പ്രിയപുത്രനോടുള്ള മാതാവിന്റെ വസ്വിയ്യത്ത് – സി കെ റജീഷ്
ആറാം നൂറ്റാണ്ടിലെ മുജദ്ദിദ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന പണ്ഡിതനാണ് ശൈഖ് മുഹ്‌യുദ്ദീന്‍ അബ്ദുല്‍ ഖാദര്‍ ജീലാനി. കാസ്പിയന്‍ കടലിന് തെക്കുള്ള ജീലാന്‍ എന്ന പേര്‍ഷ്യന്‍ പ്രവിശ്യയില്‍ ഹിജ്‌റ 470-ലായിരുന്നു ജനനം. ബാല്യത്തില്‍ തന്നെ അദ്ദേഹത്തിന്റെ പിതാവ് മരണപ്പെട്ടിരുന്നു. മാതാവായ ഉമ്മുല്‍ ഖൈര്‍ ഫാത്വിമയുടെ ശിക്ഷണത്തിലാണ് ജീലാനി വളരുന്നത്.
പിതാവിന്റെ സ്‌നേഹ ലാളനകള്‍ അധികനാള്‍ കിട്ടാത്ത കുട്ടി നല്ല സ്വഭാവത്തിന്റെ ഉടമയായി വളരണമെന്ന് ആ മാതാവിന് നിര്‍ബന്ധമുണ്ടായിരുന്നു. ബഗ്ദാദിലെ പ്രശസ്ത മതവിദ്യാലയമായ നിസാമിയ മദ്‌റസയില്‍ മകനെ ചേര്‍ത്തു പഠിപ്പിക്കാന്‍ ഉമ്മുല്‍ ഖൈര്‍ ആഗ്രഹിച്ചു. 78 വയസ്സുള്ള മാതാവ് വിജ്ഞാനം തേടി വീട് വിട്ടിറങ്ങുന്ന പ്രിയപുത്രനെ യാത്രയയ്ക്കുകയാണ്. യാത്രാചെലവിനായി കുട്ടിയുടെ കൈയില്‍ വെച്ച് കൊടുക്കാന്‍ 40 ദീനാര്‍ മാത്രമേ മാതാവിന്റെ കൈവശമുള്ളൂ. അനന്തര സ്വത്തായി ലഭിച്ച ലഭിച്ച 80 ദീനാറിന്റെ പകുതിയും വിനിയോഗിച്ച് തീര്‍ന്നതിനാല്‍ ബാക്കിയുള്ളത് മകന്റെ കുപ്പായത്തിനുള്ളിലെ കീശയില്‍ തുന്നിക്കൊടുത്തു.
യാത്രയാക്കുമ്പോള്‍ മകനെ വിളിച്ച് കൊണ്ടു പറഞ്ഞു: ‘ജീവന്‍ ത്യജിക്കേണ്ടി വന്നാലും കളവ് പറയരുത്.’ വീട് വിട്ടിറങ്ങിയ ജീലാനി എന്ന വിദ്യാര്‍ഥി വഴിമധ്യേ ഒരു കൊള്ളസംഘത്തിന്റെ മുന്നിലെത്തി. കൈയില്‍ പണമുണ്ടോ എന്ന് അവരിലൊരാള്‍ അന്വേഷിച്ചു. തന്റെ കൈവശം 40 ദീനാര്‍ ഉണ്ടെന്ന് ആ കുട്ടി വെളിപ്പെടുത്തി. ഇത്രയധികം പണം കൈവശമുണ്ടായിട്ടും സത്യം തുറന്നു പറഞ്ഞ കുട്ടിയോട് ആ സംഘത്തിന് മതിപ്പ് തോന്നി. കൂടുതലറിയാന്‍ അവനെ സംഘത്തലവന് മുമ്പില്‍ ഹാജരാക്കി. ഒരിക്കലും കളവ് പറയരുതെന്ന ഉപദേശം നല്‍കിയാണ് ഉമ്മ തന്നെ അയച്ചത്. ആ ഉപദേശം ഓര്‍ത്തുകൊണ്ടാണ് താന്‍ രഹസ്യമായി സൂക്ഷിച്ച പണം പരസ്യപ്പെടുത്തിയതെന്ന് കുട്ടി വിശദീകരിച്ചു. സത്യസന്ധത കൊണ്ട് മാതൃക കാഴ്ചവെച്ച ഈ കുട്ടിയുടെ വാക്കുകള്‍ ആ കൊള്ളസംഘത്തെ ഒരു വേള ചിന്തിപ്പിച്ചു. സാമ്പത്തിക രംഗത്ത് സംശുദ്ധി പാലിച്ച് ജീവിക്കണമെന്ന് മാതാവിന് നിര്‍ബന്ധമുള്ളതുകൊണ്ടാണ് മകന് ഈയൊരുപദേശം നല്‍കിയത്. അന്യരുടെ പക്കലുള്ളത് അപഹരിച്ച് ജീവിക്കുന്ന കൊള്ളസംഘത്തിന് സാമ്പത്തിക രംഗത്ത് സംശുദ്ധി ശീലിക്കാന്‍ ഈ സംഭവം നിമിത്തമായി.
സാമ്പത്തിക രംഗത്ത് പരാധീനതകളുള്ള സാഹചര്യത്തിലാണ് ജീലാനി വളര്‍ന്നുവരുന്നത്. എങ്കിലും വ്യത്യസ്ത വിജ്ഞാനങ്ങളില്‍ പാണ്ഡിത്യം നേടുന്നതിന് അതൊന്നും തടസ്സമായില്ല. ഭാഷ വിഷയത്തിലും സാഹിത്യത്തിലും അതീവ താല്‍പര്യമുണ്ടാക്കുന്നതിന് പണ്ഡിതനായ തിബ്‌രീസിയില്‍ നിന്നുള്ള ശിക്ഷണം ഫലംചെയ്തു. ഖുര്‍ആന്‍, ഹദീസ്, ഫിഖ്ഹ്, തഫ്‌സീര്‍ തുടങ്ങിയ വിഷയങ്ങളില്‍ അവഗാഹമുള്ള പണ്ഡിതനായിരുന്നു. ശ്രോതാക്കള്‍ക്ക് ഹൃദ്യമാകുന്ന ശൈലിയില്‍ വിഷയങ്ങള്‍ അവതരിപ്പിക്കാനുള്ള സിദ്ധി അദ്ദേഹത്തിനുണ്ടായിരുന്നു. വിരസതയേതുമില്ലാതെ ഏറെ നേരം വിജ്ഞാനദാഹം ശമിപ്പിക്കിക്കാനായി പഠിതാക്കള്‍ ജീലാനിയുടെ വിജ്ഞാന സദസ്സില്‍ വന്നിരിക്കും. എത്ര ദൂരം താണ്ടിയും ഏറെ സാഹസപ്പെട്ടും അറിവ് തേടി അദ്ദേഹത്തിന്റെയരികിലെത്തുന്നവര്‍ ധാരാളമായിരുന്നു. പഠനം പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ ജീലാനിക്ക് ഗുരു അബൂസഈദ് ഒരുപദേശം നല്‍കി. ‘തങ്ങള്‍ക്കുള്ള അറിവ് പകര്‍ന്നുകൊടുത്തുകൊണ്ട് ബാധ്യത നിര്‍വഹിക്കേണ്ടവര്‍ ആണ് പണ്ഡിതന്മാര്‍. ഭൗതിക പ്രമുത്തത ഒരിക്കലും ഉത്തരവാദിത്വ നിര്‍വഹണത്തില്‍ വീഴ്ച വരുത്താന്‍ കാരണമാകരുത്. ബാബുല്‍ അസ്ജില്‍ സ്ഥാപിച്ച വിദ്യാലയത്തിന്റെ ചുമതല ഏറ്റെടുത്തുകൊണ്ട് അവിടെ അധ്യാപനവും സന്മാര്‍ഗോപദേശവും ആയി കഴിഞ്ഞുകൂടാന്‍ ഗുരു നിര്‍ദേശിച്ചു.
സാധാരണക്കാര്‍ക്ക് മനസ്സിലാകുന്ന ശൈലിയില്‍ മതവിജ്ഞാനങ്ങള്‍ അവതരിപ്പിക്കാന്‍ ജീലാനി ശ്രദ്ധിച്ചു. ജീലാനിയുടെ ആകര്‍ഷക ശൈലിയാണ് പഠിതാക്കളെ പല ദിക്കുകളില്‍ നിന്നും ആ വിജ്ഞാന സദസ്സിലെത്തിച്ചത്. ആ മത വിദ്യാലയത്തില്‍ പലപ്പോഴും സ്ഥല പരിമിതി കാരണം ചില പ്രയാസങ്ങളുണ്ടായി. പരിസരത്തെ വീടും മറ്റു സ്ഥലങ്ങളും ചേര്‍ത്ത് ആ വിദ്യാലയത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ നടന്നു. വിജ്ഞാന തല്പരരായ ധനികര്‍ സാമ്പത്തികമായി ഇതിന് സഹായങ്ങള്‍ ചെയ്തു. ദരിദ്രര്‍ കായികാധ്വാനത്തിലൂടെ മദ്‌റസാ വിപുലീകരണത്തില്‍ പങ്കാളികളായി. ഇറാഖിലെ ഈ മതവിദ്യാലയം അവിടെ അറിവ് പകര്‍ന്നു കൊടുത്തിരുന്ന പണ്ഡിതന്റെ സൗമ്യ സാന്നിധ്യം കൊണ്ട് ഏറെ പ്രശസ്തമായി. മതവിഷയങ്ങള്‍ പഠിക്കുന്നതില്‍ അതീവ താല്പര്യവും വിനയവും കാണിക്കുന്നവരായിരുന്നു ഭരണാധികാരികള്‍. രാജാവെന്നോ പ്രജയെന്നോ വ്യത്യാസമില്ലാതെ പരസ്പരം സ്‌നേഹ ബഹുമാനങ്ങള്‍ നിലനിര്‍ത്തി വിജ്ഞാനത്തിനായി ജീലാനിയുടെ സദസ്സില്‍ എല്ലാവരും വന്നിരുന്നു. പഠിതാക്കളെയെല്ലാവരെയും തുല്യരായി കണ്ട് പരിഗണിക്കാനും അദ്ദേഹത്തിന് സാധിച്ചു. പണക്കാരെയോ ഭരണാധികാരികളെയോ പ്രത്യേകമായി പരിഗണിച്ച് വല്ല കാര്യലാഭത്തിനുമായി അവരെ ഒരിക്കല്‍ പോലും സമീപിച്ചില്ല.
ദുര്‍ബലര്‍, കുട്ടികള്‍, ദരിദ്രര്‍ എന്നിവരെ പ്രത്യേകം പരിഗണിക്കാനും അവരുടെ ആവശ്യങ്ങള്‍ നിവര്‍ത്തിച്ചുകൊടുക്കാനും ജീലാനി ശ്രദ്ധിച്ചിരുന്നു. അവര്‍ക്ക് സേവനം ചെയ്തും അവരുടെ വസ്ത്രങ്ങള്‍ കഴുകിക്കൊടുത്തും സമയം ചെലവിടുന്നതില്‍ അദ്ദേഹം സംതൃപ്തി കണ്ടെത്തി. ആഹാരം പാകം ചെയ്ത് അത് സാധുക്കള്‍ക്ക് ഭക്ഷിപ്പിക്കുന്നതില്‍ അതീവ താല്‍പര്യത്തോടെ മുന്നിട്ടിറങ്ങുന്ന പ്രകൃതമായിരുന്നു അദ്ദേഹത്തിന്റേത്. രാത്രിയില്‍ മിക്ക ദിവസങ്ങളിലും സുപ്ര വിരിച്ച് ബന്ധുക്കളുടെ കൂടെയിരുന്ന് അദ്ദേഹം ഭക്ഷണം കഴിക്കും.
ഈ ദുനിയാവിന്റെ മുഴുവന്‍ ഉടമസ്ഥാവകാശം തനിക്ക് ലഭിച്ചാല്‍ അത് മുഴുവന്‍ വിശക്കുന്നവന് ആഹാരം നല്‍കാന്‍ വിനിയോഗിക്കുമെന്ന് ശൈഖ് ജീലാനി പറയുമായിരുന്നു. ഉദാരതയില്‍ അനുപമ മാതൃക കാഴ്ചവെച്ച ജീലാനിയുടെ വാക്കുകള്‍ തന്നെ ഇങ്ങനെ വായിക്കാം. ”എന്റെ കൈ ഓട്ട കൈ ആണ്. അതില്‍ ഒന്നും ഇരിക്കുകയില്ല. ആയിരം ദീനാര്‍ കിട്ടിയാലും അത് കൈയില്‍ ഉറച്ച് നില്‍ക്കുകയില്ല.”
ശൈഖ് ജീലാനിയുടെ ഉപദേശങ്ങള്‍ നിരവധി പേര്‍ക്ക് യഥാര്‍ഥ വിശ്വാസത്തിലേക്ക് തിരിച്ചു വരാനുള്ള ഉള്‍ക്കാഴ്ച നല്‍കി. സാധാരണക്കാരില്‍ ദൈവിക ബോധം നിലനിര്‍ത്താനുതകുന്ന ഉദ്‌ബോധനങ്ങള്‍ അദ്ദേഹം നടത്തി. യഹൂദരും ക്രിസ്ത്യാനികളുമായ നിരവധി അമുസ്‌ലിംകള്‍ക്ക് സത്യമതത്തിലേക്കുള്ള വഴി കാണിച്ചുകൊടുത്തു. ഒരു നൂറ്റാണ്ടോളം കാലം ജ്ഞാന പ്രഭ പരത്തിയ ജീലാനി വരും തലമുറകള്‍ക്ക് കൂടി ഉപകരിക്കുന്ന നിരവധി ഗ്രന്ഥങ്ങള്‍ വൈജ്ഞാനിക ശേഷിപ്പായി വിട്ടേച്ചുകൊണ്ടാണ് മണ്‍മറഞ്ഞത്. ഗുന്‍യന്തുത്താലിബീന്‍, തുഹ്ഫത്തുല്‍ മുത്തഖീന്‍, അല്‍വിസാലത്തുല്‍ ഗൗബിയ, അല്‍വാത്ത് ഹുറബ്ബാനി എന്നിവ അവയില്‍ പ്രധാനപ്പെട്ടവയാണ്
മരണശയ്യയില്‍ കിടക്കുന്ന വേളയില്‍ ജീലാനി മകന്‍ അബ്ദുല്‍ വഹാബിനെ വിളിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു. ‘പ്രാര്‍ഥന അല്ലാഹുവിനോട് മാത്രമായിരിക്കണം. അല്ലാഹു അല്ലാത്തവരില്‍ ഒരിക്കലും നി വിശ്വാസം അര്‍പ്പിക്കരുത്. തൗഹീദാണ് പരമപ്രധാനം.’
അദ്ദേഹം മരണത്തോടടുത്തിരിക്കുകയാണ്. മക്കളോട് മാറി നില്‍ക്കാന്‍ ആവശ്യപ്പെടുന്നു. വേദന എവിടെയാണ് ഉപ്പാ എന്ന മക്കള്‍ ചോദിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു.
”എന്റെ എല്ലാ അവയവങ്ങളിലും വേദനയുണ്ട്. ഖല്‍ബില്‍ ഒഴികെ. അവിടെ ഒരു വേദനയുമില്ല.” ലാഇലാഹ ഇല്ലല്ലാഹ് എന്ന് ഉരുവിട്ട് പുഞ്ചിരി തൂകുന്ന മുഖഭാവത്തോടെ ശൈഖ് ജീലാനി നാഥനിലേക്ക് യാത്രയായി. ഹിജ്‌റ 561 റബീഉല്‍ ആഖിര്‍ 10നായിരുന്നു ആ പണ്ഡിത ജ്യോതിസ്സ് വിടവാങ്ങിയത്.
`