പ്രവാചകനും പെണ്ണവകാശങ്ങളും – എ ജമീല ടീച്ചര്‍
പ്രവാചകന്‍(സ) എന്നത് മുസ്‌ലിം പെണ്ണിന് കേവലം എഴുതിത്തള്ളാവുന്ന ചില അക്ഷരക്കൂട്ടങ്ങള്‍ മാത്രമല്ല, ദശാബ്ദങ്ങളായി അവരുടെ മനസ്സില്‍ വളരുകയും പടരുകയും ചെയ്ത ഒന്നാണ്. തങ്ങളുടെ ജീവിതം സ്വര്‍ഗത്തിലേക്ക് വേണ്ടി കൂടി കരുപ്പിടിപ്പിക്കനാവശ്യമായ ഉസ്‌വത്തുന്‍ഹസന. അതാണവര്‍ക്ക് പ്രവാചകന്‍. ജാഹിയ്യത്തിന്റെ ചങ്ങലക്കെട്ടുകളില്‍ നിന്ന് അവരെ കെട്ടഴിച്ച് വിട്ടതും ആ പ്രവാചകന്‍ തന്നെ.
ലോകത്ത് ഇസ്‌ലാമിതര മത പ്രസ്ഥാനങ്ങള്‍ ധാരാളമുണ്ട്. അവിടെയെല്ലാമുള്ള സ്ത്രീയുടെ നെഞ്ചുരുക്കവും നെടുനിശ്വാസവും ഒന്ന് നോക്കിക്കാണുമ്പോഴേ ഇസ്‌ലാം സ്ത്രീക്ക് നല്‍കിയ അവകാശങ്ങളുടെ മഹത്വമെന്തെന്നറിയാനാകൂ. സംസ്‌കാരങ്ങളുടെ കൂട്ടത്തില്‍ ഏറെ പഴക്കമുള്ള ഒന്നാണ് പാശ്ചാത്യന്‍ സംസ്‌കാരം. മെസപൊട്ടോമിയയിലാണ് ഈ സംസ്‌കാരം വളര്‍ന്ന് വന്നിരുന്നത്. അതില്‍ പുരുഷന്റെ സ്വകാര്യ സ്വത്തായിരുന്നു പെണ്ണ്. സ്വര്‍ണാഭരണം കണക്ക് അവളെ പണയം വെക്കാനും വില്‍ക്കാനും വാങ്ങാനും പുരുഷന് അവകാശമുണ്ടായിരുന്നു. ബാബിലോണിയന്‍ സംസ്‌കാരത്തിലും സ്ത്രീ ഒട്ടും സുരക്ഷിതയായിരുന്നില്ല. ഹമുറാനിയന്‍ നിയമത്തിലാകട്ടെ കൊലക്ക് പകരം കൊല ചെയ്തിരുന്നത് കൊലയാളിയുടെ മകളെയായിരുന്നു. സ്ത്രീയുടെ ജന്മം തന്നെ ശാപമായിട്ട് അവര്‍ മനസ്സിലാക്കി. റോമന്‍ സംസ്‌കാരത്തിലും പിതാവിന് പെണ്‍മക്കളെ വധിക്കാനുള്ള അവകാശമുണ്ടായിരുന്നു. പ്രാക്തന റഷ്യയില്‍ പിതാവിനും ഭര്‍ത്താവിനും സ്ത്രീയെ നിഷ്‌ക്കരുണം പ്രഹരിക്കാം. വിവാഹം കഴിച്ചയക്കുമ്പോള്‍ പിതാവ് മക്കളെ ചാട്ടവാറു കൊണ്ട് അടിച്ച ശേഷമാണ് ഭര്‍ത്താവിന് ഏല്പിച്ച് കൊടുക്കുക. ഭാര്യയെ നിര്‍ദയം മര്‍ദിക്കാമെന്നതിന്റെ സൂചനയാണ് പോലും അത്. സ്വര്‍ഗത്തില്‍ നിന്ന് വിലക്കപ്പെട്ട കനി ഭക്ഷിക്കാന്‍ പുരുഷനെ പ്രേരിപ്പിച്ചത് പെണ്ണാണെന്ന് ബൈബിള്‍ പറയുന്നു. അതിനാല്‍ പുരുഷന്റെ അനുഗ്രഹങ്ങളെ മുഴുവന്‍ നശിപ്പിച്ചത് സ്ത്രീയാണെന്ന് അവര്‍ വിശ്വസിക്കുന്നു. ഏഥന്‍സില്‍ പ്രസവിക്കുവാന്‍ മാത്രമുള്ള ഒരു യന്ത്രമായിരുന്നു പെണ്ണ്. മതവിശ്വാസത്തിന്റെ പേരില്‍ സ്ത്രീകളെ ദേവദാസികളായി മാറ്റിയിരുന്നത് ഇന്ത്യയിലായിരുന്നല്ലോ. മരണപ്പെട്ട ഭര്‍ത്താവിന്റെ ചിതയില്‍ ചാടി മരിക്കാന്‍ വിധിക്കപ്പെട്ടിരുന്ന പെണ്ണും കുറവായിരുന്നില്ല.
പരിശുദ്ധ ഖുര്‍ആന്‍ ആകട്ടെ ആണിനും പെണ്ണിനും ജന്മനാ തുല്യ സ്ഥാനമാണ് നല്‍കുന്നത്. സൂറത്ത് ഹുജറാത്തിലെ 13-ാം വചനത്തില്‍ അതെടുത്തു പറയുന്നുണ്ട്: ”ഹേ, ജനങ്ങളെ, നിശ്ചയം നിങ്ങളെ നാം ഒരു പുരുഷനില്‍ നിന്നും സ്ത്രീയില്‍ നിന്നും സൃഷ്ടിച്ചു. തീര്‍ച്ചയായും നിങ്ങളില്‍ ഏറ്റവും മാന്യന്‍ ഏറ്റവും നല്ല ഭക്തനാണ്.” പുരുഷ ജന്മം പുണ്യമോ സ്ത്രീജന്മം പാപമോ അല്ലെന്ന് വിശുദ്ധ ഖുര്‍ആന്‍ ഇവിടെ പറഞ്ഞുവെക്കുന്നു. പെണ്ണിനെ പിറന്നപടി കുഴിച്ച് മൂടിയിരുന്ന അറേബ്യന്‍ ജാഹിലിയ്യത്തിനോടായിരുന്നല്ലോ ഖുര്‍ആനിന്റെ ഒന്നാമത്തെ സംസാരം. യുദ്ധം ചെയ്യാനും ഇടയജോലിക്കും പറ്റാത്ത പെണ്ണ് ജനിച്ചുവളരുന്നത് അവര്‍ക്ക് നാണക്കേടായിരുന്നു. അറേബ്യന്‍ ജാഹിലിയ്യത്തിലൂടെ കടന്നുപോകുന്ന ചരിത്രകാരന്മാര്‍ക്ക് നിരവധി പെണ്‍കുട്ടികളുടെ നിണമണിഞ്ഞ കാല്‍പാടുകളും കണ്ണുനീര്‍ നനഞ്ഞുകുതിര്‍ന്ന മണ്ണും കാണാതെ പോകാനാകില്ല. അറബികളിലെ ഖുസാ, അകിനാന, മുദ്‌റ് എന്നീ ഗോത്രങ്ങളാണ് പെണ്‍കുട്ടികളോട് ഈ ക്രൂരത കാണിച്ചിരുന്നത്. ഇതിനെക്കുറിച്ച് ഖുര്‍ആനിന്റെ ഭാഷണം ഇങ്ങനെയാണ്: ”അവരിലൊരുവന് പെണ്‍കുഞ്ഞ് പിറന്ന സന്തോഷവാര്‍ത്ത അറിയിക്കപ്പെട്ടാല്‍ അവന്‍ ജനത്തില്‍ നിന്ന് ഒളിഞ്ഞുനടക്കുന്നു. അപമാനഭാരത്തോടെ. കുഞ്ഞിനെ വളര്‍ത്തേണമോ അതോ മണ്ണില്‍ കുഴിച്ചുമൂടിയാലോ എന്നാലോചിക്കുന്നു. നോക്കുക, എത്ര നികൃഷ്ടമാണവര്‍ വിധിക്കുന്നത് (അന്നഹ്ല്‍ 58).
ഇസ്‌ലാമിന്റെ ആദ്യനാളുകളില്‍ തന്നെ പ്രവാചകന്‍ ഈ നീചകൃത്യത്തെ ചോദ്യം ചെയ്തു. പരിശുദ്ധ ഖുര്‍ആന്‍ അത്തക്‌വീര്‍ 7,8 എന്നീ വചനങ്ങളില്‍ പറയുന്നു: ”ജീവനോടെ കുഴിച്ചുമൂടപ്പെട്ട പെണ്‍കുഞ്ഞ് ചോദ്യം ചെയ്യപ്പെടുമ്പോള്‍, അതെന്ത് കുറ്റത്താല്‍ കൊല ചെയ്യപ്പെടുന്നുവെന്ന്” വിശ്വാസികള്‍ പരലോകത്തിലെ ഈ വിചാരണയെക്കുറിച്ചോര്‍ത്ത് പൊട്ടിക്കരഞ്ഞു. പലരും പ്രവാചക സദസ്സില്‍ വന്ന് മാപ്പ് ചോദിച്ചു. അല്ലാഹുവിനോട് തങ്ങളുടെ ചെയ്തിയില്‍ പൊറുക്കലിനെ തേടി.
ജീവിക്കാനുള്ള അവകാശം
പ്രവാചകരുടെ ഒരു വചനം ബീവി ആഇശ(റ)യില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നത് ഇങ്ങനെ കാണാം. ”വല്ലവനും പെണ്‍കുട്ടികളാല്‍ പരീക്ഷിക്കപ്പെടുകയും അവരെ നല്ല രീതിയില്‍ വളര്‍ത്തുകയും ചെയ്താല്‍ അവര്‍ അവന് നരകത്തില്‍ നിന്ന് മറയായിത്തീരുന്നതാണ്. അനസുബ്‌നു മാലികില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്ന ഒരു ഹദീസില്‍ തന്റെ കൈവിരലുകള്‍ ചേര്‍ത്ത് പിടിച്ചുകൊണ്ട് തിരുമേനി(സ) ഇപ്രകാരം പറഞ്ഞു. ”രണ്ട് പെണ്‍കുട്ടികളെ പ്രായപൂര്‍ത്തിയെത്തുന്നതുവരെ വളര്‍ത്തിയവനും ഞാനും അന്ത്യനാളില്‍ ഇപ്രകാരം ചേര്‍ന്നു നില്‍ക്കും.” മറ്റൊരിക്കല്‍ തിരുമേനി(സ) പ്രസ്താവിച്ചതായി അബൂയഅ്‌ല പറയുന്നത് ഇങ്ങനെയാണ്. ഒരുവന് പെണ്‍കുഞ്ഞുങ്ങളുണ്ടാവുകയും അവന്‍ അവളെ ഏറ്റവും നല്ല സ്വഭാവ ചര്യകള്‍ ശീലിപ്പിക്കുകയും ഏറ്റവും നല്ല വിദ്യാഭ്യാസം നല്‍കുകയും തനിക്ക് അല്ലാഹു നല്‍കിയ അനുഗ്രഹങ്ങള്‍ അവര്‍ക്ക് ചൊരിഞ്ഞു കൊടുക്കുകയും ചെയ്താല്‍ അവള്‍ അവന് നരകത്തില്‍ നിന്ന് മറയോ വിലക്കോ ആയിത്തീരുന്നതാണ്.” ഇത്തരം പ്രവാചക വചനങ്ങളുടെയെല്ലാം ഉന്നതമായ താല്‍പര്യം സ്ത്രീകളെ അധണത്വത്തില്‍ നിന്ന് മോചിപ്പിക്കുക എന്നതാണെന്ന് പറയേണ്ടതില്ലല്ലോ. ജനിക്കാനും മാന്യമായി ജീവിക്കാനുമുള്ള അവകാശമാണ് ഇവിടെ പെണ്ണിന് വകവെച്ചു കിട്ടുന്നത്. പെണ്ണിന് ആത്മാവും സ്വന്തം സ്വത്വവുമുണ്ടെന്നും ബോധ്യപ്പെടുത്തുകയായിരുന്നു പ്രവാചകന്‍.
സാമ്പത്തികമായ അവകാശം
ജാഹിലിയ്യാ കാലത്ത് അനാഥ മക്കളെപ്പോലെ തന്നെ സാമ്പത്തികമായ അതിക്രമങ്ങള്‍ക്ക് വിധേയമായിരുന്നു പെണ്ണും. മരണപ്പെട്ടുപോകുന്ന ബന്ധുജനങ്ങളുടെ സ്വത്തില്‍ പെണ്ണിന് യാതൊരു അവകാശവുമുണ്ടായിരുന്നില്ല. യുദ്ധം ചെയ്യുകയോ കുറ്റം ചുമക്കുകയോ ചെയ്യാത്തവര്‍ക്ക് എന്തിനാണ് സ്വത്തവകാശം എന്നതായിരുന്നു അവരുടെ ന്യായം. പെണ്‍മക്കള്‍ക്ക് എന്തെങ്കിലുമൊക്കെ തുച്ഛമായത് കൊടുക്കും. ബാക്കിയെല്ലാം പുരുഷ വിഭാഗം ഓഹരി വെച്ചെടുക്കും. പെണ്ണ് തോരാത്ത കണ്ണീരുമായി വെറുംകൈയോടെ ഇറങ്ങിപ്പോകേണ്ടി വരികയും ചെയ്യും. ഇത്തരം അന്യായങ്ങളെ ചോദ്യം ചെയ്തുകൊണ്ട് സ്ത്രീക്കും കുടുംബസ്വത്തില്‍ അവകാശമുണ്ടെന്ന് പ്രഖ്യാപിക്കുകയാണ് ഇസ്‌ലാം ചെയ്തത്. വിശുദ്ധ ഖുര്‍ആന്‍ 4-ാം അധ്യായം 7-ാം വചനത്തില്‍ ഇപ്രകാരം സൂചിപ്പിച്ചിരുന്നത് കാണാം. ‘മാതാപിതാക്കളും അടുത്ത ബന്ധുക്കളും ശേഷിപ്പിച്ച സ്വത്തില്‍ പുരുഷന്മാര്‍ക്ക് വിഹിതമുണ്ട്. മാതാപിതാക്കളും അടുത്ത ബന്ധുക്കളും ശേഷിപ്പിച്ച സ്വത്തില്‍ സ്ത്രീക്കും അവകാശമുണ്ട്. സ്വത്ത് അധികമാണെങ്കിലും അല്പമാണെങ്കിലും ശരി ഈ വിഹിതം അല്ലാഹുവിനാല്‍ നിര്‍ണയിക്കപ്പെട്ടതാകുന്നു.” ഇതോടെ അനന്തര സ്വത്തില്‍ പുരുഷന്മാരെപ്പോലെ സ്ത്രീയും അവകാശിയാണെന്ന് വന്നു. അത് ക്രയവിക്രയം ചെയ്യുവാനും അവള്‍ക്ക് അര്‍ഹത ലഭിച്ചു. ജാബിര്‍(റ) നിവേദനം ചെയ്യുന്ന ഒരു ഹദീസില്‍ ഇപ്രകാരം കാണാം. പെരുന്നാളുകളില്‍ പ്രവാചകന്‍(സ) പ്രസംഗം നിര്‍വഹിച്ച ശേഷം സ്ത്രീകളെ സമീപിച്ച് ഇപ്രകാരം പറയുമായിരുന്നു. നിങ്ങള്‍ ദാനങ്ങള്‍ ചെയ്യുവിന്‍. അപ്പോള്‍ സ്ത്രീകള്‍ അവരുടെ ആഭരണങ്ങളില്‍ ധര്‍മം ചെയ്യാന്‍ തുടങ്ങും (മുസ്‌ലിം). ഇതില്‍ നിന്ന് സ്ത്രീകള്‍ക്ക് സ്വന്തം നിലക്ക് തന്നെ ധര്‍മം ചെയ്യാനുള്ള അവകാശമുണ്ടെന്ന് മനസ്സിലാക്കാം.
മുസ്‌ലിം സ്ത്രീ തൊഴില്‍ രംഗത്ത്
ഇസ്‌ലാമിക കുടുംബ വ്യവസ്ഥിതിയില്‍ സാമ്പത്തികമായി ചെലവ് നടത്തേണ്ട ബാധ്യത പുരുഷനാണുള്ളത്. സ്ത്രീ അതില്‍ നിന്ന് ഒഴിവാണ്. അതുകൊണ്ട് സ്ത്രീയെ തൊഴില്‍ ചെയ്യാന്‍ ഇസ്‌ലാം നിര്‍ബന്ധിക്കുന്നില്ല എന്നുവെച്ച് വിരോധിക്കുന്നുമില്ല. ജാബിര്‍(റ) നിവേദനം. ”എന്റെ മാതൃസഹോദരി വിവാഹമോചനം ചെയ്യപ്പെട്ടു. അപ്പോള്‍ അവള്‍ അവളുടെ തോട്ടത്തിലെ ഈത്തപ്പഴം പറിച്ചെടുക്കാന്‍ വേണ്ടി പുറപ്പെട്ടു. അവളെ ഒരാള്‍ തടഞ്ഞു. പോകാന്‍ പാടില്ലെന്ന് പറഞ്ഞു. ഞാന്‍ നബി(സ)യോട് മതവിധി അന്വേഷിച്ചു. നബി(സ) അരുളി. അവള്‍ക്ക് ഈത്തപ്പഴം പറിച്ചെടുക്കാന്‍ പുറത്തുപോകാം. എന്തിന് അവളെ തടയണം. അവള്‍ക്ക് ധര്‍മം ചെയ്യാമല്ലോ. അല്ലെങ്കില്‍ നന്മ ചെയ്യാം (മുസ്‌ലിം). അബൂബക്കര്‍ സിദ്ദീഖ് (റ) തന്റെ മകള്‍ അസ്മ(റ) തൊഴില്‍ ചെയ്ത് ഭര്‍ത്താവിനെ സഹായിച്ചിരുന്നതായി അവര്‍ തന്നെ പറയുന്നത് ഇമാം ബുഖാരി ഉദ്ധരിക്കുന്ന ഹദീസില്‍ കാണാം.
ഭരണരംഗം
ഇസ്‌ലാമിന്റെ ഒന്നാം പ്രമാണമാണ് പരിശുദ്ധഖുര്‍ആന്‍. അതിലെവിടെയും സ്ത്രീഭരണ രംഗം കൈയാളിക്കൂടാ എന്ന് പറയുന്നില്ല. സ്ത്രീകള്‍ ഭരണം നടത്തുന്നതിനെ ഇസ്‌ലാം വിരോധിക്കുന്നില്ല. മാത്രമല്ല, പുരുഷന്മാരേക്കാള്‍ ദീര്‍ഘ വീക്ഷണത്തോടെ ഭരണരംഗം മുന്നോട്ടു കൊണ്ടുപോകാന്‍ സ്ത്രീക്ക് സാധിക്കുമെന്ന് സബഅ് രാജ്യത്തിലെ രാജ്ഞിയുടെ കഥ വിശദീകരിച്ച് കൊണ്ട് ഖുര്‍ആന്‍ സമര്‍ഥിക്കുന്നുമുണ്ട്. യുദ്ധത്തിലേക്ക് പെട്ടെന്ന് എടുത്തുചാടാന്‍ പുരുഷന്മാരായ മന്ത്രിമാര്‍ നിര്‍ദേശിക്കുമ്പോള്‍ രാജ്ഞി ചെയ്ത പ്രസ്താവന ശ്രദ്ധിച്ചാല്‍ അത് മനസ്സിലാകും (നംല് 4)
പ്രവാചകന്‍(സ) നടത്തിയ ഓരോ യുദ്ധങ്ങളിലും തങ്ങളാല്‍ കഴിയുന്ന സേവനം ചെയ്യാന്‍ സ്ത്രീകള്‍ മുന്‍പന്തിയിലുണ്ടായിരുന്നു. ആഇശ(റ) പറയുന്നു. ഹിജാബിന്റെ ആയത്ത് അവതരിപ്പിച്ചതിന് ശേഷവും ഞാന്‍ നബി(സ)യുടെ കൂടെ യുദ്ധത്തിന് പുറപ്പെടുകയുണ്ടായി. പെണ്ണിനെ ബഹുമാനിക്കുകയും അംഗീകരിക്കുകയും ചെയ്ത ഇസ്‌ലാമിനു വേണ്ടി അടര്‍ക്കളത്തിലേക്കിറങ്ങാന്‍ അക്കാലത്തെ സ്വഹാബാ വനിതകള്‍ ഒട്ടും മടി കാണിച്ചിരുന്നില്ല. അനസ്(റ) പറയുന്നത് കാണുക. ഹുനൈന്‍ യുദ്ധക്കളത്തില്‍ ഉമ്മു സുലൈം(റ) ശത്രുക്കളെ കുത്തിക്കീറാന്‍ ഒരു വലിയ കഠാരയുമായി പങ്കെടുക്കുകയുണ്ടായി (മുസ്‌ലിം) ഉഹ്ദ് രണാങ്കണത്തില്‍ വെച്ച് ഉമ്മു അമാറ(റ)യുടെ ശരീരത്തില്‍ 13 ലധികം മുറിവ് പറ്റിയിരുന്നു. പ്രവാചക(സ)യെ ശത്രുക്കളില്‍ നിന്ന് രക്ഷിക്കുക എന്ന ഏക ഉദ്ദേശ്യമായിരുന്നു അവര്‍ക്കുണ്ടായിരുന്നത്.
സ്ത്രീകളും ആരാധനയും
സ്ര്തീകള്‍ക്ക് പുരുഷന്‍ മുഖേന മാത്രമേ ദൈവവുമായി ബന്ധപ്പെടാന്‍ കഴിയൂ എന്ന് വിശ്വ മഹാകവിയായ ജോണ്‍ മില്‍ട്ടന്‍ തന്റെ പാരഡൈസ് ലോസ്റ്റ് എന്ന രചനയില്‍ ചൂണ്ടിക്കാണിച്ചു. ഹെന്‍ട്രി എട്ടാമന്റെ കാലത്ത് സ്ത്രീകള്‍ക്ക് ബൈബിള്‍ വായിക്കാന്‍ പാടില്ലെന്നും നിയമമുണ്ടായിരുന്നു. പരിശുദ്ധ ഖുര്‍ആന്‍ ഇത്തരം ചിന്താഗതികളെ തുടച്ചുമാറ്റി. ദൈവത്തിനുള്ള ആരാധനയില്‍ തുല്യമായ പങ്ക് സ്ത്രീകള്‍ക്കും നല്‍കി. ”അപ്പോള്‍ നിങ്ങളുടെ നാഥന്‍ അവര്‍ക്ക് ഉത്തരം നല്‍കി. നിങ്ങളില്‍ പെട്ട ഒരു പ്രവര്‍ത്തകന്റെ പ്രവൃത്തിയും ഞാന്‍ പാഴാക്കുകയില്ല. ആണാകട്ടെ പെണ്ണാകട്ടെ നിങ്ങളില്‍ ചിലര്‍ ചിലരില്‍ നിന്നാണ് (ആലുഇംറാന്‍ 196). പള്ളിയിലും ആരാധനലായങ്ങളിലും ഇസ്‌ലാം പെണ്ണിന് അനുവാദം നല്‍കുന്നുണ്ട്. ‘ഇബ്‌നുഉമര്‍(റ) നിവേദനം നബി(സ) അരുളി. അല്ലാഹുവിന്റെ അടിയാത്തികളായ സ്ത്രീകളെ അവന്റെ പള്ളിയില്‍ നമസ്‌കരിക്കുന്നതില്‍ നിന്ന് നിങ്ങള്‍ തടയരുത് (ഇബ്‌നുമാജ, അഹ്മദ്)
സ്ത്രീകളുടെ അവകാശങ്ങളെ തടയാതിരിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ആഇശ(റ) നിവേദനം പ്രവാചകന്‍ റമദാനിലെ അവസാനത്തെ പത്തില്‍ ഇഅ്തികാഫ് ഇരിക്കാറുണ്ടായിരുന്നു. അദ്ദേഹം മരിക്കുന്നതുവരെ. മരണശേഷം അവിടുന്നിന്റെ ഭാര്യമാരും പള്ളിയില്‍ ഇഅ്തികാഫിന് ഇരിക്കാറുണ്ടായിരുന്നു (ബുഖാരി). സ്ത്രീകള്‍ക്ക് അഞ്ച് നേരത്തെ നമസ്‌കാരം, ഗ്രഹണ നമസ്‌കാരം, പെരുന്നാള്‍ നമസ്‌കാരം, ജുമുഅ നമസ്‌കാരം മുതലായവയിലെല്ലാം പുരുഷന്മാരെപ്പോലെ തന്നെ പങ്കെടുക്കുവാനും അതിന്റെ പ്രതിഫലം നേടിയെടുക്കാനും ഇസ്‌ലാം അനുവാദം നല്‍കി. ഈ വിഷയവുമായി ബന്ധപ്പെട്ട് നൂറിലധികം ഹദീസുകള്‍ കാണപ്പെടുന്നുണ്ട്. തങ്ങളുടെ ഈ അവകാശങ്ങളെക്കുറിച്ച് ബോധ്യമുള്ള സ്വഹാബാവനിതകള്‍ കൊച്ചു കുഞ്ഞുങ്ങളെയും വഹിച്ചുകൊണ്ടുപോലും ആരാധനകളില്‍ പങ്കെടുക്കാറുണ്ടായിരുന്നു.
വൈവാഹിക രംഗത്ത്
ഇസ്‌ലാമില്‍ സ്ത്രീധന സമ്പ്രദായമില്ല. മറിച്ച് വിവാഹ സമയത്ത് ഭര്‍ത്താവ് ഭാര്യക്ക് വിവാഹമൂല്യം അഥവാ മഹ്‌റ് നല്‍കിക്കൊള്ളണമെന്നുള്ളതാണ് ഇസ്‌ലാമിന്റെ വിധി. പരിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ”അവര്‍ക്കുള്ള വിവാഹമൂല്യം ഒരു ബാധ്യത എന്ന നിലക്ക് നിങ്ങള്‍ നല്‍കിക്കൊള്ളുക (നിസാഅ് 24). മഹ്‌റ് നിശ്ചയിക്കാനുള്ള പൂര്‍ണ അവകാശം സ്ത്രീക്കാണുള്ളത്. സ്ത്രീയുടെ സമ്മതമില്ലാതെ അവളെ വിവാഹം ചെയ്ത് കൊടുക്കാന്‍ രക്ഷാധികാരികള്‍ക്ക് അവകാശമില്ല. വിവാഹമോചനം, ഇദ്ദ, മതാഅ്, സന്താനപരിപാലനം ഇവയിലെല്ലാം ഇസ്‌ലാം സ്ത്രീക്ക് അര്‍ഹമായ സ്ഥാനം വകവെച്ച് കൊടുക്കുന്നുണ്ട്.
കുടുംബ ജീവിതം
കുടുംബജീവിതത്തില്‍ ഭരണാധികാരിയുടെ സ്ഥാനത്താണ് സ്ത്രീയ്ക്കുള്ളത്. നബി(സ) അരുളി. സ്ത്രീകള്‍ കുടുബത്തിലെ ഭരണാധികാരിയാണ്. അതേക്കുറിച്ച് ചോദ്യം ചെയ്യപ്പെടുന്നവളുമാണ്. (ബുഖാരി)
സാമൂഹ്യ സാംസ്‌കാരിക തലങ്ങള്‍, സാക്ഷി നില്‍ക്കല്‍, പ്രതികാര നടപടികള്‍ ഇവയിലെല്ലാം ഇസ്‌ലാം സ്ത്രീക്ക് തത്തുല്യമായ സ്ഥാനമാണ് നല്‍കിയിട്ടുള്ളത്. ഇതിലെല്ലാമുള്ള പ്രവാചക(സ)യുടെ ഹൃദയ സ്പന്ദനവും ഉള്‍ക്കാഴ്ചയോടെയുള്ള വീക്ഷണവും മുസ്‌ലിം പെണ്ണ് തിരിച്ചറിഞ്ഞേ മതിയാകൂ.