22 Sunday
December 2024
2024 December 22
1446 Joumada II 20

ഫേജ് ഡിസ്‌പ്ലേയും ഈച്ചയുടെ ഹദീസും – ടി പി എം റാഫി

2018ലെ രസതന്ത്രത്തിനുള്ള നൊബേല്‍ സമ്മാനത്തിന്റെ  ഒരു പങ്കുപറ്റിയത് ‘ഫേജ് ഡിസ്‌പ്ലേ’ സാങ്കേതികവിദ്യയുടെ ഉപജ്ഞാതാക്കളാണ്. പുതിയ പ്രോട്ടീനുകളെ നിര്‍മിക്കാനുള്ള ‘ഫേജ് ഡിസ്‌പ്ലേ’ എന്ന നൂതന ലബോറട്ടറി സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തതിനാണ് ജോര്‍ജ് സ്മിത്തും ഗ്രിഗറി വിന്ററും നൊബേല്‍ പങ്കിട്ടത്. ബാക്ടീരിയകളെ ആക്രമിക്കുന്ന വൈറസുകളായ ബാക്ടീരിയോഫേജുകളെ പ്രയോജനപ്പെടുത്തി, വൈറസുകളെയും ബാക്ടീരിയകളെയും പ്രതിരോധിക്കാനും ചെറുത്തുതോല്‍പ്പിക്കാനും കഴിയുന്ന ആന്റിബോഡികളെ നിര്‍മിച്ചെടുക്കുന്ന വിദ്യയാണ് ഫേജ് ഡിസ്‌പ്ലേ.
”ആന്റിബോഡികളുടെ നിര്‍മാണത്തിനായി സ്മിത്തും വിന്ററും വികസിപ്പിച്ചെടുത്ത ഫേജ് ഡിസ്‌പ്ലേ സംവിധാനം രോഗാണുക്കള്‍ക്കെതിരെ മിസൈലുകളെപ്പോലെ ശക്തമായി പൊരുതുന്നതാണ്”- നൊബേല്‍  സമ്മാന പ്രഖ്യാപന പ്രസംഗത്തില്‍ പുരസ്‌കാര നിര്‍ണയസമിതി വിലയിരുത്തി. അര്‍ബുദം, ആന്ത്രാക്‌സ് പോലുള്ള മാരക രോഗങ്ങള്‍ക്കെതിരെയുള്ള മരുന്നുത്പാദിപ്പിക്കാന്‍ ഗ്രിഗറി വിന്റര്‍ ഈ രീതി ഫലപ്രദമായി പ്രയോജനപ്പെടുത്തിയിട്ടുണ്ട്. ലൂപ്പസ് രോഗം ശമിപ്പിക്കാന്‍ ഈ വിദ്യ പ്രതീക്ഷയ്ക്കു വകനല്‍കുന്നതാണെന്നും ഈ ശാസ്ത്രജ്ഞന്മാര്‍ സമര്‍ഥിക്കുന്നുണ്ട്.

 

                                                      
                           ജോർജ് സ്മിത്ത്                                    ഗ്രിഗറി വിന്റർ
ബാക്ടീരിയയും വൈറസും
ബാക്ടീരിയയെ ഏറ്റവും സൂക്ഷ്മജീവികളെന്നു വിശേഷിപ്പിക്കാം. ഒരു തുള്ളി ഉമിനീരില്‍ ഒരു മില്യണ്‍ ബാക്ടീരിയ കാണും. ജൈവലോകത്ത് ഇവയുടെ സാന്നിധ്യം ഒഴിച്ചുകൂടാനാവാത്തതാണ്. ബാക്ടീരിയ ഇല്ലെങ്കില്‍ കൃഷിയും പ്രജനനവും സാധ്യമല്ല. ജൈവലോകത്തിന് ഭക്ഷണമില്ലാതെ നിലനില്‍ക്കാനുമാവില്ല. ഒട്ടുമിക്ക ബാക്ടീരിയകളും ഉപദ്രവകാരികളല്ലെന്നതാണ് സത്യം. പലപ്പോഴും പരോപകാരികളുമാണവ. എന്നാല്‍, അല്പം ചില ബാക്ടീരിയ രോഗഹേതുക്കളുമാണ്. വൈറസുകള്‍ എന്നത് ജീവന്റെ തുടിപ്പുള്ള ന്യൂക്ലിക് ആസിഡുകളാണെന്നു പറയാം. ഡിറൈബോ ന്യൂക്ലിക് ആസിഡുകള്‍ അല്ലെങ്കില്‍ റൈബോ ന്യൂക്ലിക് ആസിഡുകള്‍ (ഡി എന്‍ എ അല്ലെങ്കില്‍ ആര്‍ എന്‍ എ) ബാക്ടീരിയകളുടെ കോശവലിപ്പവുമായി താരതമ്യം ചെയ്യുകയാണെങ്കില്‍ വൈറസുകള്‍ ചെറുതാണ്.
സ്വയം പ്രോട്ടീന്‍ ആവരണം തീര്‍ത്ത് അതിനുള്ളിലാണ് ഇവ കഴിയുന്നത്. ഓരോ പ്രോട്ടീന്‍ ആവരണത്തിനുള്ളിലെ യൂണിറ്റുകളെ ‘വിറിയോണ്‍’ (Virion) എന്നു വിളിക്കുന്നു. ആതിഥേയ ജീവകോശങ്ങളെ ആക്രമിച്ച് കോശഭിത്തി തകര്‍ക്കാന്‍ വൈറസുകള്‍ക്ക് പ്രത്യേക കഴിവുണ്ട്. മറ്റു ജീവികളുടെ കോശങ്ങളില്‍ നുഴഞ്ഞുകയറുന്ന വൈറസുകള്‍, പെട്ടെന്നു തന്നെ പെരുകുന്നു. ആദ്യം ആതിഥേയകോശത്തെയും പിന്നീട് മുഴുവന്‍ കലകളെയും ഇവ നശിപ്പിക്കാന്‍ തുടങ്ങുന്നു. ഇങ്ങനെയാണ് വൈറസുകള്‍ ഒട്ടേറെ രോഗങ്ങള്‍ക്ക് കാരണമാകുന്നത്. ജന്തുലോകത്തു മാത്രമല്ല, സസ്യലോകത്തും ഇവ പ്രശ്‌നക്കാരാണ്.
ബാക്ടീരിയോഫേജ്
ചില തരം വൈറസുകളുണ്ട്. ബാക്ടീരിയയുടെ കോശങ്ങളെ ആക്രമിക്കുകയാണ്  ഇവയുടെ പ്രധാന പരിപാടിയെന്ന് പുതിയ ഗവേഷണങ്ങള്‍ തെളിയിക്കുന്നു. ബാക്ടീരിയോഫേജുകള്‍ എന്നാണ് ഇവയ്ക്കു പേരിട്ടിട്ടുള്ളത്. ബാക്ടീരിയോഫേജുകള്‍ രണ്ടു വിഭാഗക്കാരാണ്. ‘മിതവാദി’കളും (Temperate Bacteriophage) ‘ഭീകരവാദി’കളും (Virulent Bacteriophage). പ്രപഞ്ചത്തിന്റെയും ജൈവലോകത്തിന്റെയും സൂക്ഷ്മാവസ്ഥകളില്‍ ദൈ്വതഭാവം (pairs) തീര്‍ത്ത സ്രഷ്ടാവ് ഏറ്റവും സൂക്ഷ്മജീവത്തുടിപ്പുകളായ ബാക്ടീരിയോഫേജസ് വൈറസുകളിലും പരസ്പര പൂരകങ്ങളായ ഒരുതരം ദൈ്വതഭാവം തീര്‍ക്കുന്നുവെന്നു കാണാം.
ഈച്ചയുടെ ഹദീസിന്റെ അന്തസ്സാരം
ഒട്ടേറെ രോഗങ്ങള്‍ക്ക് ഹേതുവായ പരോപ സൂക്ഷ്മജീവികളുടെ വാഹകരാണ് ഈച്ചകളെന്ന് ആധുനിക ഷട്പദ വിജ്ഞാനീയം വെളിപ്പെടുത്തുന്നു. ഈ അറിവിന് അത്രയൊന്നും പഴക്കമായിട്ടില്ല. ശക്തിയേറിയ സൂക്ഷ്മദര്‍ശിനികളുടെ ആവിര്‍ഭാവത്തോടെയും മറ്റു സങ്കേതിക മുന്നേറ്റത്തോടെയുമാണ് ഈ വസ്തുത നാമറിയുന്നത്. മലേറിയ, ടൈഫോയ്ഡ്, കോളറ, ഗുരുതരമായ കരള്‍രോഗങ്ങള്‍ തുടങ്ങിയവ പരത്തുന്ന രോഗാണുക്കള്‍ ഈച്ചയുടെ ദേഹത്ത് കുടികൊള്ളുന്നുണ്ട്. ഇതേ രോഗാണുക്കള്‍ക്കെതിരെ പൊരുതുന്ന ബാക്ടീരിയോഫേജ് വൈറസുകളും ഫംഗസുകളും ഈച്ചയുടെ ദേഹത്തും ചിറകുകളിലും നിവസിക്കുന്നുണ്ടെന്ന കണ്ടെത്തല്‍, ഏതായാലും, വളരെ പുതിയതാണ്.
ഈച്ചയെക്കുറിച്ചുള്ള ഈ രണ്ടു ശാസ്ത്രവസ്തുതകളും അനാവരണം ചെയ്യുന്ന, അബൂ സഈദ് അല്‍ ഖുദ്‌രിയും(റ) അബൂഹുറയ്‌റ(റ)യും നിവേദനം ചെയ്യുന്ന നബിവചനങ്ങള്‍ സ്വീഹീഹുല്‍ ബുഖാരിയിലും മറ്റു പ്രമുഖ ഗ്രന്ഥങ്ങളിലും പ്രബല ഹദീസുകളായി എടുത്തുദ്ധരിക്കുന്നുണ്ട്. ”ഈച്ച (ഭക്ഷണപാനീയങ്ങളുടെ) പാത്രത്തില്‍ വീഴുകയാണെങ്കില്‍ അതിനെ പുറത്തേക്ക് കളയുന്നതിനു മുമ്പായി പൂര്‍ണമായൊന്ന് മുക്കിയെടുക്കണം. കാരണം, അതിന്റെ ഒരു ചിറകിനടിയില്‍ ദൂഷ്യവും മറ്റേ ചിറകിനടിയില്‍ അതിനുള്ള പ്രത്യൗഷധവും ഉണ്ട്”.
അബൂഹുറയ്‌റ(റ)യില്‍ നിന്നുള്ള നിവേദനത്തില്‍ ഇത്രകൂടി വിശദീകരിക്കുന്നുണ്ട്: ”എന്തെന്നാല്‍, ഈച്ച തന്റെ ചിറകിലെ രോഗവാഹകരില്‍നിന്ന് സ്വയം രക്ഷ നേടുന്നുവല്ലോ. അതിനാല്‍ പൂര്‍ണമായി അതിനെ മുക്കിയെടുക്കേണ്ടതാണ്”.
അബൂദാവൂദില്‍ ഇങ്ങനെ കാണാം: ”സെയ്ദ് ബ്‌നു ഖാലിദ്(റ) പറയുകയുണ്ടായി: ”ഞാന്‍ അബൂസലമയുടെ അടുത്ത് വിരുന്നുചെന്നു. അദ്ദേഹം വെണ്ണയും കാരക്കവിഭവങ്ങളും കൊണ്ടുവന്നു. ഒരീച്ച അതില്‍ വീണുപോയി. അബൂസലമ അതിനെ വിരല്‍കൊണ്ട് മുക്കിയെടുത്തു. ഞാന്‍ ചോദിച്ചു: നിങ്ങള്‍ എന്താണ് കാട്ടുന്നത്? അദ്ദേഹം പറഞ്ഞു: ഈച്ചയുടെ ഒരു ചിറകില്‍ രോഗവും മറ്റേ ചിറകില്‍ പ്രത്യൗഷധവും നിലനില്‍ക്കുന്നതായി അല്ലാഹുവിന്റെ ദൂതന്‍ പറഞ്ഞിട്ടുള്ളതായി അബൂസഈദില്‍ ഖുദ്‌രി എന്നോട് പറഞ്ഞിട്ടുണ്ട്”.
ശാഹ് വലിയുല്ലാ ദഹ്‌ലവി ഈ ഹദീസിനെ ഇങ്ങനെ വിലയിരുത്തുന്നു: ”ഈച്ച തന്റെ ശരീരത്തില്‍ രോഗവും പ്രത്യൗഷധവും വഹിക്കുന്നുണ്ടെന്ന അറിവ് അക്കാലത്ത് ദൈവദത്തമായിത്തന്നെ കിട്ടണം. ഒട്ടേറെ രോഗാണുക്കളെ വഹിക്കുന്നുവെങ്കിലും ആ രോഗങ്ങളോട് ഈച്ചയ്ക്ക് ചെറുത്തുനില്‍ക്കാന്‍ കഴിയുന്നുവെന്നത് പഠിക്കപ്പെടേണ്ട സംഗതിയാണ്”.
കൊളറാഡോ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയുടെ ഷട്പദശാസ്ത്ര (Entomology) സംബന്ധിയായ വെബ്‌സൈറ്റില്‍ വിവരിക്കുന്നത് ഇങ്ങനെ: ”ഈച്ചകള്‍ (Musca Domestica) രോഗാണുവാഹകര്‍ മാത്രമല്ല, അവയെ ചെറുത്തുതോല്‍പ്പിക്കാന്‍ ജീവനശക്തിയുള്ള പ്രാണികളുമാണ്. ഈച്ചയിലെ ഈ സവിശേഷമായ മൈക്രോബയോട്ട രൂപപ്പെടുന്നത് ബാക്ടീരിയോ ഫേജുകളില്‍ നിന്നാണ്.
  ഭൂമുഖത്ത് ഏതാണ്ട് 87,000 സ്പീഷിസുകളുണ്ട്, ഈച്ചകള്‍ക്ക്. അഴുകിയ ഭക്ഷണപദാര്‍ഥങ്ങളിലും മാലിന്യങ്ങളിലും കഴിഞ്ഞുകൂടുന്ന ഇവയുടെ ശരീരത്തില്‍, ബാക്ടീരിയ, വൈറസ് പോലുള്ള എണ്ണമറ്റ രോഗാണുക്കള്‍ പറ്റിപ്പിടിക്കുന്നതില്‍ അസ്വാഭാവികതയൊന്നുമില്ല. ശാസ്ത്രപഠനങ്ങള്‍ ഇക്കാര്യം തെളിയിച്ചതുമാണ്. ഈച്ചയുടെ ചിറകില്‍ മാരകമായ രോഗാണുക്കള്‍ മാത്രമാണുള്ളതെങ്കില്‍ അവ ഭൂമുഖത്തുനിന്ന് എന്നേ നാമാവശേഷമായിപ്പോയേനെ! എന്നാല്‍ 87,000 സ്പീഷിസുകളിലായി കോടാനുകോടി ഈച്ചകള്‍ എക്കാലത്തും സജീവ സാന്നിധ്യമായി ഇവിടെ നിലനില്‍ക്കുന്നുണ്ടുതാനും. എന്തായിരിക്കും കാരണം?
ജലദോഷം, അഞ്ചാംപനി, മുണ്ടിവീക്കം, പൊട്ടി, മഞ്ഞപ്പനി, അരിമ്പാറ തുടങ്ങി മാരകമായ കരള്‍ രോഗങ്ങള്‍ക്കുവരെ ഹേതുവാകുന്ന വൈറസുകള്‍ ഇവയുടെ ചിറകില്‍ സമൃദ്ധമായുള്ളതായി ഗവേഷകര്‍ വ്യക്തമാക്കിയതുമാണ്. എന്നിട്ടും എന്തേ ഈച്ച ചത്തുപോകാത്തത്?
ബാക്ടീരിയോഫേജുകളുടെ മാന്ത്രികറോള്‍
ബാക്ടീരിയോഫേജ് വൈറസുകളിലെ ഭീകരവാദികള്‍ ബാക്ടീരിയയുടെ കോശത്തെ ചുരുങ്ങിയ സമയംകൊണ്ട് ഉന്മൂലനം ചെയ്യാന്‍ ശ്രമിക്കുന്നു. എന്നാല്‍ മിതവാദികളായ വൈറസുകളാകട്ടെ, ആതിഥേയ കോശത്തില്‍ നുഴഞ്ഞുകയറി കുടിയിരുന്നു പെരുകുന്നുവെന്നല്ലാതെ നശിപ്പിക്കാന്‍ മുതിരുന്നില്ല. അത്തരം സാഹചര്യത്തില്‍ ബാക്ടീരിയയുടെ കോശത്തില്‍ അതേ തരത്തിലുള്ള വൈറസുകളെ ചെറുത്തുതോല്‍പ്പിക്കാനുള്ള പ്രതിരോധശേഷി രൂപപ്പെട്ടു തുടങ്ങുന്നു. അത്തരം ബാക്ടീരിയാകോശങ്ങള്‍ക്ക് രോഗങ്ങളെ പ്രതിരോധിക്കാനുള്ള നൈസര്‍ഗികമായ ജീവനശക്തി കൈവരുന്നുവെന്നര്‍ഥം.
ചുരുക്കത്തില്‍, ഈച്ചയുടെ ശരീരത്തില്‍ രോഗാതുരമായ ബാക്ടീരിയകോശങ്ങളും അത്രതന്നെ അവയെ ചെറുത്തുതോല്‍പ്പിക്കാന്‍ പാകത്തില്‍ പ്രതിരോധ ശേഷിയാര്‍ജിച്ച ബാക്ടീരിയകോശങ്ങളുമുണ്ടെന്ന് ഗവേഷകര്‍ കണ്ടെത്തുന്നു. ”ഈച്ചകള്‍ രോഗാണുവാഹകര്‍ മാത്രമല്ല, ആ രോഗങ്ങളെ ചെറുക്കുന്ന മൈക്രോബയോട്ടയും അവ ഒപ്പം കൊണ്ടുനടക്കുന്നുവെന്ന വസ്തുതയും നമ്മളറിയണം” -ആധുനിക ശലഭശാസ്ത്രം ബോധ്യപ്പെടുത്തുകയാണ്.
ഈച്ചയുടെ ചിറകുകളില്‍ കാണുന്നതു പോലുള്ള ബാക്ടീരിയോഫേജുകളെ പരീക്ഷണശാലകളില്‍ കൃത്രിമമായി വളര്‍ത്തിയെടുത്ത് മനുഷ്യരിലെ മാരകമായ വൈറസ്‌രോഗങ്ങള്‍ക്കെതിരെ പൊരുതുന്ന ജൈവ ആന്റിബയോട്ടിക്കുകള്‍ നിര്‍മിക്കാനായി എന്നതാണ് ഈ വര്‍ഷത്തെ നൊബേല്‍സമ്മാന ജേതാക്കളുടെ നേട്ടം. ഹദീസില്‍ ഒളിഞ്ഞിരിക്കുന്ന ഈച്ചയിലെ ബാക്ടീരിയോഫേജ് പ്രതിരോധപ്രവര്‍ത്തന തത്ത്വം പ്രയോജനപ്പെടുത്തി ഭാവിയില്‍ ഭീതിപരത്തുന്ന എയ്ഡ്‌സ് പോലുള്ള മഹാമാരികള്‍ക്കെതിരെ പ്രത്യൗഷധങ്ങള്‍ വികസിപ്പിച്ചെടുക്കുന്നുവെങ്കിലും അത്ഭുതപ്പെടേണ്ടതില്ല.
Back to Top