ഫലത്തെക്കുറിച്ച് വ്യാകുലപ്പെടേണ്ടതില്ല
നിരവധി പ്രവര്‍ത്തനങ്ങളും പദ്ധതികളും ആസൂത്രണം ചെയ്യുന്നവരാണ് നാം. സംഘടനാ രംഗത്തും കുടുംബ ജീവിതത്തിലും പ്രൊഫഷണല്‍ മേഖലയിലും നിരവധി കാര്യങ്ങള്‍ നടപ്പാക്കാന്‍ ആഗ്രഹിക്കുക സ്വാഭാവികമാണ്. അതില്‍ ചിലതെല്ലാം നടക്കുകയും ചിലത് മുടങ്ങിപ്പോവുകയും ചെയ്യും. നടപ്പിലാക്കിയത് തന്നെ ആഗ്രഹിച്ച രൂപത്തിലോ മാതൃകയിലോ ആവണമെന്നില്ല. ചിലപ്പോള്‍ ആസൂത്രണം ചെയ്തതിനേക്കാളും മികച്ച ഫലമോ മറ്റു ചിലപ്പോള്‍ പരാജയമോ ഉണ്ടായേക്കാം. നാം നടത്തുന്ന വ്യക്തിപരവും സാമൂഹികവുമായ പ്രവര്‍ത്തനങ്ങള്‍ എങ്ങനെയെല്ലാമാണ് സ്വാധീനമുണ്ടാക്കുക എന്നോ റിസല്‍ട്ട് എന്തായിരിക്കുമെന്നോ നാം ചര്‍ച്ച ചെയ്യാറുണ്ട്. എന്നാല്‍, പ്രതീക്ഷിച്ച ഉത്തരങ്ങളും ഫലവും ലഭിക്കാതെ പോയേക്കാം. മറ്റു ചിലപ്പോള്‍ വിപരീത ഫലം ചെയ്‌തേക്കാം. ഇത്തരം ഘട്ടങ്ങളിലെല്ലാം ഒരു വിശ്വാസി എന്ന നിലയില്‍ നാം സ്വീകരിക്കേണ്ട നിലപാടെന്താണ്?
ഒരു വിശ്വാസി ജീവിതത്തില്‍ പുലര്‍ത്തേണ്ട അടിസ്ഥാനപരമായ ചില സവിശേഷതകളുണ്ട്. നേട്ടങ്ങളില്‍ എന്ന പോലെ തന്നെ പ്രയാസങ്ങളിലും പ്രതിസന്ധികളിലും അല്ലാഹുവിന്റെ നിശ്ചയത്തിന് കീഴൊതുങ്ങുകയും തൃപ്തിയടയുകയും ചെയ്യുക. അല്ലാഹു രേഖപ്പെടുത്തിയതല്ലാതെ മറ്റൊന്നും ബാധിക്കില്ല എന്ന ദൃഢനിശ്ചയം പ്രായോഗിക ജീവിതത്തില്‍ പ്രതിഫലിക്കണം. സ്വന്തം ജീവിതത്തിലോ മറ്റോ ഒരു കാര്യം നടത്താന്‍ ആത്മാര്‍ഥമായി പരിശ്രമിക്കുകയും അതിനുവേണ്ട ഒത്താശകള്‍ നടത്തുകയും ഓരോ ഘട്ടങ്ങളിലും അതിന്റെ ലക്ഷ്യത്തെക്കുറിച്ച് സ്വയം ബോധ്യമുണ്ടാവുകയും സ്വന്തത്തെ ഓര്‍മപ്പെടുത്തുകയും പ്രസ്തുത ലക്ഷ്യം നേടുന്നതിന് പര്യാപ്തമായ ആസൂത്രണങ്ങളെല്ലാം നിര്‍വഹിക്കുകയും ചെയ്തു കഴിഞ്ഞാല്‍ പിന്നീട് ഫലപ്രാപ്തി സംബന്ധിച്ച് നാം ആശങ്കപ്പെടേണ്ടതില്ല. നമ്മള്‍ നടത്തിയ ഓരോ പ്രവര്‍ത്തനവും അല്ലാഹുവിന്റെ വിധി നിശ്ചയത്തില്‍ പെട്ടതാണ്. അതിന്റെ ഫലവും അവന്‍ നിശ്ചയിച്ചിട്ടുണ്ട്. ഫലം എന്താകുമെന്നതില്‍ നമുക്ക് യാതൊരു പങ്കുമില്ലെന്നിരിക്കെ ആശങ്കപ്പെടേണ്ടതില്ല. കഴിവനുസരിച്ച് ആത്മാര്‍ഥമായി പ്രവര്‍ത്തിക്കാനാണ് നമ്മോട് ആവശ്യപ്പെട്ടത്. പ്രസ്തുത പ്രവര്‍ത്തനം ഏതളവില്‍ നിര്‍വഹിക്കാന്‍ കഴിയുമെന്നതും അതിന്റെ ഫലം ഇന്നതാകുമെന്നും അല്ലാഹുവിന്റെ അറിവില്‍ പെട്ട കാര്യമാണ്. ഈ ദൃഢബോധ്യമുള്ള വിശ്വാസികള്‍ക്കേ ഈമാനിന്റെ മാധുര്യം അനുഭവിക്കാനാവൂ.
കരുത്തരായ വിശ്വാസികള്‍ എന്ന ഒരു കാറ്റഗറിയെക്കുറിച്ച് പ്രവാചക വചനങ്ങള്‍ പഠിപ്പിക്കുന്നുണ്ട്. അല്‍ മുഅ്മിനുല്‍ ഖവിയ്യ് എന്നാണ് പ്രവാചകന്‍ പരിചയപ്പെടുത്തുന്നത്. ഈമാനിന്റെ മാധുര്യം അനുഭവിക്കുന്നവരാണ് കരുത്തരായ വിശ്വാസികള്‍. അവരുടെ പ്രത്യേകത; അവര്‍ ഉപകാരപ്പെടുന്ന പ്രവര്‍ത്തനങ്ങളില്‍ ആത്മാര്‍ഥമായി പങ്കെടുക്കും. ഓരോ ഘട്ടങ്ങളിലും അല്ലാഹുവിനോട് സഹായം തേടും. ദുര്‍ബലരായി നില്‍ക്കുകയില്ല. അവരുടെ പ്രതീക്ഷക്ക് വിരുദ്ധമായി വല്ലതും സംഭവിച്ചാല്‍ ഇങ്ങനെ ചെയ്യാമായിരുന്നു എന്ന് പരിതപിക്കുകയില്ല. അല്ലാഹുവിന്റെ വിധി നിശ്ചയപ്രകാരം നടന്നു എന്നേ അവര്‍ പറയൂ. അങ്ങനെയായിരുന്നെങ്കില്‍ എന്ന പ്രയോഗം പൈശാചികതയുടെ താക്കോലാണ് എന്നവര്‍ക്കറിയാം. ഇതൊക്കെയാണ് കരുത്തരായ വിശ്വാസികളുടെ പ്രത്യേകതയായി പ്രവാചകന്‍ പഠിപ്പിക്കുന്നത്. ഇനി, പ്രതീക്ഷിച്ച പോലെ തന്നെ കാര്യങ്ങള്‍ സംഭവിച്ചാല്‍ അതവരുടെ പ്രവര്‍ത്തനത്തിന്റെ മികവാണെന്ന് അഹങ്കരിക്കുകയുമില്ല. ജീവിതാഭിലാഷങ്ങളും കരിയര്‍ സ്വപ്‌നങ്ങളും പ്രാസ്ഥാനിക സാമൂഹിക പ്രവര്‍ത്തനങ്ങളും തുടങ്ങി ജീവിതത്തിലെ ഏത് മേഖലയിലും കര്‍മനിരതരാകുന്നവര്‍ക്ക് ആത്മീയമായ പ്രചോദനം നല്‍കുന്ന ഇസ്ലാമിന്റെ അടിസ്ഥാനപരമായ കാഴ്ചപ്പാടാണിത്.
ഏകദൈവ വിശ്വാസം അടിയുറച്ച ഒരു വ്യക്തിയെ സംബന്ധിച്ചേടത്തോളം ഈമാനിന്റെ മാധുര്യം തിരിച്ചറിയാനാവുക വിധിനിശ്ചയത്തെ പ്രയോഗിക ജീവിതത്തിലേക്ക് സന്നിവേശിപ്പിക്കുമ്പോഴാണ്. പ്രവര്‍ത്തനങ്ങളില്‍ സജീവമാകാനാണ് ഇസ്ലാം നമ്മോട് ആഹ്വാനം ചെയ്യുന്നത്. അലസരും ദുര്‍ബലരുമായി മാറാന്‍ പാടില്ല. ചെയ്യുന്ന കാര്യങ്ങള്‍ ഉദ്ദേശിച്ച ഫലം കാണുമോ എന്ന് വ്യാകുലപ്പെട്ട് മാനസിക വ്യഥയനുഭവിക്കുന്നവരാകാന്‍ പാടില്ല. ഫലത്തെക്കുറിച്ച് വ്യാകുലപ്പെടാന്‍ ഒരു ന്യായവുമില്ലെന്നതാണ് ദൈവികാധ്യാപനം. കഴിവനുസരിച്ച് ആത്മാര്‍ഥമായി പ്രവര്‍ത്തിക്കുക എന്നത് മാത്രമാണ് കരുത്തുറ്റ വിശ്വാസികളുടെ മുഖമുദ്ര.