പ്രവാചക ദൗത്യത്തെ പ്രൗഢോജ്വലമാക്കുക – അബ്ദുല്‍അലി മദനി
അവസാനത്തെ ദൈവദൂതനായ മുഹമ്മദ് നബി(സ)യുടെ പ്രവാചകത്വം മനുഷ്യകുലത്തിനാകമാനം അനുഗ്രഹമാണ്. കാരുണ്യവാനായ അല്ലാഹു മുഹമ്മദ് നബിയെ നിയോഗിച്ചത് സര്‍വലോകത്തിനും അനുഗ്രഹമായാണെന്ന് ഖുര്‍ആനിലൂടെ പല തവണ ഊന്നിപ്പറഞ്ഞിട്ടുണ്ട്. ”താങ്കളെ നാം സര്‍വ ലോകത്തിനും കാരുണ്യമായിട്ടല്ലാതെ നിയോഗിച്ചിട്ടില്ല” (വി.ഖു 21:107). ”താങ്കളെ നാം സുവിശേഷമറിയിക്കുന്നവനും താക്കീതുകാരനുമായിട്ടില്ലാതെ നിയോഗിച്ചിട്ടില്ല” (25:56). അഥവാ, ദൈവദൂതന്മാരെ അല്ലാഹു തെരഞ്ഞെടുത്തയക്കുന്നത് മഹത്തായ ജീവിതം നയിച്ചവര്‍ക്ക് സ്വര്‍ഗമുണ്ടെന്നും അധര്‍മകാരികള്‍ക്ക് ഭയാനകമായ നരകശിക്ഷയുണ്ടെന്നും അറിയിക്കാന്‍ വേണ്ടിയാണ്.
”ഹേ, നബിയേ! നിശ്ചയമായും നാം നിന്നെ സാക്ഷിയും സന്തോഷവാര്‍ത്തയറിയിക്കുന്നവനും, താക്കീതുകാരനും ആയിക്കൊണ്ട് അയച്ചിരിക്കുകയാണ്. അല്ലാഹുവിലേക്ക് അവന്റെ ഉത്തരവനുസരിച്ച് ക്ഷണിക്കുന്നവനായും പ്രകാശം നല്‍കുന്ന ഒരു വിളക്കായും (നിന്നെ അയച്ചിരിക്കുന്നു) (33:45,46). അക്ഷരാര്‍ഥത്തില്‍ മുഹമ്മദ് നബി(സ)യുടെ പ്രവാചകത്വം സത്യത്തിന്റെ സാക്ഷിയായും അല്ലാഹുവിലേക്കുള്ള വഴിയില്‍ മാനവര്‍ക്കുള്ള പ്രകാശം പരത്തുന്ന വിളക്കായും തന്നെയാണ് നിലകൊണ്ടത്. കാലവും ചരിത്രവും അതിനു സാക്ഷിയാണ്. പ്രവാചകന്‍ നിര്‍വഹിച്ചിരുന്ന ജോലിയും ദൗത്യവും അനാവരണം ചെയ്യുന്ന ഖുര്‍ആനിക വചനം ഖുര്‍ആന്‍ 7:157 ല്‍ നമുക്ക് കാണാം. ”അക്ഷരജ്ഞാനമില്ലാത്ത പ്രവാചകനായ റസൂലിനെ പിന്‍പറ്റുന്നവര്‍ക്കാണ് കാരുണ്യം രേഖപ്പെടുത്തി വെക്കുന്നത്. (അതെ) അവരുടെയടുക്കല്‍ തൗറാത്തിലും ഇന്‍ജീലിലും രേഖപ്പെട്ടതായി അവര്‍ കണ്ടുവരുന്ന ആളെ (പിന്‍പറ്റുന്നവര്‍ക്ക്). അവരോട് അദ്ദേഹം സദാചാരം കല്പിക്കുകയും ദുരാചാരത്തെക്കുറിച്ച് വിരോധിക്കുകയും ചെയ്യും. അവര്‍ക്ക് അദ്ദേഹം നല്ല (വിശിഷ്ട) വസ്തുക്കളെ അനുവദനീയമാക്കിക്കൊടുക്കുകയും ദുഷിച്ച (ചീത്ത) വസ്തുക്കളെ അവരുടെ മേല്‍ നിഷിദ്ധമാക്കുകയും ചെയ്യും. അവരുടെ ഭാരത്തെയും അവരുടെ മേലുണ്ടായിരുന്ന ബന്ധനങ്ങളെയും അവരില്‍ നിന്ന് അദ്ദേഹം (ഇറക്കി) വെക്കുകയും ചെയ്യും.”
ഈ സദ്ഗുണങ്ങള്‍ ഉള്ള ദൈവദൂതനെ വിശ്വസിച്ച് അംഗീകരിക്കുകയും ബഹുമാനിക്കുകയും സഹായിക്കുകയും അദ്ദേഹത്തോടൊപ്പം അവതരിപ്പിക്കപ്പെട്ടിട്ടുള്ള ദിവ്യപ്രകാശത്തെ പിന്‍പറ്റുകയും ചെയ്താലാണ് വിജയം വരിക്കുകയെന്ന് ഖുര്‍ആന്‍ ഉദ്‌ഘോഷിക്കുന്നു (വി.ഖു 7:157). എല്ലാ നല്ല സ്വഭാവ ഗുണങ്ങളെയും പൂര്‍ത്തീകരിക്കാന്‍ വേണ്ടിയാണ് താന്‍ നിയുക്തനായിട്ടുള്ളതെന്ന് അഭിമാനപൂര്‍വം പ്രവാചകന്‍ അനുചരന്മാരെ കേള്‍പ്പിച്ചിട്ടുണ്ട്. (ഹദീസ്)
ബിഅ്‌സത്ത്, രിസാലത്ത് എന്നീ പദപ്രയോഗങ്ങളിലൂടെ ദ്യോതിപ്പിക്കുന്ന ആശയം നുബുവ്വത്തിന്റെ മഹത്വമാണ്. സത്യവിശ്വാസികള്‍ക്ക് അല്ലാഹു നല്‍കുന്ന അനുഗ്രഹങ്ങളില്‍ ഏറ്റവും വില മതിക്കുന്നതാണ് അതെന്ന് അല്ലാഹു പ്രഖ്യാപിക്കുന്നുണ്ട്. ”തീര്‍ച്ചയായും സത്യവിശ്വാസികളില്‍ അവരില്‍ നിന്നുതന്നെയുള്ള ഒരു റസൂലിനെ നിയോഗിച്ചിരിക്കയാല്‍, അല്ലാഹു അവര്‍ക്ക് (വലിയ) ദാക്ഷിണ്യം ചെയ്തിട്ടുണ്ട്. അവന്റെ ആയത്ത് (ലക്ഷ്യം) അദ്ദേഹം അവര്‍ക്ക് ഓതിക്കൊടുക്കുകയും അവരെ സംസ്‌കരിക്കുകയും അവര്‍ക്ക് വേദഗ്രന്ഥവും വിജ്ഞാനവും പഠിപ്പിക്കുകയും ചെയ്യുന്ന (ഒരു റസൂലിനെ). നിശ്ചയമായും മുമ്പ് അവര്‍ വ്യക്തമായ വഴിപിഴവില്‍ തന്നെയായിരുന്നു.” (വി.ഖു 3:164)
പ്രവാചകത്വത്തിന്റെ ഏറ്റവും പ്രമുഖമായൊരു ഭാഗം ഖുര്‍ആന്‍ വിവരിക്കുന്നു: ”തീര്‍ച്ചയായും നിങ്ങള്‍ക്ക് നിങ്ങളില്‍ നിന്ന് തന്നെയുള്ള ഒരു റസൂല്‍ വന്നിട്ടുണ്ട്. നിങ്ങള്‍ കഷ്ടപ്പെടുന്നത് അദ്ദേഹത്തിന് ദുസ്സഹമാകുന്നു. നിങ്ങളെപ്പറ്റി അത്യാഗ്രഹമുള്ളവനുമാകുന്നു. സത്യവിശ്വാസികളോട് വളരെ ദയാലുവും കരുണയുള്ളവനുമാകുന്നു.” (9:128). നബി(സ) വളര്‍ത്തിയെടുത്ത സമൂഹം ഉത്തമസമൂഹവും അന്യോന്യം കാരുണ്യവും ദയാവായ്പും മുഖമുദ്രയായി സ്വീകരിച്ചവരുമായിരുന്നെന്ന് ചരിത്രം സമ്മതിച്ചിട്ടുണ്ട്.
മേല്‍ ചൂണ്ടിക്കാട്ടിയ പശ്ചാത്തലത്തില്‍ നിന്നുകൊണ്ടാണ് പ്രവാചക സ്‌നേഹം ആഘോഷിക്കേണ്ടത്. പ്രവാചകന്റെ ജന്മദിനം ആഘോഷിക്കുന്നതിനു പകരം അവിടുത്തെ രിസാലത്തും നുബുവ്വത്തും പഠിപ്പിച്ച ശരീഅത്തും പ്രൗഢോജ്വലമാകുന്നതിലൂടെയാവണമെന്ന് സാരം. രിസാലത്തിന്റെ മൗലിക ഭാവങ്ങള്‍ കൈയൊഴിച്ചവര്‍ക്ക് കേവലമൊരു ജന്മദിനം ഉത്സവമാക്കാന്‍ അവകാശമില്ലെന്ന് പറയാന്‍ കഴിയണം. മഹാന്മാരുടെയും പുണ്യപുരുഷന്മാരുടെയും പ്രവാചകരില്‍ ചിലരുടെയും ജനന മരണ ദിവസങ്ങള്‍ വര്‍ണശബളമായി ഉത്സവമാക്കുന്നതിന്റെ കാരണം അതിരുവിട്ട പുകഴ്ത്തലുകളാണ്. ഗുലുവ്വ് എന്നാണ് ഈ സ്വഭാവത്തെ അറബിയില്‍ പറയുക. ഈസാ(അ)യെ അമിത പ്രശംസ നടത്തിയ ക്രിസ്തീയര്‍ എവിടെയാണെത്തിയത്? അതീവ ഗുരുതരമായൊരു വിശ്വാസ സംഹിത തന്നെ പടുത്തുയര്‍ത്തുകയാണവര്‍ ചെയ്തത്. യഥാര്‍ഥത്തില്‍ അത് ദൈവത്തിന്റെ വിശുദ്ധിക്കോ പ്രവാചകത്വത്തിനോ ചേര്‍ന്നതല്ലെന്ന് വീണ്ടുവിചാരത്തോടെ ചിന്തിക്കുന്നവര്‍ക്കു മനസ്സിലാകും.
അതിന്റെ ചുരുക്കം ഇങ്ങനെയാണ്. മനുഷ്യന്‍ ജന്മനാ പാപിയായാണ് ഇവിടെ ഭൂമിയില്‍ പിറവിയെടുക്കുന്നതും ജീവിക്കുന്നതും. പാപിയാകാന്‍ നിമിത്തമായത് ആദമും ഹവ്വയും വിലക്കപ്പെട്ട കനി ഭക്ഷിച്ചതാണ്. അതുവഴി സ്വര്‍ഗത്തില്‍ നിന്ന് പുറത്താക്കപ്പെട്ടു. അതിനാല്‍ ജന്മനാ പാപിയായ മനുഷ്യന്റെ പാപഭാരം ചുമക്കാനും ഏറ്റെടുക്കാനുമായി സാക്ഷാല്‍ ദൈവം മനുഷ്യരൂപം പൂണ്ട് പതിവ്രതയായ മര്‍യമിന്റെ ഗര്‍ഭാശത്തിലൂടെ ഭൂമിയില്‍ ഇറങ്ങിവന്നതാണ് യേശു! മനുഷ്യരുടെ മുഴുവന്‍ പാപഭാരവും ചുമക്കാന്‍, അതല്ലെങ്കില്‍ ദൈവം മനുഷ്യനെ പാപിയാക്കിയതിലുള്ള കുറ്റബോധം അമര്‍ച്ച ചെയ്യാന്‍ ദൈവം തന്നെ സ്വയം സന്നദ്ധനായതാണ് കുരിശാരോഹണത്തിലൂടെ സംഭവിച്ചതെന്നാണവര്‍ വിശ്വസിക്കുന്നത്. ഇതിലൂടെ അവര്‍ പ്രപഞ്ചസ്രഷ്ടാവും നാഥനും അധിപനുമായ ദൈവത്തെ കേവലം സാധാരണ മനുഷ്യര്‍ക്കിടയിലേക്ക് വലിച്ചിഴച്ചു കൊണ്ടുവരികയാണ് ചെയ്തത്. ഭക്തിപ്രകടനവും അമിത പ്രശംസയുമാണിതിനെല്ലാം കാരണമായത്. അവസാനം ദൈവത്തെ തന്നെ കുരിശിലേറ്റുന്ന വിരോധാഭാസം!!
ഏറെക്കുറെ ഇതിനോട് സമാനതയുള്ള ചില അതിരുവിട്ട പ്രശംസകള്‍ തന്നെയാണ് മുഹമ്മദ് നബിയെപ്പറ്റി യാഥാസ്ഥിതികര്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്. അതിന്റെ ചുരുക്കം ഇങ്ങനെയാണ്: ഈ ദൃശ്യപ്രപഞ്ചമഖിലവും അണ്ഡകടാഹങ്ങളുമെല്ലാം സൃഷ്ടിച്ചു രൂപകല്പന ചെയ്യാന്‍ കാരണം മുഹമ്മദ് നബിയാണ്. മുഹമ്മദ് നബിയില്ലായിരുന്നെങ്കില്‍ ഈ പ്രപഞ്ചം തന്നെ ഉണ്ടാകുമായിരുന്നില്ലത്രെ. ഈ വിവരം നബിയെ അല്ലാഹു അറിയിച്ചത് ലൗലാക്ക ലൗലാക്ക ലമാ ഖലക്തുല്‍ അഫ്്‌ലാക്ക് എന്ന് പറഞ്ഞുകൊണ്ടാണെന്നാണ്. അതായത്, നബിയോട്, താങ്കള്‍ ഇല്ലായിരുന്നുവെങ്കില്‍ ഞാന്‍ ഈ പ്രപഞ്ചത്തെ തന്നെ സൃഷ്ടിക്കുമായിരുന്നില്ലെന്ന് അല്ലാഹു നബിയെ അറിയിച്ചിട്ടുണ്ടെന്ന് സാരം. പ്രവാചകന്റെ മേല്‍ വ്യാജമായി ചമച്ചുണ്ടാക്കിയതാണിതെന്ന് ഹദീസ് പണ്ഡിതന്മാര്‍ ഒന്നടങ്കം സമ്മതിക്കുന്നുണ്ട്. എന്നിട്ടും ഇത്തരം ആശയങ്ങളാണ് ഇളം തലമുറയെ പഠിപ്പിക്കുന്നത്.
നബി(സ)യുടെയും അവിടുത്തെ സന്തത സഹചാരികളുടെയും ഉത്തമ നൂറ്റാണ്ടുകളിലെ മഹാന്മാരുടെയും കാലത്തില്ലാത്ത അനാചാരങ്ങളുടെ പ്രചാരകന്മാര്‍ അമിത പ്രശംസയിലൂടെ എത്തിച്ചേര്‍ന്ന ഒരവസ്ഥയാണിത്. ഈ ലോകത്തെ സൃഷ്ടിക്കാന്‍ പ്രപഞ്ച നാഥന്‍ തീരുമാനിച്ചത് മുഹമ്മദ് നബി നിമിത്തമാണെന്ന് പറയുന്നതും ദൈവം മനുഷ്യരൂപത്തില്‍ മര്‍യമിന്റെ ഗര്‍ഭാശയത്തിലൂടെ മാനവരുടെ മുഴുവന്‍ പാപവും പേറാന്‍ ഭൂമിയില്‍ അവതരിച്ചതാണ് ഈസാനബിയെന്ന് ക്രിസ്ത്യാനികള്‍ പറയുന്നതും തമ്മില്‍ ചെറിയ വ്യത്യാസം തോന്നുമെങ്കിലും കെട്ടിച്ചമച്ചതെന്ന നിലയില്‍ രണ്ടും ഒന്നു തന്നെയാണ്. അഥവാ, അതിരുവിട്ട് അവതാരങ്ങളാക്കല്‍! ഈ ലോകം നബിക്കുവേണ്ടി ഉണ്ടാക്കിയതല്ലെന്നും ലോകര്‍ക്ക് വഴികാട്ടിയായി നബിയെ നിശ്ചയിച്ചതാണെന്നുമാണ് ഇസ്‌ലാമികാധ്യാപനങ്ങള്‍ ഉദ്‌ഘോഷിക്കുന്നത്.
ഇതിലേറെ വിചിത്രമായ പലതും മന്‍കൂസ് മൗലിദ് കിത്താബില്‍ വായിക്കാനാകും. അതിലെ ഒരു ഭാഗം ഇങ്ങനെയാണ്. സുബ്ഹാനല്ലദീ അത്‌ലഅഫീ ശഹ്‌രി റബീഉല്‍ അവ്വലി ഖമറ നബിയ്യില്‍ ഹുദാ വ ഔജദനൂറഹു ഖബ്‌ല ഖല്‍ക്കില്‍ ആലമി വസമ്മാഹു മുഹമ്മദാ… റബീഉല്‍ അവ്വല്‍ മാസത്തില്‍ സന്മാര്‍ഗത്തിന്റെ ദൂതനായ ചന്ദ്രനെ ഉദിപ്പിച്ചവന്‍ എത്ര പരിശുദ്ധന്‍! മാത്രമല്ല, അദ്ദേഹത്തിന്റെ നൂറിനെ (പ്രകാശത്തെ) പ്രപഞ്ചം സൃഷ്ടിക്കുന്നതിന്റെ രണ്ടായിരം വര്‍ഷം മുമ്പ് ഉണ്ടാക്കിവെച്ചു. പ്രസ്തുത പ്രകാശത്തിനു മുഹമ്മദ് എന്ന് പേരിടുകയും ചെയ്തു.
മേല്‍ പറഞ്ഞ പ്രകാശത്തെ ആദമിനെ(അ) സൃഷ്ടിക്കാന്‍ അല്ലാഹു എടുത്തുവെച്ച മണ്ണില്‍ കൂട്ടിക്കലര്‍ത്തിയെന്നും അങ്ങനെ ആദമിന്റെ മുതുകിലൂടെ, നൂഹ്(അ)യുടെ കപ്പലില്‍ നൂഹ്(അ)യുടെ മുതുകിലൂടെ, അഗ്നിയിലെറിയപ്പെട്ട ഇബ്‌റാഹീം(അ)യുടെ മുതുകിലൂടെയൊക്കെയായി പരിശുദ്ധവാന്മാരുടെ ആത്മാവിലൂടെയും ശരീരത്തിലൂടെയുമായി താണ്ടിക്കടന്ന് ഭൂമിയില്‍ ആമിന എന്നവരുടെ ഗര്‍ഭാശയത്തിലൂടെ മനുഷ്യക്കുട്ടിയായി പിറന്നുദിച്ച ദിവ്യപ്രകാശമാണ് മുഹമ്മദ് നബിയെന്നതാണവരുടെ ജല്പനം.
മന്‍കൂസ് മൗലിദ് തുടങ്ങുന്നതു തന്നെ ഖുര്‍ആനിലെ സൂറത്തുല്‍ ഇസ്‌റാഅ് എന്ന അധ്യായത്തെ അനുകരിച്ചുകൊണ്ടാണ്. അഥവാ, ഖുര്‍ആനും മൗലിദും ഒരേപോലെയാക്കി ചിത്രീകരിക്കുക. ആമിന എന്ന മഹതി ഗര്‍ഭിണിയായപ്പോള്‍ കണ്ടിരുന്ന സ്വപ്‌നങ്ങളും മാലാഖമാരുടെ സാന്നിധ്യവും അവരുടെ ആഹ്ലാദപ്രകടനങ്ങളും അത്ഭുതകരമായ പല സംഭവങ്ങളും അതില്‍ വിവരിക്കുന്നുണ്ട്. പിതാമഹനായ അബ്ദുല്‍ മുത്തലിബാണ് മുഹമ്മദ് എന്ന് നാമകരണം ചെയ്തതെന്നു ചരിത്രം പറയുമ്പോള്‍ അല്ലാഹുവാണെന്നാണ് മൗലീദുകാര്‍ പറയുന്നത്. അല്ലാഹുവിന്റെ പേരിലും വ്യാജം!
പരിശുദ്ധവാന്മാരുടെ മുതുകുകളിലൂടെയാണ് മുഹമ്മദ് എന്ന പ്രകാശം ഭൂമിയിലെത്തിയതെന്ന് തട്ടിവിടുന്ന മൗലിദുകാരന്‍ മുഹമ്മദ് നബിയുടെ ഇരുപത് ഉപ്പാപ്പമാരുടെ വിശുദ്ധിയെ മൂടിവെക്കുന്നു. ഈ ഇരുപത് ഉപ്പാപ്പമാരുടെ മേല്‍ അനുഗ്രഹത്തിനായി പ്രാര്‍ഥിക്കുകയോ അവരെ മധ്യവര്‍ത്തികളാക്കി പ്രാര്‍ഥിക്കുകയോ ഹക്ക്, ജാഹ്, ബര്‍ക്കത്ത് എന്നിവ മുന്‍നിര്‍ത്തി തേടുകയോ ഒന്നും ചെയ്യാറില്ല. ചുരുക്കത്തില്‍, ഈസാനബിയെ അവതാരമായി ക്രിസ്തീയര്‍ അവതരിപ്പിക്കുന്നതുപോലെ തന്നെയാണ് മുഹമ്മദ് നബിയെയും ഇത്തരക്കാര്‍ അവതാരമാക്കാന്‍ ശ്രമിക്കുന്നത്. അതാണ് നബിയുടെ ജന്മദിനാഘോഷത്തിന്റെ പിന്നിലുള്ള രഹസ്യം.
ഈസാ(അ)യെ ക്രിസ്തീയര്‍ പുകഴ്ത്തി അതിരുവിട്ടതുപോലെ എന്നെയും നിങ്ങള്‍ അമിത പ്രശംസയാല്‍ പുകഴ്ത്തരുതെന്ന് ഗൗരവപൂര്‍വം പ്രവാചകന്‍ ഉണര്‍ത്തിയത് ചേര്‍ത്തുവായിക്കുക. യഥാര്‍ഥത്തില്‍ മുഹമ്മദ് നബിയുടെ ഇരുപത് ഉപ്പാപ്പമാരെ പരിചയപ്പെടുത്തിയത് തന്നെ പ്രവാചകന്‍ മുഹമ്മദ് നബി ഒരവതാര പുരുഷനല്ലെന്ന് ഉറപ്പാക്കാനാണ്. ഈ ലോകത്ത് എല്ലാവരെക്കാളും യാതനകളും വേദനകളും പരീക്ഷണങ്ങളും അനുഭവിക്കേണ്ടി വന്ന ഒരാളായിരുന്നു മുഹമ്മദ് നബിയെങ്കില്‍ ഈ പ്രപഞ്ചം മുഴുവനും അദ്ദേഹത്തിനുവേണ്ടി രൂപപ്പെടുത്തിയതാണെന്ന് എങ്ങനെ പറയാനാകും?
പ്രവാചകന്മാര്‍ മുഴുവനും മനുഷ്യരായിരുന്നു എന്ന് വിശ്വസിക്കാത്തവരുടെ ‘ഈമാന്‍’ പൂര്‍ണമാവില്ല. അവര്‍ മനുഷ്യരായിരുന്നെന്ന് പറയുമ്പോള്‍ അവര്‍ മാലാഖമാരോ ദേവന്മാരോ ദൈവാവതാരമോ ആയിരുന്നില്ലെന്നേ അര്‍ഥമുള്ളൂ. ഭക്ഷണം കഴിക്കുക, വിസര്‍ജനം നടത്തുക, വിവാഹം കഴിക്കുക, സന്താനങ്ങള്‍ ഉണ്ടാവുക, ആടുകളെ മേയ്ക്കുക, കച്ചവടം ചെയ്യുക മുതലായവയെല്ലാം പ്രവാചകന്മാര്‍ക്കും ഉണ്ടായിരുന്നുവല്ലോ. ചൂട്, തണുപ്പ്, കോപം, ദു:ഖം, സന്തോഷം തുടങ്ങിയ അനുഭവങ്ങളും വികാരങ്ങളും അവര്‍ പ്രകടമാക്കിയിരുന്നു. ദിവ്യബോധനം (വഹ്‌യ്) ലഭിക്കുന്നതിനാല്‍ അവര്‍ മനുഷ്യരല്ലാതാകുന്നില്ല. അവരിലൂടെ പ്രകടമാകുന്ന അസാധാരണ സംഭവങ്ങള്‍ സാമ്പത്തിക നേട്ടത്തിനോ ദിവ്യത്വം അവകാശപ്പെടാനോ അവരാരും ഉപയോഗിച്ചിരുന്നില്ല.
പ്രവാചകന്മാരുടെ ദൗത്യമെന്തായിരുന്നുവെന്ന് പഠിച്ചു മനസ്സിലാക്കി അതുള്‍ക്കൊള്ളാതെ കേവലം മദ്ഹുകളിലും പുകഴ്ത്തലുകളിലും അവകാശവാദങ്ങളിലും ഒതുങ്ങിക്കൂടുകയാണ് വിശ്വാസികളെങ്കില്‍ അവര്‍ രിസാലത്തും നുബുവ്വത്തും അതിന്റെ അന്തസ്സത്തയും വേണ്ടവിധം പ്രാപിക്കാത്തവരാണെന്ന് പറയേണ്ടതായി വരും. അല്ലാഹുവും റസൂലും പഠിപ്പിച്ച അറിവുകള്‍ മാറ്റിവെച്ച് അനാചാരങ്ങളുടെ വ്യാപനത്തില്‍ വീറും വാശിയും പ്രകടിപ്പിക്കുന്നവരാണ് മുബ്തദിഉകള്‍. അവര്‍ മാല, മൗലീദ്, കുത്താറാത്തീബ്, ചന്ദനക്കുടം, ഉറൂസുകള്‍, കൊടിമരങ്ങള്‍, ഹല്‍ക്കകള്‍, ഖാന്‍ഖാഹുകള്‍, ദര്‍ഗകള്‍, മഖാമുകള്‍, ഉറുക്ക്, ഏലസ്സ്, മന്ത്രം, ജപം, ഹോമം, മുട്ടറുക്കല്‍, ഉഴിഞ്ഞുവാങ്ങല്‍, കെട്ടിത്തൂക്കല്‍, കവടി നിരത്തല്‍, പ്രശ്‌നം നോക്കല്‍, മാട്ട്, മാരണം, കരിങ്കുട്ടി, കുട്ടിച്ചാത്തന്‍ തുടങ്ങിയതിന്റെ വഴികളിലൂടെ സഞ്ചരിക്കുന്നവരാണ്. അവര്‍ക്ക് പ്രവാചക പ്രശംസകള്‍ പറയാന്‍ പോലും അര്‍ഹതയില്ലെന്നുള്ളതാണ് പരമാര്‍ഥം. പ്രവാചകന്മാരിലും വേദഗ്രന്ഥങ്ങളിലും വിശ്വസിക്കുകയെന്നാല്‍ വഹ്‌യ് ആയി ലഭിച്ച യഥാര്‍ഥമായ പ്രകാശത്തെ അനുധാവനം ചെയ്യുകയെന്നതാണ് അര്‍ഥമാക്കുന്നത്. അതുവഴി പ്രവാചകത്വത്തെ മഹോന്നതമാക്കാന്‍ വിശ്വാസികള്‍ക്ക് കഴിയണം.