പി കെ മമ്മു (അന്തമാന്‍)
അന്തമാന്‍: അന്തമാനിലെ ഇസ്‌ലാഹി ചലനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ പി കെ മമ്മു (94) നിര്യാതനായി. സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ അന്തമാനിലേക്ക് നാടുകടത്തപ്പെട്ട മായിന്‍ഹാജിയുടെ മകന്‍ മമ്മു അന്തമാനിലെ ഇസ്‌ലാമിക നവോത്ഥാനത്തിന്റെ ആദ്യകാലസാരഥികളിലൊരാളായിരുന്നു. അന്തമാനിലെത്തുന്ന ഇസ്‌ലാഹി പ്രബോധകന്‍മാര്‍ക്കും പണ്ഡിതന്‍മാര്‍ക്കും സാമൂഹ്യ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കും ഹൃദ്യമായ ആതിഥ്യമരുളിയ അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നു പോര്‍ട്ട് ബ്ലെയറിലെ മസ്ജിദുല്‍ ഹുദ. ദേശാഭിമാനത്തിന്റെ ചരിത്ര ശേഷിപ്പായി ഇന്നും അന്തമാനിലെ സെല്ലുലാര്‍ ജയിലില്‍ എഴുതി വെച്ച പേരുകളിലൊന്ന് മമ്മു സാഹിബിന്റെ പിതാവ് മായിന്‍ഹാജിയുടേതാണ്. സൈദ് മൗലവി, കെ പി മുഹമ്മദ് മൗലവി, എ പി അബ്ദുല്‍ ഖാദര്‍ മൗലവി, സി പി ഉമര്‍ സുല്ലമി തുടങ്ങി ഒട്ടേറെ ഇസ്‌ലാഹി പണ്ഡിതരുമായി അടുത്ത ബന്ധം പുലര്‍ത്തി. മസ്ജിദുല്‍ ഹുദയുടെ പുനര്‍നിര്‍മാണം വലിയ സ്വപ്‌നമായി കൊണ്ട് നടക്കുകയും നഗരഹൃദയത്തില്‍ ഇന്ന് കാണുന്ന പള്ളി യാഥാര്‍ഥ്യമാക്കാന്‍ പരിശ്രമിക്കുകയും ചെയ്തു. മര്‍ഹൂം രണ്ടത്താണി സെയ്ദ് മൗലവിയുടെ സഹോദരീ പുത്രനും മൗലവിയുടെ മകള്‍ സക്കീനയുടെ ഭര്‍തൃപിതാവുമാണ്. പരേതന് അല്ലാഹു മഗ്ഫിറത്തും മര്‍ഹമത്തും നല്‍കി അനുഗ്രഹിക്കേണമേ (ആമീന്‍)
അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍