22 Sunday
December 2024
2024 December 22
1446 Joumada II 20

പെരുകുന്ന അധാര്‍മികതകളും  വിശ്വാസികളുടെ ബാധ്യതകളും മുഹമ്മദ് അമീന്‍

വ്യക്തിജീവിതം, കുടുംബജീവിതം, സാമൂഹിക ജീവിതം തുടങ്ങി മനുഷ്യജീവിതവുമായി ബന്ധമുള്ളിടത്തെല്ലാം സൗകര്യങ്ങള്‍ വര്‍ധിച്ചുവെന്നത് പുതിയ കാലത്തിന്റെ സവിശേഷതയാണ്. പശിയടക്കാന്‍ ഒന്നുമില്ലാതിരുന്ന കാലംമാറി ആര്‍ത്തി തീര്‍ത്ത് വലിച്ചെറിയുന്നേടത്തേക്ക് കാലത്തിന് പരിണാമം സംഭവിച്ചു. ദേശങ്ങള്‍ തമ്മിലുള്ള അകലത്തിന് കുറവ് വരികയും ജീവിത വ്യവഹാരങ്ങളെല്ലാം എളുപ്പത്തിലായിത്തീരുകയും ചെയ്തു. എണ്ണിത്തിട്ടപ്പെടുത്താനാവാത്ത തരത്തില്‍ അനുഗ്രഹങ്ങള്‍ പുതിയ ലോകത്ത് വന്നുനിറഞ്ഞു.
അനവധി അനുഗ്രഹങ്ങള്‍ക്കിടയില്‍ ജീവിക്കുമ്പോഴും മനുഷ്യന് പലതിന്റെയും കുറവ് അങ്ങേയറ്റം അനുഭവപ്പെടുന്ന കാലമാണിത്. സുഖസൗകര്യ പ്രതാപങ്ങള്‍ക്കിടയിലും പല തരത്തിലുള്ള അസ്വസ്ഥതകളും ശ്വാസംമുട്ടലുകളും അവന്‍ അനുഭവിക്കുന്നു. സുഖസൗകര്യങ്ങള്‍ ഒട്ടുമില്ലാതിരുന്ന നബി(സ)യുടെ കാലത്ത്, അദ്ദേഹത്തിന്റെ സഖാക്കള്‍ മനസ്സംതൃപ്തിയോടെയായിരുന്നു ജീവിച്ചിരുന്നത്. ജീവിതത്തെ തന്നെ കൊടുമ്പിരി കൊള്ളിക്കുന്ന തരത്തിലുള്ള പരീക്ഷണങ്ങള്‍ നേരിട്ട അവര്‍ പ്രതിസന്ധികളെ പുഞ്ചിരിച്ച് നേരിട്ടതായാണ് ചരിത്രം രേഖപ്പെടുത്തുന്നത്.
ജീവിതത്തെക്കുറിച്ച കാഴ്ചപ്പാടിലുള്ള വൈകല്യങ്ങളാണ് പുതിയ കാലത്തിന്റെ കുഴപ്പം. സ്വന്തം സഹോദരനെ നശിപ്പിച്ചിട്ടാണെങ്കിലും സ്വന്തം സുഖം നേടിയെടുക്കണമെന്നാണ് പുതിയ തലമുറ താല്പര്യപ്പെടുന്നത്. അനര്‍ഹമായി നെടിയെടുത്തതെന്തായാലും അതിന് പൂര്‍ണ വിജയമോ തുടര്‍ച്ചയോ ഉണ്ടാവില്ലെന്നാണ് വിശുദ്ധ ഖുര്‍ആനിന്റെ നിലപാട്. ഇഹപര ജീവിതത്തില്‍ നിന്ദ്യതയാണവര്‍ക്കുണ്ടാവുക.
പുതിയ കാലത്തെ വാര്‍ത്തകളിലേക്കൊന്നു കണ്ണോടിച്ചുനോക്കൂ. സമ്പത്തിനു വേണ്ടി അരുതാത്തതൊക്കെയും ചെയ്യുന്നവര്‍, ജോലിയില്‍ പ്രമോഷനു വേണ്ടി അവിഹിത ഇടപെടലുകള്‍ നടത്തുന്നവര്‍, സ്വന്തം ആഗ്രഹപൂരണത്തിനു വേണ്ടി എന്തു ക്രൂരതയ്ക്കും മടി കാണിക്കാത്തവര്‍, കാമുകനുവേണ്ടി ഭര്‍ത്താവിനെ വെട്ടിനുറുക്കുന്ന ഭാര്യമാര്‍, സഹധര്‍മിണിയെ ആട്ടിപ്പായിച്ച് മാദകനാരികള്‍ക്കൊപ്പം ശിഷ്ടകാലം ഹോമിച്ചു തീര്‍ക്കുന്നവര്‍. ഇവരെല്ലാം നൈമിഷികമായ ആനന്ദത്തിനു വേണ്ടി തെറ്റായ ചിന്താഗതിയില്‍ പെട്ടുപോയവരാണ്.
മോശം വാര്‍ത്തകളില്‍ യുവജനങ്ങള്‍ക്ക് ഒട്ടും കുറവല്ലാത്ത ഇടമാണുള്ളത്. സാമൂഹികോര്‍ജത്തിന്റെ ഏറിയ പങ്കും യുവസമൂഹത്തില്‍ നിന്നാണ് എന്നതുകൊണ്ടു തന്നെ വളര്‍ന്നുവരുന്ന ചെറുപ്പക്കാരുടെ മനോഗതിയിലുണ്ടാവുന്ന മാറ്റങ്ങളും വ്യതിയാനവും പരിശോധിക്കപ്പെടേണ്ടതുണ്ട്. പുതിയ കാലവും ജീവിത ക്രമവും, മതദര്‍ശനങ്ങളുമെല്ലാം ഏത് തരത്തിലാണവരില്‍ സ്വാധീനം ചെലുത്തുന്നതെന്ന് ചര്‍ച്ച ചെയ്യേണ്ടതുണ്ട്. കാലത്തിന്റെ കാതലായ ഈ യുവശക്തിയുടെ ഹൃദയമിടിപ്പറിയാന്‍ സാധിച്ചില്ലെങ്കില്‍, നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്ത് പകരാന്‍ ആരാണ് പകരമുണ്ടാവുക?
മനുഷ്യജീവിതത്തെ അധാര്‍മികവല്‍കരിക്കുന്നതില്‍ ദൃശ്യശ്രാവ്യ മാധ്യമങ്ങള്‍ക്ക് ചെറുതല്ലാത്ത പങ്കാണുള്ളത്. മനുഷ്യന്റെ ധര്‍മ, മൂല്യ സങ്കല്പങ്ങളെയും, അവന്റെ പരമ്പരാഗതമായ ധാരണകളെയും അപ്പാടെ തകര്‍ത്തുകൊണ്ട് മുന്നേറുന്ന മാധ്യമ സംസ്‌കാരം അരാജകത്വത്തിന്റെ പാതയാണ് തുറന്നുവെക്കുന്നത്. സമൂഹത്തിലെ നന്മകള്‍ കണ്ടറിയുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ട മീഡിയകള്‍ ഉല്പാദിപ്പിച്ചുകൊണ്ടിരിക്കുന്നത് നന്മകളാണെന്ന് പറയാനാവില്ല. സിനിമകളിലും സീരിയലുകളിലും വന്നുനിറയുന്നത് ചതിപ്രയോഗത്തിന്റെയും അശ്ലീല സമവാക്യങ്ങളുടെയും പുതിയ എപ്പിസോഡുകളാണ്.
സമൂഹത്തില്‍ ജീവിക്കുന്ന ഒരു മനുഷ്യന്‍ ജീവിതത്തിന്റെ ഏതെങ്കിലുമൊരവസരത്തില്‍, താന്‍ നിരന്തരം കാണുകയും കേള്‍ക്കുകയും ചെയ്യുന്ന തിന്മകളിലേക്ക് വഴിതെറ്റിയാല്‍ അയാളെ മാത്രം കുറ്റപ്പെടുത്തി സായൂജ്യമടയുന്നതിനപ്പുറത്ത് ചില കാര്യങ്ങള്‍ പരിശോധിക്കപ്പെടേണ്ടതുണ്ട്. ഈ വ്യക്തി തിന്മ ചെയ്യാന്‍ കാരണമായിത്തീര്‍ന്ന സാമൂഹ്യപരവും മനശ്ശാസ്ത്ര പരവുമായ കാരണങ്ങളെ അപഗ്രഥിക്കാനും അതിന് പ്രതിവിധി നിര്‍ദേശിക്കാനും ബാധ്യതപ്പെട്ടവരാണ് നാമേവരും.
വിദ്യാര്‍ഥികള്‍ക്ക് സ്വന്തം അധ്യാപകനില്‍ നിന്നുണ്ടാകുന്ന അനുഭവങ്ങളും സീനിയര്‍ വിദ്യാര്‍ഥികളില്‍ നിന്ന് ജൂനിയര്‍ വിദ്യാര്‍ഥികള്‍ക്ക് കിട്ടുന്ന അനുഭവങ്ങളും, നേതാവില്‍ നിന്ന് അനുയായികള്‍ക്ക് ലഭിക്കുന്ന പാഠങ്ങളും, മേലുദ്യോഗസ്ഥനില്‍ നിന്ന് താഴെക്കിടയിലുള്ളവര്‍ക്ക് നേരിടേണ്ടി വരുന്ന വ്യത്യസ്തങ്ങളായ അനുഭവങ്ങളും, ദൃശ്യമാധ്യമങ്ങളില്‍ നിന്ന് കാഴ്ചക്കാര്‍ക്ക് ലഭിക്കുന്ന അനുഭവങ്ങളും സ്വന്തം പിതാവില്‍ നിന്ന് പെണ്‍കുട്ടികള്‍ക്കുണ്ടാവുന്ന അനുഭവങ്ങളും സഹോദരനില്‍ നിന്ന് സഹോദരിക്കുണ്ടാകുന്ന അനുഭവങ്ങളുമെല്ലാം ചേര്‍ത്തുവെച്ചുകൊണ്ടായിരിക്കണം, സമൂഹത്തിലെ മൂല്യശോഷണത്തിന് കാരണം കണ്ടെത്തേണ്ടതും പ്രതിവിധി നിര്‍ദേശിക്കേണ്ടതും. അല്ലാതെ, ഇവിടുത്തെ ഗുരുത്വംകെട്ട ചെറുപ്പക്കാരാണ് എല്ലാ അധര്‍മങ്ങള്‍ക്കും കാരണക്കാരെന്ന കേവല വിധിയില്‍ എത്തിച്ചേരുന്നതില്‍ യാതൊരു യുക്തിയുമില്ല.
ലോകത്തിലെ എണ്ണപ്പെട്ട കോടീശ്വരന്‍മാര്‍ വാണരുളുന്ന ഭാരതത്തിന്റെ മണ്ണില്‍ തന്നെ പട്ടിണിമൂലം മരണം സംഭവിക്കുന്നുവെന്നത് വിചിത്രം തന്നെ. വലിയ കുഴപ്പമില്ലാതെ ജീവിച്ചുപോകുന്ന മധ്യവര്‍ഗ സമൂഹത്തിന്റെ മനസ്സിലേക്കാവട്ടെ ഇവിടുത്തെ ചാനലുകള്‍ മോഹം ജനിപ്പിക്കുന്ന വാക്കുകളും വര്‍ണങ്ങളുമാണ് വാരിവിതറുന്നത്. ചെറ്റക്കുടിലിലിരുന്ന് ടി വി കാണുന്ന ദരിദ്രന്റെ മുമ്പില്‍ ദൃശ്യമാവുന്നത് വലിയ കൊട്ടാരങ്ങളെക്കുറിച്ചുള്ള വിവരണങ്ങളും, അത് നേടിയെടുക്കാനുള്ള കുറുക്കുവഴികളുമാണ്. നിരന്തരം ഇത്തരം കാഴ്ചകള്‍ കാണുന്ന മനുഷ്യന് സ്വന്തം വീടിനെപ്പറ്റിയും വാഹനത്തെപ്പറ്റിയും സ്വന്തം പ്രിയതമനെപ്പറ്റി പോലും മതിപ്പ് നഷ്ടമാവുന്നു.
മായാലോകത്തിന്റെ മാസ്മരികതയില്‍ മനസ്സ് ലയിച്ച് കുടുങ്ങിപ്പോയവര്‍ക്ക് പിന്നീട് പകരം നല്‌കേണ്ടിവരുന്നത് സ്വന്തം ജീവിതം തന്നെയാണ്. സ്വസ്ഥതയും സമാധാനവും മാഞ്ഞുമറയുന്നു. മാനവും സമ്പത്തും വിനഷ്ടമാകുന്നു. ലോകത്തെ മുഴുവന്‍ സുഖസൗകര്യങ്ങളും നേടിയെടുക്കണമെന്ന ആന്തരിക സമ്മര്‍ദം മനുഷ്യനിലുണ്ടായിത്തീരുമ്പോള്‍ ഭൂമിയില്‍ അരാജകത്വവും അധാര്‍മികതയും മുളച്ചുപൊന്താതിരിക്കുന്നതെങ്ങനെയാണ്? തെറ്റായ സാമൂഹിക സമ്മര്‍ദങ്ങളാണ് മനുഷ്യജീവിതത്തെ സകല കുഴപ്പത്തിലും ചെന്നുചാടിക്കുന്നത്.
ധര്‍മനിഷ്ഠമായ ജീവിതത്തെ തകര്‍ത്തുകളയുന്ന തരത്തിലാണ് ഇന്നത്തെ സാമൂഹ്യ പരിസരം നിലനില്ക്കുന്നത്. കൈക്കൂലിയും അഴിമതിയും വ്യാപകമായി. പണവും സ്വാധീനവുമുണ്ടെങ്കില്‍ എന്തുമാവാമെന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. കൊലക്കേസ്സുകളും കൊള്ളിവെപ്പുകളും തെളിവില്ലെന്ന കാരണം പറഞ്ഞ് തേച്ചുമായ്ച്ചു കളയുന്നു. ഉദാരീകരണവും ആഗോളവല്ക്കരണവും സാമൂഹ്യ ജീവിതത്തിന്റെ താളാത്മകത തകര്‍ത്തുകളഞ്ഞതിന്റെ ഫലമായി ജീവിതത്തില്‍ ധനികനും ദരിദ്രനും തമ്മിലുള്ള ശത്രുതയും അസൂയയും വര്‍ധിപ്പിക്കാന്‍ ഇടയായി. ബാങ്ക് ലോണെടുത്തിട്ടാണെങ്കിലും ഒരു സ്വപ്‌നക്കൂടാരം തനിക്കും പണിയണമെന്ന ചിന്ത എല്ലാവരെയും പിടികൂടിയപ്പോള്‍ സമൂഹത്തില്‍ അരാജകത്വം പതിവായിത്തീര്‍ന്നു. ഇത്തരം തെറ്റായ ചിന്തയുടെയും ജീവിതവീക്ഷണത്തിന്റെയും അനിവാര്യമായ ഫലങ്ങളിലൊന്ന് അധാര്‍മിക വ്യാപനമാണെന്ന് തിരിച്ചറിയാനാകും.
Back to Top