പ്രീണനമെന്ന അവസാന മുറയും ബി ജെ പിയെ രക്ഷപ്പെടുത്തിയില്ല അബ്ദുസ്സമദ് തൃശൂര്‍
കേരളത്തിലെ പോലെ സംഘടനാ പ്രവര്‍ത്തനം നടക്കുന്ന സംസ്ഥാനം ഒരു പക്ഷെ ഇന്ത്യയില്‍ വേറെ കാണില്ല. എല്ലാ തരത്തിലുമുള്ള സംഘടനകളും കേരളത്തില്‍ സജീവമാണ്. എന്നിട്ടും മറ്റുള്ള സംസ്ഥാനങ്ങളില്‍ ഉണ്ടെന്നു പറഞ്ഞുകേള്‍ക്കുന്ന പലതും കേരളത്തിലില്ല. കേരള സമൂഹം ഇപ്പോഴും ഒന്നിച്ചു തന്നെയാണ് മുന്നേറുന്നത്. അവര്‍ക്കിടയില്‍ സംവാദങ്ങള്‍ സജീവമാണെങ്കിലും അത് സാമൂഹിക ജീവിതത്തിലേക്ക് ഇറങ്ങി വന്നിട്ടില്ല. അതുകൊണ്ട് തന്നെ കേരള സമൂഹത്തില്‍ മറ്റു സംസ്ഥാങ്ങളില്‍ കണ്ടുവരുന്ന രീതിയിലുള്ള വര്‍ഗീയ കലാപങ്ങളും കുറവാണ്. 1600 മുതല്‍ 2017 വരെയുള്ള കാലഘട്ടത്തില്‍ ഇന്ത്യയില്‍ നടന്ന കലാപങ്ങള്‍ പരിശോധിച്ചാല്‍ അതില്‍ കേരളത്തില്‍ നടന്നെന്നു പറയപ്പെടുന്ന ഒരു കലാപവും കണ്ടെന്നു വരില്ല. മലബാര്‍ കലാപത്തെ ചിലര്‍ ഹിന്ദുമുസ്‌ലിം കലാപമായി തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ടെ ന്നതു ശരിയാണ്. എന്നാലത് ബ്രിട്ടീഷുകാരോടുള്ള സമരമായിരുന്നു എന്ന സത്യമവര്‍ മറച്ചു വെക്കുകയും ചെയ്യുന്നു.
ദേശീയ തലത്തില്‍ ന്യൂനപക്ഷങ്ങള്‍ തങ്ങളുടെ കൂടെയാണെന്നതാണ് ബി ജെ പി അവകാശപ്പെടുന്നത്. ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ക്കു സ്വാധീനമുള്ള ലോകസഭാ സീറ്റുകളിലധികവും ജയിച്ചത് ബി ജെ പിയാണ് എന്നതാണ് അതിനു കാരണം. ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ക്കു സ്വാധീനമുള്ള ഏകദേശം തൊണ്ണൂറോളം മണ്ഡലങ്ങളില്‍ പകുതിയും ബിജെപിയാണ് വിജയിച്ചത്. അത് കൊണ്ട് തന്നെ ന്യൂനപക്ഷങ്ങള്‍ മൊത്തത്തില്‍ ഇന്ത്യയില്‍ ബി ജെ പി പേടിയില്ലെന്നതാണ് പാര്‍ട്ടിയുടെ വിശദീകരണം. എന്ത് കൊണ്ട് മുസ്‌ലിം സ്വാധീന മേഖലയില്‍ ബി ജെ പി ജയിക്കുന്നു എന്ന ചോദ്യത്തിന് നല്കാന്‍ കാഴിയുന്ന മറുപടി മുസ്‌ലിം വോട്ടുകള്‍ പലയിടത്തും ഒരു ബ്ലോക്കിലേക്കു മാറിയില്ല എന്നത് തന്നെയാണ്. കേരളത്തില്‍ ന്യൂനപക്ഷ വോട്ടുകള്‍ ഒരിടത്തേക്ക് കേന്ദ്രീകരിച്ചു എന്നതാണ് യു ഡി എഫിന്റെ വിജയത്തിന് കാരണമായി പറയുന്നതും. മറ്റൊരു ഭാഷയില്‍ പറഞ്ഞാല്‍ ജീവ ഭയമാണ് പലയിടത്തും ബി ജെ പിക്ക് വോട്ടു ചെയ്യാന്‍ മുസ്‌ലിംകളെ പ്രേരിപ്പിക്കുന്നതും. പ്രതിപക്ഷ കക്ഷികള്‍ പല കാര്യത്തിലും ഭിന്നിക്കുന്നു എന്നതിനാല്‍ അവരില്‍ ആരെ പ്രതീക്ഷിക്കണം എന്നതില്‍ ന്യൂനപക്ഷങ്ങള്‍ ആശങ്കയിലാണ്. ചുരുക്കത്തില്‍ ഭയമാണ് വടക്കേ ഇന്ത്യയിലെ സംഘ പരിവാര്‍ രാഷ്ട്രീയം.
കേരളത്തില്‍ ആ ഭയത്തിന്റെ അവസ്ഥ നിലനില്‍ക്കുന്നില്ല എന്നതിനാ ല്‍ തന്നെ ബി ജെ പിക്ക് അത്തരം ഒരു നേട്ടം ഇവിടെ കൈവരിക്കാന്‍ കഴിയില്ല. അതിനാല്‍ തന്നെ ഇവിടെ പ്രീണനത്തിന്റെ രീതിയാണ് അഭികാമ്യം. അതിനുള്ള മാര്‍ഗം ന്യൂനപക്ഷ പ്രീണനം തന്നെ. അതിനാല്‍ തന്നെ അവരുടെ ശ്രദ്ധ കേരളത്തില്‍ മതേതര മുന്നണികളില്‍ ആടി നില്‍ക്കുന്ന നേതാക്കളെ തങ്ങളുടെ പക്ഷത്തേക്ക് കൊണ്ട് വരിക എന്നതാണ്. അടുത്ത കാലത്ത് അങ്ങിനെ പലരും ആ പക്ഷത്തേക്ക് മാറിയിട്ടുണ്ട്. മാത്രമല്ല പഴയ ഉദ്യോഗസ്ഥരെ കൂടി തങ്ങളുടെ പക്ഷത്തേക്ക് ചേര്‍ക്കാനുള്ള ശ്രമവും നടന്നുവരുന്നു. ക്രിസ്ത്യന്‍ ജനതയെ ഉന്നം വെച്ച് ഒരു മന്ത്രിയെ തന്നെ നല്‍കി. പക്ഷെ തിരഞ്ഞെടുപ്പില്‍ അത് ഗുണം ചെയ്തില്ല എന്നത് മറ്റൊരു സത്യം. കണ്ണൂര്‍ ജില്ലയിലെ ഒരു മുസ്‌ലിം നേതാവിലൂടെ എങ്ങിനെ സമുദായത്തില്‍ കടന്നുകയറാം എന്നതാണ് അവരുടെ ഇപ്പോഴത്തെ ചര്‍ച്ച. അതൊരു നഷ്ടക്കച്ചവടമാണ് എന്ന തിരിച്ചറിവ് പാര്‍ട്ടിക്ക് ഇല്ലാതെയല്ല. പകരം മുസ്‌ലിംകള്‍ക്ക് പാര്‍ട്ടി ചതുര്‍ത്ഥിയല്ല എന്ന് ബോധിപ്പിക്കാനും കൂടി അവര്‍ ഈ നീക്കത്തെ കാണുന്നു. അബ്ദുള്ളക്കുട്ടി എന്ന രാഷ്ട്രീയ നേതാവിന് മുസ്‌ലിംകള്‍ക്കിടയില്‍ എന്നല്ല ഒരു സമൂഹത്തിലും കാര്യമായ സ്വാധീനമുള്ളയാളല്ല. നിലവിലുള്ള രാഷ്ട്രീയ ഘടനയില്‍ നിന്നും അവഗണിക്കപ്പെടുന്നു എന്ന ബോധമാണ് ഈ മാറ്റത്തിനു കാരണമെന്ന് വ്യക്തം.
ന്യൂനപക്ഷ വിരുദ്ധതയാണ് സംഘ്പരിവാര്‍ അടിസ്ഥാനം. ഇന്ത്യയില്‍ അവര്‍ ഒന്നാം ശത്രുവായി കാണുന്നത് മുസ്‌ലിംകളെ തന്നെ. അത് അവരുടെ ആചാര്യന്‍ തന്നെ പറഞ്ഞതും. എന്തൊക്കെ കുറവ് പറഞ്ഞാലും കേരള മുസ്‌ലിം സമൂഹം ഫാസിസ്റ്റ് വിരുദ്ധതയില്‍ മിക്കവാറും ഒറ്റക്കെട്ടാണ്. എങ്കിലും പുതിയ നീക്കങ്ങളെ നാം കരുതിയിരിക്കണം.