പ്രപഞ്ചവ്യവസ്ഥയിലെ താളപ്പിഴ എന്തുകൊണ്ട്? – അബ്ദുസ്സലാം പുത്തൂര്‍
ലോകജനതയുടെ സാമൂഹ്യസാമ്പത്തിക കുടുംബ സ്ഥിതിയും പ്രകൃതി നേരിടുന്ന പ്രശ്‌നങ്ങളും പഠന വിധേയമാക്കിയാല്‍ അവ നേരിടുന്ന പ്രതിസന്ധികളുടെയും പൊതു സമൂഹം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളുടെയും അടിവേര് ചെന്നെത്തുന്നത് മനുഷ്യപ്രകൃതിക്ക് ദൈവം നല്‍കിയ പാഠങ്ങളെ അവഗണിച്ചു എന്നിടത്താണ്. മനുഷ്യസൃഷ്ടിപ്പിന്റെ ആദ്യഘട്ടത്തില്‍ ദൈവം മാലാഖമാരോട് പറഞ്ഞത് ഞാന്‍ ഭൂമിയില്‍ ഒരു ഖലീഫയെ നിശ്ചയിക്കാന്‍ പോകുന്നു എന്നാണ്. അവിടെ കുഴപ്പമുണ്ടാക്കുകയും രക്തം ചിന്തുകയും ചെയ്യുന്നവനെ നീ അവിടെ നിശ്ചയിക്കുകയാണോ എന്ന് മലക്കുകള്‍ ചോദിച്ചു. നിങ്ങള്‍ക്ക് അറിയാത്തത് എന്നിക്കറിയാമെന്ന് അല്ലാഹു അവര്‍ക്ക് മറുപടി കൊടുക്കുകയും ചെയ്തു.
മനുഷ്യനെന്ന ബുദ്ധികേന്ദ്രത്തിന് അഭിമുഖീകരിക്കുവാനുള്ള പ്രവിശാലമായ ഒരു പരീക്ഷാകേന്ദ്രമെന്ന നിലയ്ക്ക് അവന്‍ ഭൂമിയെ സംവിധാനിച്ചു. പ്രാധാനപ്പെട്ട ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള ചോദ്യക്കടലാസുകള്‍ അവന്‍ പരീക്ഷാഹാളില്‍ വിതരണം ചെയ്തു. മാനവകുലം അവശേഷിക്കുന്ന കാലമത്രയും ഈ പരീക്ഷാകേന്ദ്രത്തില്‍ പരീക്ഷ നടന്നു കൊണ്ടേയിരിക്കും. ചിന്ത, വിശ്വാസം, നിഷേധം എന്നിവയുമായി ബന്ധപ്പെട്ടതാണ് ആ പരീക്ഷയിലെ ചോദ്യാവലികള്‍.
വിശ്വാസികള്‍ ജാഗ്രത പുലര്‍ത്തണം
അടിയുറച്ച വിശ്വാസത്തിന്റെ അഭാവം പ്രവര്‍ത്തനങ്ങളെയും അവയുടെ ഉദ്ദേശ്യശുദ്ധിയെയും ചോര്‍ത്തിക്കളയുന്നുണ്ട്. ആരാധനകള്‍ കേവലം യാന്ത്രികമായി നിര്‍വഹിക്കപ്പെടുമ്പോള്‍ സാമ്പ്രദായികതകള്‍ക്കപ്പുറം അതിന്റെ ആത്മാവിനെ പ്രാപിക്കാന്‍ കഴിയാതെ പോകുന്നു. നമസ്‌കാരം പള്ളിയില്‍ വെച്ച് ജമാഅത്തായി തന്നെ നിര്‍വഹിക്കപ്പെടുന്നുവെങ്കിലും ഇതിലൂടെ, ദൈവം തന്നെ കാണുന്നുണ്ടെന്നും ഈ കര്‍മത്തിലൂടെ അവന്നുള്ള വിധേയത്വം സമ്മതിച്ചംഗീകരിക്കുകയാണെന്നും ദൈവം തനിക്ക് കനിഞ്ഞരുളിയ ജീവിതവും അതിനൊത്ത ആവാസവ്യവസ്ഥയും സംബന്ധിച്ച ചിന്ത മൂലം അവനോട് വിനീതപ്പെടുകയും അവനെ ആദരിക്കുകയുമാണെന്നുമുള്ള ചിന്ത മനസ്സില്‍ രൂപപ്പെടേണ്ടതുണ്ട്. പതിവു സമ്പ്രദായം നിര്‍വഹിക്കുക എന്ന മനസ്സിന്റെ ദാഹം ശമിക്കുന്നു എന്നതില്‍ കവിഞ്ഞ ഒരു മഹത്വം ഈ ആരാധനയ്ക്ക് കൈവരുന്നില്ലെങ്കില്‍ അത് കേവലം ഒരു കവാത്ത് മാത്രമായേ പരിഗണിക്കപ്പെടുകയുള്ളു. ഐഛികമോ നിര്‍ബന്ധമോ ആയ മുഴുവന്‍ ആരാധനകളിലും സംഭവിക്കുന്നത് ഇതാണ്. എല്ലാം നിര്‍വഹിക്കപ്പെടുന്നു. ആരാധനയുടെ ആത്മാവും ദൈവം കാണുകയാണെന്ന ചിന്ത നഷ്ടപ്പെട്ട കേവല ചടങ്ങുകളായി അത് മാറുന്നു. യഥാര്‍ഥത്തില്‍ ആരാധനയെപ്പറ്റി ദൈവീക വീക്ഷണമായി പ്രവാചകന്‍ പറഞ്ഞത് ‘നീ അവനെ കാണുന്നത് പോലെ ആരാധിക്കുക; നീ അവനെ കാണുന്നില്ലെങ്കിലും അവന്‍ നിന്നെ കാണുന്നുവല്ലോ’ എന്നാണ്.
ആത്മാവ് നഷ്ടപ്പെട്ട് തണുത്തുറഞ്ഞ ജഡം മാത്രമായ ആരാധനകള്‍, നമ്മുടെ സമൂഹത്തിലോ സദസ്സുകളിലോ കുടുംബങ്ങളിലോ ഗാര്‍ഹികാന്തരീക്ഷത്തിലോ പ്രകൃതിയോടുള്ള സമീപനത്തിലോ ഗുണപരമായ മാറ്റമുണ്ടാക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതില്‍ വല്ല ന്യായവുമുണ്ടോ? അതിനാല്‍ തന്നെ വിശുദ്ധ ഖുര്‍ആനിലെ ഏഴാം അധ്യായത്തില്‍ പരാമര്‍ശിക്കപ്പെട്ട ചിന്താശൂന്യരുടെ പട്ടികയിലേക്ക്, നിര്‍വഹിക്കപ്പെടുന്ന ആരാധനകള്‍ നമ്മെ കൊണ്ടെത്തിക്കുമോ എന്ന് ഭയപ്പെടേണ്ടിയിരിക്കുന്നു.
ബുദ്ധി എന്ന അനുഗ്രഹം
പ്രബോധന വഴിയില്‍ നിന്നും, ജീവിക്കുന്ന പരിസരത്തോടു ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ നിന്നും, ആരാധനയില്‍ നിന്നും, ദൈവസ്മരണയില്‍ നിന്നും, എങ്ങനെയാണ്, നരകത്തിന് വേണ്ടി സൃഷ്ടിക്കപ്പെട്ട ജീവിതത്തിലേക്ക് മാറാന്‍ കഴിയുക? യഥാര്‍ഥത്തില്‍, ഭക്തിയുടെയും പ്രകൃതിയുടെയും, ഭൂമിയിലെ ഖലീഫ എന്ന പദവിയുടെയും മാര്‍ഗത്തില്‍ വിനിയോഗിക്കേണ്ട ബുദ്ധിയും കണ്ണുകളും ശ്രവണ ശേഷിയും, അവയ്ക്ക് നിശ്ചയിക്കപ്പെട്ട വഴിയെ അവഗണിച്ച് നേര്‍ വിപരീതമായ അപഥ വഴിയില്‍ വിനിയോഗിക്കുകയാണ് മനുഷ്യന്‍ ചെയ്യുന്നത്. നന്‍മ കല്‍പിക്കുക, തിന്‍മ വിരോധിക്കുക, ശരിയായ അറിവിലൂടെ സുസ്ഥിര വികസനം സാധ്യമാക്കുക, സഹജീവികളെയും പരിസ്ഥിതിയെയും സംരക്ഷിക്കുക എന്നിവയൊക്കെയാണ് അവനില്‍ അര്‍പ്പിതമായ ഉത്തരവാദിത്വം.
അവയിലുള്ള അശ്രദ്ധ മനുഷ്യനെ മൃഗതുല്യനാക്കുന്നു. അവന്‍ പ്രകൃതിയുടെ വിനാശകാരിയും കുഴപ്പക്കാരനുമായി മാറുന്നു. ശാന്തിയിലേക്കും സമാധാനത്തിലേക്കും ലോകത്തെയും പ്രകൃതിയെയും നയിക്കേണ്ട മനുഷ്യന്‍ അവയുടെ വിധ്വംസകനായി മാറുന്നു. മേല്‍നോട്ട മേല്‍പിക്കപ്പെട്ടവന്‍ തന്നെ വിനാശകാരിയായി രംഗ പ്രവേശനം ചെയ്യുന്നു. യഥാര്‍ഥത്തില്‍ ഇത് തന്നെയാണ് മൃഗീയതയേക്കാള്‍ വലിയ പതനം!
ലോകത്തെ നയിക്കുന്നവരെന്നവകാശപ്പെടുന്ന നായകന്‍മാര്‍ സ്ഥായിയായ ദൈവീക ദര്‍ശനത്തെയും, ഈ പ്രപഞ്ച സംവിധാനത്തില്‍ മനുഷ്യനെന്ന സൃഷ്ടിയുടെ മൂല്യത്തെയും അവന്റെ ഉത്തരവാദിത്വത്തെയും നിസ്സാരമായി കണ്ട് അവഗണിക്കുന്നു. ഇതിന്റെയെല്ലാം കണക്ക് ദൈവസന്നിധിയില്‍ സമര്‍പ്പിക്കേണ്ടവനാണെന്ന ചിന്ത വെച്ചുപുലര്ത്തിയിരുന്നുവെങ്കി ല്‍ ഈ ലോകം എത്രമേല്‍ മനോഹരമായേനേ!
അല്ലയോ മനുഷ്യാ! ഉദാരനായ നിന്റെ രക്ഷിതാവിന്റെ കാര്യത്തില്‍ നിന്നെ വഞ്ചിതനാക്കിയ കാര്യമെന്താണ്. നിന്നെ സൃഷ്ടിച്ചവന്‍, ശരിപ്പെടുത്തിയവന്‍, പാകപ്പെടുത്തിയവന്‍. അവനുദ്ദേശിച്ച ഏതോ ഒരു രൂപത്തില്‍ നിന്നെ അവന്‍ സംഘടിപ്പിച്ചുണ്ടാക്കിയിരിക്കു ന്നു. അങ്ങനെ വേണ്ട, പക്ഷെ നിങ്ങള്‍ പ്രതിഫല നടപടിയെ വ്യാജമാക്കിക്കൊണ്ടിരിക്കുന്നു. നിശ്ചയം നിങ്ങളുടെ മേല്‍ വീക്ഷിച്ചു കൊണ്ടിരിക്കുന്ന ചിലരുണ്ട്. മാന്യരായ എഴുത്തുകാര്‍. നിങ്ങള്‍ ചെയ്യുന്നതെല്ലാം അവരറിയുന്നു (വി.ഖു. 82:612)