പ്രക്ഷോഭങ്ങള്‍ ഒടുങ്ങരുത്-റംഷാദ് കൊടുവള്ളി
പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട വിവാദങ്ങളും പ്രക്ഷോഭങ്ങളും ആരംഭിച്ചിട്ട് മൂന്നു മാസം പിന്നിട്ടു കഴിഞ്ഞു. എല്ലാ തരത്തിലുമുള്ള പ്രക്ഷോഭങ്ങളോടും മുഖംതിരിഞ്ഞു നിന്ന് പിടിവാശി കാണിച്ച കേന്ദ്ര സര്‍ക്കാര്‍ പക്ഷേ സി എ എ നടപ്പിലാക്കുന്നതു സംബന്ധിച്ച് ഒരു നടപടികളിലേക്കും നീങ്ങുന്നതായി കാണുന്നില്ല. അത്രമേല്‍ ഉറച്ച തീരുമാനങ്ങളായിരുന്നിട്ടുകൂടി നിയമം പസ്സായതിന് മൂന്ന് മാസത്തിന് ശേഷവും അത് നടപ്പിലാക്കാനുള്ള പ്രക്രിയകള്‍ മോദി ഗവണ്‍മെന്റ് എന്തുകൊണ്ട് ആരംഭിച്ചിട്ടില്ല എന്നുള്ളത് ചിന്തിക്കേണ്ടതാണ്.
ഈ നിയമം എങ്ങനെ നടപ്പാക്കുമെന്നതിനെ കുറിച്ചുള്ള മാര്‍ഗനിര്‍ദേശങ്ങളും ഇതുവരെ കേന്ദ്ര സര്‍ക്കാര്‍ പുറത്ത് വിട്ടിട്ടില്ല. ബി ജെ പി യുടെ നിലവിലെ രാഷ്ട്രീയ ഊന്നലിന്റെ അടിസ്ഥാനമായ പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുന്നതില്‍ കാലതാമസമെടുക്കുന്നതിലൂടെ സൂചിപ്പിക്കുന്നതെന്താണ്? വ്യാപകമായ പ്രതിഷേധങ്ങളാണ് പ്രധാന കാരണമായി മനസ്സിലാക്കാനാവുന്നത്. എന്‍ ആര്‍ സി മൂലം ദേശരഹിതരാകും എന്ന ഭീതി സി എ എ മുസ്‌ലിംകള്‍ക്കിടയില്‍ പടര്‍ത്തി, അത് ദേശവ്യാപകമായ പ്രതിഷേധങ്ങള്‍ക്കിടയാക്കി. ഇത്തരം പ്രതിഷേധങ്ങളെ ബി ജെ പി അധികാരത്തിലുള്ള സംസ്ഥാനങ്ങളില്‍ അവിടുത്തെ സര്‍ക്കാര്‍ വളരെ ക്രൂരമായി രീതിയില്‍ അടിച്ചമര്‍ത്തുകയുണ്ടായി.
ഡല്‍ഹിയിലെ സമരക്കാരെ അക്രമാസക്തമായി നേരിടുമെന്ന ബി ജെ പി നേതാവിന്റെ ഭീഷണി വര്‍ഗീയ കലാപങ്ങള്‍ വ്യാപിക്കുന്നതിനും മുസ്‌ലിം പ്രദേശങ്ങളില്‍ പോലീസ് അഴിഞ്ഞാട്ടങ്ങള്‍ക്കും പ്രധാന കാരണമായി വര്‍ത്തിച്ചിട്ടുണ്ട്. പൗരത്വ ഭേദഗതി നിയമം പാര്‍ലമെന്റില്‍ പാസ്സായി മൂന്ന് മാസത്തിനുള്ളില്‍ എണ്‍പത് ആളുകളാണ് കൊല്ലപ്പെട്ടത്. രാജ്യമൊട്ടാകെ വ്യാപിക്കുന്ന പ്രക്ഷോഭങ്ങളെ കുറിച്ച് ജാഗ്രതയുള്ളതിനാലാണ് പൗരത്വ ഭേദഗതി നിയമത്തിന്റെ ചട്ടങ്ങള്‍ പൂര്‍ത്തിയാക്കാന്‍ മോദി ഗവണ്‍മെന്റ് വൈകിപ്പിക്കുന്ന മറ്റൊരു കാരണമായി പറയുന്നത്.
സമാനമായ പ്രശ്‌നം എന്‍ ആര്‍ സിയുടെ വിഷയത്തിലും ഉടലെടുക്കുകയുണ്ടായി. പ്രക്ഷോഭങ്ങള്‍ ആരംഭിക്കുന്നതിന് തൊട്ട് മുമ്പ് വരെ എന്‍ ആര്‍ സി നടപ്പിലാക്കാന്‍ പോകുന്നു എന്നായിരുന്നു ബി ജെ പി പ്രസ്താവിച്ചിരുന്നത്. പ്രക്ഷോഭമാരംഭിച്ചതിന് ശേഷം ‘എവിടെയും എന്‍ ആര്‍ സി യെകുറിച്ച് സംസാരമോ ചര്‍ച്ചയോ ഉണ്ടായിട്ടില്ല’ എന്നതിലേക്ക് പാര്‍ട്ടിയുടെ പൊതു നിലപാട് മാറ്റുകയുണ്ടായി. പ്രതിഷേധങ്ങളെ സര്‍ക്കാര്‍ ഭയപ്പെടുന്നു എന്നതാണിത് സൂചിപ്പിക്കുന്നത്. കനത്ത പ്രതിഷേധങ്ങള്‍ തുടര്‍ന്നു കൊണ്ടിരിക്കാന്‍ നമുക്കിത് പ്രേരണയാകണം.