21 Saturday
December 2024
2024 December 21
1446 Joumada II 19

പോലീസ് സംസ്‌കാരത്തിന്റെ ദുര്‍ഗന്ധം – അസീസ് മഞ്ഞിയില്‍

വര്‍ത്തമാനകാല പൊലീസ് വാര്‍ത്തകളും അനുബന്ധ വെളിപ്പെടുത്തലുകളും അത്ര വലിയ അളവില്‍ സമൂഹം ഏറ്റെടുത്ത് കാണുന്നില്ല. കാരണം ഇതും ഇതിനപ്പുറവുമൊക്കെ നടന്നു കൂടായ്കയില്ലെന്ന രൂഢമൂലമായ വിശ്വാസം അത്ര കണ്ട് സ്വാധീനിക്കപ്പെട്ടിരിക്കുന്നു എന്നതാണ് കാര്യം. ഇന്ത്യന്‍ പൊലീസ്‌സേന ബ്രിട്ടീഷ് അധിനിവേശ കാലത്തെ പ്രേതബാധയില്‍ നിന്നും പൂര്‍ണമായും മുക്തമായിട്ടില്ല എന്നത് ദൗര്‍ഭാഗ്യകരം തന്നെയാണ്. അധിനിവേശ ശക്തികളുടെ കൂലിപ്പട്ടാളമായി വിഹരിച്ചിരുന്ന അതേ മനോഭാവത്തില്‍നിന്നും ഈ അര്‍ധസൈനിക വിഭാഗത്തെ മോചിപ്പിക്കാനുള്ള ആത്മാര്‍ഥമായ ശ്രമങ്ങള്‍ കേന്ദ്ര സംസ്ഥാന ഭരണ കൂടങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടാകേണ്ടിയിരിക്കുന്നു. അധിനിവേശ കാലത്ത് അധികാരികളും ജനങ്ങളും പരസ്പരം ശത്രുക്കളാണ്. വിശിഷ്യാ ദൈനം ദിനമെന്നോണം നിയമ പാലനത്തില്‍ നേരിട്ട് ഇടപെട്ട് കൊണ്ടിരിക്കുന്ന നിയമ പാലക വിഭാഗം.
ഒരു സംസ്‌കൃത സമൂഹത്തില്‍ നില നില്‍ക്കാന്‍ പാടില്ലാത്ത അവസ്ഥയില്‍ ഈ അര്‍ധസൈനിക വിഭാഗം വിഹരിച്ചു കൊണ്ടിരിക്കുന്നു എന്നത് ലജ്ജാകരം തന്നെയാണ്. സാധാരണക്കാരായ ജനങ്ങളെ കബളിപ്പിക്കാനും കള്ളക്കേസുകള്‍ ചുമത്താനും,യഥാര്‍ഥ കേസുകളിലുള്ളവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കാതിരിക്കാനുമൊക്കെയുള്ള ഉന്നതോദ്യോഗസ്ഥ വൃന്ദത്തിന്റെ സമ്മര്‍ദങ്ങളുടെ കഥകള്‍ വായനാ രസത്തിനപ്പുറമുള്ള ചര്‍ച്ചകളിലേയ്ക്കും ഗൗരവമുള്ള പരിഹാര നിര്‍ദേശങ്ങളിലേയ്ക്കും പ്രവേശിക്കുന്നേയില്ല. ഇത് അത്യന്തം ഖേദകരമായ അവസ്ഥയെയാണ് സുചിപ്പിക്കുന്നത്.
ദുര്‍ബല വിഭാഗങ്ങളില്‍പെട്ട വിശേഷിച്ചും, ന്യൂനപക്ഷ സമുദായങ്ങളില്‍ പെട്ട എത്രയെത്ര കുടുംബങ്ങളാണ് ഈ നിയമപാലകരുടെ അനാസ്ഥകളിലും ഒരു വക മാന്ദണ്ഡങ്ങളും പാലിക്കാത്ത അന്വേഷണ പ്രഹസനങ്ങളിലും ഒരുവേള അവരുടെ ക്രൂര വിനോദങ്ങളിലുംപെട്ട് കണ്ണീര്‍ കുടിക്കുന്നതെന്നതും വസ്തുതയത്രെ .അറസ്റ്റ് രേഖപ്പെടുത്തുന്ന കാലത്തെ വാര്‍ത്തയും ബഹളവുമൊന്നും ദീര്‍ഘകാലത്തെ നിയമപോരട്ടം കഴിഞ്ഞ് നിരപരാധിത്തം തെളിയിച്ച് പുറത്തിറങ്ങുമ്പോള്‍ ഉണ്ടാകുന്നില്ല. ഭാവിയും ഭാവനയും കരിഞ്ഞുണങ്ങിയവരെ ഒന്നു ആശ്വസിപ്പിക്കാന്‍ പോലും ആരും മുതിരാറുമില്ല. ഒരു പക്ഷെ അതിനൊരുങ്ങുന്നതും മറ്റൊരു കുറ്റകൃത്യം എന്ന തലത്തില്‍ വായിക്കപ്പെടുന്നുവെന്നതും വേദനാ ജനകമത്രെ.
വളരെ പരസ്യമായി അക്രമോത്സുകതയും വംശീയാധിക്ഷേപങ്ങളും വിദ്വേഷ പ്രചാരണങ്ങളും നടത്തുന്ന എല്ലാ അര്‍ഥത്തിലുമുള്ള കുറ്റവാളികള്‍ സര്‍വതന്ത്ര സ്വതന്ത്രരായി ഒരുവശത്ത്, അക്രമികളല്ല വംശീയ വാദികളല്ല വിദ്വേഷം ഞങ്ങള്‍ക്ക് അഭികാമ്യമല്ല എന്ന് അലമുറയിടുന്നവര്‍ മറുവശത്ത്. സകലമാന തെളിവുകളും ഉള്ള നിയമ ലംഘകര്‍ക്കെതിരെ ചെറുവിരല്‍ പോലും അനക്കമുണ്ടാകുന്നില്ല. തെളിവുകള്‍ മേമ്പൊടിക്ക്‌പോലും ഇല്ലാത്തവര്‍ കൂട്ടിലടക്കപ്പെടുകയും ചെയ്യുന്നു. എന്നിട്ട് ആരോപിക്കപ്പെട്ട കാര്യങ്ങളില്‍ പെട്ടിട്ടില്ല എന്നു തെളിയിയിക്കേണ്ട ബാധ്യത നിരപരാധിയുടെ തലയിലും.
നിയമ ലംഘന കൃത്യങ്ങളില്‍ കുപ്രസിദ്ധി നേടിയവര്‍ നിയമ നിര്‍മ്മാണ സഭകളില്‍ എത്തപ്പെട്ട കാലത്ത്, ഈ അര്‍ധസൈനിക വിഭാഗത്തിനു കൂടുത ല്‍ സ്വാതന്ത്ര്യം അനുവദിക്കുന്നതിനെക്കുറിച്ച് കേരളം പോലുള്ള സാക്ഷര സംസ്ഥാനങ്ങള്‍ എത്തപ്പെട്ട സാഹചര്യം അതി ഗുരുതരമാണെന്ന് സാന്ദര്‍ഭികമായി ഓര്‍ത്തു പോകുന്നു.
രാജ്യ നിവാസികളുടെ സുരക്ഷയും സൈ്വര്യ ജിവിതവും ഉറപ്പാക്കുക എന്ന അതിശ്രേഷ്ഠമായ കൃത്യ നിര്‍വഹണമാണ് നിയപാലക വിഭാഗത്തിന്റെ പ്രാഥമിക ഉത്തരവാദിത്തം. പൊലീസ് സാന്നിധ്യം ഒരു സൈ്വര്യക്കേടായി തീരുന്ന അവസ്ഥ സംജാതമാകാന്‍ പാടില്ലാത്തതാകുന്നു .പൊതുസമൂഹത്തിന്റെ പ്രത്യക്ഷ സേവകരായി സേവന സന്നദ്ധരായി നിതാന്ത ജാഗ്രത പാലിക്കുന്നവരായിരിക്കണം നിയമപാലകര്‍.ഒറ്റപ്പെട്ട ചില നന്മകള്‍ മാതൃകായോഗ്യമായ കര്‍മ്മങ്ങള്‍ ഒരുപക്ഷെ പൊലീസിന്റെ ഭാഗത്തുനിന്നുമുണ്ടായാല്‍ തന്നെ അത്യത്ഭുതം സംഭവിച്ച മട്ടിലാണ് ഔദ്യോഗിക അനൗദ്യോഗിക മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നതും പ്രതിഫലിക്കുന്നതും. നിയമപാലന വിഭാഗത്തില്‍ കായിക ക്ഷമതയെക്കാള്‍ ഉന്നത സ്വഭാവ സാംസ്‌കാര ധാര്‍മ്മിക മൂല്യങ്ങള്‍ക്ക് മുന്‍ തൂക്കമുള്ളവര്‍ നിയമിക്കപ്പെടണം.
Back to Top