പൗരത്വ ഭേദഗതി നിയമം വിജയം കാണുംവരെ പോരാട്ടം തുടരണം
യു എ ഇ ഇസ്‌ലാഹി സെന്റര്‍ ദേശീയ കൗണ്‍സില്‍ സമ്മേളനം കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) സംസ്ഥാന സെക്രട്ടറി കെ എല്‍ പി ഹാരിസ് ഉദ്ഘാടനം ചെയ്യുന്നു.
ദുബയ്: ഭാരതത്തെ ഹിന്ദുത്വരാഷ്ട്രമാക്കാനുള്ള സംഘപരിവാര്‍ ശ്രമത്തെ ചെറുത്തു തോല്‍പിക്കണമെന്നും പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പോരാട്ടം വിജയം കാണുവരെ തുടരണമെന്നും യു എ ഇ ഇസ്‌ലാഹി സെന്റര്‍ ദേശീയ കൗണ്‍സില്‍ സമ്മേളനം ആവശ്യപ്പെട്ടു. പൗരത്വ നിഷേധവുമായി മോദി ഭരണകൂടം മുന്നോട്ടുപോകുമ്പോള്‍ ഒറ്റക്കെട്ടായി നിന്ന് പ്രതിരോധം ശക്തിപ്പെടുത്തുന്നതിന് പകരം സ്വാര്‍ഥ താല്‍പര്യങ്ങള്‍ക്കു വേണ്ടി ചെറുത്തുനില്‍പ് ദുര്‍ബലപ്പെടുത്തുന്നത് ആശാസ്യമല്ല. സംഘപരിവാര്‍ ശക്തികള്‍ക്ക് ആത്മ വിശ്വാസം നല്‍കാനേ പരസ്പരമുള്ള പഴിചാരലുകള്‍ ഉപകരിക്കുകയുള്ളൂ. മറ്റു താല്പര്യങ്ങള്‍ക്കപ്പുറത്ത്, നിലനില്പിനായുള്ള യോജിച്ച പോരാട്ടം ശക്തിപ്പെടുത്തുകയാണ് പുതിയ സാഹചര്യത്തില്‍ വേണ്ടത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ തുടരുന്ന ചെറുത്തു നില്‍പും പ്രക്ഷോഭങ്ങളും ഫാസിസ്റ്റ് ഭരണകൂടത്തിന് കടുത്ത വെല്ലുവിളി സൃഷ്ടിക്കുന്നത് കാണാതെ പോകരുതെന്നും സമ്മേളനം ആവശ്യപ്പെട്ടു.
കൗണ്‍സില്‍ കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) സംസ്ഥാന സെക്രട്ടറി കെ എല്‍ പി ഹാരിസ് ഉദ്ഘാടനം ചെയ്തു. കെ എന്‍ എം സംസ്ഥാന സെക്രട്ടറി ഇസ്മായില്‍ കരിയാട് പ്രഭാഷണം നടത്തി. യു എ ഇ ഇസ്‌ലാഹി സെന്റര്‍ പ്രസിഡന്റ് മുഹമ്മദ്കുട്ടി ഹാജി അധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി സാബിര്‍ ഷൗക്കത്ത് പ്രവര്‍ത്തനറിപ്പോര്‍ട്ടും കരട് രൂപരേഖയും നസീബ് കടലുണ്ടി സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. വിവിധ സെഷനുകളില്‍ അബ്ദുശ്ശരീഫ് തിരൂര്‍, അബ്ദുല്‍ജബ്ബാര്‍ തൃശൂര്‍, അസൈനാര്‍ അന്‍സാരി, സല്‍മാന്‍ പ്രഭാഷണം നടത്തി. ആറുമാസത്തേക്കുള്ള പ്രവര്‍ത്തനങ്ങള്‍ക്കു രൂപം നല്‍കി. ജാഫര്‍ വയനാട്, മുജീബ് റഹ്മാന്‍ പാലക്കല്‍, അഷ്‌റഫ് സുല്ലമി പ്രസംഗിച്ചു.
