31 Thursday
July 2025
2025 July 31
1447 Safar 5

ഫലസ്തീനിനെ രാഷ്ട്രമായി അംഗീകരിച്ച് കൂടുതല്‍ രാജ്യങ്ങള്‍ രംഗത്ത്‌


ഗസ്സ വംശഹത്യ ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിച്ച് കൂടുതല്‍ രാഷ്ട്രങ്ങള്‍ രംഗത്തെത്തുന്നു. 2023 ഒക്ടോബര്‍ ഏഴിന് ശേഷം ലോകത്തിലെ ഒന്‍പത് രാജ്യങ്ങളാണ് ഫലസ്തീനെ രാഷ്ട്രമായി അംഗീകരിച്ച് പരസ്യമായി രംഗത്തെത്തിയത്. ‘ഫലസ്തീനിനെ നേരത്തെ തന്നെ രാഷ്ട്രമായി അംഗീകരിച്ച 140 രാജ്യങ്ങളുടെ കൂടെ സ്‌പെയിനും ചേരുകയാണ്’ -സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് പറഞ്ഞു. 2024 ഏപ്രിലില്‍ ബാര്‍ബഡോസ് ഈ ധീരമായ കാല്‍വെപ്പ് നടത്തി. പിന്നാലെ അയല്‍രാജ്യങ്ങളായ ജമൈക്ക, ട്രിനിഡാഡ് ആന്റ് ടൊബേഗോ, ബഹാമസ് എന്നീ രാജ്യങ്ങളും ഫലസ്തീനെ രാഷ്ട്രമായി അംഗീകരിച്ചു. എന്നാല്‍ യൂറോപ്യന്‍ രാജ്യങ്ങളുടെ ഈ അംഗീകാരം ഇസ്രായേലിന്റെ രോഷത്തിന് ഇടയാക്കി. ‘ഞങ്ങള്‍ അയര്‍ലാന്റ്, ഇവിടെ നിന്നു നിങ്ങളെ കാണുന്നു, നിങ്ങളെ അംഗീകരിക്കുന്നു, നിങ്ങളെ ആദരിക്കുന്നു. ഇന്ന് ഐയര്‍ലാന്റ് ഔദ്യോഗികമായി ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുന്നു’ – അയര്‍ലാന്റ് പ്രധാനമന്ത്രി സിമോണ്‍ ഹാരിസ് പറഞ്ഞു.
മെയ് 22ന് അയര്‍ലാന്റും നോര്‍വെയും സ്‌പെയിനും ഔദ്യോഗികമായി ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുന്നതായി പ്രഖ്യാപിച്ചു. പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ, ഇസ്രായേല്‍ തങ്ങളുടെ ഐറിഷ്, നോര്‍വീജിയന്‍, സ്പാനിഷ് അംബാസഡര്‍മാരെ വിളിച്ച് ശാസിച്ചു. എന്നാല്‍, ഇത്തരം തിരിച്ചടിയൊന്നും ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുന്നതിന് മറ്റ് യൂറോപ്യന്‍ യൂണിയന്‍ രാഷ്ട്രങ്ങള്‍ക്ക് തടസ്സമായില്ല. ഇതിന് ശേഷവും കൂടുതല്‍ രാജ്യങ്ങള്‍ രംഗത്തുവന്നു. ജൂണ്‍ നാലിന് റിപബ്ലിക്ക് ഓഫ് സ്ലൊവേനിയയും ജൂണ്‍ 21ന് അര്‍മേനിയയും ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിച്ച് രംഗത്തെത്തി. മെയ് 28ഓടെ യു എന്നിലെ 193 അംഗരാഷ്ട്രങ്ങളില്‍ 146 രാഷ്ട്രങ്ങളും ഫലസ്തീനെ രാഷ്ട്രമയി അംഗീകരിച്ചു. ഒക്ടോബര്‍ ഏഴിന് ശേഷമാണ് ഈ പട്ടിക ഇത്രയും വളര്‍ന്നത്. ഇത് അന്താരാഷ്ട്ര വേദികളില്‍ ഇസ്രായേലിനെ കൂടുതല്‍ ഒറ്റപ്പെടുത്തുന്നതിന് ഇടയാക്കി. ഇസ്രായേല്‍ ഫലസ്തീനിലെ ഗസ്സയിലെ വംശഹത്യ തുടരുമ്പോള്‍ കൂടുതല്‍ രാഷ്ട്രങ്ങള്‍ ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിച്ച് മുന്നോട്ട് വന്നേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Back to Top