ഫാസിസത്തിന്റെ നെറികേടുകളെ ചെറുക്കാന്‍ സ്ത്രീസമൂഹം സമരസജ്ജമാവണം – എം ജി എം
അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ ഭാഗമായി എം ജി എം സംസ്ഥാന സമിതി കോഴിക്കോട്ട് സംഘടിപ്പിച്ച ‘ഫാസിസത്തിനെതിരെ പെണ്‍ പ്രതിഷേധം’ എം ജി എം സംസ്ഥാന ജനറല്‍ സെക്രട്ടറി സല്‍മ അന്‍വാരിയ്യ ഉദ്ഘാടനം ചെയ്യുന്നു.
കോഴിക്കോട്: സവര്‍ണ ഫാസിസത്തിന്റെ സ്ത്രീവിരുദ്ധതയുടെ നെറികേടുകളെ ചെറുത്തു തോല്പിക്കാന്‍ ഇന്ത്യയിലെ സ്ത്രീ സമൂഹം ഒറ്റക്കെട്ടായി സമര സജ്ജരാവണമെന്ന് അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ ഭാഗമായി എം ജി എം സംസ്ഥാന സമിതി കോഴിക്കോട്ട് സംഘടിപ്പിച്ച ‘ഫാസിസത്തിനെതിരെ പെണ്‍ പ്രതിഷേധം’ ആഹ്വാനം ചെയ്തു. മനുസ്മൃതിയിലധിഷ്ഠിതമായ ബ്രാഹ്മണിക്കല്‍ ഇന്ത്യയെന്ന ആര്‍ എസ് എസ്സിന്റെ രാഷ്ട്ര സങ്കല്പം യാഥാര്‍ഥ്യമാക്കുകയെന്നതാണ് പൗരത്വ നിയമ ഭേദഗതി ലക്ഷ്യം വെക്കുന്നത്. ജനാധിപത്യം, മതേതരത്വം തുടങ്ങിയ മഹത്തായ മൂല്യങ്ങളെ തകര്‍ത്തെറിഞ്ഞ് വൈവിധ്യത്തിലധിഷ്ഠിതമായ ഏകത്വമെന്ന ബഹുസ്വര ഇന്ത്യയുടെ ശവപ്പറമ്പൊരുക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ പൗരത്വ നിയമത്തിലൂടെ ചെയ്യുന്നത്. കലാപങ്ങളുടെ ആത്യന്തിക ദുരിതം പേറുന്നത് സ്ത്രീ സമൂഹമാണെന്നതിനാല്‍ കലാപങ്ങള്‍ക്ക് തിരികൊളുത്തി രാഷ്ട്രീയ ലാഭം കൊയ്യാനുദ്ദേശിച്ച ഫാസിസ്റ്റ് ശക്തികളെ ചെറുക്കാന്‍ സ്ത്രീസമൂഹം തന്നെ മുന്നില്‍ നില്ക്കണമെന്ന് എം ജി എം സംഗമം വ്യക്തമാക്കി. എം ജി എം സംസ്ഥാന ജനറല്‍ സെക്രട്ടറി സല്‍മ അന്‍വാരിയ്യ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. റുഖ്‌സാന വാഴക്കാട് അധ്യക്ഷത വഹിച്ചു. ഖദീജ നര്‍ഗീസ്, ഡോ. പി ഗീത, ഡോ. ഹരിപ്രിയ, ഡോ. എം ജി മല്ലിക, പി റുഖ്‌സാന, അഡ്വ. ലൈല അശ്‌റഫ്, റാഫിദ ഖാലിദ്, മറിയക്കുട്ടി സുല്ലമിയ്യ പ്രസംഗിച്ചു.
