പെട്ടെന്നുള്ള മരണങ്ങളെ സൂക്ഷിക്കുക
ഹബീബ്‌റഹ്‌മാന്‍ കരുവമ്പൊയില്‍
എങ്ങും മരണത്തിന്റെ വാര്‍ത്തകളാണ് നിറഞ്ഞുനില്‍ക്കുന്നത്. ചെറുപ്പമോ പ്രായമോ പരിഗണിക്കാതെ മരണദൂതന്‍ കളം നിറഞ്ഞാടുന്നു. നമ്മുടെ ബന്ധുക്കള്‍, അയല്‍ക്കാര്‍, നാട്ടുകാര്‍, സുഹൃത്തുക്കള്‍ എല്ലാം പെട്ടെന്നു പെട്ടെന്ന് അപ്രത്യക്ഷരായിക്കൊണ്ടിരിക്കുന്നു. ഇന്നു രാവിലെ കണ്ടവനെ വൈകീട്ട് കാണുന്നില്ല. വൈകീട്ട് കണ്ടവന്‍ രാവിലെയാകുമ്പോഴേക്കും മരണത്തിനു കീഴടങ്ങുന്നു. ഓരോ പ്രഭാതവും ഓരോരോ അവിചാരിത മരണവാര്‍ത്തകളുമായാണ് പുലരുന്നത്.
പത്രങ്ങളും സാമൂഹിക മാധ്യമങ്ങളുമൊക്കെ തുറക്കുമ്പോള്‍ തന്നെ ഞെട്ടലുളവാക്കുന്ന ഫോട്ടോകളും മരണവാര്‍ത്തകളും. എന്തൊരു ഭീകരമാണിത്! ആരോടും ഒന്നും പറയാതെ, ആരെയും ഒന്നു കാണാന്‍ പോലും നേരം കിട്ടാതെ നമ്മുടെ കണ്‍മുമ്പില്‍ നിന്ന് ആളുകള്‍ പെട്ടെന്നു പെട്ടെന്ന് മരിച്ചുകൊണ്ടിരിക്കുന്നു! ഇത് ഏതെങ്കിലും ഒരു സ്ഥലത്തെ മാത്രം അനുഭവങ്ങളല്ല. എവിടെയുള്ള ആരോട് ചോദിച്ചാലും ഇതുതന്നെയാണ് ഉത്തരം. പഴമക്കാര്‍ക്കു പോലും ഇത്തരം കുഴഞ്ഞുവീണും ഉറക്കത്തിലും ഹൃദയം സ്തംഭിച്ചും പക്ഷാഘാതം വന്നുമൊക്കെയുള്ള മരണത്തെക്കുറിച്ചുള്ള അനുഭവങ്ങള്‍ അപൂര്‍വമാണ്. ഇത്തരം ഒരവസ്ഥ ഏതു സമയത്തും നമ്മെയും തേടിയെത്താമെന്നുള്ള ഭയപ്പാടിലാണ് അക്ഷരാര്‍ഥത്തില്‍ നാമോരോരുത്തരും. റോഡപകടങ്ങളും മുങ്ങിമരണങ്ങളും തീപ്പിടിത്തങ്ങളും ഗുരുതര രോഗങ്ങളുമൊക്കെയായി ഒട്ടനവധി മരണങ്ങള്‍ വേറെയും!
മുമ്പെന്നത്തേക്കാളേറെ കുഴഞ്ഞുവീണുള്ള മരണങ്ങള്‍ ഇന്ന് വര്‍ധിച്ചുവരുകയാണ്. പത്രങ്ങളിലെ ചരമ പേജുകള്‍ പരിശോധിച്ചാല്‍ നമുക്ക് ഒരു ദിവസം തന്നെ ഒട്ടനവധി കുഴഞ്ഞുവീണുള്ള മരണങ്ങള്‍ കാണാവുന്നതാണ്. അരോഗദൃഢഗാത്രരെന്ന് കരുതുന്ന യുവാക്കളും യുവതികളും കുട്ടികളുമടക്കം ഇങ്ങനെ മരിക്കുന്നവരില്‍ കാണാം. വീട്ടിലും ഓഫീസിലും കളിസ്ഥലത്തും വിവാഹവീട്ടിലും പ്രസംഗപീഠത്തിലും വഴിയരികിലും വാഹനങ്ങള്‍ക്കുള്ളിലുമെല്ലാം കുഴഞ്ഞുവീഴുന്നവര്‍ മരണത്തിന്റെ ലോകത്തേക്ക് പോകുന്നു. ചിലരാകട്ടെ രാത്രി ഉറങ്ങി രാവിലെ എഴുന്നേല്‍ക്കുന്നേയില്ല! പെട്ടെന്നുള്ള മരണങ്ങളില്‍ 17 മുതല്‍ 41 ശതമാനം വരെയും രാത്രിസമയത്താണ് സംഭവിക്കുന്നതെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ഇത്തരം മരണങ്ങള്‍ നമ്മെ ആശങ്കപ്പെടുത്തുന്നതോടൊപ്പം ഉത്കണ്ഠപ്പെടുത്തുകയും ചെയ്യുന്നുണ്ട്. എന്തുകൊണ്ടാണ് ഇങ്ങനെ ഒരുതരത്തിലുമുള്ള അസുഖത്തിന്റെ ലക്ഷണമില്ലാത്തവര്‍ പെട്ടെന്ന് മരിച്ചുപോകുന്നത്, ഇതിന് പരിഹാരമുണ്ടോ, ഇത്തരം മരണങ്ങള്‍ പ്രതിരോധിക്കാന്‍ കഴിയുമോ തുടങ്ങിയ ചോദ്യങ്ങള്‍ ബാക്കിയാവുകയാണ്.
ഒരു വ്യക്തി കുഴഞ്ഞുവീണു മരിക്കാന്‍ നിരവധി കാരണങ്ങളുണ്ട്. പലതരം ശാരീരിക പ്രശ്‌നങ്ങള്‍ ഇത്തരം മരണത്തിനു കാരണമാകാറുണ്ടെങ്കിലും കുഴഞ്ഞുവീണ് മരണത്തിന്റെ പ്രധാന കാരണം ഹൃദ്രോഗമാണെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. 2022ല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 56,653 പെട്ടെന്നുള്ള മരണങ്ങളില്‍ 32,410 മരണങ്ങളും ഹൃദയാഘാതം മൂലമാണ്. 24,243 മരണങ്ങള്‍ മാത്രമാണ് മറ്റ് കാരണങ്ങളാലുള്ളത്.
95 ശതമാനം ഇത്തരം മരണങ്ങള്‍ക്കും പിന്നില്‍ ഹൃദയവുമായി ബന്ധപ്പെട്ട തകരാറുകളാണ് എന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ഹൃദ്രോഗങ്ങള്‍ പല തരത്തിലുണ്ട്. ഏകദേശം 10 ശതമാനം പേരില്‍ ഹൃദ്രോഗം ഹൃദയസ്തംഭനമായാണ് കണ്ടുവരുന്നത്. കോവിഡും കോവിഡാനന്തര രോഗങ്ങളും ഇത്തരം മരണങ്ങള്‍ക്ക് ഹേതുവായേക്കാമെന്ന് ആരോഗ്യശാസ്ത്രം സൂചിപ്പിക്കുന്നുണ്ട്. ശാസ്ത്രവും ആരോഗ്യശാസ്ത്രവും സമ്മതിക്കുന്നില്ലെങ്കിലും കോവിഡ് പ്രതിരോധ കുത്തിവെപ്പിനു ശേഷം ഇത്തരം പെട്ടെന്നുള്ള മരണങ്ങളും ഗുരുതര രോഗങ്ങളും അധികരിച്ചതായാണ് അനുഭവം. കോവിഡ്-19നു ശേഷം യുവാക്കളുടെ പെട്ടെന്നുള്ള മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും നിലവില്‍ അത്തരം മരണങ്ങളുടെ കാരണം സ്ഥിരീകരിക്കാന്‍ മതിയായ തെളിവുകളില്ലെന്നാണ് ആരോഗ്യ മന്ത്രാലയം ലോക്‌സഭയില്‍ അറിയിച്ചത്.
കോവിഡിനു ശേഷം ചെറുപ്പക്കാരില്‍ അടക്കം നിശ്ശബ്ദ ഹൃദയാഘാതം (Silent myocardial infraction) ഉള്‍പ്പെടെയുള്ള ഹൃദയപ്രശ്‌നങ്ങള്‍ പുതിയ ഭീഷണിയാകുന്നുണ്ട്. നിശ്ശബ്ദ ഹൃദയാഘാതം വര്‍ധിക്കുന്നു എന്നു പറയാന്‍ കൃത്യമായ കണക്കുകള്‍ ഇല്ല എന്ന് ഡോക്ടര്‍മാര്‍ വാദിക്കുന്നുണ്ടെങ്കിലും ഹൃദയസംബന്ധിയായ കാരണങ്ങളാലുള്ള അപ്രതീക്ഷിത മരണങ്ങള്‍ (ൗെററലി റലമവേ) കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട് എന്നതു യാഥാര്‍ഥ്യമാണ്. മാത്രമല്ല, ഉറക്കത്തില്‍ മരിച്ചു, പെട്ടെന്നു കുഴഞ്ഞുവീണു മരിച്ചു എന്നിങ്ങനെയുള്ള ലക്ഷണങ്ങളില്ലാത്ത, അപ്രതീക്ഷിത മരണങ്ങളുടെ കാര്യത്തില്‍ സൈലന്റ് ഹാര്‍ട്ട് അറ്റാക്ക് ഒരു കാരണമാകാമെന്ന് ഡോക്ടര്‍മാര്‍ സമ്മതിക്കുന്നുണ്ട്. ആകെ സംഭവിക്കുന്ന ഹൃദയാഘാതങ്ങളില്‍ 50-80% നിശ്ശബ്ദ ഹൃദയാഘാതങ്ങളാണ് എന്നാണ് കണക്കുകള്‍. 45നും 84നും ഇടയില്‍ പ്രായമുള്ള, നിലവില്‍ ഹൃദയധമനീ പ്രശ്‌നങ്ങളൊന്നും ഇല്ലാത്ത 2000 ആളുകളില്‍ 10 വര്‍ഷമായി നടത്തിയ പഠനത്തില്‍ ഇവരില്‍ എട്ടു ശതമാനത്തിനും ഹൃദയാഘാതം സംഭവിച്ചതിന്റെ തെളിവായ മയോകാര്‍ഡിയല്‍ വടുക്കള്‍ ഉള്ളതായി കാണുകയുണ്ടായി. ഇതില്‍ 80 ശതമാനം പേരും തങ്ങള്‍ക്കു ഹൃദയാഘാതം സംഭവിച്ചു എന്നതിനെക്കുറിച്ച് അജ്ഞരായിരുന്നു. ചുരുക്കത്തില്‍, ലക്ഷണമില്ല എന്നതോ തീവ്രമായ ലക്ഷണങ്ങളായിരുന്നില്ല എന്നതോ ഹൃദയത്തിനു തകരാറു സംഭവിച്ചിട്ടില്ല എന്നു കരുതുന്നത് അബദ്ധമാണ് എന്നര്‍ഥം. ഇത് കൂടുതല്‍ തീവ്രമായ രണ്ടാം ആഘാതത്തിലേക്കും മൂന്നാം ആഘാതത്തിലേക്കുമൊക്കെ നയിച്ചേക്കാം.
എപ്പോള്‍, എവിടെ വെച്ച്, എങ്ങനെ, ആര്‍ക്ക് സംഭവിക്കും എന്ന് പ്രവചിക്കാന്‍ സാധ്യമല്ലാത്ത രോഗമാണ് ഹൃദയസ്തംഭനം. ജീവിതശൈലീ രോഗങ്ങളുടെ കൂട്ടത്തില്‍ വലിയ തോതില്‍ ഹൃദ്രോഗങ്ങളുമുണ്ട്. മുമ്പ് മധ്യവയസ്സിനു മുകളില്‍ മാത്രം കണ്ടിരുന്ന ഹൃദ്രോഗങ്ങള്‍ ഇന്ന് യുവാക്കളില്‍ മാത്രമല്ല കുട്ടികളില്‍ പോലും കണ്ടുവരുന്നുണ്ട്. രക്തത്തിലെ കൊഴുപ്പ് അഥവാ കൊളസ്‌ട്രോളിന്റെ ക്രമാതീതമായ ആധിക്യമാണ് ഹൃദയധമനികള്‍ അടഞ്ഞ് ഹൃദ്രോഗങ്ങള്‍ക്ക് കാരണമാവുന്നത്. ഹൃദയധമനികള്‍ അടഞ്ഞുപോകുന്നതുമൂലം മാത്രമല്ല, വൈകാരികവും മാനസികവും ശാരീരികവുമായ ശക്തമായ ആഘാതം മൂലവും ഹൃദയസ്തംഭനം സംഭവിക്കാം.
ഹൃദയസ്തംഭനത്തെ തുടര്‍ന്ന് ഹൃദയത്തിന് രക്തം പുറത്തേക്ക് പമ്പ് ചെയ്യാന്‍ കഴിയാതെവരുകയും തന്മൂലം മസ്തിഷ്‌കം, വൃക്കകള്‍, കരള്‍ തുടങ്ങി ശരീരത്തിലെ പ്രധാന അവയവങ്ങളിലേക്കൊന്നും രക്തം ലഭിക്കാതെവരുകയും ചെയ്യുന്നു. തുടര്‍ന്ന് രോഗി കുഴഞ്ഞുവീഴുകയും മരണം സംഭവിക്കുകയും ചെയ്യുന്നു.
ഹൃദയസ്തംഭനത്തിന് വിധേയരാകുന്ന രോഗികളില്‍ ഒരു വലിയ ശതമാനം മരണപ്പെടുന്നത് അടിസ്ഥാന ജീവന്‍രക്ഷാ ശുശ്രൂഷ ലഭിക്കാതെ വരുന്നതുമൂലമാണ്. ഇത്തരം സാഹചര്യങ്ങളില്‍ ഉടനടി ചെയ്യേണ്ട ചില പ്രാഥമിക ജീവന്‍രക്ഷാ മാര്‍ഗങ്ങളെ കുറിച്ച് നാം ഇപ്പോഴും അജ്ഞരാണ്. ഇത്തരത്തിലുള്ള അവബോധം സമൂഹത്തില്‍ സൃഷ്ടിക്കുന്നതിനു വേണ്ടിയുള്ള ശ്രമങ്ങള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നോ സന്നദ്ധ സംഘടനകളുടെ ഭാഗത്തുനിന്നോ വേണ്ടത്ര ഉണ്ടാവുന്നുമില്ല. കുഴഞ്ഞുവീഴുന്ന ഒരു വ്യക്തിക്ക് ബോധമുണ്ടോ എന്നറിയുകയാണ് ആദ്യം ചെയ്യേണ്ടത്.
ഇല്ലെങ്കില്‍ രോഗിയെ എഴുന്നേല്‍പിക്കാന്‍ ശ്രമിക്കുകയോ വായില്‍ വെള്ളം ഒഴിച്ചുകൊടുക്കുകയോ ചെയ്യാതെ കഴിയുന്നതും ഒരു ഉറച്ച പ്രതലത്തില്‍ മലര്‍ത്തിക്കിടത്തുക. രോഗിയുടെ ശ്വസനനാളി പൂര്‍ണമായി തുറന്നുകിടക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തിയ ശേഷം കൃത്രിമ ശ്വാസോച്ഛ്വാസം നല്‍കണം. ഇതോടൊപ്പം തന്നെ രോഗിയുടെ നാഡിമിടിപ്പും പരിശോധിക്കണം. നാഡിമിടിപ്പില്ലെങ്കില്‍ CPR (cardio pulmonary resuscitation) നല്‍കേണ്ടത് അത്യാവശ്യമാണ്. തുടര്‍ന്ന് എത്രയും പെട്ടെന്ന് അടിയന്തര വൈദ്യ സംവിധാനമുള്ള ആശുപത്രികളില്‍ എത്തിക്കണം. ഇത്തരം ജീവന്‍രക്ഷാ മാര്‍ഗങ്ങള്‍ ശരിയായി മനസ്സിലാക്കാന്‍ പ്രായോഗിക മാര്‍ഗങ്ങളാണ് നല്ലത്. ഇതിനായി പഠന ക്ലാസുകളും പരിശീലനങ്ങളും നല്‍കേണ്ടതും പഠിക്കേണ്ടതും അത്യാവശ്യമാണ്.
”ലക്ഷം പേരില്‍ 80 പേര്‍ക്കു വരെ കുഴഞ്ഞുവീണു മരണം സംഭവിക്കാം. മൂന്നു മിനിറ്റിനുള്ളില്‍ ഹൃദയസ്പന്ദനം തിരിച്ചുവന്നാലേ രോഗി രക്ഷപ്പെടാന്‍ സാധ്യതയുള്ളൂ. ബേസിക് ലൈഫ് സപ്പോര്‍ട്ട് (ബിഎല്‍എസ്) പരിശീലനം നേടിയവരോ ഡോക്ടര്‍മാരോ അടുത്തുണ്ടെങ്കില്‍ മാത്രമേ ഇത്തരത്തില്‍ മരണത്തോട് അടുക്കുന്നവരെ രക്ഷപ്പെടുത്താന്‍ സാധിക്കുകയുള്ളൂ”- കോട്ടയം മെഡിക്കല്‍ കോളജ് ഹൃദ്രോഗവിഭാഗം മുന്‍ മേധാവി ഡോ. എസ് അബ്ദുല്‍ ഖാദര്‍ ഓര്‍മിപ്പിക്കുന്നു.
രക്താതിമര്‍ദം കൂടുതലായവര്‍, ഹൃദയരക്തധമനി, ഹൃദയവാല്‍വ് എന്നിവയ്ക്കു ഗുരുതരമായ രോഗം ബാധിച്ചവര്‍, ജന്മനാ തന്നെ സങ്കീര്‍ണ ഹൃദ്രോഗം ഉള്ളവര്‍ എന്നിവരാണ് കൂടുതല്‍ ശ്രദ്ധ അര്‍ഹിക്കുന്നവര്‍. ഇവരുടെ ബന്ധുക്കളും സുഹൃത്തുക്കളും ബിഎല്‍എസ് പരിശീലനം നേടിയാല്‍ ആപത്ഘട്ടത്തില്‍ രോഗിക്കു തുണയാകും.
മിതമായ ആഹാരവും മിതമായ വ്യായാമവും എപ്പോഴും സന്തോഷം നിലനിര്‍ത്തുകയും ഇടക്കിടെ ചെക്കപ്പുകളോ നടത്തുകയും ചെയ്ത് ആരോഗ്യം നല്ല രീതിയില്‍ നിലനിര്‍ത്തുകയല്ലാതെ മറ്റ് ഒറ്റമൂലികളൊന്നും സാധ്യമല്ല. സര്‍വോപരി എപ്പോഴാണെങ്കിലും മരണം സുനിശ്ചിതമാണെന്ന ബോധത്തോടും ബോധ്യത്തോടും കൂടി ജീവിക്കുകയും സദാ നമുക്കും മറ്റുള്ളവര്‍ക്കും സന്തുഷ്ടിയും സംതൃപ്തിയും പ്രസരിപ്പിക്കുകയും ചെയ്യുക.