പൗരത്വ നിഷേധത്തിന്റെ ചരിത്രവായന ഖുര്‍ആന്‍ നല്‍കുന്ന സൂചനകള്‍ – ശംസുദ്ദീന്‍ പാലക്കോട്
മദീനയില്‍ അഭയാര്‍ഥികളായെത്തിയ പ്രവാചകനെയും സത്യവിശ്വാസികളുടെ സംഘത്തെയും മദീനയിലെ ജൂതന്മാര്‍ ആദ്യഘട്ടത്തില്‍ അംഗീകരിച്ചിരുന്നു. മുസ്‌ലിംകളുമായി മദീനയിലെ പ്രമുഖ ജൂതഗോത്രങ്ങളെല്ലാം സമാധാനസൗഹൃദ കരാറിലേര്‍പ്പെടുകയും ചെയ്തു. എന്നാല്‍ പിന്നീട് ജൂതന്മാര്‍ കരാര്‍ ലംഘിക്കുകയും മുസ്‌ലിംകള്‍ക്കെതിരെ പല വിധ ചതിപ്രയോഗങ്ങള്‍ നടത്തുകയും ചെയ്തു. പ്രവാചകന്റെ കൂടെ കപടവിശ്വാസികളായി ഒന്നിച്ചുകൂടി മുസ്‌ലിംകള്‍ക്കെതിരെ കരുക്കള്‍ നീക്കാന്‍ വരെ അവര്‍ ധൃഷ്ടരായി! പ്രവാചകന്റെ യുദ്ധസംഘത്തില്‍ വരെ ഈ കപടവിശ്വാസികള്‍ കൂടെകൂടി. എന്നാല്‍ അവരുടെ ഉള്ളിലിരിപ്പ് അല്ലാഹു ലോകത്തെ അറിയിക്കുക തന്നെ ചെയ്തു. അതിപ്രകാരം: ”അവര്‍ പറയുകയാണ്: ഞങ്ങള്‍ (ഈ യുദ്ധ യാത്ര കഴിഞ്ഞ്) മദീനയില്‍ മടങ്ങിയെത്തിയാല്‍ അവിടെയുള്ള പ്രതാപവാന്മാര്‍ നിന്ദ്യന്മാരെ മദീനയില്‍ നിന്ന് പുറത്താക്കുക തന്നെ ചെയ്യും!” (വി.ഖു 63:8)
അധികാര മേലാളന്മാര്‍ വിവിധ കാലഘട്ടങ്ങളില്‍ സത്യവിശ്വാസികളെയും പ്രവാചകന്മാരെയും പൗരത്വം എടുത്തുമാറ്റുമെന്ന് ഭീഷണിപ്പെടുത്തിയപ്പോള്‍ സത്യവിശ്വാസികള്‍ക്ക് തീരെ ഭയമുണ്ടായില്ല എന്ന് മാത്രമല്ല, ഭീഷണികളെ അവര്‍ പുച്ഛിച്ചു തള്ളുകയാണുണ്ടായത്. ഉദാഹരണമായി ശുഐബ് നബിയുടെയും വിശ്വാസികളുടെയും കാര്യമെടുക്കാം. നിങ്ങളെ ഞങ്ങള്‍ നാട്ടില്‍ നിന്ന് പുറത്താക്കും എന്ന ഭീഷണി കേട്ടപ്പോള്‍ ആ ഭീഷണിക്കാരോട് അവര്‍ (പ്രവാചകനും വിശ്വാസികളും) തിരിച്ചു ചോദിച്ചതിപ്രകാരം: ”ഞങ്ങള്‍ അത് വെറുക്കുന്നവരാണെങ്കിലോ.” അഥവാ പുറത്ത് പോകാന്‍ ഞങ്ങള്‍ക്ക് മനസ്സില്ലെങ്കിലോ? ‘ജനിച്ചതീ മണ്ണിലെങ്കില്‍ മരണവുമീമണ്ണില്‍ തന്നെ’ എന്ന് ഇന്ന് ചില പ്രതിഷേധങ്ങളില്‍ ഉയര്‍ന്നു കേള്‍ക്കുന്ന മുദ്രാവാക്യം ആദ്യമുയര്‍ത്തിയത് ‘ഞങ്ങള്‍ക്ക് മനസ്സില്ലെങ്കിലോ?’ എന്ന മറുവാക്ക് ഉന്നയിച്ച് കൊണ്ട് ശുഐബ് നബിയും ന്യൂനപക്ഷമായ സത്യവി്ശ്വാസികളുമാണെന്നാണ് ഖുര്‍ആന്‍ നല്‍കുന്ന സൂചന. (അഅ്‌റാഫ് 88 കാണുക).
മദീനയിലെ ജൂതന്മാര്‍ അവിടെ അഭയാര്‍ഥികളായി എത്തിയ മക്കയില്‍ നിന്നും സത്യവിശ്വാസികളോടും സൂചനാ രൂപത്തില്‍ ‘പ്രതാപവാന്മാര്‍ നിന്ദ്യന്മാരെ പുറത്താക്കുക തന്നെ ചെയ്യും’ എന്ന് പറഞ്ഞപ്പോള്‍ നിന്ദ്യന്മാര്‍ എന്നതുകൊണ്ട് അവര്‍ ഉദ്ദേശിച്ചത് മുസ്‌ലിംകളെയാണ്. ഈ ഭീഷണിയുണ്ടായപ്പോള്‍ പ്രവാചകന്‍ അല്ലാഹു ദിവ്യബോധനം നല്‍കി അറിയിച്ചത്: തീര്‍ച്ചയായും അല്ലാഹുവിനും പ്രവാചകനും സത്യവിശ്വാസികള്‍ക്കുമാകുന്നു പ്രതാപം” എന്നാണ് (സൂചന ഖുര്‍ആന്‍ 63:8)
ചുരുക്കത്തില്‍ ഒരു നാടിന്റെ ബഹുസ്വരതയാണ് ആ നാടിന്റെ പ്രകൃതി പരത എന്ന് വിശുദ്ധ ഖുര്‍ആന്‍ ഒന്നലധികം സ്ഥലത്ത് വ്യക്തമായി സൂചിപ്പിക്കുന്നത് കാണാം. ആ ബഹുസ്വരതയെ നശിപ്പിച്ച് രാജ്യ നിവാസികളെ ഭിന്നിപ്പിച്ച് മതത്തിന്റെയും സംസ്‌ക്കാരത്തിന്റെയും പേരില്‍ ചില സമുദായങ്ങളെ വംശനശീകരണം വരുത്താനുദ്ദേശിക്കുന്നവര്‍ യഥാര്‍ഥത്തില്‍ അവര്‍ സ്വന്തം നാശത്തിനുള്ള കുഴി തോണ്ടുകയാണ് ചെയ്യുന്നത് എന്നാണ് ഖുര്‍ആന്‍ നല്‍കുന്ന സൂചന.
ഒരു ദേശത്തെ പൗരന്മാരെന്ന നിലയില്‍ എല്ലാവരോടും പരിഗണനയും മാനവിക ബോധവും തുല്യനീതിയും പാലിക്കുക എന്നതാണ് ഖുര്‍ആന്‍ ലോകത്തിന് നല്‍കുന്ന സന്ദേശം. അതില്‍ മാത്രമേ ദൈവിക സഹായവും അന്തിമ വിജയവുമുണ്ടാവുകയുള്ളൂ എന്നു ഖുര്‍ആന്‍ ആവര്‍ത്തിച്ചുണര്‍ത്തുന്നു.