പൊതുരംഗത്തെ സ്ത്രീ സാന്നിധ്യം മതസമീപനം – പി കെ മൊയ്തീന്‍ സുല്ലമി
സ്ത്രീകള്‍ പൊതുരംഗത്ത് ഇടപെടുന്നതിന് പണ്ടു മുതല്‍ തന്നെ എതിര്‍പ്പുകളുണ്ടായിട്ടുണ്ട്. പഴയകാലത്ത് ഇവര്‍ നല്‍കിയ ഫത്‌വ നോക്കുക: ”ഇക്കാലത്തുള്ള സ്ത്രീകള്‍ക്ക് അക്ഷരവിദ്യ തീര്‍ത്തും ഹാറാമാവാന്‍ മാത്രമേ വഴികാണുന്നുള്ളൂ” (അല്‍ബയാന്‍ മാസിക: പുസ്തകം 1, ലക്കം 3). പെണ്‍കുട്ടികള്‍ എഴുത്തു പഠിക്കല്‍ ഹറാമാണ് എന്നാണ് മേല്‍ ഫത്‌വയുടെ ഉള്ളടക്കം. ഇത് സ്ഥാപിക്കാന്‍ വേണ്ടി അവര്‍ നിര്‍മിത ഹദീസുകളെ ഉദ്ധരിച്ചിരിക്കുന്നു. ”നിങ്ങള്‍ പെണ്‍കുട്ടികള്‍ക്ക് എഴുത്ത് പഠിപ്പിക്കരുത്. അവര്‍ക്ക് നൂല്‍നൂല്‍പും സൂറത്തുന്നൂറും നിങ്ങള്‍ പഠിപ്പിക്കണം.” (ഇബ്‌നുഹിബ്ബാന്‍). ഈ റിപ്പോര്‍ട്ട് നബി(സ)യുടെ പേരില്‍ നിര്‍മിച്ചുണ്ടാക്കിയതാണെന്ന് ഇമാം തിര്‍മിദി രേഖപ്പെടുത്തിയതായി നാസിറുദ്ദീന്‍ അല്‍ബാനി(റ) അല്‍അഹാദീസുല്‍ മൗദ്വൂഅത്തി വദ്ദ്വഈഫ് എന്നീ ഗ്രന്ഥത്തില്‍ (5:30) രേഖപ്പെടുത്തിയിട്ടുണ്ട്.
ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന പൗരത്വ സമരത്തില്‍ സ്ത്രീകള്‍ പങ്കെടുക്കുന്നത് നിഷിദ്ധമാണെന്ന നിലയില്‍ ഇരു സമസ്തക്കാരും ഫത്‌വകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. പുരുഷന്മാരെപ്പോലെ സ്ത്രീകളും പൗരത്വത്തിന് അവകാശികളാണെന്ന കാര്യത്തില്‍ തര്‍ക്കമില്ലല്ലോ. സ്ത്രീകള്‍ക്ക് ഭര്‍ത്താക്കന്മാരില്‍ നിന്നും സര്‍ക്കാറില്‍ നിന്നും ലഭിക്കേണ്ട അവകാശങ്ങള്‍ ഉണ്ടായിരിക്കും. അതിനുവേണ്ടി അവര്‍ ശബ്ദമുയര്‍ത്തിയാല്‍ അതെങ്ങനെ ഹറാമാകും. നബി(സ) പറയുന്നു: ”ഏറ്റവും ശ്രേഷ്ഠമായ സമരം അക്രമിയായ ഭരണാധികാരിയുടെ മുന്നില്‍ നീതിയുടെ വാക്ക് പ്രഖ്യാപിക്കുകയെന്നതാണ്.” (അബൂദാവൂദ്, തിര്‍മിദി)
ഇസ്‌ലാം സ്വീകരിച്ചതിന്റെ പേരില്‍ ശക്തമായ മര്‍ദനത്തിന് ഇരയായ മഹതിയായിരുന്നു ഫിര്‍ഔന്റെ ഭാര്യ ആസ്യ (റ). മര്‍ദനമേറ്റ് മരണസന്ദര്‍ഭത്തില്‍ അവര്‍ പറഞ്ഞത് ‘അല്ലാഹു അല്ലാതെ ആരാധ്യനില്ലെന്നും മൂസാനബി(അ) അല്ലാഹുവിന്റെ ദൂതനാണെന്നും ഞാന്‍ സാക്ഷ്യം വഹിക്കുന്നു’ എന്നായിരുന്നു. ഉച്ചത്തില്‍ അവര്‍ പ്രഖ്യാപിച്ചത് ‘സ്വര്‍ഗത്തില്‍ എനിക്ക് ഒരു ഭവനം പണിതു തരണമേ’ എന്നായിരുന്നു. ഇക്കാര്യം അല്ലാഹു സൂറതുത്തഹ്‌രീം 11-ാം വചനത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇസ്‌ലാമില്‍ നബി(സ)യുടെ സമുദായത്തില്‍ ആദ്യമായി ദീനിനുവേണ്ടി രക്തസാക്ഷിത്വം വരിച്ചത് സുമയ്യ(റ) ആയിരുന്നു. അവര്‍ മരണപ്പെട്ടത്, ശഹാദത്തുല്‍ കലിമ ചൊല്ലി അബൂജഹലിന്റെ മുഖത്തു നോക്കി നീയും നിന്റെ ദീനും തുലയട്ടെ എന്ന് ഉച്ചത്തില്‍ മുദ്രാവാക്യം മുഴക്കിക്കൊണ്ടായിരുന്നു.
പുറത്തിറങ്ങി മുദ്രാവാക്യം വിളിച്ച് പ്രതിഷേധിക്കുന്നതാണല്ലോ സമരം. സ്ത്രീകള്‍ പുറത്തിറങ്ങി നടക്കല്‍ ഹറാമാണെന്ന് ഇന്നേവരെ ആരും പറഞ്ഞിട്ടില്ല. നേര്‍ച്ചകളിലും ദുആ സമ്മേളനങ്ങൡലും സ്വലാത്ത് വാര്‍ഷിക യോഗങ്ങളിലുമെല്ലാം സ്ത്രീകള്‍ പങ്കെടുക്കുന്നത് യാഥാസ്ഥിതികര്‍ വിലക്കാറില്ല. എന്നാല്‍ പൗരത്വറാലിയില്‍ പങ്കെടുക്കുന്നത് ഇവര്‍ക്ക് പ്രത്യേകമായ ലാഭമില്ലാഞ്ഞിട്ടാണെന്ന് ആരെങ്കിലും കരുതിയാല്‍ അവരെ കുറ്റപ്പെടുത്താനാവില്ല.
സ്ത്രീകള്‍ക്ക് മുഖവും മുന്‍കൈകളും വെളിപ്പെടുത്തുന്നതില്‍ തെറ്റില്ല എന്നാണ് അഹ്‌ലുസ്സുന്നയുടെ ഭൂരിപക്ഷാഭിപ്രായം. ബുഖാരി, മുസ്‌ലിം, അബൂദാവൂദ് തുടങ്ങിയ മുഹദ്ദിസുകള്‍ ഈ വിഷയത്തില്‍ ചില ഹദീസുകളും രേഖപ്പെടുത്തിയിട്ടുണ്ട്. പ്രമുഖ മുഫസ്സിറുകളായ ഇബ്‌നുഅബ്ബാസ്, ഇബ്‌നു ജരീറുത്ത്വബ്‌രി, ഇബ്‌നുകസീര്‍, ഖുര്‍തുബി, ഇബ്‌നു അബീഹാതിം, ശൗക്കാനി, ജലാലുദ്ദീനുസ്സുയൂഥി(റ) തുടങ്ങിയ പണ്ഡിതന്മാരും സൂറത്തുന്നൂര്‍ 31-ാം വചനത്തിന്റെ തഫ്‌സീറുകളിലും മറ്റും അക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്. സ്ത്രീകളുടെ മുഖവും മുന്‍കൈകളും ഔറത്ത് അല്ലെന്ന് അഹ്‌ലുസ്സുന്നയുടെ പ്രമുഖ പണ്ഡിതന്മാരായിരുന്ന ഇമാം നവവി, ഇബ്‌നു തൈമിയ്യ, ഇബ്‌നു ഹജറുല്‍ അസ്ഖലാനി(റ) തുടങ്ങിയ പണ്ഡിതന്മാരും രേഖപ്പെടുത്തിയിട്ടുണ്ട്.
പര്‍ദയുടെ വിധി ഏറ്റവുമധികം ബാധകമായിരുന്നത് പ്രവാചക പത്‌നിമാര്‍ക്കായിരുന്നു. എന്നാല്‍ അന്യപുരുഷന്മാരോട് സംസാരിക്കുന്നത് അവരോടു പോലും അല്ലാഹു വിലക്കിയിട്ടില്ല. ”പ്രവാചക പത്‌നിമാരേ, സ്ത്രീകളില്‍ മറ്റുള്ള ആരെപ്പോലെയുമല്ല നിങ്ങള്‍. നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നുവെങ്കില്‍ അന്യരോട് അനുനയ സ്വരത്തില്‍ (കൊഞ്ചിക്കുഴഞ്ഞ്) സംസാരിക്കരുത്. അപ്പോള്‍ മനസ്സില്‍ രോഗമുള്ളവന് മോഹം തോന്നിയേക്കും. ന്യായമായ നിലയില്‍ നിങ്ങള്‍ സംസാരിച്ചുകൊള്ളുക” (അഹ്‌സാബ് 32). ഇവിടെ സ്ത്രീകളോട് അഥവാ പ്രവാചക പത്‌നിമാരോട് പോലും അന്യപുരുഷന്മാരോട് സംസാരിക്കരുത് എന്നല്ല ഖുര്‍ആന്‍ പറയുന്നത്. കൊഞ്ചിക്കുഴയാതെ മാന്യമായ നിലയില്‍ സംസാരിക്കണമെന്നാണ് കല്പന. സ്ത്രീകളിലേക്കുള്ള നോട്ടവും അവരോടുള്ള സംസാരവും ഹലാലും ഹറാമുമായിത്തീരുന്നത് നോക്കുന്നവരുടെയും സംസാരിക്കുന്നവരുടെയും ഉദ്ദേശ്യലക്ഷ്യങ്ങള്‍ അനുസരിച്ചാണ്.
നബി(സ) പറയുന്നു: നിശ്ചയം കര്‍മങ്ങള്‍ പരിഗണിക്കപ്പെടുന്നത് ഉദ്ദേശ്യലക്ഷ്യങ്ങള്‍ക്കനുസരിച്ച് മാത്രമാണ് (ബുഖാരി). സ്ത്രീയുടെ ശബ്ദത്തെ പോലും ഇവര്‍ ഔറത്തിന്റെ പരിധിയിലാണ് പെടുത്തിയിരിക്കുന്നത്. അഥവാ സ്ത്രീ ശബ്ദമുയര്‍ത്തല്‍ ഔറത്ത് വെളിപ്പെടുത്തുന്നതിന് തുല്യമാണെന്നാണ് ഇവരുടെ ഭാഷ്യം. എന്നാല്‍ അവകാശങ്ങള്‍ക്കുവേണ്ടിയും സംശയങ്ങള്‍ ദൂരീകരിക്കാനും നബി(സ)യുടെ മുന്നില്‍ പോലും യുവതികള്‍ ശബ്ദമുയര്‍ത്തിയിരുന്നു. ”നബിയുടെ ശബ്ദത്തേക്കാള്‍ നിങ്ങള്‍ ശബ്ദമുയര്‍ത്തരുത്” (ഹുജുറാത്ത് 2) എന്നാണ് സത്യവിശ്വാസികളോടുള്ള കല്പന.
എന്നിട്ടു പോലും ചില യുവതികള്‍ നബി(സ)യുടെ അടുക്കല്‍ വന്ന് ഉച്ചത്തില്‍ സംസാരിച്ചിരുന്നു. ദീര്‍ഘായ ഹദീസിന്റെ ചുരുക്കം ഇപ്രകാരമാണ്: ”അവര്‍ ശബ്ദമുയര്‍ത്തി നബി(സ)യോടു ചോദിക്കുകയുണ്ടായി”(ബുഖാരി 6085). എന്നിട്ടു പോലും നബി(സ) അതിനെ എതിര്‍ക്കുകയോ അതിന്നെതിരില്‍ വിശുദ്ധ ഖുര്‍ആന്‍ വചനങ്ങള്‍ അവതരിക്കുകയോ ഉണ്ടായില്ല. ”സ്ത്രീയുടെ സംസാരം കേള്‍ക്കലോ അന്യസ്ത്രീകളോട് സംസാരിക്കലോ (ഹറാമല്ല) അവ രണ്ടും അനുവദനീയമാണെന്ന് ഹദീസില്‍ തെളിവുണ്ടെന്ന് ഇബ്‌നുഹജര്‍(റ) രേഖപ്പെടുത്തി” (ഫത്ഹുല്‍ ബാരി 13:204).
ഇസ്‌ലാമിക കര്‍മശാസ്ത്രത്തില്‍ മുന്തിയ പരിഗണനയാണ് ഫത്ഹുല്‍ മുഈന്‍ എന്ന ഗ്രന്ഥത്തിനുള്ളത്. അതില്‍ സ്ത്രീയുടെ ശബ്ദത്തെക്കുറിച്ച് പറഞ്ഞത് ശ്രദ്ധിക്കുക: ”സ്ത്രീയുടെ ശബ്ദം ഔറത്തില്‍ പെട്ടതോ അത് പുരുഷന്മാര്‍ കേള്‍ക്കല്‍ ഹറാമോ അല്ല” (പേജ് 179). സമസ്തക്കാര്‍ എക്കാലത്തും ഗ്രന്ഥങ്ങളില്‍ അംഗീകരിച്ചുപോരുന്ന കാര്യങ്ങളല്ല ഫത്‌വകളാക്കാറുള്ളത് എന്നത് ഒരു വസ്തുതയാണ്. ഈ വിഷയത്തിലും അപ്രകാരമാണ് എന്നതില്‍ പുതുമയൊന്നുമില്ല.
യുദ്ധത്തിലും ഹിജ്‌റയിലും പങ്കെടുക്കാന്‍ പോലും അല്ലാഹു സ്ത്രീകള്‍ക്ക് അനുവാദം നല്‍കിയിട്ടുണ്ട്. താഴെ വരുന്ന വചനത്തിന്റെ അവതരണം സന്ദര്‍ഭം ശ്രദ്ധിക്കുക: ”ഉമ്മുസലമ(റ) നബി(സ)യുടെ അടുക്കല്‍ വന്ന് പറയുകയുണ്ടായി: അല്ലാഹുവിന്റെ ദൂതരേ, സ്ത്രീകളുടെ ഹിജ്‌റ സംബന്ധമായി അല്ലാഹു ഒന്നും തന്നെ പറയുന്നതായി നാം കേള്‍ക്കുന്നില്ലല്ലോ? അപ്പോള്‍ അല്ലാഹു ഇപ്രകാരം അവതരിപ്പിക്കുകയുണ്ടായി: ”അപ്പോള്‍ അവരുടെ രക്ഷിതാവ് അവര്‍ക്ക് ഊന്നല്‍ നല്‍കി. പുരുഷനാകട്ടെ സ്ത്രീയാകട്ടെ നിങ്ങളില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന ഒരാളുടെയും പ്രവര്‍ത്തനം ഞാന്‍ നിഷ്ഫലമാക്കുകയില്ല. നിങ്ങളില്‍ ഓരോ വിഭാഗവും മറ്റു വിഭാഗത്തില്‍ നിന്ന് ഉത്ഭവിച്ചവരാകുന്നു. ആകയാല്‍ ഹിജ്‌റ പോവുകയും സ്വന്തം വീടുകളില്‍ നിന്ന് പുറത്താക്കപ്പെടുകയും എന്റെ മാര്‍ഗത്തില്‍ ദ്രോഹിക്കപ്പെടുകയും, യുദ്ധം ചെയ്യുകയും വധിക്കപ്പെടുകയും ചെയ്തിട്ടുള്ള (ആണിനും പെണ്ണിനും) അവരുടെ തിന്മകള്‍ അവര്‍ക്ക് നാം മാച്ചുകൊടുക്കുന്നതും താഴ്ഭാഗത്തുകൂടെ അരുവികളൊഴുകുന്ന സ്വര്‍ഗത്തോപ്പുകളില്‍ അവരെ ഞാന്‍ പ്രവേശിപ്പിക്കുന്നതുമാണ്” (ആലുഇംറാന്‍ 195). മുഖ്ത്വസ്വര്‍ ഇബ്‌നികസീര്‍ 1:348)
മേല്‍ രേഖപ്പെടുത്തിയ ഖുര്‍ആന്‍ വചനം അല്ലാഹു അവതരിപ്പിച്ചത് ഉമ്മുസലമ(റ)യുടെ ചോദ്യത്തിനു മറുപടിയായിട്ടാണ്. അതില്‍ ആണും പെണ്ണും തുല്യരാണ്. ഉമ്മു സലമത്(റ) മദീനയിലേക്ക് തന്റെ കൈക്കുഞ്ഞുമായി ഒറ്റക്കാണ് ഹിജ്‌റ പോയത്. ആ വിഷയത്തില്‍ അവരെ മദീന വരെ പിന്തുടര്‍ന്നത് ഉസ്മാനുബ്‌നു അബീത്വല്‍ഹയായിരുന്നു. അന്ന് അദ്ദേഹം മുശ്‌രിക്കായിരുന്നു. നിര്‍ബന്ധിത ഘട്ടങ്ങളില്‍ തെറ്റായ കാര്യങ്ങള്‍ മതത്തില്‍ ചിലപ്പോള്‍ അനുവദനീയമാകും. അതില്‍ പെട്ടതാണ് ഉമ്മു സലമ(റ)യുടെ ഒറ്റക്കുള്ള ഹിജ്‌റയും ഉസ്മാനുബ്‌നു അബീത്വല്‍ഹയുടെ അവരോടൊപ്പമുള്ള യാത്രയും. വീട്ടില്‍ നിന്നും പുറത്താക്കപ്പെടുക, അല്ലാഹുവിന്റെ മാര്‍ഗത്തില്‍ മര്‍ദനം നേരിടുക, അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യുക തുടങ്ങിയവയില്‍ പങ്കെടുക്കുന്ന സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും സ്വര്‍ഗമുണ്ട് എന്നാണ് അല്ലാഹു മേല്‍ വചനത്തില്‍ പറയുന്നത്.
യുദ്ധത്തില്‍ പങ്കെടുക്കുന്നത് സ്ത്രീകളെ സംബന്ധിച്ച് അനുവദനീയമാണ്. യുദ്ധം ഏറെ പ്രയാസം സൃഷ്ടിക്കുന്ന രംഗമാണ്. അതില്‍ പോലും അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ പങ്കെടുക്കാന്‍ ഇസ്‌ലാം ആവര്‍ക്ക് അനുവാദം നല്‍കിയിട്ടുണ്ട്. ഇബ്‌നുകസീര്‍(റ) പറയുന്നു: ”യസീദിന്റെ(റ) മകള്‍ അസ്മാഅ്(റ) യര്‍മൂക് യുദ്ധത്തില്‍ ഒമ്പതോളം റോമന്‍ സൈനികരെ വധിക്കുകയുണ്ടായി.” (അല്‍ബിദായത്തു വന്നിഹായ 8:379). ഉഹ്ദ് യുദ്ധത്തില്‍ നബി(സ)യിലേക്ക് ശത്രുക്കള്‍ തൊടുത്തുവിട്ട അമ്പും വില്ലും കുത്തും സ്വന്തം ശരീരം കൊണ്ട് തടുത്തത് ഉമ്മു ഉമ്മാറത്ത് എന്ന സ്ത്രീയായിരുന്നു. ഉഹ്ദ് യുദ്ധാനന്തരം നബി(സ) ഇപ്രകാരം പറയുകയുണ്ടായി: ഞാന്‍ ഇടത്തോട്ടും വലത്തോട്ടും തിരിയുമ്പോഴെല്ലാം അവള്‍ (ഉമ്മു ഉമ്മാറത്ത്) എന്നെ സംരക്ഷിക്കാന്‍ വേണ്ടി പോരാടുന്നതായിട്ടല്ലാതെ ഞാന്‍ കണ്ടിട്ടില്ല. പൗരത്വ സമരം എന്നത് യുദ്ധത്തെക്കാള്‍ എത്രയോ നിസ്സാരമായ കാര്യമാണ്.`
