പുളിക്കല്‍ എബിലിറ്റിക്ക് സംസ്ഥാന അവാര്‍ഡ്
മികച്ച ഭിന്നശേഷി സ്ഥാപനത്തിനുള്ള സംസ്ഥാന അവാര്‍ഡ് മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്നും എബിലിറ്റി ഫൗണ്ടേഷന് അധികൃതര്‍ ഏറ്റുവാങ്ങുന്നു.
കോഴിക്കോട്: കേരള സര്‍ക്കാര്‍ സാമൂഹ്യ നീതി വകുപ്പ് ഏര്‍പ്പെടുത്തിയ മികച്ച ഭിന്നശേഷി സ്ഥാപനത്തിനുള്ള സംസ്ഥാന അവാര്‍ഡ് എബിലിറ്റി ഫൗണ്ടേഷന് ഫോര്‍ ദി ഡിസേബിള്‍ഡിന്റെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന എബിലിറ്റി ആര്‍ട്സ് ആന്റ് സയന്‍സ് കോളജ് ഫോര്‍ ഹിയറിങ് ഇമ്പയേര്ഡിന് ലഭിച്ചു. കാഴ്ച വെല്ലുവിളികള്‍ നേരിടുന്നവര്‍, ശ്രവണ പരിമിതര്‍, മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍, അരക്കു താഴെ ചലനശേഷി നഷ്ടപ്പെട്ടവര്‍ തുടങ്ങി എല്ലാ വിഭാഗം ഭിന്നശേഷിക്കാരുടെയും വിദ്യാഭ്യാസ, നൈപുണ്യ വികസന, ശാക്തീകരണ മേഖലകളില്‍ നൂതന സംരംഭങ്ങളുമായി കഴിഞ്ഞ 10 വര്‍ഷമായി എബിലിറ്റി നിര്‍വഹിച്ച് വരുന്ന സേവന പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് ഈ അവാര്‍ഡ്.
കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ പരിധിയില്‍ ബധിരര്‍ക്ക് ഉന്നത വിദ്യാഭ്യാസം നേടുന്നതിന്നുള്ള ഏക അഫിലിയേറ്റഡ് കോളജ് ആണിത്. ബി എസ് സി കമ്പ്യൂട്ടര്‍ സ യന്‍സ്, ബി കോം വിത്ത് കോര്പ്പറേഷന് എന്നിവയാണ് കോഴ്സുകള്‍. അക്കാദമിക മികവുകള്‍ക്ക് പുറമെ ഭാഷ നൈപുണ്യ വികസനം, പി എസ് സി കോച്ചിംഗ്, തൊഴില്‍ വൈദഗ്ധ്യം, ആംഗ്യഭാഷ വ്യാപനം, വ്യക്തിത്വ വികസനം, സ്പോര്‍ട്സ് പരിശീലനം, സംസ്ഥാന ന്യൂനപക്ഷ വകുപ്പിന്റെ സഹായത്തോടെയുള്ള വിവാഹ പൂര്‍വ്വ കൗണ്‍സലിങ്, ആംഗ്യഭാഷ വിവര്‍ത്തനങ്ങള്‍, സ്വഭാവ സംസ്കരണം, ഫിനിഷിങ് സ്കൂള്‍ എന്നിവയും ഇവിടെ നടന്നുവരുന്നു.
കാഴ്ച പരിമിതര്‍ക്ക് മൊബിലിറ്റി പരിശീലനം, പാചകം അടക്കമുള്ള ഹോം മേനേജ്മെന്റ്കോഴ്സ്, കരാട്ടെ, യോഗ പരിശീലനങ്ങള്‍, ഓഡിയോ മാഗസിന്, ഓഡിയോ ബുക്ക്ലൈബ്രറി, സാക്ഷരത തുടര്‍ വിദ്യാഭ്യാസ പദ്ധതികള്‍, ഭിന്നശേഷി വിഭാഗങ്ങള്‍ക്ക് പൊരുത്തം വിവാഹാന്വേഷണ സംസ്ഥാന സംഗമം, ഭിന്ന ശേഷിക്കാര്‍ക്കുള്ള വിവാഹം, ആംഗ്യ ഭാഷയിലേക്ക് ഖുതുബ പരിവര്‍ത്തനം ചെയ്യുന്ന ഇന്ത്യയിലെ പ്രഥമ സംവിധാനം എന്നിവ എബിലിറ്റിയെ ഈ രംഗത്ത് വ്യതിരിക്തമാക്കുന്നു. കാഴ്ചവൈകല്യം ബാധിച്ചവരിലെ മികച്ച ജോലിക്കാരനുള്ള ഈ വര്‍ഷത്തെ സംസ്ഥാന അവാര്‍ഡ് കാഴ്ച പരിമിതര്‍ക്ക് വേണ്ടിയുള്ള എബിലിറ്റി കമ്പ്യൂട്ടര്‍ ട്രെയിനിങ് സെന്ററിലെ ഇന്‍സ്ട്രക്ടര്‍ പി അനസിനും ലഭിച്ചു.
