പ്രളയം പാഠമാകട്ടെ – മുഹമ്മദ് സി വണ്ടൂര്‍
കേരളക്കരയില്‍ നൂറ് വര്‍ഷത്തിനുള്ളിലെ ഏറ്റവും വലിയ വെള്ളപ്പൊക്ക ദുരന്തത്തിനാണ് നാം സാക്ഷികളായത്. ഈ ദുരന്തം അഭിമാനിക്കാനും കൂടി നമുക്ക് വക നല്‍കുന്നുണ്ട്. നമ്മുടെ മനുഷ്യബന്ധങ്ങള്‍ നമുക്കു തന്നെ അനുഭവിക്കാന്‍ ഒരു പരിധിവരെ സാധിച്ചു. ജാതി മത രാഷ്ട്രീയ പക്ഷപാതിത്തങ്ങള്‍ ഒന്നും തന്നെ ഇല്ലാതെയാണ് എല്ലാവരും ഒറ്റക്കെട്ടായി പ്രളയത്തെ നേരിട്ടത്. വലിയ ഒരു ത്യാഗത്തിന് നാം തയ്യാറുണ്ട് എന്നുള്ള മെസ്സേജിന് നാം അര്‍ഹരാണ്. സര്‍ക്കാര്‍ എല്ലാ ശേഷിയും ഉപയോഗിച്ചു. ദൃശ്യമാധ്യമങ്ങളും അച്ചടി മാധ്യമങ്ങളും തങ്ങളാല്‍ കഴിയുന്ന ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിച്ചു. ഇതില്‍ നിന്ന് വലിയ ഒരു പാഠം നാം പഠിച്ചു. ഇനിയും ചിന്തിച്ച് ഗൗരവമായി പഠിക്കേണ്ടതുണ്ട്. ആദ്യം മനുഷ്യസ്‌നേഹം ഉണ്ടാവണം. പിന്നീടാണ് മറ്റുള്ള എല്ലാ സ്‌നേഹങ്ങളും ഉണ്ടാവേണ്ടത്. ഏകനായ ദൈവത്തിന് പ്രപഞ്ചത്തെയും എല്ലാ ജീവജാലങ്ങളെയും പരീക്ഷിക്കാന്‍ സെക്കന്റുകളും മിനിറ്റുകളും മതി എന്നൊരു മെസ്സേജ് നാം ഉള്‍ക്കൊള്ളണം. പ്രളയം വലിയ നഷ്ടമാണ് ഉണ്ടാക്കിയത്. കേന്ദ്ര സര്‍ക്കാര്‍ സഹായം നമുക്ക് പ്രതീക്ഷിക്കാം. സംസ്ഥാന സര്‍ക്കാറും പ്രതിപക്ഷവും ചേര്‍ന്നാണ് കേന്ദ്ര സഹായം ആവശ്യപ്പെട്ടത്. സഹായം അത്യാവശ്യമുള്ള സമയമാണിപ്പോള്‍. കേന്ദ്ര മന്ത്രിമാര്‍ വന്ന് വെള്ളപ്പൊക്കം കണ്ട് ചെറിയ ഒരു തുക വാഗ്ദാനം ചെയ്തത് കടലില്‍ കായം കലക്കുന്നതിന് തുല്യമാണ്. ദുരഭിമാനം വെടിഞ്ഞ് സഹായങ്ങള്‍ സ്വീകരിക്കാനുള്ള മനോഭാവമാണ് ഉണ്ടാവേണ്ടത്. അല്ലെങ്കില്‍ 100 ശതമാനം സഹായിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവണം. മറിച്ചായാല്‍ പുനരധിവാസത്തിന് വരുന്ന ഭാരം മുഴുവനും ജനങ്ങള്‍ പേറേണ്ടി വരും. എന്തിനാണ് കേരളത്തെ ഇങ്ങനെ അങ്കലാപ്പിലാക്കുന്നത്.
പള്ളിയും അമ്പലവും ഒക്കെ വെള്ളത്തില്‍ മുങ്ങിക്കിടക്കുന്നത് നാം കണ്ടതല്ലേ. ജലാലിന്റെ പള്ളിയില്‍ ഇരുന്നൂറോളം ഹിന്ദു കുടുംബങ്ങളായിരുന്നു താമസിച്ചിരുന്നത്. പ്രളയമൊന്നുമില്ലാത്ത കാലത്ത് ഹിന്ദു മതക്കാര്‍ പള്ളിയില്‍ കയറിയാലോ മുസ്‌ലിംകള്‍ അമ്പലത്തില്‍ കയറിയാലോ പുണ്യാഹമോ മറ്റു ശുദ്ധീകരണ പ്രവര്‍ത്തിയോ നടത്തുന്നവര്‍ എങ്ങനെയാണ് ഇതൊക്കെ ഇപ്പോള്‍ മറക്കുന്നത്? ജീവന്‍ പോകുമെന്ന് കാണുമ്പോള്‍ നമുക്ക് മതമില്ല, ജാതിയില്ല… എല്ലാ സാമൂഹ്യ വേര്‍തിരിവുകളും ഭേദിച്ച നാം വെറും പച്ചമനുഷ്യരായാണ് ആളുകളെ രക്ഷിക്കാനും സഹായിക്കാനുമൊക്കെ ഇറങ്ങിയത്. പഴയതൊക്കെ മറന്ന് ഈയൊരു സമീപനം ഇനിയെങ്കിലും നമുക്ക് തുടര്‍ന്നുകൂടേ..
(മനുഷ്യനാവാന്‍ ഇനിയും വരണോ പ്രളയം, മേജര്‍ രവി, ചന്ദ്രിക ആഴ്ചപ്പതിപ്പ്, 2018 സപ്തംബര്‍ 1)