7 Saturday
September 2024
2024 September 7
1446 Rabie Al-Awwal 3

ഫ്രാന്‍സിലും വലതുപക്ഷത്തിന് കാലിടറുന്നു

ജോര്‍ജിയോ സാമറാസ്‌


ഫ്രഞ്ച് ദേശീയ അസംബ്ലിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍, തീവ്ര വലതുപക്ഷ പാര്‍ട്ടിയായ നാഷണല്‍ റാലിയുടെ (RN) ഭീതിപ്പെടുത്തുന്ന വിജയം തടഞ്ഞുകൊണ്ട് ഇടതുപക്ഷ പാര്‍ട്ടികളുടെ സഖ്യമായ ന്യൂപോപ്പുലര്‍ ഫ്രണ്ട് (NFP) ഏറ്റവുമധികം സീറ്റുകള്‍ നേടിയിരിക്കുന്നു. കടുത്ത ആശയഭിന്നതകള്‍ നിലനില്‍ക്കുന്ന സോഷ്യലിസ്റ്റുകള്‍, ഗ്രീനുകള്‍, കമ്യൂണിസ്റ്റുകള്‍, ജീന്‍ ലുക് മെലെങ്കണിന്റെ ഫ്രാന്‍സ് അണ്‍ബോവ്ഡ് എന്നീ പാര്‍ട്ടികള്‍ ചേര്‍ന്നുണ്ടാക്കിയ ഇടതുപക്ഷ സഖ്യത്തിന്റെ നിര്‍ണായക വിജയം എളുപ്പത്തില്‍ സംഭവിച്ചതല്ല. കഴിഞ്ഞ മാസം ഈ സംഖ്യം രൂപീകരിച്ചതിനു ശേഷം എന്‍ എഫ് പി തീവ്ര വലതുപക്ഷക്കാരില്‍ നിന്നും മതവാദികളായ വരേണ്യരില്‍ നിന്നും തുരുതുരേയുള്ള വിമര്‍ശനം ഏറ്റുവാങ്ങി. രാഷ്ട്രത്തിന്റെ ഭാവിക്കു അപകടമാണ് ഇടതുപക്ഷ സഖ്യത്തിന്റെ സാന്നിധ്യമെന്നും പ്രചാരണമുണ്ടായി. തീവ്രവലതുപക്ഷവും തീവ്ര ഇടതുപക്ഷവും പരസ്പരം വളരെ അടുത്തവരാണെന്ന സിദ്ധാന്തം മാധ്യമങ്ങളും ഇലക്്ഷനുമായി ബന്ധപ്പെട്ട് കടുത്ത വിദ്വേഷത്തോടെ പ്രചരിപ്പിക്കുകയുണ്ടായി.
മറീന്‍ ലീ പെന്നും അവരുടെ പക്ഷക്കാരനായ ആര്‍ എന്‍ പ്രസിഡന്റ് ജോര്‍ദാന്‍ ബാര്‍ഡെല്ലയും ഇലക്ഷനോട് അടുത്ത ആഴ്ചകളില്‍ അവരുടെ പാര്‍ട്ടിയാണ് ശരിക്കും മധ്യമ നിലപാടുകാരും എന്‍ എഫ് ഡി ആണ് യഥാര്‍ഥ തീവ്ര നിലപാടുകാരും എന്ന്് പ്രചരിപ്പിക്കാന്‍ കഴിയുന്നത്ര ശ്രമിക്കുകയുണ്ടായി. ഫലസ്തീനെ പിന്തുണക്കുന്നതുകൊണ്ട് ഇടതുപക്ഷ സഖ്യം പ്രത്യേകിച്ചും ഫ്രാന്‍സ് അണ്‍ബോവ്ഡ് (France Un bowed) പാര്‍ട്ടിയുടെ മെലെങ്കണ്‍ സെമിനിറ്റിക് വിരുദ്ധനാണെന്നും ഹോളോകാസ്റ്റ് നിഷേധിയായൊരാള്‍ സ്ഥാപിച്ച നാഷണല്‍ റാലി (എന്‍ ആര്‍) ഇസ്രായേല്‍ അനുകൂലികളായതുകൊണ്ട് തന്നെ സെമിറ്റിക് വിരുദ്ധതക്കെതിരെ നിലകൊള്ളുന്ന കരുത്തുറ്റ ശക്തിയാണെന്നും പ്രചരിപ്പിക്കപ്പെട്ടു. നാഷണല്‍ റാലിയുടെ വംശീയ പൈതൃകത്തെ വെള്ളപൂശലും എന്‍ എഫ് പി യെ സെമിറ്റിക് വിരുദ്ധരെന്ന് പൈശാചികവത്കരിക്കലും മാധ്യമങ്ങള്‍ വ്യാപകമായി നടത്തി. ജൂണ്‍ 30ലെ ആദ്യഘട്ട വോട്ടെടുപ്പിന് ശേഷം വലതുപക്ഷത്തേക്കാള്‍ ഇടതുപക്ഷമായിരിക്കും കൂടുതല്‍ അപകടകരം എന്ന പ്രചാരണവുമുണ്ടായി.
മധ്യമനിലപാടിനും വലതുപക്ഷ നിലപാടിനും ഇടയില്‍ വേര്‍തിരിവില്ലെന്ന് തോന്നിക്കും വിധം നിരവധി വലതുപക്ഷ അനുകൂല സ്വേഛാധിപത്യ നടപടികള്‍ ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ എടുത്ത പ്രസിഡന്റ് ഇമ്മാനുവല്‍ മാകോണ്‍ നാഷണല്‍ റാലി എന്ന വലതുപക്ഷ പാര്‍ട്ടിക്ക് മുഖ്യധാരയില്‍ എത്താനും ഒടുവില്‍ ഫ്രഞ്ച് പാര്‍ലമെന്റ് നിയന്ത്രിക്കുന്ന പാര്‍ട്ടിയായി മാറാനും അനുകൂലമായ സാഹചര്യമൊരുക്കി.
നാഷണല്‍ റാലിക്ക് വ്യക്തമായ വിജയം പ്രവചിക്കപ്പെട്ടിട്ടും ഫ്രഞ്ച് സമ്മതിദായകര്‍ മറീന്‍ ലീ പെന്നിന്റെ തീവ്ര വലതുപക്ഷ പാര്‍ട്ടിയെ നിരാകരിക്കുകയും ഇടതുപക്ഷത്തിന് തന്നെ വിശ്വാസമര്‍പ്പിക്കുകയും ചെയ്തു. 182 സീറ്റ് നേടി എന്‍ എഫ് പി മുന്നിലെത്തി. മാക്രോണിന്റെ നിയോലിബറല്‍ എന്‍സംബിള്‍ പാര്‍ട്ടി 163 സീറ്റ് നേടി. ലീ പെന്നിന്റെയും ബാര്‍ഡേല്ലയുടെയും നാഷണല്‍ റാലിക്ക് 143 സീറ്റുകള്‍ നേടാനേ കഴിഞ്ഞുള്ളൂ. അങ്ങനെ നാഷണല്‍ റാലിയുടെ സര്‍ക്കാര്‍ രൂപീകരണ സ്വപ്‌നം പൊലിഞ്ഞു. ഇലക്ഷനെ തുടര്‍ന്നുള്ള രാത്രി, ഫ്രഞ്ച് ജനതയുടെ തെരഞ്ഞെടുപ്പ് ഫലമറിഞ്ഞ് ദുഃഖിതരായ നാഷണല്‍ റാലി അനുയായികളും തെരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് ചെയ്ത നിരവധി പത്രപ്രവര്‍ത്തകരും തോല്‍വിയെന്ന യാഥാര്‍ഥാര്‍ഥ്യം ഉള്‍ക്കൊള്ളാന്‍ പണിപെട്ടു. എവിടെയാണ് നാഷണല്‍ റാലിക്ക് തെറ്റുപറ്റിയത്?
26 കാരനായ ബാര്‍ഡെല്ലയെ 2022 ല്‍ നാഷണല്‍ റാലിയുടെ അധ്യക്ഷനായി നിയമിച്ചത് ഒരു പുതുയുഗത്തിന്റെ തുടക്കമായിരുന്നു. തീവ്ര വലതുപക്ഷത്തെ ആവേശഭരിതരാക്കുന്ന നിരവധി ഗുണങ്ങള്‍ ബാര്‍ഡെല്ലക്കുണ്ടായിരുന്നു. യുവത്വം, അമിത പുരുഷത്വം, കുടിയേറ്റക്കാരന്റെ പശ്ചാത്തലം. ജാഗ്രതയോടെയിരിക്കുന്നവന്‍ എന്ന ഗിമ്മിക്ക്. അബോര്‍ഷനെ എതിര്‍ത്തും ഇസ്്‌ലാമോഫോബിയ പടര്‍ത്തിയും കുടിയേറ്റക്കാരെ പൈശാചികവത്കരിച്ചും തീവ്ര വലതുപക്ഷ അജണ്ട പ്രചരിപ്പിച്ച ബാര്‍ഡെല്ല സ്വയം ഒരു മുഖ്യധാരാ രാഷ്ട്രീയക്കാരനായി അവതരിപ്പിച്ചു. പാര്‍ട്ടി അണികളില്‍ വ്യാപിച്ചിരുന്ന നവനാസി കാഴ്ചപ്പാടുകളും പാര്‍ട്ടിയുടെ സെമിറ്റിക് വിരുദ്ധ ചരിത്രവും മായ്ച്ചുകളഞ്ഞ് ഇസ്രായേലിലെ തീവ്ര വലതുപക്ഷ സര്‍ക്കാറിന്റെ രക്തരൂക്ഷിതമായ ഗാസ്സ ആക്രമണത്തിന് നിരുപാധിക പിന്തുണ നല്‍കുന്നതിന് അയാള്‍ പ്രധാനമായും ശ്രമിച്ചു. മാക്രോണ്‍ സര്‍ക്കാറിന്റെ ഭരണപരാജയങ്ങളെയും സ്വേച്ഛാധിപത്യ പ്രവണതകളെയും മുതലെടുത്തുകൊണ്ട പാര്‍ട്ടിയെ അതിവേഗം വളരുന്ന മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടിയാക്കി അദ്ദേഹം അവതരിപ്പിച്ചു. പ്രതിഷേധ വേളയില്‍ സോഷ്യല്‍ മീഡിയ നിരോധിച്ചത് പോലുള്ള മാക്രോണിന്റെ തീവ്ര വലതുപക്ഷ നയങ്ങള്‍ ജനങ്ങളെ പ്രീണിപ്പിക്കുന്ന ദേശീയതയെയും മുഖ്യധാരയെയും പ്രതിനിധീകരിക്കുന്നതിന് ലീ പെന്നിന്റെ പാര്‍ട്ടിക്ക് സഹായകമായി.
പാര്‍ട്ടിയുടെ പ്രതിഛായ വളര്‍ത്താനുള്ള ശ്രമം കഴിഞ്ഞ മാസം യൂറോപ്യന്‍ പാര്‍ലമെന്ററിലേക്ക് നടന്ന തെരഞ്ഞെടുപ്പുകളില്‍ നാഷണല്‍ റാലിയെ 31 ശതമാനം വോട്ട് നേടുന്നതിലേക്ക് നയിച്ചു. തുടര്‍ന്ന് മാക്രോണ്‍ പ്രഖ്യാപിച്ച ഫ്രഞ്ച് പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ വോട്ട് ലഭിക്കുന്ന പാര്‍ട്ടിയായും നാഷണല്‍ റാലി മാറി.

എന്നാല്‍ തെരഞ്ഞെടുപ്പുകളുടെ രണ്ടാംഘട്ടത്തില്‍ രാഷ്ട്രത്തിന്റെ ചുക്കാന്‍ പിടിക്കാന്‍ തീവ്ര വലതുപക്ഷത്തെ വേണ്ടെന്നും ഫ്രാന്‍സിലെ സമ്മതിദായകര്‍ തീരുമാനിച്ചു. തീവ്ര വലതുപക്ഷവും ഇടതു സഖ്യവും സമാനമല്ലെന്നും ഇസ്രായേലിന്റെ ഗസ്സയോടുള്ള യുദ്ധത്തെ സെമിറ്റിക് വിരുദ്ധമായി കാണാനാവില്ലെന്നും ജനം വിധിയെഴുതി.
മെലങ്കോണും അദ്ദേഹത്തിന്റെ പുതിയ സഖ്യവും ഫ്രഞ്ചുകാരെ ഞെട്ടിച്ചുകൊണ്ട് വന്‍ വിജയം നേടി. തീവ്ര വലതുപക്ഷത്തിന്റെ വളരുന്ന ജനകീയതയ്ക്കുള്ള പ്രതിവിധി മാക്രോണിന്റെ നയങ്ങളല്ലെന്നും അര്‍ഥവത്തായ പരിഷ്‌കരണത്തിനും സാമൂഹിക നീതിക്കും വേണ്ടി ഉറച്ച് നിലകൊള്ളുന്ന ഇടതുപക്ഷമാണെന്നും ഫ്രഞ്ചുകാര്‍ കാണിച്ചു തന്നു. എങ്കിലും ആഘോഷിക്കാനായിട്ടില്ല.
മുമ്പ് ഒരിക്കലും നേടിയിട്ടില്ലത്തത്ര 100 ലധികം സീറ്റുകള്‍ നാഷണല്‍ റാലി നേടുകയുണ്ടായി. സ്വന്തമായി ഭരിക്കാന്‍ വേണ്ട ഭൂരിപക്ഷം ഇടതുപക്ഷത്തിനില്ല. അതിനാല്‍ ഭരണത്തിലേറി അധികം വൈകാതെ രാഷ്ട്രീയ അസ്ഥിരതയും രൂപപ്പെട്ടേക്കാം. ഭരണ പക്ഷത്തില്ലെങ്കിലും നാഷണല്‍ റാലി ഉറച്ച ശബ്ദമായി പാര്‍ലമെന്റിലുണ്ടാവും. വരും തെരഞ്ഞെടുപ്പുകളിലും കൂടുതല്‍ ശക്തമായ പോരാട്ടം അവര്‍ തുടരും എന്ന് കരുതാനാണ് ന്യായം. എന്നിരുന്നാലും ഒഴിവാക്കരുതാത്ത, സുപ്രധാന അവസരമാണ് ഇടതുപക്ഷത്തിന് കിട്ടിയിരിക്കുന്നത്.

ആശയപരമായ വ്യക്തതയില്ലാത്ത മാക്രോണിന്റെ ഭരണം മടുത്തു എന്ന് ഫ്രഞ്ച് സമ്മതിദായകര്‍ വ്യക്തമാക്കിയിരിക്കുന്നു. മാക്രോണ്‍ സാമ്പത്തിക രംഗത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കാത്തതും സ്വേഛാധിപത്യ നയങ്ങള്‍ പിന്തുടരുന്നതുമാണ് നിരവധി ഫ്രഞ്ച് വോട്ടര്‍മാരെ നാഷണല്‍ റാലിയുടെ കരങ്ങളിലേക്കെത്തിച്ചത്. ഇപ്പോര്‍ വോട്ടര്‍മാര്‍ നാഷണല്‍ റാലിയുടെ വാഗ്ദാനങ്ങളെ നിരാകരിച്ചിരിക്കുന്നു. സാമൂഹികനീതിയ്ക്കും പരിസ്ഥിതി സംരക്ഷണത്തിനും ഫ്രഞ്ച് ജനതയുടെ മൂല്യങ്ങള്‍ക്കും കാഴ്ചപ്പാടുകള്‍ക്കും അനുഗുണമായ വിദേശ നയങ്ങള്‍ രൂപപ്പെടുത്തുന്നതിനും പ്രധാന്യം നല്‍കുന്ന ഒരു പുതിയ പാതയിലേക്ക് രാജ്യത്തെ നയിക്കാന്‍ വേണ്ട അവസരം ഇടതിന് കൈവന്നിരിക്കുന്നു.
പ്രതിമാസ ശമ്പളം ഉയര്‍ത്തല്‍, വിരമിക്കല്‍ 64 ല്‍ നിന്ന് 60 ആയി കുറക്കല്‍, വരുന്ന അഞ്ച് വര്‍ഷത്തിനുള്ളില്‍ പത്തുലക്ഷം വീടുകള്‍ പണിയല്‍, ഭക്ഷണം, ഊര്‍ജം, ഗ്യാസ് എന്നിവയുടെ വിലവര്‍ധന മരവിപ്പിക്കല്‍ തുടങ്ങിയവ എന്‍ എഫ് പിയുടെ ബാധ്യതകളില്‍ പെടുന്നു. അതിസമ്പന്നര്‍ക്ക് കൂടുതല്‍ ടാക്‌സ് ഏര്‍പ്പെടുത്തിക്കൊണ്ട് കുട്ടികളുടെ വിദ്യാഭ്യാസം, ഭക്ഷണം, സഞ്ചാരം, പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കുള്ള മുഴുവന്‍ ചെലവും ഭരണകൂടം വഹിക്കേണ്ടതുണ്ട്. ഫലസ്തീനൊപ്പം നിലകൊള്ളുമെന്നും ഇടതു സഖ്യം വാഗ്ദാനം ചെയ്തിരുന്നു. ഇസ്രായേലിനേയും അവിടത്തെ തീവ്ര വലതുപക്ഷ ഭരണകൂടത്തെയും വിമര്‍ശിക്കുന്നത് സെമിറ്റിക് വിരുദ്ധതയല്ലെന്ന നിലപാടും മാക്രോണിന്റെ നിലപാടിനു വിരുദ്ധമായി ഇടതു സഖ്യത്തിനുണ്ട്.
ഈ വ്യക്തമായ അജണ്ട നടപ്പിലാക്കുന്നതിലൂടെ ഫ്രഞ്ച് രാഷ്ട്രീയ വ്യവസ്ഥ സുസ്ഥിരമാക്കുകയും തീവ്ര വലതുപക്ഷത്തിനെതിരെ ദീര്‍ഘകാലത്തേക്ക് എതിര്‍ശക്തിയായി നിലനില്‍ക്കുകയും ചെയ്യും. മാക്രോണിന്റെ നവലിബറലിസത്തില്‍ നിന്ന് ദ്രുതഗതിയില്‍ മോചിതമാവുകയും ഇടതുപക്ഷത്തിന് ഭാവിയുള്ള രാഷ്ട്രമായി മാറുകയും വേണം. ഏറ്റവുമധികം സീറ്റുകള്‍ നേടിയ ഇടതു സഖ്യത്തെ സഖ്യസര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ നിന്ന് കേന്ദ്രം തടയില്ലെന്നും ആഭ്യന്തര ഭിന്നതകളില്‍ നിന്ന് മോചിപ്പിച്ച് രാഷ്ട്രത്തെ നയിക്കാന്‍ മെലങ്കോണെ അനുവദിക്കുമെന്നും പ്രതീക്ഷിക്കാം.
വിവ:
സിദ്ദീഖ് സി സൈനുദ്ദീന്‍

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x