23 Thursday
October 2025
2025 October 23
1447 Joumada I 1

പ്രവാസികളുടെ കഴുത്തില്‍ കത്തിവെക്കരുത് അബൂഇര്‍ഫാന്‍ അജ്മാന്‍

രാജ്യത്തിന് കോടാനുകോടികളുടെ വിദേശവരുമാനമെത്തിക്കുന്ന പ്രവാസികളുടെ കടയ്ക്കല്‍ കത്തിവെക്കുന്ന തീരുമാനങ്ങളാണ് കേന്ദ്ര ബജറ്റിലുള്ളത്. സര്‍ക്കാറുകള്‍ പ്രവാസികള്‍ക്ക് വേണ്ടത്ര പരിഗണന നല്‍കാറില്ലെന്നത് കാലാകാലങ്ങളായി കേള്‍ക്കാറുള്ള രോദനമാണ്. എന്നാല്‍ ഈ രീതിയിലായിരിക്കും പ്രവാസികളെ പരിഗണിക്കുക എന്ന് ഒരു പ്രവാസിയും സ്വപ്‌നേപി വിചാരിച്ചിരിക്കില്ല.
പ്രവാസികള്‍ വിദേശത്ത് സമ്പാദിക്കുന്ന പണത്തിന് ഇന്ത്യയില്‍ നികുതിയടക്കണമെന്നായിരുന്നു നിര്‍മല സീതാരാമന്‍ ആദ്യം പറഞ്ഞത്. എന്നാല്‍ വിഷയം വിവാദമായതോടെ ഈ തീരുമാനത്തില്‍ നിന്ന് പിന്‍വാങ്ങിയിട്ടുണ്ട്. 120 ദിവസത്തില്‍ കൂടുതല്‍ നാട്ടില്‍ നിന്നാല്‍ പ്രവാസി പദവി നഷ്ടപ്പെടുമെന്നാണ് പുതിയ നിര്‍വചനത്തിലുള്ളത്. മാത്രമല്ല, 240 ദിവസം വിദേശത്ത് കഴിയേണ്ടിയും വരും. ഇത് നേരത്തെ 182 ദിവസമെന്നായിരുന്നു. എണ്ണപ്പാടങ്ങളിലും ഓയില്‍ കമ്പനികളിലും ജോലി ചെയ്യുന്ന ആയിരക്കണക്കിന് പ്രവാസികള്‍ക്ക് ഇത് വലിയ ബുദ്ധിമുട്ടുണ്ടാക്കും. അവരില്‍ കൂടുതല്‍ പേരും വര്‍ഷത്തിന്റെ പകുതിയോളം നാട്ടിലായിരിക്കും. നാട്ടില്‍ സമ്പാദിക്കുന്ന പണത്തിന് പ്രവാസികള്‍ നേരത്തെ തന്നെ നികുതി നല്‍കുന്നുണ്ട്. എന്‍ ആര്‍ ഇ, എഫ് സി എന്‍ ആര്‍ എക്കൗണ്ടുകൡ നികുതിയിളവ് നല്‍കുമെന്ന് ഇപ്പോള്‍ പറയുന്നുണ്ട്.
പ്രവാസി നിക്ഷേപം പ്രോത്സാഹിപ്പിക്കാന്‍ ഒരു വശത്ത് കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടത്തുമ്പോഴാണ് ഇത്തരം ഇരുട്ടടികള്‍ ഉണ്ടാവുന്നത്. നാടിന്റെ പുരോഗതിക്കായി നാട്ടില്‍ നിക്ഷേപം നടത്താന്‍ പ്രവാസികളെ പ്രേരിപ്പിക്കുന്നതിനു പകരം അവരുടെ ആത്മവിശ്വാസം തകര്‍ക്കുന്ന തരത്തിലുള്ള തീരുമാനങ്ങള്‍ പ്രഖ്യാപിക്കുന്നത് സാമ്പത്തിക മുരടിപ്പ് നേരിടുന്ന രാജ്യത്തിനു കൂടുതല്‍ നഷ്ടങ്ങളേ ഉണ്ടാക്കൂ എന്നതില്‍ സംംശയമില്ല.

Back to Top