പെണ്‍പഠിപ്പ് അലങ്കാരമോ അഹങ്കാരമോ? ശംസുദ്ദീന്‍ പാലക്കോട്
‘ബിരുദധാരിണികള്‍ സമുദായത്തിന് അലങ്കാരം മാത്രമോ?’ എന്ന പേരില്‍ എന്‍ പി ഹാഫിസ് മുഹമ്മദ് എഴുതിയ ലേഖനം (ശബാബ് 25/10/19) പുനര്‍വായനയും പുനര്‍ വിചിന്തനവും ആവശ്യപ്പെടുന്ന ശ്രദ്ധേയമായ ഒരു ലേഖനമാണ്. പെണ്‍ വിദ്യാഭ്യാസത്തെ നിരുത്സാഹപ്പെടുത്തുകയും ഒരു വേള മതപരമായിത്തന്നെ അതിന് വിലക്കുണ്ടെന്ന് പുരോഹിത സംഘങ്ങളാല്‍ പ്രചരിപ്പിക്കപ്പെടുകയും ചെയ്തിരുന്ന ഇരുണ്ട കാലത്തെ അതിജീവിക്കുകയും അവഗണിക്കുകയും ചെയ്ത് പെണ്‍ വിദ്യാഭ്യാസത്തിന് വര്‍ദ്ധിതമായ പ്രോത്സാഹനവും പരിഗണനയും കല്‍പിക്കപ്പെടുന്ന ഒരു സാഹചര്യമാണിന്നുള്ളത്.
പക്ഷെ ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ, പെണ്‍ പഠിപ്പ് വിശിഷ്യാ മുസ്ലിം സ്ത്രീകളുടെ ബിരുദ, ബിരുദാനന്തര, പ്രൊഫഷണല്‍ വിദ്യാഭ്യാസം എന്തിന് എന്ന ചോദ്യത്തിന് ‘വെറുതെ ഒരു വിദ്യാഭ്യാസം’ എന്ന് മറുപടി പറയേണ്ടി പറയേണ്ടി വരുന്ന ഒരു ദുരവസ്ഥ ഇന്ന് വ്യാപകമായുണ്ട്.ഇതിനെ സാമാന്യവല്‍ക്കരിക്കുകയോ പൊതുവല്‍ക്കരിക്കുകയോ അല്ല. പ്രത്യേകമായ കരിയര്‍ സ്വപ്‌നങ്ങളോ വിദ്യാഭ്യാസ ലക്ഷ്യങ്ങളോ രൂപപ്പെടുത്താതെ ‘പഠിപ്പിന് വേണ്ടി ഒരു പഠിപ്പ്’ എന്ന അവസ്ഥ ഇന്ന് ധാരാളം മുസ്ലിം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ കാര്യത്തിലുണ്ട്. അത്യപൂര്‍വം ചിലര്‍ ഉന്നതമായ കരിയര്‍ സ്വപ്‌നങ്ങളും വിദ്യാഭ്യാസ ഫല പ്രാപ്തി ലക്ഷ്യവും കൊണ്ടു നടക്കുന്നുണ്ടെങ്കിലും അവ സഫലമാകാതിരിക്കാനുള്ള പല വിപരീത സാഹചര്യങ്ങളും അവര്‍ നേരിടുകയും ചെയ്യുന്നു.കോളേജ് പഠനകാലത്ത് പഠന പാഠ്യേതര വിഷയങ്ങളിലും നാഷനല്‍ സര്‍വീസ് സ്‌കീം തുടങ്ങിയ സാമൂഹ്യ മേഖലകളിലും ഉയര്‍ന്ന പ്രതിഭ പ്രകാശിപ്പിച്ച ഒരു പെണ്‍കുട്ടി പഠന കാലത്ത് മറ്റു കുട്ടികളെപ്പോലും പ്രചോദിപ്പിച്ച തന്റെ വ്യക്തിത്വവും കരിയര്‍ സ്വപ്‌നങ്ങളുമെല്ലാം അടഞ്ഞ അധ്യായമായി അവസാനിപ്പിച്ച് കേവലം ഒരു കുടുംബിനിയായി ഒതുങ്ങിക്കൂടാന്‍ തീരുമാനിച്ച വിവരമറിഞ്ഞപ്പോള്‍ അവളെ പഠിപ്പിച്ച ഒരധ്യാപകനെന്ന നിലയില്‍ അന്വേഷിച്ചപ്പോള്‍ കിട്ടിയത് അവളുടെ ഭര്‍ത്താവിന് അവള്‍ ഉയര്‍ന്ന് പഠിക്കുന്നതും ജോലിക്ക് പോകുന്നതും ഇഷ്ടമല്ലത്രെ എന്നാണ്!
ഇത്തരം സംഭവങ്ങള്‍ ഒറ്റപ്പെട്ടതല്ല.
ഇതിന് നാം ആരെയാണ് കുറ്റപ്പെടുത്തുക. ‘പെണ്ണുകാണല്‍’ എന്താണെന്നും എന്തിനാണ് ഇസ്ലാം അത്തരമൊരു വിവാഹപൂര്‍വ ചടങ്ങ് വെച്ചതെന്നും അറിഞ്ഞുകൂടാത്ത, പെണ്ണുകാണലിന് ഒരു ശരീര രൂപം മാത്രമായി നിന്നുകൊടുക്കുന്നതില്‍ സായൂജ്യമടയുന്ന പെണ്‍കുട്ടികളെത്തന്നെയാണ്.നി ലപാടുകളും കരിയര്‍ സ്വപ്‌നങ്ങള്‍ ഉള്‍പ്പെടെയുള്ള ലക്ഷ്യങ്ങളും സ്വന്തം നിലക്കോ കുടുംബം മുഖേനയോ തുറന്ന് പറയുന്ന അവസ്ഥാവിശേഷമാണ് പെണ്ണുകാണല്‍ എന്ന് ഇന്നും സമുദായം തിരിച്ചറിഞ്ഞിട്ടില്ല എന്ന് വേണം കരുതാന്‍. അഥവാ പെണ്ണുകാണാനറിയാത്ത സമുദായം !
നല്ല നിലയില്‍ പഠിക്കുന്ന കുട്ടി ഡിഗ്രി അവസാനവര്‍ഷം വിവാഹം നടക്കുകയും ഒരു മാസത്തിന് ശേഷം കോളേജിലുള്ള സര്‍ട്ടിഫിക്കറ്റുകളെല്ലാം തിരിച്ചു വാങ്ങി പഠനം അവസാനിപ്പിക്കാന്‍ കോളേജ് ഓഫീസില്‍ വന്ന കാര്യവും ഓര്‍ത്തു പോവുകയാണ്. രണ്ട് മാസം കൂടി പഠിച്ചാല്‍ അവള്‍ക്ക് ഡിഗ്രി പൂര്‍ത്തിയാക്കാം. ഈ നിര്‍ണായക ഘട്ടത്തില്‍ പഠനം നിര്‍ത്തുന്നതിന് അവള്‍ കരഞ്ഞ് പറഞ്ഞ കാരണം ഭര്‍ത്താവിന്റെ ഉമ്മാമാക്ക് അവള്‍ പഠിക്കുന്നത് ഇഷ്ടമല്ല എന്നായിരുന്നു!
നന്നായി പഠിക്കുന്ന കുട്ടികള്‍ പെട്ടെന്ന് പഠനത്തില്‍ പിറകോട്ട് പോവുകയും പഠന പ്രക്രിയയില്‍ താല്‍പര്യം കുറയുകയും ചെയ്യുന്നത് കണ്ടപ്പോള്‍ അതിന്റെ പിന്നാമ്പുറ രഹസ്യം അന്വേഷിച്ചപ്പോള്‍ ബോധ്യപ്പെട്ടത് അവരില്‍ പലരുടെയും കല്യാണം ഉറപ്പിച്ചതിന് ശേഷമാണ് ഈ പ്രതിഭാസം എന്നാണ്!
ബി ഡി എസ് കാരിയായ തന്റെ ഭാര്യയില്‍ നിന്ന് പല കാരണങ്ങളാല്‍ വിവാഹമോചനം നേടിയ സഹൃദയനായ ഒരാള്‍ ഈയിടെ പറഞ്ഞത് ഭാര്യ പഠിപ്പിനെയും പദവിയെയും കേവലം അഹങ്കാരമായി കാണുന്നു എന്നാണ്! ബി ഡി എസ് പാസായ നിനക്ക് ജോലിക്ക് പോകാന്‍ താല്‍പര്യമുണ്ടെങ്കില്‍ ഞാന്‍ സൗകര്യമൊരുക്കിത്തരാം എന്ന് സൗമ്യമായി പറഞ്ഞ ഭര്‍ത്താവിനോട് അവള്‍ പറഞ്ഞ മറുപടി ‘ എന്നെ എന്റെ ഉപ്പ ബി ഡി എസ് പഠിപ്പിച്ചത് ജോലിക്ക് പോകാനൊന്നുമല്ല’ എന്നായിരുന്നു!
മകള്‍ എന്തു ചെയ്യുന്നു എന്ന അന്വേഷണത്തില്‍ ഒരുത്തി ബി ടെകിന് പഠിക്കുന്നു മറ്റവള്‍ എം ബി എ ക്ക് പഠിക്കുന്നു എന്നൊക്കെ പറയുമ്പോള്‍ കിട്ടുന്ന ഒരു താല്‍കാലിക സുഖം മാത്രമാണ് ചില രക്ഷിതാക്കള്‍ക്കെങ്കിലും പെണ്‍പഠിപ്പ് എന്ന് പറഞ്ഞാല്‍ അത് അതിശയോക്തിയല്ല.
മുസ്ലിം മത നേതൃത്വം പുതിയ സാഹചര്യങ്ങളില്‍ മുസ്ലിം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം, തൊഴില്‍, കുടുംബം എന്നിവയിലൂന്നിയ സമഗ്രമായ ബോധവല്‍ക്കരണത്തിന് തയ്യാറാകണം.വിദ്യാഭ്യാസം എന്ന മഹിത കര്‍മത്തെ കേവലം അലങ്കാരത്തിനോ അഹങ്കാരത്തിനോ ആവാതെ നോക്കുകയും വേണം.