22 Sunday
December 2024
2024 December 22
1446 Joumada II 20

ഫലസ്തീന്‍ അഭയാര്‍ഥികള്‍ക്ക് സൗദി വിലക്ക്

ലബനാനില്‍ നിന്നുള്ള ഫലസ്തീന്‍ അഭയാര്‍ഥികളെ സൗദി അറേബ്യ രാജ്യത്ത് പ്രവേശിക്കുന്നതില്‍ നിന്ന് വിലക്കിയെന്ന വാര്‍ത്തയായിരുന്നു കഴിഞ്ഞയാഴ്ചയിലെ ഏറ്റവും പ്രധാനമായ ഒരു മിഡില്‍ ഈസ്റ്റ് വര്‍ത്തമാനം. ലബനാനില്‍ അഭയാര്‍ഥികളായിക്കഴിയുന്ന മൂന്നരലക്ഷം ഫലസ്തീന്‍ അഭയാര്‍ഥികളെയാണ് യാത്രാ വിലക്ക് ബാധിക്കുന്നത്. ഫലസ്തീന്‍ അതോറിട്ടി ഇഷ്യു ചെയ്ത് നല്‍കുന്ന പാസ്‌പോര്‍ട്ട് കൈവശമില്ലാതെ പ്രവേശിക്കുന്നതിന് സൗദി വിലക്കേര്‍പ്പെടുത്തുന്നതായാണ് റിപ്പോര്‍ട്ട്. ഈ വിവരം ലബനാനിലെ സൗദി എംബസി ട്രാവല്‍ ഏജന്റുമാരെ അറിയിച്ച് കഴിഞ്ഞു. ലബനാനിനെക്കൂടാതെ മറ്റ് പല രാജ്യങ്ങളിലും ഫലസ്തീന്‍ അഭയാര്‍ഥികളുണ്ട്. ഇവരില്‍ ഭൂരിപക്ഷം പേര്‍ക്കും അതാത് രാജ്യങ്ങള്‍ അനുവദിച്ച് നല്‍കിയിട്ടുള്ള പാസ്‌പോര്‍ട്ടുകളാണുള്ളത്.
പുതിയ നിയമം മൂലം ഇവര്‍ക്കും പ്രശ്‌നങ്ങളുണ്ടാകുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. മുന്നറിയിപ്പില്ലാതെയുള്ള സൗദിയുടെ നീക്കം ഗുരുതരമായ പ്രതിസന്ധികളുണ്ടാക്കുമെന്നും ഹജ്ജ്, ഉംറ തുടങ്ങിയ തീര്‍ഥാടനങ്ങള്‍ക്കായിപ്പോലും ഫലസ്തീന്‍ പൗരന്മാര്‍ക്ക് വരാന്‍ പറ്റാത്ത സ്ഥിതിയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നതെന്നും മനുഷ്യാവകാശ സംഘടനകള്‍ ചൂണ്ടിക്കാണിക്കുന്നു. നിലവില്‍ സൗദിയെ ആശ്രയിച്ച് തൊഴില്‍ ചെയ്യുന്ന അനേകം ഫലസ്തീന്‍ പൗരന്മാരേയും നിയമം ദോഷകരമായി ബാധിക്കും. ഫലസ്തീനിന് പുറത്ത് അഭയാര്‍ഥികളായി കഴിയുന്ന ലക്ഷക്കണക്കിനാളുകള്‍ ഫലസ്തീന്‍ അതോറിറ്റിയുടെ പാസ്‌പോര്‍ട്ട് കൈവശമില്ലാത്തവരാണ്. ഇവര്‍ക്ക് മതിയായ സമയം നല്‍കി പാസ്‌പോര്‍ട്ട് ലഭ്യമാക്കാനുള്ള അവസരം വേണ്ടതുണ്ടെന്നാണ് മനുഷ്യാവകാശ സംഘടനകള്‍ സൗദിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
Back to Top