതി നേരെ മറിച്ചായിരുന്നു. മുസ്‌ലിംകളുടെ യുദ്ധസന്നാഹങ്ങള്‍ ശത്രുക്കളെക്കാള്‍ വളരെ മികച്ചതായിരുന്നു. എന്നിട്ടും മുസ്‌ലിം സേനയിലെ ബഹുഭൂരിഭാഗവും ചിതറിയോടി. ”ഹുനൈനിന്റെ ദിവസം നിങ്ങളുടെ ആധിക്യം നിങ്ങളെ അഹന്തയിലാഴ്ത്തി. പക്ഷേ, അതുകൊണ്ട് നിങ്ങള്‍ക്ക് ഒരു പ്രയോജനവുമുണ്ടായില്ല. വിശാലമായ ഭൂമി വളരെ കുടുസ്സായതായി നിങ്ങള്‍ക്കനുഭവപ്പെടുകയും നിങ്ങള്‍ പിന്തിരിഞ്ഞോടുകയും ചെയ്തു.” (വി.ഖു. 9:25)
ദൈവികസഹായമാണ് മുസ്‌ലിംകളെ വിജയത്തിലേക്ക് നയിച്ചത്. അല്ലാഹുവിന്റെ സഹായത്തിന്റെ അഭാവമാകട്ടെ, മുസ്‌ലിംകളെ പരാജയത്തിലേക്ക് നയിക്കുകയും ചെയ്തു. ഇസ്‌ലാമിക സമൂഹത്തിന്റെ ഉത്ഥാന-പതന ചരിത്രം ഇതിന് സാക്ഷിയാണ്. ദൈവികസഹായം ലഭിക്കണമെങ്കില്‍ അതിനുള്ള അര്‍ഹത നാം കൈവരിക്കേണ്ടതാണ്. കളങ്കമില്ലാത്ത ഏകദൈവവിശ്വാസവും ദൈവഭയവും ത്യാഗസന്നദ്ധതയും ഉള്ളവര്‍ക്ക് മാത്രമേ, അല്ലാഹുവിന്റെ സഹായം ലഭിക്കുകയുള്ളൂ. അവയുടെ അഭാവത്തില്‍ വിജയം നേടാന്‍ സാധ്യമല്ല. ബദ്ര്‍യുദ്ധം കഴിഞ്ഞ ശേഷം പിന്നെയും നബി(സ) ഒട്ടേറെ റമദാനുകളില്‍ ഈ ഭൂമുഖത്ത് ജീവിച്ചിരുന്നു. പല റമദാന്‍ പതിനേഴുകളും കടന്നുപോയി. ഒരിക്കല്‍ പോലും ഒരു ‘ബദ്ര്‍ദിനം’ ആചരിക്കാന്‍ അവിടുന്ന് ആജ്ഞാപിച്ചില്ല. പക്ഷേ, ഇസ്‌ലാമിന്റെ പേരില്‍ പലരും ഇന്ന് ബദ്ര്‍ദിനം ആചരിക്കുന്നു. തന്റെ അനുവാദമില്ലാത്ത മതചടങ്ങുകള്‍ പ്രവാചകന്‍ വിലക്കിയതാണെന്ന് അവര്‍ മറന്നുകളഞ്ഞു.
ബദ്‌റില്‍ പോരാടിയ നബി(സ)യും അനുചരരും അല്ലാഹുവോടാണ് സഹായാര്‍ഥന നടത്തിയത്. ഇന്നത്തെ ബദ്ര്‍ദിനാചരണത്തിന്റെ വക്താക്കളോ? അവര്‍ ബദ്‌റില്‍ പങ്കെടുത്തവരോട് സഹായാര്‍ഥന നടത്തുന്നു. ജാഹിലിയ്യാ കാലത്തിലേക്ക് ഒരു തിരിച്ചുപോക്കിലാണ് തങ്ങളെന്ന് അവര്‍ ഗ്രഹിക്കുന്നില്ല. വിഗ്രഹാരാധനക്കെതിരില്‍ പ്രതികരിച്ച ഇബ്‌റാഹീംനബി(അ)യുടെ പ്രതിമ മക്കയിലെ ഖുറൈശികള്‍ കഅ്ബയില്‍ പ്രതിഷ്ഠിച്ചു. ഇന്നത്തെ മുസ്‌ലിം നാമധാരികളാകട്ടെ, അല്ലാഹുവിനോട് മാത്രം പ്രാര്‍ഥിക്കുകയും അതിനായി പ്രബോധനം നടത്തുകയും ചെയ്തിരുന്ന ബദ്‌റിലെ പോരാളികളോട് വിളിച്ചുതേടുന്നു.
ബദ്ര്‍യുദ്ധവും ഇതര ഇസ്‌ലാമിക യുദ്ധങ്ങളും വിശ്വാസസംരക്ഷണത്തിനും പ്രബോധന സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള പോരാട്ടങ്ങളായിരുന്നു. ബലാല്‍ക്കാരമായി ആളുകളെ മതപരിവര്‍ത്തനം ചെയ്യിക്കാനോ അധികാരം കൈയടക്കാനോ കണ്ടെത്തിയ മാര്‍ഗമായിരുന്നില്ല. മദീനയിലെ യഹൂദികളെ അവരുടെ മതമനുസരിച്ച് ജീവിക്കാന്‍ മുസ്‌ലിംകള്‍ അനുവദിച്ചിരുന്നു. അവരുടെ നിയമങ്ങളും വിധികളും അനുസരിച്ച് സിവില്‍-ക്രിമിനല്‍ കേസുകളില്‍ വിധിക്കാനും അവര്‍ക്ക് സ്വാതന്ത്ര്യം നല്കിയിരുന്നു. അവരില്‍ ചിലര്‍ നബി(സ)യോട് കേസുകളില്‍ വിധിതേടാന്‍ തുനിഞ്ഞപ്പോള്‍ അതിനെ നിരുത്സാഹപ്പെടുത്തുകയാണ് ഖുര്‍ആന്‍ ചെയ്തത്. നിര്‍ബന്ധ മതപരിവര്‍ത്തനമോ ഇസ്‌ലാമിക നിയമങ്ങള്‍ നടപ്പാക്കാനുള്ള വ്യഗ്രതയോ ഉണ്ടായിരുന്നുവെങ്കില്‍ യഹൂദികള്‍ക്ക് ഈ സ്വാതന്ത്ര്യം നല്കുമായിരുന്നില്ലെന്ന് ആര്‍ക്കാണ് അറിയാത്തത്.
0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x