1 Tuesday
July 2025
2025 July 1
1447 Mouharrem 5

പ്രവാചകനും വിശ്വാസികളും – അഹമ്മദ് മുനീര്‍

വിശ്വാസികള്‍ക്ക് പ്രവാചകന്‍ സ്വന്തത്തെക്കാള്‍ അടുത്താണ് എന്ന ഖുര്‍ആന്‍ വചനത്തിന്റെ വിശദീകരണത്തില്‍ ഇങ്ങിനെയും കാണാം. ഈ ലോകത്തും പരലോകത്തും വിശ്വാസികള്‍ക്ക് ഏറ്റവും സമീപത്താണ് പ്രവാചകന്‍. വിശ്വാസികളുടെ ജീവിതവുമായി പ്രവാചകന്‍ മുഹമ്മദ് നബി ചേര്‍ന്ന് നില്‍ക്കുന്നത് പോലെ ഒരാള്‍ മറ്റൊരാളോട് ചേര്‍ന്നു നില്‍ക്കുന്നില്ല. താന്‍ ചെയ്യാന്‍ പോകുന്ന കാര്യത്തെ കുറിച്ച് അല്ലാഹുവും പ്രവാചകനും എന്ത് പറഞ്ഞു എന്നന്വേഷിക്കുക എന്നത് വിശ്വാസിയുടെ കടമയാണ് എന്നും നാം മനസ്സിലാക്കുന്നു. വിശ്വാസിയുടെ അഭിപ്രായം രൂപപ്പെടെണ്ടത് അല്ലാഹുവില്‍ നിന്നും പ്രവാചകനില്‍ നിന്നുമാകണമെന്നു സാരം.
പ്രവാചകന്‍ എന്നും ഓര്‍മ്മിക്കപ്പെടേണ്ടതാണു എന്നത് കൊണ്ട് തന്നെ ഒരു ദിനത്തിലോ മാസത്തിലോ അത് അവസാനിക്കില്ല. പ്രവാചക സ്‌നേഹത്തിന്റെ മാര്‍ഗത്തില്‍ നമുക്ക് പരിചിതമായതും പ്രവാചകന്‍ പഠിപ്പിച്ചതും അത് തന്നെയാണ്.
അനുസരമാണ് വിശ്വാസത്തിന്റെ അടിസ്ഥാന ഘടകങ്ങളില്‍ ഒന്ന്. ജീവിതത്തെ പ്രവാചക മാതൃകയില്‍ വാര്‍ത്തെടുക്കുക എന്നതാണ് പ്രവാചക അനുസരനത്തിന്റെയും സ്‌നേഹത്തിന്റെയും അടിസ്ഥാനം. ജീവിതത്തില്‍ അത്തരം അനുസരണവും സ്‌നേഹും കൊണ്ടാണ് സഹാബികള്‍ പ്രവാചകനെ സ്‌നേഹിച്ചത്.
അല്ലാഹുവിനെയും റസൂലിനെയും അനുസരിക്കുക എന്നതില്‍ വിശ്വാസികള്‍ പലപ്പോഴും പിറകിലാണ്. ആരാധന കാര്യത്തില്‍ ഈ അനുസരണം കാത്തു സൂക്ഷിക്കുന്നവര്‍ പോലും ജീവിതത്തിന്റെ മറ്റു മേഖലകളില്‍ ഈ അനുസരണം കാത്തു സൂക്ഷിക്കുന്നില്ല. അത് കൊണ്ട് തന്നെയാണു പലപ്പോഴും പ്രവാചകന്‍ തെറ്റിദ്ധരിക്കപ്പെടുന്നതും.
അല്ലാഹുവിനെയും റസൂലിനെയും അനുസരിക്കുന്നവര്‍ക്കാണ് അള്ളാഹു സ്വര്‍ഗം വാഗ്ദാനം ചെയ്യുന്നത്. മനസ്സില്‍ ഉണ്ടാകാനിടയുള്ള കാപട്യത്തെ ഇല്ലാതാക്കാന്‍ മറ്റൊരു വഴിയില്ല. അനുസരണം സ്‌നേഹത്തില്‍ നിന്നും ഭയത്തില്‍ നിന്നും ഉടലെടുക്കും. പ്രവാചക സ്‌നേഹത്തില്‍ നിന്ന് വേണം അനുസരണത്തിന്റെ വിത്ത് മുളക്കാന്‍. മനസ്സില്‍ കാപട്യമുണ്ടായിരുന്നവര്‍ പ്രവാചകനെ സ്‌നേഹിച്ചത് തങ്ങള്‍ ഒറ്റപ്പെട്ടു പോകുമോ എന്ന ഭയത്താലായിരുന്നു. അത് കൊണ്ട് തന്നെ പ്രവാചകന്റെ വിയോഗത്തില്‍ അത്തരക്കാരുടെ നിലപാടുകള്‍ പെട്ടെന്ന് പുറത്തു വരികയും ചെയ്തു.
നാം പ്രവാചകനെ കാണാതെയാണ് സ്‌നേഹിക്കുന്നത്. പ്രവാചകനെ അനുസരിച്ച് കൊണ്ട് മാത്രമേ ആ സ്‌നേഹം നമുക്ക് തെളിയിക്കാന്‍ കഴിയൂ. അത് തീരുമാനിക്കേണ്ടത് സ്വന്തം മനസ്സാക്ഷി തന്നെയാണ്.

Back to Top