പ്രളയങ്ങള്‍: സ്വയംകൃത അനര്‍ഥങ്ങള്‍-2 പ്രാര്‍ഥനയുടെ അഭാവവും ബഹുദൈവത്വവും – പ്രഫ. ശംസുദ്ദീന്‍ പാലക്കോട്
മനുഷ്യന്‍ ഭൂമിയില്‍ അനുഭവിക്കുന്ന ചെറുതും വലുതുമായ എല്ലാ അനുഗ്രഹങ്ങളും പ്രപഞ്ചനാഥനായ അല്ലാഹു നല്‍കിയതാണ്. ഇത്തരം അനുഗ്രഹങ്ങള്‍ ഭാഗികമായോ പൂര്‍ണ്ണമായോ നഷ്ടപ്പെടുമ്പോള്‍ ആ നഷ്ടത്തിന്റെ മുമ്പില്‍ മനുഷ്യന്‍ നിസ്സഹായനായി കൈമലര്‍ത്തി നിന്നുപോകുന്ന കാഴ്ചകള്‍ ഈ അനുഗ്രഹങ്ങള്‍ അല്ലാഹു നല്‍കിയതാണ് എന്നതിന്റെ നേര്‍സാക്ഷ്യമാണ്. അല്ലെങ്കില്‍ മനുഷ്യന് അതിനെ പ്രതിരോധിക്കാനും അതിജീവിക്കാനും കഴിയേണ്ടതായിരുന്നു. മലപ്പുറം ജില്ലയിലെ കവളപ്പാറയിലെയും വയനാട്ടിലെ പുത്തുമലയിലെയും ഉരുള്‍പൊട്ടല്‍ പ്രദേശത്ത് താമസിച്ചിരുന്ന കുറെപ്പേര്‍ മരണപ്പെടുകയും കുറെപ്പേര്‍ രക്ഷപ്പെടുകയും ചെയ്തു. ഇതില്‍ രക്ഷപ്പെട്ടവരാരും തങ്ങളുടെ സാമര്‍ഥ്യം കൊണ്ടാണ് രക്ഷപ്പെട്ടതെന്നും മരണപ്പെട്ടവര്‍ ബുദ്ധിപൂര്‍വ്വം പ്രവര്‍ത്തിക്കാത്തതുകൊണ്ടാണ് മരണപ്പെട്ടതെന്നും ഇതുവരെ ആരും പറഞ്ഞതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. അങ്ങനെയൊരാള്‍ പറയാന്‍ തയ്യാറായാല്‍ തന്നെ ഉത്തരമില്ലാത്ത ഒരുപാട് മറുചോദ്യങ്ങളെ അവര്‍ നേരിടേണ്ടി വരികതന്നെ ചെയ്യും.
അപ്പോള്‍ പ്രപഞ്ചനാഥനായ അല്ലാഹുവിന്റെ കനിവിലും തണലിലുമാണ് ഓരോ മനുഷ്യനും ഈ ഭൂമിയില്‍ അനുനിമിഷം ജീവിക്കുന്നതെന്നര്‍ഥം. ഈ പ്രപഞ്ചനാഥനെ വിസ്മരിക്കുകയും സന്തോഷ- സന്താപവേളകളില്‍ ‘പടച്ചവനേ’ എന്ന് വിളിക്കാന്‍ പോലും തയ്യാറാവാതെ അന്യായമായ ബഹുദൈവത്വത്തിലും ദൈവനിഷേധത്തിലും അഭിരമിച്ച് സ്വയം പര്യാപ്തനാണ് താന്‍ എന്ന അഹങ്കാരത്തോടെ ജീവിക്കുകയും ചെയ്യുന്ന മനുഷ്യനെ അല്ലാഹു ചില മുന്നറിയിപ്പുകള്‍ നല്‍കി ഓര്‍മ്മപ്പെടുത്തും. ഇതും ഒരു പ്രകൃതി സത്യമാണ്. മനുഷ്യന്‍ സ്വയം പര്യാപ്തനൊന്നുമല്ല എന്നും അവന് മുകളില്‍ അവനെ സഹായിക്കാനും ശിക്ഷിക്കാനും കഴിയുന്ന ഒരു അത്യുന്നത ശക്തിയുണ്ടെന്നും ഓര്‍മ്മപ്പെടുത്തുന്ന പ്രതിഭാസങ്ങള്‍ ഇടയ്ക്കിടെ ഉണ്ടാകുന്നത് അതുകൊണ്ടാണ്.
ഇത്തരം പ്രകൃതി പ്രതിഭാസങ്ങളില്‍ നിന്നും ജീവിതാനുഭവങ്ങളില്‍ നിന്നും പാഠമുള്‍ക്കൊള്ളാതെ, പ്രാര്‍ത്ഥനയും വിനയവും ഇല്ലാതെ വീണ്ടും അധാര്‍മ്മിക ജീവിതം നയിക്കുകയാണെങ്കില്‍ അത്തരക്കാര്‍ക്കെന്തു സംഭവിച്ചാലും അല്ലാഹു തിരിഞ്ഞ് നോക്കുകയില്ല എന്ന താക്കീതിന്റെ സൂചനയും ഖുര്‍ആനില്‍ കാണാം. അല്ലാഹു ഒരാളെ അവഗണിച്ചാല്‍ പിന്നെയാരും അവരെ രക്ഷപ്പെടുത്താന്‍ ഉണ്ടാവില്ല എന്ന കാര്യവും വ്യക്തമാണ്. അതിനാല്‍ ഓരോ പ്രളയവും ഓരോ ദുരന്തവും പടച്ചവനേ എന്ന വിളിയുയരാന്‍ (അങ്ങനെ വിളിച്ച് പ്രാര്‍ത്ഥിച്ച് ശീലമില്ലാത്തവര്‍ക്കും!) പ്രചോദനമാകണമെന്ന സന്ദേശവും സൂചനയുമാണ് ഖുര്‍ആന്‍ നല്‍കുന്നത്. ഇതിലേക്ക് വെളിച്ചം വീശുന്ന രണ്ട് സൂക്തങ്ങള്‍ താഴെകൊടുക്കാം: ”(നബിയേ) പറയുക: നിങ്ങളുടെ പ്രാര്‍ത്ഥനയില്ലെങ്കില്‍ എന്റെ രക്ഷിതാവ് നിങ്ങള്‍ക്കെന്ത് പരിഗണന നല്‍കാനാണ്? എന്നാല്‍ നിങ്ങള്‍ നിഷേധിച്ച് തള്ളിയിരിക്കുകയാണ്. അതിനുള്ള ശിക്ഷ അനിവാര്യമായിരിക്കും.” (വി.ഖു 25:77)
”നിന്നോട് എന്റെ ദാസന്മാര്‍ എന്നെപ്പറ്റി ചോദിച്ചാല്‍ ഞാന്‍ അവര്‍ക്ക് ഏറ്റവും അടുത്തുള്ളവനാണ് എന്ന് പറയുക. പ്രാര്‍ത്ഥിക്കുന്നവന്‍ എന്നെ വിളിച്ച് പ്രാര്‍ത്ഥിച്ചാല്‍ ഞാന്‍ ആ പ്രാര്‍ത്ഥനക്ക് ഉത്തരം നല്‍കുന്നതാണ്. അതിനാല്‍ എന്റെ കല്‍പ്പനകള്‍ക്ക് അവരും ഉത്തരം നല്‍കട്ടെ. എന്നില്‍ അവര്‍ വിശ്വസിക്കുകയും ചെയ്യട്ടെ. അവര്‍ നേര്‍വഴി പ്രാപിക്കാന്‍ വേണ്ടിയാണിത്.” (വി.ഖു 2:186)
അല്ലാഹു കാരുണ്യത്തിന്റെ കേദാരമാണ് എന്ന കാര്യത്തില്‍ സംശയമില്ല. പക്ഷെ ദൈവനിഷേധവും ബഹുദൈവത്വപ്രവണതയും ഒരു സമൂഹത്തിന്റെയോ ഒരു കാലഘട്ടത്തിന്റെയോ മുഖമുദ്രയാകുമ്പോള്‍ അല്ലാഹു അവരുടെ കാര്യത്തില്‍ ഈ ലോകത്ത് വെച്ച് തന്നെ ഇടപെടും എന്ന് ദിവ്യസൂക്തങ്ങളില്‍ നിന്ന് വായിച്ചെടുക്കാം.
ചില പ്രയാസങ്ങള്‍ ദൈവിക കാരുണ്യം
ദൈവത്തിന്റെ ഭൂമിയില്‍ ദൈവിക നിയമങ്ങള്‍ക്കും ദൈവമുണ്ടാക്കിയ പ്രകൃതിയുടെ സന്തുലിതത്വത്തിനും വിരുദ്ധമായി ജീവിക്കുന്ന ജനപഥങ്ങളെയും സമൂഹങ്ങളെയും അല്ലാഹു ചിലപ്പോള്‍ പ്രയാസകരമായ അനുഭവങ്ങള്‍ നല്‍കി അവര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതാണ്. ഖുര്‍ആനില്‍ ഇത്തരം സൂചനകള്‍ കാണാം. അത് പക്ഷേ അവര്‍ക്കുള്ള ആത്യന്തിക ശിക്ഷയല്ല എന്നും വലിയ ദുരന്തം വരാതിരിക്കാനും പുനര്‍വിചിന്തനം നടത്തി തെറ്റുതിരുത്തി ശരിയായ ജീവിതരീതിയിലേക്ക് മടങ്ങിവരാനുമുള്ള ഒരു മുന്നറിയിപ്പാണ്. അതിനാല്‍ പ്രകൃതിയിലും മനുഷ്യരുടെ ജീവിതത്തിലും ഉണ്ടാകുന്ന ചില അത്യപൂര്‍വ്വ പ്രയാസങ്ങളെ മനുഷ്യന്‍ പരിചിന്തനം നടത്തി തന്റെ നിസ്സാരതയും നിസ്സഹായതയും ബോധ്യപ്പെട്ട് സല്‍പാന്ഥാവിലേക്ക് തിരിച്ചുവരാന്‍ ദൈവം നല്‍കുന്ന അവസരം എന്ന നിലയ്ക്കാണ് ഖുര്‍ആന്‍ ഇതിനെ വിശേഷിപ്പിക്കുന്നത്. ”ഏറ്റവും വലിയ ആ ശിക്ഷ (നരകശിക്ഷ) വരുന്നതിന് മുമ്പ് ഐഹീകമായി ചില ചെറിയതരം ശിക്ഷകളും നാം അവരെ ആസ്വദിപ്പിക്കുന്നതാണ്. അവര്‍ ഒരുവേള മടങ്ങിയേക്കാമല്ലോ.” (വി.ഖു 32:21). ”തന്റെ രക്ഷിതാവിന്റെ ദൃഷ്ടാന്തങ്ങളെപ്പറ്റി ഉദ്‌ബോധനം നല്‍കപ്പെട്ടിട്ട് അവയില്‍ നിന്ന് തിരിഞ്ഞുകളഞ്ഞവനേക്കാള്‍ അക്രമിയായി ആരുണ്ട്? തീര്‍ച്ചയായും അത്തരക്കാരുടെ പേരില്‍ നാം ശിക്ഷാനടപടിയെടുക്കുന്നതാണ്.” (വി.ഖു 32:22)
ഈ രണ്ട് ദിവ്യസൂക്തങ്ങളില്‍ നിന്ന് മഹിതമായ നാല് സന്ദേശങ്ങള്‍ നമുക്കിങ്ങനെ വായിച്ചെടുക്കാം: 1) ഇഹലോകജീവിതത്തിന് ശേഷം ഒരു പരലോകജീവിതമുണ്ട്. അവിടെയുള്ള രക്ഷയും ശിക്ഷയുമാണ് സുപ്രധാനം. പരലോകത്തിലെ നരകശിക്ഷ എന്ന വലിയ ദുരന്തത്തില്‍ നിന്ന രക്ഷപ്പെടാനുള്ള മാര്‍ഗ്ഗങ്ങളെപ്പറ്റിയാണ് മനുഷ്യന്‍ ഇഹലോകജീവിതത്തില്‍ കാര്യമായി ആലോചിക്കേണ്ടതും പ്രവര്‍ത്തിക്കേണ്ടതും. 2) പരലോകബോധമില്ലാതെ, ഐഹീകജീവിത വ്യാപാരങ്ങളില്‍ മാത്രം മതിമറന്ന് ജീവിക്കുകയും ദൈവീക നിയമങ്ങളെ കാറ്റില്‍ പറത്തി ജീവിക്കുന്ന ധിക്കാര നിലപാട് സ്വീകരിക്കുകയും ചെയ്യുന്നവര്‍ക്ക് തങ്ങളുടെ നിലപാട് തിരുത്തി ശാശ്വതമായ നരകശിക്ഷയില്‍ നിന്നും മോചനം നേടാന്‍ സഹായകമാകുന്ന പ്രയാസകരമായ ചില അനുഭവങ്ങള്‍ നല്‍കി അല്ലാഹു മനുഷ്യന് മുന്നറിയിപ്പ് നല്‍കുന്നതാണ്. 3) ദുരന്തങ്ങളുടെയും പ്രകൃതിവിപത്തുകളുടെയും കഷ്ട-നഷ്ടങ്ങളുടെയും രൂപത്തില്‍ വരുന്ന ഇത്തരം പ്രയാസങ്ങളെ അല്ലാഹുവിന്റെ ശിക്ഷയായി കാണാതെ ഒരു മുന്നറിയിപ്പായുംവലിയ അപകടത്തില്‍പ്പെടാതിരിക്കാന്‍ അല്ലാഹു ചെയ്യുന്ന കാരുണ്യപ്രവര്‍ത്തനവുമായാണ് കാണേണ്ടത്. 4) ഈ കാരുണ്യവും മുന്നറിയിപ്പും തിരിച്ചറിയാതെ വീണ്ടും അധര്‍മ്മവിളയാട്ടത്തിലും അന്യായങ്ങളിലും ദൈവധിക്കാര പ്രവര്‍ത്തനങ്ങളിലും മുഴുകുകയാണെങ്കല്‍ സമീപഭാവിയിലോ വിദൂരഭാവിയിലോ അവര്‍ക്ക് യഥാര്‍ത്ഥ ദൈവീക ശിക്ഷ തന്നെ വന്നു ഭവിക്കുന്നതാണ്.
സുഖലോലുപത നാശത്തിന്റെ താക്കോല്‍
സുഖലോലുപതയും അധാര്‍മ്മികതയും അധികാര ദുര്‍വിനിയോഗവും സര്‍വ്വനാശത്തിലേക്ക് വഴിതുറക്കുന്ന അപകടകരമായ സൂചനകളാണ്. ഒട്ടേറെ ജനപഥങ്ങളുടെയും സമൂഹങ്ങളുടെയും വ്യക്തികളുടെയും ഗതകാല കഥകള്‍ ഉദ്ധരിച്ചുകൊണ്ട് ഖുര്‍ആന്‍ ഇക്കാര്യം സോദാഹരണം ഉദ്ധരിച്ചിട്ടുണ്ട്. വീടുനിര്‍മ്മാണത്തെ തനിക്കും തന്റെ കുടുംബത്തിനും മഴയും വെയിലും കൊള്ളാതെ സുരക്ഷിതമായി പാര്‍ക്കാനുള്ള ഒരു പര്‍പ്പിടം എന്ന നില വിട്ട് മറ്റുള്ളവരുടെ മുമ്പില്‍ തങ്ങളുടെ വലിപ്പവും മഹത്വവും പ്രദര്‍ശിപ്പിക്കാനുള്ള പൊങ്ങച്ച ചിഹ്നങ്ങളാക്കി മാറ്റിയ രണ്ട് സമുദായങ്ങളെ (ആദ്, സമൂദ് സമുദായങ്ങളെ) അസാധാരണമായ പ്രകൃതിവിപത്തുകളിലുടെ ഭൂമിയില്‍ നിന്ന് തുടച്ചുനീക്കിയ ചരിത്രമുണ്ട്.
സമ്പത്ത് കൊണ്ട് അഹങ്കരിച്ച ഖാറൂന്‍ എന്ന സമ്പന്നനെയും അവന്റെ കൊട്ടാരം ഉള്‍പ്പെടെയുള്ള സ്വര്‍ഗ്ഗീയ സൗകര്യങ്ങളെയും മണ്ണിലാഴ്ത്തിയ സംഭവം, ലൈംഗിക അരാജകത്വത്തിന്റെ ഭാഗമായി സ്വവര്‍ഗ്ഗരതി ഒരു കാലഘട്ടത്തിന്റെയും ഒരു സമുദായത്തിന്റെയും മുഖമുദ്രയായപ്പോള്‍ ആ സമുദായത്തെ (ലൂത്ത് നബിയുടെ സമുദായത്തെ) കീഴ്‌മേല്‍ മറിച്ച് ഭൂമിക്കടിയിലേക്ക് ആഴ്ത്തി കളഞ്ഞ കഥ (ചാവുകടല്‍ എന്ന പേരില്‍ ഒരു ദൃഷ്ടാന്തമായി അല്ലാഹു ഇന്നും അത് ലോകത്ത് നിലനിര്‍ത്തിയിരിക്കുന്നു!), സ്വയം ദൈവം ചമയുകയും അധികാരദുര്‍വിനിയോഗം നടത്തുകയും ചെയ്ത ഫിര്‍ഔന്‍ ഭരണാധികാരിയെയും സഹായികളെയും ചെങ്കടലില്‍ ദയനീയമായി മുക്കി നശിപ്പിച്ച ചരിത്രം തുടങ്ങിയവ ഖുര്‍ആനില്‍ ഒന്നിലധികം സ്ഥലത്ത് ഉദ്ധരിക്കുന്നത് കാണാം.
സുഖലോലുപതയും അധാര്‍മ്മികയും അധികാര ദുര്‍വിനിയോഗവും ഒരു കാലഘട്ടത്തിന്റെയും ഒരു സമൂഹത്തിന്റെയും പൊതു പ്രവണതയായി മാറിയാല്‍ അവരുടെ സര്‍വ്വനാശം അടുത്തിട്ടുണ്ട് എന്ന ഗുണപാഠം പകര്‍ന്നു തരാന്‍ കൂടിയാണ് ഇത് എന്ന കാര്യത്തില്‍ സംശയമില്ല.
അല്ലാഹു കാരുണ്യവാന്‍
എന്നാലും അല്ലാഹു കാരുണ്യവാനാണ്. കാരണം ചെറിയ ദുരന്തങ്ങളും ദുരിതങ്ങളും മനുഷ്യരുടെ ചിന്തയെ തട്ടിയുണര്‍ത്താന്‍ അല്ലാഹു അയക്കുന്ന കാരുണ്യ സന്ദേശങ്ങളാണ്. സാക്ഷാല്‍ ഫിര്‍ഔനിന്റെ കാര്യത്തില്‍ പോലും അല്ലാഹു ഈ കാരുണ്യം കാണിച്ചിട്ടുണ്ടെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്. തനിക്ക് അഥവാ ‘ദൈവമായ’ ഫിര്‍ഔനിനെ നിയന്ത്രിക്കാനോ പരിഹരിക്കാനോ കഴിയാത്ത വിധം കുറേ വര്‍ഷങ്ങളോളം ഇടവിട്ടിടവിട്ട് പലവിധ പ്രകൃതിവിപത്തുകള്‍ ഫിര്‍ഔനിന്റെ സാമ്രാജ്യത്തെ പിടികൂടുകയുണ്ടായി. നൈല്‍ നദി കരകവിഞ്ഞൊഴുകി വമ്പിച്ച കൃഷിനാശം, വ്യാപകമായ വെട്ടുകിളി ശല്യം, തവളശല്യം, കുടിവെള്ളം രക്തവര്‍ണ്ണമായി മാറിയ മാലിന്യ പ്രശ്‌നം, വ്യാപകമായ ചെള്ള് ശല്യം തുടങ്ങി ഒന്നിനുപുറകെ മറ്റൊന്ന് എന്ന നിലയില്‍ ഫിര്‍ഔന്റെ സാമ്രാജ്യത്തില്‍ ഉണ്ടായി. താന്‍ എല്ലാം തികഞ്ഞവനാണെന്നും തന്റെ രാജ്യത്ത് താന്‍ വിചാരിക്കുന്നതേ നടക്കൂ എന്നും അധികാരത്തിന്റെ ബലത്തില്‍ അഹങ്കരിച്ചിരുന്ന ഫിര്‍ഔന്‍ പക്ഷെ ഈ പ്രകൃതി ദുരന്തങ്ങളുടെ മുമ്പില്‍ നിസ്സഹായനായി കൈമലര്‍ത്തുകയാണ് ചെയ്തത്. ഫിര്‍ഔന്‍ പക്ഷെ അതില്‍ നിന്നൊന്നും യാതൊരു ഗുണപാഠവും ഉള്‍ക്കൊണ്ടില്ല.
അവന്‍ അധികാര ദുര്‍വിനിയോഗവും അക്രമവും അനീതിയും തുടര്‍ന്നുകൊണ്ടേയിരുന്നു. അങ്ങനെ അല്ലാഹു നിശ്ചയിച്ച സമയമെത്തിയപ്പോള്‍ വന്‍ദുരന്തം വന്ന് ഫിര്‍ഔനിനെ മൂടുകയുണ്ടായി. അഥവാ അല്ലാഹു ശിക്ഷയുടെ പിടുത്തം പിടിച്ചു എന്നര്‍ത്ഥം. ”തീര്‍ച്ചയായും നിന്റെ റബ്ബിന്റെ പിടുത്തം കഠിനമായിരിക്കും” എന്നാണ് ഫിര്‍ഔന്‍ സംഭവത്തിന്റെ ഗുണപാഠമായി അല്ലാഹു ലോകത്തിന് നല്‍കുന്ന മുന്നറിയിപ്പ്. നിന്റെ റബ്ബിന്റെ പിടുത്തം അതിശക്തമായ പിടുത്തമായിരിക്കും എന്ന ഖുര്‍ആനിക പ്രസ്താവം എത്ര ശ്രദ്ധേയം!
ആധുനിക സമൂഹത്തില്‍ വ്യാപകമാകുന്ന സുഖലോലുപതയും അധാര്‍മ്മികതയും അധികാര ദുര്‍വിനിയോഗവും വര്‍ഗ്ഗീയതയുടെ വിളയാട്ടവും മഹാദുരന്തങ്ങളെ വിളിച്ച് വരുത്തുന്ന ആപല്‍ സൂചന തന്നെയാണ് എന്നാണ് ഖുര്‍ആന്‍ നല്‍കുന്ന സന്ദേശം. പ്രളയം നല്‍കുന്ന മുന്നറിയിപ്പും അതുതന്നെയാണല്ലോ!