21 Thursday
November 2024
2024 November 21
1446 Joumada I 19

പ്രാമാണിക സമീപനത്തിന്റെ രചനാത്മക നിലപാട്‌

ചെറിയമുണ്ടം അബ്ദുല്‍ഹമീദ്‌


മുജാഹിദ് പ്രസ്ഥാനത്തിന് ഒരു കാര്യത്തിലും രചനാത്മക സമീപനമില്ലെന്നും നിഷേധാത്മകവും തീവ്രവാദപരവുമായ നിലപാട് മാത്രമേയുള്ളൂവെന്നും ആക്ഷേപിക്കുന്നവരാണ് മുജാഹിദ് ഇതരരില്‍ മിക്കവരും. യഥാര്‍ഥത്തില്‍ ആരുടെ സമീപനമാണ് രചനാത്മകം? ഒരു ഉദാഹരണത്തിലൂടെ ഇതിന് ഉത്തരം കണ്ടെത്താം:
കളകള്‍ കൈയേറിയ ഒരു കൃഷിയിടത്തില്‍ കൃഷിയിറക്കിയിട്ട് നിങ്ങള്‍ക്ക് നല്ല വിളവ് ലഭിക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ എന്തു വേണം? കളകള്‍ ആമൂലാഗ്രം ഉന്മൂലനം ചെയ്യാന്‍ വേണ്ട ശക്തമായ നടപടികള്‍ സ്വീകരിക്കണം. ഒരിക്കല്‍ മാത്രം കള നീക്കല്‍ നടത്തിയാല്‍ പോരാ, കൊയ്ത്തു വരെ കളകള്‍ക്കെതിരിലും കീടങ്ങള്‍ക്കെതിരിലും ജാഗ്രത പുലര്‍ത്തണം. എങ്കിലേ നല്ല വിളവെടുപ്പ് സാധിക്കൂ.
ഇതുതന്നെയാണ് ഇസ്‌ലാമിക പ്രബോധനത്തിന്റെയും സ്ഥിതി. തൗഹീദിനു നിരക്കാത്ത വിശ്വാസവൈകല്യങ്ങളും നബി(സ) തിരുമേനി മാതൃക കാണിക്കാത്ത മതാചാരങ്ങളുമാകുന്ന കളകള്‍ ഗ്രസിച്ചുകഴിഞ്ഞ സമൂഹങ്ങളോടാണ് നമുക്ക് പ്രബോധനം നടത്താനുള്ളത്. ഈ കളകളെ പിഴുതുമാറ്റിയ ശേഷം മാത്രമേ ആ സമൂഹങ്ങളില്‍ സത്യവിശ്വാസത്തിന്റെയും സദാചാരത്തിന്റെയും സദ്ഫലങ്ങള്‍ വിളയിച്ചെടുക്കാനാകൂ.
‘ലാഇലാഹ ഇല്ലല്ലാഹു’ എന്ന സാക്ഷ്യവചനം തുടങ്ങുന്നതുതന്നെ നിഷേധത്തോടെയാണല്ലോ. പ്രപഞ്ചനാഥന്‍ ഒഴിച്ച് ആര്‍ക്കെല്ലാം ആളുകള്‍ ദിവ്യത്വം കല്‍പിച്ചുപോന്നിട്ടുണ്ടോ ആ ദിവ്യത്വത്തെ തീര്‍ത്തും നിഷേധിക്കുന്നവനാണ് മുസ്‌ലിം. ആ നിഷേധാത്മകതയുടെ വാക്യാംശമാണ് ‘ലാഇലാഹ.’ ആ നിഷേധത്തിനു മുകളിലാണ് ഇസ്ലാം നീക്കുപോക്കില്ലാത്ത ഏകദൈവത്വം സ്ഥാപിക്കുന്നത്. ‘ഇല്ലല്ലാഹു’ എന്ന വാക്യാംശത്തിലൂടെ അങ്ങനെ തെറ്റായ വിശ്വാസങ്ങളുടെ നിഷേധത്തിലൂടെയാണ് തൗഹീദിന്റെ രചനാത്മക ഫലങ്ങള്‍ക്ക് വഴിയൊരുങ്ങുന്നത്.
ഇത്രത്തോളം മാത്രമേ മുജാഹിദ് പ്രസ്ഥാനവും നിഷേധാത്മകത സ്വീകരിക്കുന്നുള്ളൂ. നിഷേധത്തിനു വേണ്ടിയുള്ള നിഷേധമല്ല, സത്യത്തിന്റെ സംസ്ഥാപനത്തിനുവേണ്ടി അസത്യത്തിന്റെ നിഷേധം. ഈ നിഷേധത്തിനു വേണ്ടി അത്യാവശ്യത്തില്‍ കവിഞ്ഞ തീവ്രത കൈക്കൊള്ളരുതെന്ന് മുജാഹിദ് പ്രസ്ഥാനം നിഷ്‌കര്‍ഷിക്കാറുണ്ട്. ഈ കാര്യങ്ങളൊക്കെ നന്നായി അറിയാവുന്ന ചിലര്‍ തന്നെ കളകള്‍ കണ്ടില്ലെന്ന് നടിക്കുകയും മുജാഹിദുകളുടെ പ്രബോധനരീതി പ്രകോപനപരമാണെന്ന് ആക്ഷേപിക്കുകയും ചെയ്യുന്നത് കേള്‍ക്കുമ്പോള്‍ അവരുടെ പോളിസി പ്രോഗ്രാമുകള്‍ സഹതാപാര്‍ഹം തന്നെ എന്നല്ലാതെന്തു പറയാന്‍?
സമഗ്രമായ
പ്രബോധനം

മുജാഹിദുകളെ ചിലര്‍ സൗകര്യപൂര്‍വം പരിചയപ്പെടുത്താറുള്ളത്, നമസ്‌കാരത്തില്‍ കൈ എവിടെ കെട്ടണമെന്നും തറാവീഹിന്റെ റക്അത്ത് എത്രയെന്നും തലനാരിഴകീറി തര്‍ക്കിക്കുന്നവര്‍ എന്നാണ്. ഇസ്‌ലാമിന്റെ വലുതും ചെറുതുമായ ഏതു വിഷയത്തെ സംബന്ധിച്ചും പ്രമാണങ്ങളുടെ വെളിച്ചത്തില്‍ വിശകലനം ചെയ്യുന്നത് തെറ്റാണെന്ന് മുജാഹിദുകള്‍ക്ക് അഭിപ്രായമില്ല. പക്ഷേ, ഇസ്‌ലാമിക പ്രബോധനത്തില്‍ പാലിക്കേണ്ട മുന്‍ഗണനാക്രമം പാലിച്ചുകൊണ്ടാകണം അതെന്നു മാത്രം. പൊതുപ്രഭാഷണങ്ങളിലും ജുമുഅഃ ഖുത്ബകളിലും പാഠ്യപദ്ധതിയിലുമൊക്കെ ഇസ്‌ലാമിലെ വിശ്വാസകാര്യങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കുകയും കര്‍മപരമായ കാര്യങ്ങള്‍ അതിന്റെ പ്രാധാന്യക്രമത്തില്‍ അവതരിപ്പിക്കുകയുമാണ് മുജാഹിദുകള്‍ ചെയ്യാറുള്ളത്.
എല്ലാ മുസ്‌ലിം വിഭാഗങ്ങളും തര്‍ക്കമില്ലാതെ അംഗീകരിക്കുന്ന കാര്യങ്ങള്‍ക്ക് പൊതുപ്രസംഗങ്ങളില്‍ വലിയ ഊന്നല്‍ നല്‍കേണ്ടിവരില്ല. എന്നാല്‍ ബഹുഭൂരിപക്ഷവും തെറ്റിദ്ധാരണകള്‍ മൂലം അംഗീകരിക്കാന്‍ മടിക്കുന്ന ചില കാര്യങ്ങള്‍ സംശയനിവാരണത്തിനുതകുംവിധം വിശദീകരിക്കേണ്ടിവരും. അതുകൊണ്ടാണ് മുജാഹിദുകളുടെ പ്രഭാഷണങ്ങളില്‍ കര്‍മശാസ്ത്രപരമായ ചില വിഷയങ്ങള്‍ക്കും ഒട്ടൊക്കെ പ്രാധാന്യം നല്‍കേണ്ടിവരുന്നത്. ഇത് സ്വാഭാവികം മാത്രമാണ്. പ്രബോധനരംഗത്തെ അനിവാര്യതകളുടെ പേരു പറഞ്ഞ് ഇസ്‌ലാമിക അധ്യാപനങ്ങളുടെ ഏതെങ്കിലും ഭാഗം മറച്ചുവെക്കുകയോ വിട്ടുകളയുകയോ ചെയ്യുന്ന നിലപാട് മുജാഹിദുകള്‍ ഒരിക്കലും സ്വീകരിച്ചിട്ടില്ല.
ദീനും ദുന്‍യാവും
ഭൗതിക പുരോഗതിയും സാഫല്യവും കൈവന്നവരും യാതനകളും അഗ്നിപരീക്ഷകളും അനുഭവിക്കേണ്ടിവന്നവരും സത്യവിശ്വാസികളുടെ കൂട്ടത്തിലുണ്ട്. വിശുദ്ധ ഖുര്‍ആന്‍ പരിചയപ്പെടുത്തിത്തരുന്ന പ്രവാചകന്മാരില്‍ തന്നെ ഗുരുതരമായി പീഡിപ്പിക്കപ്പെട്ടവരും വധിക്കപ്പെട്ടവരുമുണ്ട്. അധികാരത്തിന്റെ ഉജ്ജ്വല പ്രൗഢിയും സമ്പല്‍സമൃദ്ധിയും കൊണ്ട് അനുഗൃഹീതരായവരുമുണ്ട്.
ഐഹിക ജീവിതത്തില്‍ നേട്ടമുണ്ടായാലും കോട്ടമുണ്ടായാലും അത് ക്ഷണികമാണെന്നും അനശ്വരമായ പരലോക വിജയമാണ് സത്യവിശ്വാസി ലക്ഷ്യമായി സ്വീകരിക്കേണ്ടതെന്നും പഠിപ്പിക്കുന്ന അനേകം ഖുര്‍ആന്‍ വാക്യങ്ങളുണ്ട്. ഐഹികജീവിതം ലക്ഷ്യമായി സ്വീകരിച്ചവന് ഒരുപക്ഷേ അല്ലാഹു ഭൗതിക സമൃദ്ധി നല്‍കിയേക്കും, പക്ഷേ, അവന്‍ അവസാനം നരകത്തിലായിരിക്കും എത്തിച്ചേരുക എന്ന് വിശുദ്ധ ഖുര്‍ആന്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഈ കാരണത്താല്‍ ഇസ്‌ലാമിക പ്രബോധനത്തിന്റെ ലക്ഷ്യം ഭൗതികമായിരിക്കരുതെന്നും, പ്രബോധിതരെ ഭൗതിക ലക്ഷ്യം ചൂണ്ടിക്കാട്ടി ഇസ്‌ലാമിലേക്ക് ക്ഷണിക്കുന്നത് അഭികാമ്യമല്ലെന്നും മുജാഹിദുകള്‍ കരുതുന്നു. ഈ നിലപാടും തെറ്റിദ്ധരിക്കപ്പെടാതിരുന്നിട്ടില്ല. മുജാഹിദുകള്‍ ദുന്‍യാവിനെ ദീനില്‍ നിന്ന് വേര്‍പെടുത്തുന്നുവെന്നും ഇസ്‌ലാമിനെ പള്ളിക്കുള്ളില്‍ തളച്ചിടുന്നുവെന്നുമൊക്കെ ആക്ഷേപം ഉന്നയിക്കപ്പെട്ടിട്ടുണ്ട്.
സാമൂഹിക-രാഷ്ട്രീയ മേഖലകള്‍ ഉള്‍പ്പെടെ ജീവിതത്തില്‍ ഉടനീളം അല്ലാഹുവിന്റെ വിധിവിലക്കുകള്‍ അനുസരിക്കാന്‍ ഏതൊരു മുസ്‌ലിമും ബാധ്യസ്ഥനാണ് എന്ന വിഷയത്തില്‍ അശേഷം സന്ദേഹമില്ലാത്തവരാണ് മുജാഹിദുകള്‍. അല്ലാഹു ഹറാമാക്കിയത് ഹലാലാക്കാനോ അവന്‍ ഹലാലായി വിധിച്ചത് ഹറാമാക്കാനോ യാതൊരാള്‍ക്കും അവകാശമില്ലെന്നും മുജാഹിദുകള്‍ ഉറച്ചു വിശ്വസിക്കുന്നു.
മാതാപിതാക്കള്‍, ബന്ധുക്കള്‍, സുഹൃത്തുക്കള്‍, ഗുരുനാഥന്‍മാര്‍, ഭരണാധികാരികള്‍ തുടങ്ങിയവരെ അനുസരിക്കുന്നത് അല്ലാഹുവിന്റെ വിധിവിലക്കുകള്‍ക്ക് എതിരാകാത്ത കാര്യങ്ങളിലേ ആകാവൂ എന്ന കാര്യത്തിലും മുജാഹിദുകള്‍ക്ക് തര്‍ക്കമില്ല. പള്ളിയോടുള്ള ഔപചാരിക ബന്ധം നിലനിര്‍ത്തിയാല്‍ ഇസ്‌ലാം ഭദ്രമായിക്കഴിഞ്ഞുവെന്നും, സാമ്പത്തിക-രാഷ്ട്രീയ മേഖലകളില്‍ ഏത് അനിസ്‌ലാമിക സിദ്ധാന്തവും സ്വീകരിക്കുന്നതിനു വിരോധമില്ലെന്നും കരുതുന്ന പലരുമുണ്ട്. ആടിനെ പട്ടിയാക്കുന്നതില്‍ വിദഗ്ധരായ ചിലര്‍ മുജാഹിദുകളെ അത്തരക്കാരുടെ കൂടെക്കൂട്ടി ക്രൂശിക്കാറുണ്ട്. സ്വന്തം തനിമ തെളിയിക്കാന്‍ വിഷമിക്കുമ്പോള്‍ മറ്റുള്ളവരെ തരംതാഴ്ത്തി സ്വയം ഉയര്‍ത്തിക്കാണിക്കാനുള്ള വെമ്പലില്‍ കവിഞ്ഞൊന്നും അതിലില്ല.
സുന്നത്തും
ബിദ്അത്തും

മുഹമ്മദ് നബി(സ)യില്‍ വിശ്വസിക്കുന്നതിന്റെ അനിവാര്യമായ താല്‍പര്യമാണ് അദ്ദേഹം നല്‍കിയ ദീനിന്റെ മാതൃക സമ്പൂര്‍ണവും സന്തുലിതവും അഖണ്ഡവുമാണെന്ന് വിശ്വസിക്കല്‍. നബി തിരുമേനി(സ) മാതൃക കാണിച്ചതല്ലാത്ത ഒരു കാര്യം ദീനെന്ന പേരില്‍ നാം സ്ഥാപിക്കുകയാണെങ്കില്‍ അതിന്റെ അര്‍ഥം നബിയുടെ മാതൃക അപൂര്‍ണമായിരുന്നുവെന്നും നമ്മുടെ വകയായി അതിലേക്ക് ഒരു കൂട്ടിച്ചേര്‍ക്കല്‍ ആവശ്യമായിത്തീര്‍ന്നുവെന്നുമാണ്. ഈ ധാരണ തന്നെ ഇസ്‌ലാമിക വൃത്തത്തിനുള്ളില്‍ നിന്ന് പുറത്തുപോകാന്‍ കാരണമാകും.
ഒരു കാര്യം സുന്നത്താകാന്‍ പ്രവാചകന്‍ മാതൃക കാണിച്ച കാര്യമായാല്‍ മാത്രം പോരാ. പ്രത്യുത, പ്രവാചകന്‍ മാതൃക കാണിച്ച സന്ദര്‍ഭത്തിലും രൂപത്തിലുമായിരിക്കണം ആ കാര്യം ചെയ്യുന്നത്.
നമസ്‌കാരത്തില്‍ ഒരു ഫാതിഹ ഓതല്‍ പ്രവാചക മാതൃകയാണ്. ഒരു റക്അത്തില്‍ രണ്ടു ഫാതിഹ ഓതിയാലോ അത് ബിദ്അത്ത് (പുതുനിര്‍മിതി) ആയിരിക്കും. ഫാതിഹ നല്ലതല്ലേ, അത് ഒന്നുകൂടിയായാല്‍ കൂടുതല്‍ നല്ലതല്ലേ എന്ന ചോദ്യത്തിന് ഇവിടെ പ്രസക്തിയില്ല. സുന്നത്തിന്റെ (പ്രവാചക ചര്യയുടെ) രൂപഭദ്രതയും അഖണ്ഡതയും നിലനില്‍ക്കണമെങ്കില്‍ ഏതു തരത്തിലുള്ള ബിദ്അത്തിനുമെതിരില്‍ വിട്ടുവീഴ്ചയില്ലാത്ത എതിര്‍പ്പ് പുലര്‍ത്തിയേ തീരൂ.
എല്ലാ പുതിയ ആചാരവും ബിദ്അത്താണെന്നും ദുര്‍മാര്‍ഗമാണെന്നും നബി(സ) തന്റെ ഓരോ പ്രസംഗത്തിലും ആവര്‍ത്തിച്ചു പറഞ്ഞിരുന്നതില്‍ നിന്ന് വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കാം. ‘നമ്മുടെ ഈ കാര്യത്തില്‍ ഇതില്‍പ്പെട്ടതല്ലാത്ത വല്ലതും ആരെങ്കിലും പുതുതായി ഉണ്ടാക്കിയാല്‍ അത് തള്ളിക്കളയേണ്ടതാകുന്നു’ എന്ന പ്രസിദ്ധമായ നബിവചനവും ഇതിന്റെ കൂടെ അനുസരിക്കുക.
ഇസ്‌ലാമിന്റെ രൂപഭദ്രതയ്ക്കും തിരുചര്യയുടെ അഖണ്ഡതയ്ക്കും ഏറെ ഊനം തട്ടിക്കുന്നതാണ് ബിദ്അത്തുകളുടെ വളര്‍ച്ച എന്ന കാര്യം കണക്കിലെടുത്താണ് ഇസ്ലാഹീ പ്രസ്ഥാനം ബിദ്അത്തുകള്‍ക്കെതിരെ അയവില്ലാത്ത നിലപാട് സ്വീകരിച്ചിട്ടുള്ളത്.
ശിര്‍ക്കിനെയും ബിദ്അത്തിനെയും എതിര്‍ക്കുന്നത് സമുദായ ഐക്യത്തിനു ഭംഗം വരുത്തുമെന്നാണ് പലര്‍ക്കും ആശങ്ക. ഇത് യഥാര്‍ഥത്തില്‍ ഇബ്‌ലീസിയന്‍ ശങ്കയാണ്. ബഹുദൈവത്വം വിമര്‍ശിക്കപ്പെടുമ്പോള്‍ പിശാചിന് ഉല്‍ക്കണ്ഠയുണ്ടാവുക സ്വാഭാവികമാണ്. ഇബ്‌ലീസിനെ അലോസരപ്പെടുത്താതെ വിട്ടാല്‍ മാത്രം സാക്ഷാത്കരിക്കപ്പെടുന്ന ഐക്യം എന്തു തരം ഐക്യമായിരിക്കും? ഇസ്‌ലാമിക ഐക്യമോ അതോ താഗൂത്തീ ഐക്യമോ?
കുനുഷ്ടും കുടിപ്പകയും കൊണ്ട് കലുഷിതമായ അറബ് മനസ്സുകളെ കലവറയില്ലാത്ത ഐക്യത്തിലേക്ക് നയിച്ചത് കറകളഞ്ഞ തൗഹീദ് മാത്രമാണെന്ന് വിശുദ്ധ ഖുര്‍ആന്‍ സൂചിപ്പിക്കുന്നുണ്ട്. ‘നിങ്ങള്‍ അല്ലാഹുവിന്റെ പാശത്തെ മുറുകെപ്പിടിക്കുക. നിങ്ങള്‍ ഭിന്നിക്കരുത്’ എന്ന ഖുര്‍ആന്‍ വാക്യം ആഹ്വാനം ചെയ്യുന്നത് അന്ധവിശ്വാസങ്ങളുടെ ഏകീകരണത്തിനു വേണ്ടിയല്ല എന്നെങ്കിലും മനസ്സിലാക്കുക.

Back to Top